എണ്ണതേയ്ക്കാം, തലയെ മറക്കരുത്...
സ്വന്തം അമ്മയുടെ മൃതശരീരം ഒറ്റയ്ക്ക് ചുമന്ന് ശവസംസ്കാരം നടത്തിയ ശങ്കരാചാര്യരുടെ കഥ ഏറെ പ്രസിദ്ധമാണ്. സഹായിക്കുവാനായി ബന്ധുക്കളും നാട്ടുകാരും തയ്യാറാവാതെ വന്നപ്പോൾ ആരെയും ആശ്രയിക്കാതെ ശങ്കരാചാര്യർ സ്വന്തം മാതാവിന്റെ ശരീരവുമായി വീടിന്റെ പിറകിലുള്ള പറന്പിലേയ്ക്ക് പോയി. പിന്നീട് ശരീരം ഒറ്റയ്ക്ക് ചുമന്ന് മുന്പോട്ട് പോകുവാൻ പറ്റാതായപ്പോൾ ശരീരത്തെ ചെറിയ കഷണങ്ങളായി മുറിച്ച് പറന്പിൽ ഓരോ മൂലയിലായി ദഹിപ്പിച്ചു എന്നാണ് കഥ. അതിനുശേഷം പല ബ്രാഹ്മണരും അവരുടെ മാതാവിനെ മരണശേഷം ശങ്കരാചാര്യർ ദഹിപ്പിച്ച പോലെ പല കഷ്ണങ്ങളായി മുറിച്ച് ദഹിപ്പിച്ചിരുന്നു എന്നും ചരിത്രത്തിൽ ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന് ശേഷം ഇതുപോലൊരു സംഭവം ജനശ്രദ്ധയിൽ വരുന്നത് 1300 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ആഴ്ച്ചയാണ്. സ്വന്തം ഭാര്യയുടെ ശവശരീരം ചുമന്ന് കൊണ്ട് നടന്ന ഒരു പാവപ്പെട്ട ഒഡീഷ്യക്കാരന്റെ വാർത്ത മലയാളികളടക്കമുള്ള ഒരു സമൂഹം പറ്റാവുന്ന രീതിയിൽ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. വാർത്തകൾക്ക് ഒരു പൊതു ട്രെൻഡുണ്ട്. ഏതെങ്കിലുംപീഡനകേസ് ഉയർന്ന് വന്നാൽ പിന്നെ കുറേനാൾ പത്ര ദൃശ്യ മാധ്യമങ്ങളിൽ നിറയെ പീഡനകേസുകൾ കൊണ്ട് നിറയും. പട്ടി കടിച്ചു. ഒരു വാർത്ത ചർച്ചയ്ക്ക് വന്നാൽ പിന്നെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പട്ടി കടിയുടെ വാർത്തകൾ കൊണ്ട് നിറയും. കുറച്ചു കഴിഞ്ഞാൽ ഇത്തരം വാർത്ത വന്നപോലെ അപ്രത്യക്ഷമാവുകയും ചെയ്യും.
ഇന്ത്യയുടെ ജനസംഖ്യ ഇന്ന് 125 കോടി കവിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ 35000ത്തിലധികം സർക്കാർ ആശുപത്രികളുണ്ട്. ഇതിൽ 13 ലക്ഷത്തിലധികം പേരെ കിടത്തി താമസിക്കേണ്ട സൗകര്യമുണ്ട്. ഒരു വർഷം അഞ്ച് കോടിയിലധികം രോഗികൾ ഇവിടെ താമസിച്ച് സൗജന്യ ചികിത്സ തേടുന്നുണ്ട്. ഇത്രയും വർഷത്തിനിടയിൽ ഇത് ആദ്യമായിട്ടാണ് ഒരു വ്യക്തി ആംബുലൻസ് ലഭിക്കാതെ മൃതശരീരം ചുമന്ന് കൊണ്ടുപോകേണ്ടി വന്നത്. ഇതിനെക്കുറിച്ച് അറിഞ്ഞ അധികൃതർ ഉടൻ ആംബുലൻസ് എത്തിക്കുകയും ആശുപത്രി ജീവനക്കാരിൽ തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയും ചെയ്തു.
