മാറിയിട്ടില്ല പരുന്തും പണവും
സന്പന്നരായ വിദേശികൾക്ക് ഇന്ത്യ സ്ഥിരതാമസത്തിനുള്ള സൗകര്യം ഒരുക്കുന്നു. 18 മാസങ്ങൾക്കുള്ളിൽ പത്ത് കോടി രൂപയിലധികമോ അതല്ലെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ 25 കോടി രൂപയിലധികമോ ഇന്ത്യയിൽ ബിസിനസ് ആവശ്യങ്ങൾക്കായി ചിലവിടുന്ന വിദേശികൾക്കാണ് സ്ഥിരതാമസത്തിനുള്ള സൗകര്യം ലഭിക്കുക. ഇത്തരം വിദേശികൾക്ക് പത്ത് വർഷത്തെ വിസയും അവരുടെ ഭാര്യ, മക്കൾ എന്നിവരെ കൂടെ താമസിപ്പിക്കാനുള്ള വിസയും ഇന്ത്യൻ സർക്കാർ നൽകും.
ഇത്തരം വിദേശികൾ ചുരുങ്ങിയത് 20 ഇന്ത്യക്കാർക്ക് ജോലി നൽകണമെന്ന നിബന്ധനയും ഈ പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പക്ഷെ ഈ പുതിയ നിയമം പാകിസ്ഥാനികളെയും ചൈനക്കാരെയും ഒഴിവാക്കിയിട്ടുണ്ട്. വ്യക്തിയായാലും കുടുംബമായാലും പഞ്ചായത്തായാലും സംസ്ഥാനമായാലും രാജ്യമായാലും സന്പത്ത് തന്നെയാണ് സന്തോഷകരമായ ജീവിതത്തിലെ പ്രധാനഘടകങ്ങളിലൊന്ന്. പണത്തിന് മുകളിൽ പരുന്തും പറക്കില്ല എന്ന പഴമൊഴി എക്കാലത്തും പ്രസക്തമാണെന്ന് ജീവിതാനുഭവം കൂടുതലുള്ളവർ തലകുലുക്കി സമ്മതിക്കും.
അർത്ഥവാനാണെങ്കിൽ വിശിഷ്ടനാണ് എന്ന ചാണക്യവാക്യം ഈ കാലഘട്ടത്തിലും പ്രസക്തമാണ്.
‘ദാരിദ്ര്യം ഖലു പുരുഷസ്യ ജീവിത മരണം’ എന്നാണ് ചാണക്യൻ പറയുന്നത്. ദാരിദ്ര്യം പുരുഷന് ജീവിച്ചിരിക്കെയുള്ള മരണമാണ് എന്ന് സാരം. മൃച്ഛകടികത്തിൽ പറയുന്നത് ആത്മാഭിമാനിയായ ഒരു പുരുഷൻ ദാരിദ്ര്യത്തെക്കാൾ ഇഷ്ടപ്പെടുന്നത് മരണമാണ് എന്നാണ്.
ഇന്ത്യയുടെ പ്രധാന പ്രശ്നങ്ങളിലൊന്ന് സന്പത്ത് ഒരു ചെറിയ വിഭാഗത്തിൽ മാത്രമായി ഒതുങ്ങുന്നു എന്നുള്ളതാണ്. സന്പന്നർ കൂടുതൽ സന്പന്നരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്യുന്ന ഒരു അവസ്ഥ ഇന്നും ഇന്ത്യയിൽ തുടരുന്നുണ്ട്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 2009ൽ നിന്ന് 2016ലെത്തിയപ്പോഴേയ്ക്കും ഇരട്ടിയായി. മുകേഷ് അംബാനി, ലക്ഷ്മി മിത്തൽ, രവി രുകിയ, കുശ്പാൽ സിംഗ്, സാവിത്രി ജിൻഡാൽ, അസം പ്രേംജി, ഗൗതം അദാനി എന്നിവരുടെ മാത്രം സന്പത്ത് 130 ബില്യൺ യു.സ് ഡോളർ ആണ്! ആര് രാജ്യം ഭരിച്ചാലും ഇവരുടെ ഒരു മേൽക്കോയ്മ എല്ലാവരുടെയും മുകളിലുണ്ട് എന്നതും സത്യം തന്നെ.
മോഡി സർക്കാർ വ്യോമയാന മേഖലയിലും ഡിഫൻസിലും നൂറ് ശതമാനം വിദേശ നിക്ഷേപമാകാം എന്ന നിയമവും കൊണ്ടുവന്നിരുന്നു.
