വിശ്വസിച്ചാലും ഇല്ലെങ്കിലും
ഭൂമിയിൽ മനുഷ്യരടക്കമുള്ള സകല ജീവിജാലങ്ങളും നിലനിന്ന് പോകുന്നതിന്റെ പ്രധാനപ്പെട്ട കാരണം അന്ധമായി വിശ്വസിക്കുവാനുള്ള നമ്മുടെ കഴിവ് കൊണ്ടാണ്.
പുൽമേടയിലേക്ക് തീറ്റ തേടി ചാടി പോകുന്ന പെൺമാനിന്റെയും, അതേ പുൽമേടയിൽ ഒരു ഇര കണ്ടേക്കാം എന്ന വിശ്വാസത്താൽ കുതിക്കുന്ന പുലിയുടെയും വിശ്വാസങ്ങൾ അന്ധമാണ്.
പത്ത് നില കെട്ടിടത്തിൽ ഇരുന്ന് ജോലി ചെയ്യുന്ന വ്യക്തി, ആ കെട്ടിടത്തിന്റെ നിർമ്മിതിയെയും എഞ്ചിനീയറെയും അതിൽ ഉപയോഗിച്ച സാധന സാമഗ്രികളെക്കുറിച്ചൊക്കെ അന്ധമായി വിശ്വസിക്കുകയാണ്. ഓട്ടോറിക്ഷയിലായാലും വിമാനത്തിലായാലും നമ്മൾ യാത്ര ചെയ്യുന്പോൾ അജ്ഞാതനും അപരിചിതനുമായ ഒരു ഡ്രൈവറയെും ക്യാപ്റ്റനെയും വിശ്വസിക്കുന്നതും അന്ധമായി തന്നെ. ഇങ്ങിനെ അന്ധമായ വിശ്വാസത്തിനിടയിലും പ്രായോഗിക ബുദ്ധിയുള്ള മനുഷ്യരിൽ ഭൂരിഭാഗം പേരും തങ്ങളുടെ പ്രായോഗിക ജ്ഞാനം ഉപയോഗിച്ച് അന്ധമായ വിശ്വാസത്തിന് മുന്പ് ചില ചോദ്യങ്ങൾ സ്വയം ചോദിക്കുകയും അതിന് ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.
പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലേക്ക് താമസം മാറ്റാത്തവരും, പല പ്രാവശ്യം നിരുത്തരവാദിത്വം കൊണ്ട് തകർന്ന വിമാന കന്പനിയെ ആശ്രയിക്കാത്തവരുമൊക്കെ അന്ധവിശ്വാസങ്ങളെ ഉൾക്കൊണ്ട് കൊണ്ട് പ്രായോഗികമായ തീരുമാനങ്ങൾ എടുക്കുന്നവരാണ്.
രാഷ്ട്രീയ പാർട്ടികളിലും മതസംഘടനയിലും പ്രവർത്തിക്കുന്ന ഭൂരിഭാഗം പേരും പലപ്പോഴും പ്രായോഗിക ചിന്തയില്ലാതെ അന്ധമായി നേതാക്കന്മാരെയും സംഘടനയെയും വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർ വിശ്വസിക്കുന്ന മതത്തിലും, പാർട്ടിയിലുമൊക്കെ നടക്കുന്ന അഴിമതികളും അക്രമങ്ങളും കാണാതെ പോകുന്നു.
സുതാര്യമായി ഒരു പ്രസ്ഥാനം നടത്തുവാൻ അതിലുള്ള ഓരോ വ്യക്തിയും സുതാര്യമായി ചിന്തിക്കേണ്ടതുണ്ട്. ഇത് മാധ്യമങ്ങൾക്കും ബാധകമാണ്. കേരളത്തിൽ ഇന്ന് നിലവിലുള്ള പല പത്രമാധ്യമങ്ങളും അജണ്ടകളോടെ നടത്തിക്കൊണ്ട് പോകുന്ന വ്യവസായശാലകളായി മാറിയിരിക്കുന്നു എന്നത് പരസ്യമായ ഒരു രഹസ്യമാണ്. രാഷ്ട്രീയ പാർട്ടി നടത്തുന്ന പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും പ്രവർത്തിക്കുന്നവർ അവരുടെ പാർട്ടി അനുഭാവികൾ മാത്രമാണ്. മതസംഘടനയുടെ ബലത്തിൽ പ്രവർത്തിക്കുന്നവരുടെ അജണ്ടകളും പലപ്പോഴും മതനേതാക്കന്മാർ തീരുമാനിക്കുന്നതായിരിക്കും.
