വി-ശ്വസിക്കു ശ്വാസനിശ്വാസങ്ങളെ...


വിദേശ രാജ്യങ്ങളിലെ കാസിനോകളിൽ ഓക്സിജൻ കടത്തിവിടുന്നുണ്ടെന്ന രഹസ്യം വളരെ വൈകിയാണ് മാധ്യമങ്ങളും പൊതുജനങ്ങളും അറിഞ്ഞ് തുടങ്ങിയത്. ഓക്സിജൻ ശരീരത്തിലേയ്ക്ക് നന്നായി കടന്ന് കഴിഞ്ഞാൽ അത് ശരീരത്തിനെയും മനസ്സിനെയും ഉണ‍ർത്തുമെന്നും അതുവഴി കാസിനോയിൽ ചൂതാട്ടത്തിന് വന്നവർ സന്തോഷത്തോടെ കൂടുതൽ സമയം ചിലവിടുമെന്നും കാസിനോയുടെ ഉടമസ്ഥർ കണ്ടെത്തിയിരിക്കുന്നു.

ഇന്ന് പല വലിയ മാളുകളിലും ഇത്തരം സംവിധാനം ഏർപ്പെടുത്തി ഓക്സിജൻ കടത്തിവിടുന്നുണ്ടെന്നാണ് ബ
ഹ്റിനിലെ പ്രശസ്തനായ ഒരു ഡോക്ടർ അഭിപ്രായപ്പെടുന്നത്. 1990കളിലാണ് അമേരിക്കയിൽ ഓക്സിജൻ പാർലറുകൾ തുടങ്ങിയത്.

ഇത്തരം പാർലറുകളിൽ വരുന്നവർ അവരുടെ പോക്കറ്റിലെ കാശിന്റെ വലുപ്പത്തിനനുസരിച്ച് അരമണിക്കൂറിലധികം ശുദ്ധമായ ഓക്സിജൻ ശ്വസിച്ച് പാലറുകളിൽ ചിലവിടുന്നു. മാനസിക സമ്മർദ്ദം, തലവേദന, ഇതൊക്കെ ശരീരത്തിൽ വേണ്ട വിധത്തിൽ ഓക്സിജൻ ലഭിക്കാതിരുന്നാൽ ഉണ്ടാകുന്ന രോഗ ലക്ഷണങ്ങളാണ്.

ലാവേഗസിലെ ഹിൽട്ടനിൽ ശുദ്ധവായുവിനോടൊപ്പം ചൂതാട്ടക്കാരെ പിടിച്ചിരുത്താൻ പ്രാപ്തമായ സുഗന്ധമുള്ള ചില ചേരുവകളും ഉൾക്കൊള്ളിക്കാറുണ്ടത്രേ! പലപ്പോഴും ഹോട്ടൽ ഉടമസ്ഥർ അവർ ഉപയോഗിക്കുന്ന മണത്തിന്റെ ചേരുവയുടെ രഹസ്യം പുറത്ത് വിടാറില്ല.

ചില വലിയ മാളിലേയ്ക്ക് കടന്നാൽ അവിടെ ലഭിക്കുന്ന വായുവും മണവും നമ്മെ കൂടുതൽ നേരം അവിടെ തങ്ങാനും സന്തോഷത്തോടെ പണം ചിലവിടാനും പ്രേരിപ്പിക്കുന്നതിന്റെ രഹസ്യം ശുദ്ധവായു കടത്തി വിടുക വഴി ഉണ്ടാക്കുന്ന മാനസികമായ സന്തോഷം ആണത്രേ.

മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ഓക്സിജൻ അവശ്യഘടകം തന്നെ. ശരീരത്തിനുള്ളിൽ ഓക്സിജന്റെ അളവ് ഒരേ പോലെ നിലനിർത്താൻ പറ്റുമെങ്കിൽ കാൻസർ അടക്കമുള്ള രോഗങ്ങൾ പന്പ കടക്കുമെന്നാണ് യോഗ അഭ്യസിച്ചവർ പറയുന്നത്.

ബഹ്റിനിൽ എന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന മയൂഖ് മജ്മദാർ എന്ന കൽക്കട്ടക്കാരന്റെ ഭാര്യാപിതാവ് പരിമാൾ ചന്ദ്ര സർക്കാർ ദിവസം അരമണിക്കൂർ വീതം യോഗ അഭ്യസിക്കുന്ന ഒരു വ്യക്തിയാണ്.

ജീവിതത്തിൽ ഇതുവരെ ആശുപത്രിയിൽ പോകാത്ത ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത 71ാം വയസ്സിലും കറുത്തിരിക്കുന്ന മുടിയാണ്.

ശരീരത്തിൽ ഓക്സിജൻ സദാസമയം നിലനിർത്തുവാൻ സാധിച്ചാൽ തലമുടി കറക്കുകയോ ചർമ്മം വരളുകയോ ചെയ്യില്ലെന്നാണ് പരിമാൾ ചന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.

98ാം വയസ്സിലും യോഗ ചെയ്യുന്ന നന്നമ്മാൾ എന്ന കോയന്പത്തൂരുകാരിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരുന്നു. രാവിലെ കഞ്ഞിയും ഉച്ചക്ക് കുറച്ച് പച്ചക്കറിയും രാത്രി ഒരു ഗ്ലാസ് പാലും ഒരു പഴവും കഴിച്ച് 98 വർഷമായി ജീവിക്കുന്ന നന്നമ്മാളും ഇതുവരെ ആശുപത്രി സന്ദർശിക്കാത്ത വ്യക്തിയാണ്.

ബഹ്റിനിലെ മിക്ക ഓഫീസുകളിലും എയർ കണ്ടീഷനിൽ വലിയൊരു സമയം ചിലവിടുന്ന നമ്മൾ അറിയാത്തത്, ഇത്തരം സംവിധാനത്തിൽ ശുദ്ധവായു ലഭിക്കുന്നില്ലായെന്ന സത്യമാണ്. 24 മണിക്കൂറും അടച്ചിടുന്ന മുറിയിൽ എയർകണ്ടീഷനർ പ്രവർത്തിച്ചാലും ഓക്സിജന്റെ അളവ് കുറവായിരിക്കും. 

ഇടയ്ക്ക് അധികം ചൂടില്ലാത്ത സമയങ്ങളിൽ ജനാലയൊക്കെ തുറന്നിട്ട്, ഫ്രെഷ് എയർ കടത്തി വിട്ട് റൂമിനെ ഒന്ന് ശുദ്ധീകരിക്കുക. ദിവസം ഒരു അരമണിക്കൂർ യോഗ ജീവിതത്തിന്റെ ഭാഗമാക്കുക. ഭക്ഷണം കുറഞ്ഞ അളവിൽ കൂടുതൽ പ്രാവശ്യം കഴിക്കുക ഇതായിരിക്കട്ടെ ഈ വാരാന്ധ്യത്തിലെ ചിന്തകൾ.

You might also like

Most Viewed