കുറ്റം കണ്ടുപിടിക്കുന്നതിലും അത് ആഘോഷിക്കാനും നമുക്ക് ഒരു പ്രത്യേക മനസ്സുണ്ട്. ഇത്തരം ഒരു വാർത്ത റിപ്പോർട്ട് ചെയ്യേണ്ടതും, തെറ്റ് ചെയ്തവരെ ശിക്ഷിക്കേണ്ടതും അനിവാര്യം തന്നെ. പക്ഷെ ഈ ഒരു പ്രശ്നം ആവശ്യത്തിലധികം കുത്തിപ്പൊക്കി ഇന്ത്യ ഇപ്പോഴും ഒരു ദരിദ്രരാജ്യമാണെന്ന ബ്രാൻഡിംഗ് നടത്തുന്നവർ സ്വന്തം പല്ലിൽ കുത്തുന്നവരാണ്.
മുന്പ് ബഹ്റിനിലെ ഇംഗ്ലീഷ് പത്രമായ ഡി.ടി ന്യൂസിൽ റോഡപകടത്തിൽ മരിച്ച ഒരു അമേരിക്കക്കാരന്റെ മൃതദേഹത്തിന്റെ ഫോട്ടോ (പൂർണ്ണമായും തുണിയിട്ട് മൂടിയ) പ്രസിദ്ധീകരിച്ചപ്പോൾ അമേരിക്കൻ എംബസിയും ബന്ധപ്പെട്ട അമേരിക്കൻ സ്ഥാപനങ്ങളും പത്രം ബഹിഷ്കരിക്കുകയും ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
അവരുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന ഒരു വാർത്തയും ഒരു അമേരിക്കക്കാരനോ ബ്രിട്ടീഷുകാരനോ സഹിക്കുകയില്ല. അതുകൊണ്ട് തന്നെ ലോകത്ത് എവിടെ പോയാലും ജനം അവരെ ബഹുമാനിക്കുകയും ചെയ്യുന്നു.
ഇന്ത്യക്കാരിൽ ഒരു ഭൂരിപക്ഷം, ഇന്ത്യയെ എത്രത്തോളം ഇകഴ്ത്തി കെട്ടാൻ പറ്റുമോ, അത്രയും തരംതാഴ്ത്തുവാനാണ് പലപ്പോഴും ശ്രമിക്കുന്നത്. അതിൽ മലയാളികളും മോശക്കാരല്ല. ഈ വാർത്ത വലിയ രീതിയിൽ പോസ്റ്റ് ചെയ്ത പലരുടെയും ഫേസ്ബുക്ക് നോക്കിയാൽ അവരിൽ പലരും ഒരിക്കൽ കൂടി ഇന്ത്യയുടെ നേട്ടങ്ങൾ ഒന്ന് പോലും ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല എന്ന് കാണുവാൻ കഴിയും.
ഇന്ന് ഇന്ത്യ 2.29 ട്രില്യൺ യു.എസ് ഡോളർ ജി.ഡി.പിയുള്ള രാജ്യമാണ്. ലോകത്ത് തന്നെ സാന്പത്തികമായി ഏഴാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്.
