പ്രളയത്തിന് മുന്പ്...
ഒബാമയ്ക്ക് ശേഷം പ്രളയം എന്നായിരുന്നു എന്റെയും ഇതുവരെയുള്ള വിശ്വാസം. ഇന്ത്യൻ പ്രധാനമന്ത്രി പകർന്ന് കൊടുത്ത ചൂട് ചായ ഒബാമ നുണയുന്പോഴാണ്, അമേരിക്ക കേവലം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് തോന്നി തുടങ്ങിയത്.
സായിപ്പ് ഇന്ത്യക്കാരെ ഭയന്ന് തുടങ്ങിയത് അറ്റം വളഞ്ഞ വടിയുമായി ഹോക്കി കളിക്കുവാൻ ഇന്ത്യൻ കളിക്കാർ മൈതാനത്തിൽ ഇറങ്ങിയപ്പോഴാണ്. പരാജയഭീതിയിൽ 1920ൽ നടന്ന ഒളിന്പിക്സിൽ പങ്കെടുക്കാതെ സായിപ്പ് മുങ്ങി.
വർഷങ്ങൾക്കുള്ളിൽ ഇതേ വടി വളർന്ന് നടുനിവർന്ന് നിന്നപ്പോൾ, അതിന്റെ അറ്റം പിടിച്ച് ധീരതയോടെ നടക്കുന്ന ഒരു മെലിഞ്ഞ വിളറിയ മനുഷ്യന്റെ ചിന്താശക്തിക്ക് മുന്പിൽ മുട്ട് കുനിച്ച് സായിപ്പ് ഇന്ത്യാ രാജ്യം തന്നെ ഉപേക്ഷിച്ചു.
ഇന്ത്യക്കാരന്റെ സംഭാവന കേവലം ശൂന്യമാണെന്നും അതുകൊണ്ടു തന്നെ ഇന്ത്യാരാജ്യം ശൂന്യത്തിൽ കിടക്കുമെന്ന് വിശ്വസിച്ച അമേരിക്കക്കാരൻ ഞെട്ടിയത് അവർ ബഹിരാകാശത്തെക്കുറിച്ചുള്ള ‘ഗ്രാവിറ്റി’ എന്ന പടമെടുക്കാൻ ചിലവഴിച്ചതിന്റെ മൂന്നിൽ ഒരു ഭാഗം കാശ് മാത്രം മുടക്കി ഇന്ത്യക്കാരൻ ചൊവ്വയിൽ പേടകം ഇറക്കിയപ്പോഴാണ്. ശൂന്യത്തിനു ശേഷം ഒരു ബിന്ദുവും പിന്നീട് ഒരു ആകാശവും (സ്പേസ്) ഇന്ത്യക്കാരന്റെ സംഭാവനയായിരുന്നുവെന്ന് ലോകം ഓർത്തത് മംഗൾയാൻ ചൊവ്വയിൽ ചെന്നിറങ്ങിയപ്പോഴാണ്.
റെയിൽവെ േസ്റ്റഷനിൽ ചായ വിറ്റ് നടന്നിരുന്ന ഒരു വ്യക്തി ഹൈദരബാദ് ഹൗസിൽ അമേരിക്കൻ പ്രസിഡണ്ടിന്റെ ഒപ്പത്തിനൊപ്പം ഇരുന്ന് ചായ കുടിച്ച് വാണിജ്യ നയതന്ത്ര കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കണ്ടവർ ചിന്തിച്ചിരിക്കുക ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിലെ സുതാര്യതയെക്കുറിച്ചായിരിക്കും.
ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് എന്ന് കരുതപ്പെടുന്ന പാകിസ്ഥാന്റെ സാന്പത്തിക മേഖല കൈയ്യടക്കുവാൻ ഇന്ത്യയിലെ സന്പന്നരായ അംബാനി സഹോദരന്മാരുടെ ഇടപെടൽ മാത്രം മതി. പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിെല മുഴുവൻ ഓഹരികളും വാങ്ങുവാൻ അംബാനിയുടെ പക്കലുള്ള പകുതി കാശ് തന്നെ ധാരാളം!
അമേരിക്കയുടെ വാണിജ്യവ്യാപാര സംവിധാനങ്ങൾ തകർക്കുവാൻ അമേരിക്കയിൽ ജോലി ചെയ്യുന്ന 12 ശതമാനത്തോളം വരുന്ന ശാസ്ത്രജ്ഞരും 38 ശതമാനത്തോളം വരുന്ന ഇന്ത്യൻ ഡോക്ടർമാരും 36 ശതമാനത്തളം വരുന്ന നാസയിലെ ഇന്ത്യൻ വിദഗ്ദ്ധരും മൈക്രോസോഫ്റ്റിലെ 34 ശതമാനത്തോളം വരുന്ന ഇന്ത്യൻ കന്പ്യൂട്ടർ പ്രോഗ്രോമേഴ്സും ഇന്ത്യയിലേക്ക് തിരിച്ച് വന്നാൽ മാത്രം മതി.
