വാരാന്ത്യ ചിന്തകൾ
‘അടുത്ത മഴക്കാലത്തിന് മുന്പ് കാശുണ്ടാക്കണമെങ്കിൽ ഒരു അടിപൊളി പ്രോജക്ടുണ്ട്.’ കാശുണ്ടാക്കുക എന്ന് കേൾക്കുന്പോൾ ആർക്കും തോന്നുന്ന ആകാംക്ഷയോടെ ഞാൻ കാതും കൂർപ്പിച്ച് കണ്ണ് മിഴിച്ച് സുഹൃത്തിന്റെ ബിസിനസ് പ്ലാൻ കേൾക്കുവാൻ ഇരുന്നു.
“ഇടി മിന്നലേൽക്കാതിരിക്കാനുള്ള ഒരു റിസ്റ്റ് ബാൻഡ് ആണ് സുഹൃത്ത് മുൻപിൽ വെച്ച ആശയം.” ഈ ബാൻഡ് കൈയിൽ കെട്ടിയാൽ ഇടിമിന്നലേൽക്കില്ലെന്ന് നമ്മൾ ഗ്യാരണ്ടി നൽകും. ഇനി ഇത് കെട്ടി പ്രവർത്തിക്കാതെ ആരെങ്കിലും മരിച്ചാൽ അവർക്ക് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ കൊടുക്കും! ഇത്രയും വലിയ സാങ്കേതിക വിദ്യ സുഹൃത്ത് എങ്ങിനെ പഠിച്ചെടുത്തു എന്നാലോചിക്കുന്പോഴാണ് പുള്ളിക്കാരൻ ചിരിച്ചു കൊണ്ട് പറഞ്ഞത്.
“ഞെട്ടണ്ട സുഹൃത്തെ, മലയാളിയെ പറ്റിക്കാൻ വളരെ എളുപ്പമാണ്. ഒരു മഴക്കാലത്ത് കേരളത്തിൽ ഇടിവെട്ടി മരിക്കുന്നവർ ഒരു പത്ത് പേരിൽ താഴെയാണ്. ഒരു ബാൻഡിന് ഒരു 500 രൂപ വെച്ച് വിറ്റാൽ തന്നെ കേരളത്തിലെ ഒരു ഭൂരിപക്ഷം ഇതും വാങ്ങിച്ച് കെട്ടി തുടങ്ങും. അതിൽ ബാൻഡ് കെട്ടിയവനെ ഇടി വെട്ടി മരിക്കാനുള്ള സാധ്യത വളരെ കുറവ്. ഇനി വല്ലവനും മരിച്ചാൽ തന്നെ നഷ്ടമാകുക ഒരു പത്തോ ഇരുപതോ ലക്ഷം മാത്രം. ഇനി ഇത് കൈയിൽ കെട്ടിയവനിൽ ഏതെങ്കിലും ഒരുവൻ മിന്നലേൽക്കാതെ രക്ഷപ്പെട്ടാൽ പിന്നെ നമ്മുെട ശിഷ്ടകാല ജീവിതം ജോലിയൊന്നും ചെയ്യാതെ ജീവിക്കാം.
സുഹൃത്ത് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും മലയാളികളെ പൊട്ടന്മാരാക്കുവാൻ എളുപ്പമാണ് എന്നാണ് വിവരവും ബുദ്ധിയുമുള്ള പല മലയാളികളും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം ബഹ്റിൻ സന്ദർശിച്ച പ്രമുഖ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് സ്പെഷ്യലിസ്റ്റ് പത്മശ്രീ ഫിലിപ്പ് ആഗസ്റ്റിനും ഇതേ അഭിപ്രായക്കാരനാണ്. ദേഹത്ത് ഒരു ചെറിയ വ്രണമോ മുറിവോ, ചൊറിച്ചിലോ കണ്ടാൽ ഉടൻ മലയാളി ഗൂഗിളിലേക്ക് കയറും. പിന്നീട് കുറേനേരം പല അന്വേഷണാത്മക രോഗനിർണ്ണയം കഴിഞ്ഞ് രോഗവും നിർണ്ണയിക്കും. അത് കഴിഞ്ഞാൽ പിന്നീട് സൈഡ് ഇഫക്ട് ഇല്ലാത്ത മരുന്നുകളെ ഓൺലൈൻ വഴി സംഘടിപ്പിക്കും. പിന്നീട് ഇല്ലാത്ത അസുഖത്തിന് അറിയാത്ത മരുന്ന് കഴിച്ച് കരളോ വൃക്കയോ ഒക്കെ തകരാറിലായി ദുരിതമനുഭവിക്കുന്പോൾ ഡോക്ടറെ തേടിയെത്തും. ഇത് ഒരുതരം അസുഖം തന്നെയാണ്. ഇതിനെ ഇഡിയറ്റ് സിൻഡ്രോം എന്നറിയപ്പെടുന്നു. ഇന്റർനെറ്റ് ഡിറൈവ്സ് ഇൻഫർമേഷൻ ഒബ്സ്ക്രട്ടിങ്ങ് ട്രീറ്റ്മെന്റ് സിൻഡ്രോം എന്നാണ് ഇതിന്റെ പൂർണ്ണരൂപം. അമിത വണ്ണം കുറയ്ക്കുവാനും പ്രമേഹത്തെ ചെറുക്കുവാനും ആസ്മയ്ക്ക് ശാശ്വത പരിഹാരത്തിനും വൃക്കയെ സംരക്ഷിക്കുവാനും ഒക്കെ പാർശ്വഫലങ്ങളില്ലാത്ത മരുന്നുകളുടെ പരസ്യങ്ങൾ ഇന്ന് ദൃശ്യമാധ്യമങ്ങളിൽ സ്ഥിരം കാണാൻ കഴിയും. എല്ലാ മരുന്നിനും ഏതെങ്കിലും പാർശ്വഫലം കാണും. ഡോക്ടർമാർ നൽകുന്പോൾ മരുന്നിന്റെ പാർശ്വഫലങ്ങൾ പഠിച്ചിട്ടാണ് മരുന്ന് നൽകുന്നത്. എന്നാൽ ഓൺലൈൻ വഴി വിൽക്കുന്ന ഒരു മരുന്നിനും യാതൊരു നിയന്ത്രണവും ഇല്ല.
അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളിൽ ഇത്തരം പരസ്യങ്ങൾ മാധ്യമങ്ങളിലൂടെ നൽകിയാൽ പരസ്യം നൽകിയ കന്പനിയെയും ചാനലിനെയും പൂട്ടി സീൽ വെയ്ക്കും. ഇന്ത്യയിൽ സർക്കാർ ഇനിയും ഈ മേഖലയെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ പല പ്രമുഖ ചാനലിലും മന്ത്ര ഏലസിന്റെ പരസ്യം പ്രശസ്തയായ സിനിമാ നടിമാരാണ് പറയുന്നത്. ഇത് ഒരു വൻതട്ടിപ്പാണെന്നറിഞ്ഞിട്ടും കാശിന് വേണ്ടി പരസ്യം ചെയ്യുന്ന ചാനലും നടിയും ഇത്തരം തട്ടിപ്പിന് കൂട്ട് നിൽക്കുന്നു.
ഗൾഫിലുള്ള മിക്കവർക്കും ആമാശയ സംബന്ധമായ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നവരാണ്. ദുർമ്മേദസും മദ്യപാനവും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്പോൾ ലിവർ സിറോസ്സിസ് പോലുള്ള രോഗങ്ങൾ പിടിപെടും. സാധാരണ ആശുപത്രിയിൽ വരുന്ന രോഗികളിൽ ഒരു അറുപത് ശതമാനം പേരും വയർ സംബന്ധമായ പ്രശ്നങ്ങളുമായാണ് വരുന്നത്.
പല പ്രശസ്തരായ വ്യക്തികൾ വരെ നാടൻ ചികിത്സകളും വ്യക്തമായ പരിശോധനയും നടത്താതെ ഈ കെണിയിൽ പെട്ടു മരണപ്പെട്ടു പോയവരാണ്. ഭക്ഷണത്തിൽ അരിയുടെ തോത് കുറയ്ക്കുക, കാർബോഹൈഡ്രേറ്റ് കുറയ്ക്കുക, വ്യായാമം ശീലമാക്കുക, രോഗലക്ഷണങ്ങൾ കാണുന്നതിന് മുന്പു തന്നെ ടെസ്റ്റുകൾ നടത്തുക. അനാവശ്യമായ മരുന്നുകൾ കഴിക്കാതിരിക്കുക. കഴിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ചെയ്യുക. ഒപ്പം െമൻഡൽ െടൻഷൻ കുറയ്ക്കുവാൻ യോഗ, രോഗം വരുന്നത് പ്രതിരോധിക്കുവാൻ ആയുർവേദ ചികിത്സ എന്നതാകട്ടെ ഇന്നത്തെ വാരാന്ത്യ ചിന്തകൾ!