സ്വാതന്ത്ര്യത്തിന്റെ മറുപുറം


സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം പോരാടുന്ന ഓരോ മനുഷ്യനും അവസാനം ശാശ്വതമായ ഒരു സ്വാതന്ത്ര്യത്തിന് വേണ്ടി കാംക്ഷിക്കുന്ന ഒരു കാലം വരും. ജീവിതമാകുന്ന കർമ്മബന്ധങ്ങളിൽ നിന്നും പ്രാരാബ്ധങ്ങളിൽ നിന്നും സ്വതന്ത്രനാകാൻ സ്വന്തം ശരീരം ഉപേക്ഷിച്ച് ആത്മാവിനെ സ്വതന്ത്രമായി പറക്കുവാൻ അനുവദിക്കുന്ന ഒരു നേരം.

വാർദ്ധക്യസഹജമായ അസുഖങ്ങളോട് കൂടിയ ചിലരും മാറാരോഗത്തിൽ കഷ്ടതയനുഭവിക്കുന്ന പലരും ഇത്തരം ആഗ്രഹം പലരോടും തുറന്ന് പറയാറുണ്ട്.

അറിഞ്ഞും അറിയാതെയാണെങ്കിലും മരണമെത്തുന്ന നേരത്ത് പ്രിയപ്പെട്ടവർ അരികിൽ ഇത്തിരി നേരമിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ പലപ്പോഴും പലർക്കും അത്തരമൊരു ഭാഗ്യം കിട്ടിയെന്നും വരില്ല.

കാലിഫോർണിയയിൽ മൾട്ടി മീ‍‍‍‍ഡിയയിലും മറ്റ് ചില കലാപ്രവർത്തനങ്ങളിലും സജീവമായിരുന്ന ബെറ്റ്സി ഡേവിസ് എന്ന നാൽപ്പത്തിയൊന്നുകാരി അനന്തമായ സ്വതന്ത്ര ലോകത്തിലേയ്ക്ക് പറക്കും മുന്പ് ഒരു പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ്.

കഴിഞ്ഞ മാസമാണ് ബെറ്റ്സി തന്റെ സൃഹൃത്തുക്കൾക്ക് വീട്ടിൽ ഒരുക്കിയ വിരുന്നിലേയ്ക്ക് ഒരു ക്ഷണക്കത്ത് നൽകിയത്. ജൂലൈ 23, 24 തിയ്യതികളിൽ ബെറ്റ്സിയുടെ വീട്ടിൽ നടന്ന ലളിതമായ ആഘോഷത്തിൽ പാട്ടും നൃത്തവും ബെറ്റ്സിക്കിഷ്ടപ്പെട്ട സിനിമയും ഒക്കെ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ പാർട്ടിയിൽ പങ്കെടുക്കുവാൻ വരുന്നവരോട് ഒറ്റ അഭ്യർത്ഥന മാത്രം ആരും കരയരുത്. സഹതപിക്കരുത്.

ബെറ്റ്സി ഡേവിസ് എന്ന 41 കാരി കുറച്ച് നാളുകളായി എ.എൽ.എസ് രോഗബാധയാൽ കഷ്ടപ്പെടുകയായിരുന്നു. ശരീരത്തിലെഞരന്പുകളുടെയും പിന്നീട് ദേഹത്തുള്ള മസിലുകളിലേയ്ക്കുള്ള സ്വാധീനം നഷ്ടപ്പെടുകയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ. ഫെയ്സ് ബുക്ക് മേധാവി ഐസ് ബക്കറ്റ് ചാലഞ്ച് എന്ന ആശയം തന്നെ കൊണ്ടു വന്നത് ഈ അസുഖത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന് വേണ്ടിയായിരുന്നു. 

കാലിഫോർണിയയിൽ ദയാവധം നിയമപ്രകാരം അനുവദിച്ചതിനുശേഷം കോടതി ദയാവധം അനുവദിച്ച ആദ്യത്തെ രോഗിയായിരുന്നു ബെറ്റ്സി. 

കഴിഞ്ഞ മാസം 23, 24 തിയ്യതികളിൽ പല രാജ്യത്ത് നിന്ന് വന്ന മുപ്പതോളം സുഹൃത്തുകൾക്ക് വിരുന്ന് നൽകി  ആഘോഷിച്ചും 24ാം തിയ്യതി സുഹൃത്തുക്കൾ പിരിഞ്ഞ് പോയപ്പോൾ ബെറ്റ്സി ഡോക്ടർ നൽകിയ മാരകമായ വിഷം കലർന്ന മരുന്ന് കുടിച്ചു.

6.45ന് മരുന്നു കുടിച്ച ബെറ്റ്സി നാല് മണിക്കൂറിനുള്ളിൽ മരണപ്പെടുകയും ചെയ്തു. ബെറ്റ്സിയുടെ മരണം ഏതായാലും വിദേശ പത്ര ദൃശ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്.

ജീവിതത്തിൽ നമ്മൾ കടന്നു പോകുന്ന ഓരോ മേഖലയിൽ നിന്നും മനോഹരമായി ‘എക്സിറ്റ്’ ചെയ്യുക എന്നതും വളരെപ്രധാനമാണ്. പഠിച്ച വിദ്യാലയത്തിൽ നിന്നായാലും ജോലിയിൽ നിന്നായാലും അലങ്കരിച്ച പദവികളിൽ നിന്നായാലും വിരമിക്കുന്പോൾ കൂടെയുള്ളവർക്ക് വിഷമം തോന്നുകയും ഒപ്പം നമ്മൾ ചെയ്ത പ്രവർത്തിയിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നുണ്ടെങ്കിൽ അത്തരം വ്യക്തികൾ ജീവിതത്തിൽ വിജയിച്ചവരാണെന്ന് പറയാം.

ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും നിറത്തിന്റെയും നിയമത്തിന്റെയും പേരിൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്ന് ചിന്തിക്കുന്നവർ സ്വാതന്ത്ര്യത്തിന്റെ അർത്ഥതലങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ സ്വയം തടങ്കലിലായവരാണ്. സ്വാതന്ത്രമായി മനസ്സിനെയാർക്കും പിടിച്ച് കെട്ടാനാവില്ല എന്ന ചിന്തയോടെ...

You might also like

Most Viewed