വിപ്ലവം സുതാര്യതയിലൂടെ
കേരളത്തിൽ അഴിമതിക്കാരായ നേതാക്കളെ ലക്ഷ്യമിട്ട് വിജിലൻസ് സജീവമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിന് മുൻകൈ എടുത്ത ജേക്കബ് തോമസ് അഭിനന്ദനം അർഹിക്കുന്നു.
സന്പത്ത് പൂഴ്ത്തിവെയ്ക്കുന്നതും, കള്ളപ്പണം സമാഹരിക്കുന്നതും, കൈക്കൂലി പണം ബിനാമികളുടെ പേരിൽ രാഷ്ട്രീയക്കാർ നിക്ഷേപിക്കുന്നതും ഒരു പരസ്യമായ രഹസ്യമാണ്.
നാട് നന്നാക്കേണ്ട, സന്പദ് വ്യവസ്ഥയെ ആരോഗ്യകരമായ രീതിയിൽ വളർത്തേണ്ട ജനനേതാക്കൾ തന്നെ, അവരുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രാജ്യത്തെ കട്ടു മുടിക്കുന്പോൾ അതിനൊരു പരിഹാരം കാണേണ്ടത് അത്യാവശ്യം തന്നെ.
പക്ഷേ ചോദ്യം ഇവിടെയാണ്. ഇപ്പോൾ നടക്കുന്ന അഴിമതി അന്വേഷണം എത്ര നേതാക്കളിലേക്ക് നീളും എന്നതാണ്. മുൻഭരണത്തിലിരുന്ന ചില ചോട്ടാ നേതാക്കന്മാരെ ഭയപ്പെടുത്തി, വെല്ലുവിളിച്ച്, ഈ കലാപരിപാടി ഒരാഴ്ചക്കുള്ളിൽ ഒതുങ്ങും. ഇത് ഉറപ്പാണ്. രാഷ്ട്രീയ ഭേദമില്ലാതെ തന്നെ ഉറപ്പിച്ച് പറയാവുന്ന ഒരുകാര്യം കേരളത്തിലെ ഒരു 80 ശതമാനം രാഷ്ട്രീയ നേതാക്കന്മാരും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പണം സന്പാദിക്കുന്നവരാണ്. അതിൽ ഭരണപക്ഷത്തിരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ഉൾപ്പെടും.
കേരളത്തിൽ സത്യസന്ധത പുലർത്തുന്ന നേതാക്കന്മാർ കൂടുതലുള്ള ഒരു രാഷ്ട്രീയപാർട്ടിയാണ് സി.പി.ഐ ഈ പ്രസ്ഥാനത്തിലെ ഒന്നോ രണ്ടോ നേതാക്കൾ ഒഴിച്ചാൽ ബാക്കി വരുന്ന ഭൂരിപക്ഷം പേരും ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ നോക്കിയാൽ സുതാര്യതയും സത്യസന്ധതയും പുലർത്തുന്നവരാണ്. ഈ ഒരൊറ്റ കാര്യം കൊണ്ട് തന്നെയാണ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങൾ മുതൽ മുകളിലുള്ള എല്ലാ നേതാക്കന്മാരുടെയും സ്വത്ത് വിവരങ്ങൾ പാർട്ടിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന കൗൺസിൽ അറിയിച്ചത്.
നേതാക്കളുടെ കുടുംബ വരുമാനം, ഭാര്യയുടെ പേരിലുള്ള സ്വത്ത് വിവരം, വീടിന്റെ നിർമ്മാണ ചിലവ്, പുതുതായി വാങ്ങിയ സ്ഥലത്തിന്റെ മതിപ്പ് വില, വാഹനം വാങ്ങിയതിന്റെ വിശദാംശങ്ങൾ, ഇതിനു പുറമെ ലോക്കറിൽ സൂക്ഷിച്ച സ്വർണം, ബാങ്ക് നിക്ഷേപങ്ങൾ, മക്കളുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള സ്വത്ത് വിവരങ്ങൾ എന്നിവയും വെളിപ്പെടുത്താൻ പാർട്ടി തീരുമാനിച്ചിരിക്കുന്നു. ഇത്തരം ഒരു നടപടി പാർട്ടിയിലുള്ള വിശ്വാസം ഒന്നു കൂടി ബലപ്പെടുത്തുമെന്നതിൽ സംശയമില്ല.
പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന സമയത്ത് തന്നെ പാർട്ടിയുടെ ഉന്നതസ്ഥാനം വഹിക്കുന്നവരുടെ വിവരങ്ങൾ വെബ്സൈറ്റ് വഴി വെളിപ്പെടുത്താനുള്ള ആർജവം പാർട്ടി കാണിക്കണം. സ്വന്തം പാർട്ടിയിലുള്ള നേതാക്കളായാലും അവർക്ക് വിദേശ കന്പനിയിലോ അവരുടെ കുടുംബാഗങ്ങൾക്ക് അത്തരം കന്പനികളിലുള്ള നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കണം. പാർട്ടി ഭേദമന്യേ അവിഹിതമായി പണം സന്പാദിച്ച നേതാക്കന്മാർക്കെതിരെ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണം. വേണമെങ്കിൽ കേന്ദ്രത്തിന്റെ സഹായവും RΑW പോലുള്ള അന്വേഷണ ഏജൻസികളുടെ സഹായവും തേടണം.
ഇത്തരമൊരു നീക്കത്തിന് ഭരണപക്ഷം തയ്യാറായാൽ മാത്രമേ ഇപ്പോൾ നടക്കുന്ന മാണിക്കും ബാബുവിനും എതിരായുള്ള അന്വേഷണം കേവലം ഒരു പകപോക്കൽ മാത്രമല്ലയെന്ന് ജനം വിശ്വസിക്കുകയുള്ളൂ.
എല്ലാ രാഷ്ട്രീയപാർട്ടിയിലും കള്ളന്മാരുണ്ട്. പെരും കള്ളന്മാരുമുണ്ട്. അത് പാർട്ടിയിലെ ഒരു ഭൂരിപക്ഷത്തിനും സാധാരണ ജനങ്ങളിലെ ഒരു ന്യൂനപക്ഷത്തിനും അറിയാവുന്ന വസ്തുതകളാണ്. അതിലെ കള്ളന്മാരെ ഒഴിവാക്കിയാലും പെരുംകള്ളന്മാരെ വെറുതെ വിടരുത്. അത് സാമൂഹ്യദ്രോഹമാണ്. ഇത്തരക്കാരെ ജനങ്ങളുടെ മുന്പിൽ നഗ്നനായി നിർത്താനുള്ള ചങ്കൂറ്റം പിണറായി സർക്കാർ കാണിച്ചാൽ അതായിരിക്കും സി.പി.എം നടത്തുന്ന യത്ഥാർത്ഥ വിപ്ലവം.