മഹാരാഷ്ട്ര എന്ന ഒറ്റ സംസ്ഥാനത്തിന്റെ വാർഷിക ജി.ഡി.പി മാത്രം 220 ബില്യൺ യു.എസ് ഡോളറാണ്. സാന്പത്തികമായി മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യ ചൈനയെ കടത്തി വെട്ടുമെന്നാണ് വേൾഡ് ബാങ്ക് തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇന്ത്യ കഴിഞ്ഞ വർഷം സ്റ്റോക് എക്സ്ചേഞ്ച് വഴി സമാഹരിച്ച മൂലധനം 1.71 ട്രില്യൺ യു.എസ് ഡോളറാണ്. ലോകത്തെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്ത്യക്ക് ഇന്ന് പതിനൊന്നാമത്തെ സ്ഥാനമാണുള്ളത്. ഇന്ത്യയിൽ 111 ബില്യേണേഴ്സ് ഉണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങൾക്ക് ഏറ്റവും ചുരുങ്ങിയ ചിലവിൽ ചികിത്സ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇൻഷൂറൻസില്ലാത്തവർക്ക് ആശുപത്രികളിൽ നിന്ന് ചികിത്സ ലഭിക്കുക വളരെ ദുഷ്കരമാണ്. ചികിത്സ ലഭിക്കാതെ മരിക്കുന്ന അമേരിക്കകാരും കുറവല്ല.
ലോകമെന്പാടുമുള്ള പല വ്യവസായികളും അവരുടെ ഭാവി മാർക്കറ്റായി ഇന്ത്യയെ കാണുന്പോൾ ഇത്തരം നെഗറ്റീവ് വാർത്തകൾ ഇന്ത്യയുടെ വളർച്ചയെ ബാധിക്കുമെന്നതിൽ സംശയമില്ല.
125 കോടി ജനങ്ങൾ താമസിക്കുന്ന ഒരു രാജ്യത്ത് അവിടെയും ഇവിടെയുമായി ചില അനിഷ്ട സംഭവങ്ങൾ നാടക്കുന്നത് സ്വാഭാവികം. അത് വീണ്ടും തുടരുന്നുണ്ടെങ്കിൽ അത് വാർത്തയാക്കുകയും പ്രതികരിക്കുകയും വേണം. കേരളത്തിൽ പോകുന്ന വിദേശികളോട് പട്ടിയുണ്ട് സൂക്ഷിക്കണം എന്ന് അറബിക് ചാനൽ വരെ ഇപ്പോൾ പറഞ്ഞു തുടങ്ങി. ഇന്ത്യ ഇപ്പോഴും ഒരു പാപ്പരായ രാജ്യമാണെന്ന രീതിയിൽ ആണ് ഡെയ്ലി മെയിൽ അടക്കമുള്ള വിദേശ പത്ര മാധ്യമങ്ങൾ ഈ സംഭവത്തെ പ്രദർശിപ്പിച്ചിരിക്കുന്നത്. നല്ല കുടുബത്തിൽ പിറന്നവർ പട്ടിണിയാണെങ്കിലും മുണ്ട് മുറുക്കി കെട്ടി അന്തസ്സോടെ നടക്കുമെന്ന് പറയുന്നത് പോലെ, ഇത്തിരി പ്രശ്നങ്ങളൊക്കെ ഉണ്ടെക്കിലും അന്തസ്സോടെ ഇന്ത്യക്കാരൻ ആണെന്ന് അഭിമാനത്തോടെ പറയുവാൻ നമുക്ക് വിദേശികളുടെ മുൻപിൽ സാധിക്കണം. മൃതശരീരം ചുമന്നു പോകുന്ന മനുഷ്യനെ സഹായിക്കുവാൻ തയ്യാറാകാതെ പകരം ഫോട്ടോയും വിഡിയോയും എടുത്തു സായൂജ്യമടഞ്ഞവരിൽ നിന്ന് വ്യത്യസ്തമല്ല ഇത് സോഷ്യൽ മീഡിയ വഴി ആഘോഷിക്കുന്നവർ. ഇവർ ഇന്ത്യയുടെ വളർച്ചയുടെ മരണം ഉറപ്പാക്കുവാനും അതിന് ശേഷം പായയിൽ ചുരുട്ടി ആരുടെയെങ്കിലും ചുമലിൽ വെയ്‌ക്കുവാനും ശ്രമിക്കുന്നവരാണ്. ജാഗ്രതെ...