ഇന്ത്യ വളരുമെന്ന സത്യവും ലോകനേതാക്കന്മാർ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ചെസ്സും സ്നേക്ക് & ലാഡറും ശീട്ട് കളിയും കണ്ടുപിടിച്ച് കളിച്ച് വളർന്ന ഇന്ത്യാക്കാരൻ ധ്യാനത്തിലൂടെയും യോഗയിലൂടെയും നേടുന്ന പക്വതയും വർഷങ്ങളായി കൈവരിച്ച സാംസ്കാരികമായ വളർച്ചയും ഇന്ത്യ എന്ന രാജ്യത്തെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ആണവായുധ കരാർ അംഗത്വം ഐക്യരാഷ്ട്ര സഭയിലെ അംഗത്വം ആയുധ ഇടപാടിലെ പുതിയ നയങ്ങൾ എന്നതിലുപരി ഒബാമയുടെ സന്ദർശനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന രണ്ട് രാജ്യങ്ങളുടെ കൈകോർക്കലാണ്.
ചരകനും സുശ്രുതനും ഭാസ്കരാചാര്യനും ആര്യഭട്ടനും മുതൽ മഹാത്മാഗാന്ധിക്ക് വരെ ജന്മം നല്കിയ ഇന്ത്യ മഹാരാജ്യം വ്യത്യസ്തമാക്കുന്നത് അതിന്റെ സാംസ്കാരിക ഉന്നതിയിലാണ്.
പതിനായിരം വർഷത്തിലേറെയായി ഒരു രാജ്യത്തെയും ആക്രമിക്കാൻ ഒരുങ്ങാത്ത ഒരു പാരന്പര്യം അവകാശപ്പെടാൻ പറ്റുന്ന ഇന്ത്യയും ലോകത്തുള്ള മുഴുവൻ പ്രശ്നങ്ങളിലും ഇടപ്പെടുകയും പട്ടാളത്തെ അയക്കുകയും ചെയ്യുന്ന അമേരിക്കയും വീണ്ടും സന്ധി ചേരുന്ന കാഴ്ച്ച സന്തോഷത്തോടും ഒപ്പം ഇത്തിരി ഭയത്തോടും നാം നോക്കി കാണണം.
കേണൽ ഗദ്ദാഫിക്ക് കൈയും കൊടുത്ത് കെട്ടിപിടിച്ച് സിന്ദാബാദ് വിളിച്ച ഒബാമ പൈപ്പിനുള്ളിൽ ജീവൻ രക്ഷിക്കുവാൻ നിലവിളിക്കുന്ന ഗദ്ദാഫിയെ കണ്ട് രസിച്ച നേതാവാണ്. ലിബിയ, സിറിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ, മുതലായ രാജ്യങ്ങളിലെ അമേരിക്കൻ സാന്നിദ്ധ്യം ആ രാജ്യത്തിന് നൽകിയത് നികത്താനാകാത്ത നഷ്ടങ്ങളായിരുന്നു. 1776ൽ സ്വതന്ത്ര രാജ്യമായ അമേരിക്ക എഴുപതിലധികം രാജ്യങ്ങളെയാണ് ഇതു വരെ കീഴടക്കിയത്. 1945ന് ശേഷം മാത്രം അന്പത് രാജ്യങ്ങളിലേയ്ക്ക് അധിനിവേശം നടത്തിയ രാജ്യമാണ് അമേരിക്ക. ഐക്യരാഷ്ട്ര സഭയുടെ 191 രാജ്യങ്ങളിലെ സർക്കാറുകളുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. ലോകം മുഴുവൻ 800ലധികം മിലിട്ടറി ബേസുകൾ സ്ഥാപിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്ക.
ബഹ്റിനടക്കമുള്ള രാജ്യത്ത് അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയങ്ങൾ നാം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. അവസര വാദത്തിന്റെ അവസാന വാക്കായ അമേരിക്കയുടെ തലവൻ നരേന്ദ്രമോഡിയുടെ കൈ പൊക്കി പിടിച്ച് ഞങ്ങളെ തോൽപ്പിക്കാൻ ആരുണ്ട് എന്ന് ചോദിക്കുന്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിൽ മോഹൻലാൽ എന്ന നായകന്റെ കൈ പൊക്കി പടിച്ച് കൊച്ചിൻ ഹനീഫയുടെ നിൽപ്പാണ്.
ഡൽഹിയിെല കന്നുകാലികൾ ഒഴിവാക്കി കിട്ടിയതും റോഡ് മുഴുവൻ ക്യാമറകൾ സ്ഥാപിച്ചതും, മഹാത്ഭുതങ്ങളിലൊന്നായ താജ് മഹലിലേയ്ക്ക് നല്ല ഒരു പാത വന്നു എന്നതും നമ്മെ സന്തോഷിപ്പിക്കുന്പോൾ മോഡി ചെയ്യുന്നത് ഒരു ധൃതരാഷ്ട്രാലിംഗനം തന്നെയെന്ന് ഉറപ്പ്.