ബഹ്റിനിൽ ഒരു സായാഹ്ന പത്രത്തിന് തുടക്കം കുറിച്ചപ്പോൾ അതിലേക്ക് പ്രവർത്തിക്കാൻ വന്നവരുടെ ജാതിയോ, മതമോ, രാഷ്ട്രീയമോ ഞങ്ങൾ ആരാഞ്ഞിട്ടില്ല. ഇതിലുപരി ഓരോ വ്യക്തിയോടും പറഞ്ഞത് അവർക്ക് സത്യസന്ധമായി തോന്നുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും നൽകണമെന്നും, തെറ്റായ വാർത്തകളല്ലെന്ന് ഉറപ്പ് വരുത്തണമെന്നുമാണ്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ, മതങ്ങളിൽ, ജാതിയിൽ വിശ്വസിക്കുന്നവർ നൽകുന്ന ലേഖനങ്ങൾ പ്രത്യേകിച്ച് എഡിറ്റിംഗ് ഒന്നുമില്ലാതെ ഫോർ പി.എം പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോൾ ഭൂരിപക്ഷം വരുന്ന മലയാളി സമൂഹം പത്രത്തിന്റെ സുതാര്യതെക്കുറിച്ച് ബോധവാന്മാരായി. അതുകൊണ്ട് തന്നെ പത്രത്തിന്റെ സർക്കുലേഷനും കൂടി.
ഫോർ പി.എം ന്യൂസിൽ വന്ന ചില ലേഖനങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. പലപ്പോഴും ന്യായമായ രീതിയിൽ കാര്യഗൗരവത്തോടെ വിമർശിക്കുന്നവർ ചില തിരിച്ചറിവുകൾ ഞങ്ങളൾക്ക് നൽകിയിട്ടുമുണ്ട്. വേറെ ചിലർ അന്ധമായ ചില വിശ്വാസത്തിന്റെ പേരിൽ പത്രത്തെ സംഘടിതമായി ആക്രമിക്കുവാൻ ശ്രമിക്കുന്നവരാണ്. ഭീഷണിപ്പെടുത്തിയും സഭ്യമായ ഭാഷ ഉപയോഗിക്കാതെ പ്രതികരിക്കുന്നവരാണ് ഇവരിൽ തന്നെ ഒരു ന്യൂനപക്ഷം.
സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഓരോ വ്യക്തിയുടെയും വ്യക്തി സ്വാതന്ത്ര്യം പണയപ്പെടുത്തുവാൻ ഞങ്ങൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതേ സമയം പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും റിപ്പോർട്ടുകളും തെറ്റല്ലെന്ന് പരമാവധി ഉറപ്പ് വരുത്താറുമുണ്ട്. ഫോർ പി.എം ന്യൂസിൽ ലേഖനമെഴുതുന്നവരിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരുണ്ട്. മാർക്സിസ്റ്റ്, കോൺഗ്രസ്, ബി.ജെ.പി അനുഭാവികളുമുണ്ട്. പത്രത്തിൽ ഇവർ എഴുതുന്ന ലേഖനങ്ങൾക്കെതിരെ വരുന്ന ലേഖനങ്ങളും എഴുത്തുകളും പത്രത്തിൽ തന്നെ ഞങ്ങൾ പ്രസിദ്ധീകരിക്കാറുമുണ്ട്. അവർ ഓരോരുത്തരും വ്യക്തിപരമായി സോഷ്യൽ മീഡിയയിൽ എഴുതുന്ന ലേഖനങ്ങൾക്കും ചിത്രങ്ങൾക്കും ഉത്തരം പറയേണ്ടത് പത്രസ്ഥാപനത്തിന്റെ പരിധിയിൽപ്പെടുന്ന കാര്യമല്ല. പത്രത്തിൽ വിശ്വസിക്കുന്ന ഓരോരുത്തരും അതിന്റെ സുതാര്യതയിൽ അന്ധമായി വിശ്വസിക്കുന്പോൾ തന്നെ, പ്രയോഗികമായി തിരുത്തലുകളും നടത്തുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ഒരു വാക്ക് − വിശ്വാസം അതല്ലെ എല്ലാം....