എല്ലാവർക്കും അറിയുന്നത് പോലെ വിമാന കന്പനികളിൽ വിദേശ നിക്ഷേപം വരുന്നത് നല്ലത് തന്നെ. ലോകത്തുള്ള ഒട്ടുമിക്ക എയർലൈൻസും നഷ്ടത്തിലാണ് ഓടുന്നത്. പക്ഷേ ഡിഫൻസിൽ വിദേശികളോ ഇന്ത്യയിലെ ശതകോടീശ്വരന്മാരോ പണം നിക്ഷേപിച്ചാൽ അത് ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും തന്നെ അപകടകരമാണ്.
ഒരു വ്യക്തിയായാലും കന്പനിയായാലും ഒരു പ്രോജക്ടിൽ നിക്ഷേപിക്കുന്നത് ലാഭം പ്രതീക്ഷിച്ച് കൊണ്ടാണ്. സന്പത്ത് കൂടുതലുള്ളവർ നിക്ഷേപിക്കുന്പോൾ ഇത്തരക്കാർ ഒരു കരുതൽ കൂടുതലായി എടുക്കുന്നവരുമാണ്. ഡിഫൻസിൽ പണം നിക്ഷേപിച്ച ഏതൊരു കന്പനിയും കുറച്ച് നാൾ കഴിഞ്ഞാൽ പണത്തിന്റെ ലാഭവിഹിതം ചോദിച്ച് തുടങ്ങും.
ബോയിംഗ് പോലുള്ള കന്പനികൾ വിദേശരാജ്യങ്ങളിലെ ഡിഫൻസിൽ കാശെറിഞ്ഞപ്പോൾ അവരുടെ പക്കലുള്ള ഉത്പന്നങ്ങൾ ചിലവാക്കുവാൻ മാത്രം ടോണി ബ്ലെയറിനെപ്പോലുള്ളവർ യുദ്ധം നയിച്ചു എന്ന കാര്യവും നമ്മൾ മറക്കരുത്.
ഇത്തരമൊരു അവസ്ഥ ഇന്ത്യയിലും ഉണ്ടാകും. ഇന്ത്യയിലെ പൗരന്മാർക്ക് അമേരിക്കയിലെ പോലെ യഥേഷ്ടം തോക്കുകൾ പ്രത്യേക നിയന്ത്രണങ്ങളില്ലാതെ വിൽക്കുകയും ഒപ്പം അനാവശ്യമായി അയൽരാജ്യങ്ങളുമായി കൊന്പ് കോർക്കുന്ന കാഴ്ചയും നമ്മൾ ഭാവിയിൽ കാണേണ്ടി വരും.
അതേസമയം ചെറിയ രീതിയിലുള്ള വിദേശ നിക്ഷേപകരുടെ നിക്ഷേപം ഏറ്റവും കൂടുതൽ ഉപകരിക്കുക മധ്യവർഗ്ഗത്തിനും തൊഴിലാളികൾക്കും തന്നെയായിരിക്കും.
ഏതായാലും ഇന്ത്യയിലെ മാറി മാറി വരുന്ന സാന്പത്തിക നിയമങ്ങളിൽ സാധാരണക്കാരനും സന്പന്നനാകാനുള്ള പല വഴികളും തുറക്കുന്നുണ്ട്. പറ്റാവുന്ന വാതിലുകൾ മുട്ടി നോക്കുക. തുറക്കപ്പെടും ഇന്നല്ലെങ്കിൽ നാളെ എന്നതുറപ്പ്.
ഭർതൃഹരിയിൽ ശങ്കരാചാര്യർ പറഞ്ഞിരിക്കുന്ന ഒരു സത്യമുണ്ട്.
ആർക്ക് ധനമുണ്ടോ അയാൾ ജനങ്ങൾക്ക് കുലീനനാണ്, നല്ല കുടുംബത്തിൽ ജനിച്ചവനാണ്, പണ്ധിതനാണ്, ഗുണജ്ഞനാണ് നല്ല വക്താവും സുന്ദരനുമാണ്. ചുരുക്കത്തിൽ പണമുണ്ടോ നിങ്ങൾ ഒരു പ്രസ്ഥാനമാണ് എന്ന് സാരം.
കാലത്തിനും നിയമത്തിനും ചിന്തകൾക്കും സംസ്കാരങ്ങൾക്കും മാറ്റാൻ പറ്റാത്ത ഈ വസ്തുത സത്യം തന്നെയാണ് എന്ന ചിന്ത ശരിയല്ലെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ ചെയ്യേണ്ട ഒറ്റകാര്യം. കണ്ണു തുറന്ന് ചുറ്റും കാണുക എന്ന കർമ്മം മാത്രം!