ആളെ കൊല്ലി കൗണ്ടറുകൾ


പണം സന്പാദിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സന്പാദിച്ച പണം സംരക്ഷിക്കുകയെന്നത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിൽ വലിയൊരു ശതമാനം ആൾക്കാർ വിശ്വസിക്കുന്നത് ബാങ്കുകളെ തന്നെയാണ്. ബാങ്കിൽ പണം നിക്ഷേപിക്കുകയും ബാങ്ക് ലോക്കറിൽ വിലകൂടിയ വസ്തുക്കൾ‍ സൂക്ഷിക്കുകയും ചെയ്യുന്നവർ അത് നഷ്ടപ്പെടില്ല എന്ന് പരിപൂർണ്ണമായി വിശ്വസിക്കുന്നവരുമാണ്. 

സാങ്കേതിക വിദ്യയുടെ കടന്ന് വരവോടെ കാര്യങ്ങൾ മാറിത്തുടങ്ങുകയും ബാങ്കിൽ പോകാതെ തന്നെ എ.ടി.എം വഴി പണം എടുക്കാനുള്ള സംവിധാനം കടന്നുവരികയും ചെയ്തു. ഇതിന് ശേഷം എ.ടി.എം കൗണ്ടറിന്റെ ഉള്ളിൽ ചിലർ ക്രൂരമായി  കൊല്ലപ്പെട്ട പല വി‍‍ഡീയോകളും നമ്മൾ കണ്ടു. മാധ്യമങ്ങൾ കുറെ ചർച്ച ചെയ്ത് പ്രശ്ന പരിഹാരമൊന്നും കാണാതെ ചർച്ച അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ മിക്ക സ്ഥലത്തും എ.ടി.എമ്മിനായി ഒരു ഒറ്റ മുറിയാണ് സജ്ജീകരിച്ചിരിക്കുന്നത്. പലയിടത്തും കാർ നിർത്തി കാറിൽ ഇരുന്ന് തന്നെ പണം എടുക്കുവാനുള്ള സംവിധാനം ഇല്ല. വാഹനത്തിൽ ഇരുന്ന് പണം എടുക്കാൻ പറ്റുന്ന എ.ടി.എം കൗണ്ടർ ഉണ്ടെങ്കിൽ ഒരു വലിയ വിഭാഗത്തിന് അത് ഗുണകരമാകും. മോട്ടോർ ബൈക്കിലായാലും കാറിലായാലും അതിലിരുന്ന് പണമെടുക്കുന്പോൾ ചുറ്റുമുള്ളവരെ കാണാനും മറ്റുള്ളവർക്ക് നമ്മളെ കാണാനും സാധിക്കും.

ഇത്തരം കൗണ്ടറുകളില്ലാത്തിടത്ത് പോലീസ് സെക്യൂരിറ്റി നിർബന്ധമായും ബാങ്ക് നൽകേണ്ടതാണ്. എ.ടി.എമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ച് നൽകുമെന്ന് എസ്.ബി.ഐ അറിയിച്ചുവെങ്കിലും മറ്റ് സ്വകാര്യ ബാങ്കുകൾ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

മുന്പ് കേരളത്തിലെ ചില കോ ഓപ്പറേറ്റീവ് ബാങ്കുകളിൽ നിന്ന് ലോക്കർ കുത്തിപ്പൊളിച്ച് സ്വർണ്ണവും വിലകൂടിയ മറ്റ് പല വസ്തുക്കളും നഷ്ടപ്പെട്ടവർക്ക് ഒന്നും തന്നെ ബാങ്കുകൾ നഷ്ടപരിഹാരമായി നൽകിയിട്ടില്ല എന്നതും നമ്മൾ ഓ‍ർക്കണം.

എ.ടി.എം കൗണ്ടറിൽ നിന്ന് കള്ളനോട്ട് ലഭിച്ചവരും കുറവല്ല. പല ബാങ്കുകളും പണം നിക്ഷേപിക്കുവാനും എ.ടി.എം മെഷിന്റെ പ്രവ‍ർത്തനവും പരിചരണവും സ്വകാര്യ ഏജൻസികൾക്കാണ് നൽകുന്നത്.

മുന്പ് ഇത്തരം സ്വകാര്യ ഏജൻസികളിലെ ചില ഉദ്യോഗസ്ഥർ നല്ല നോട്ട് മാറ്റി അതിൽ കള്ളനോട്ട് കുത്തി കയറ്റുകയും മറ്റ് ചിലർ പണം പകുതി മാത്രം നിക്ഷേപിച്ച് പകുതി പണം സ്ഥിരം മാർക്കറ്റിൽ പലിശയ്ക്ക് കൊടുത്തിരുന്ന വാർത്തകളും പുറത്ത് വന്നിരുന്നു.

ഇപ്പോഴും ഇന്ത്യയിലെ നിയമപ്രകാരം കള്ളനോട്ടുമായി ഒരു വ്യക്തി പിടിക്കപ്പെട്ടാൽ അതിന്റെ പേരിൽ നടപടി നേരിടേണ്ടി വരിക അത് കൈവശം വെച്ച വ്യക്തി തന്നെയായിരിക്കും.

മോഡി സർക്കാർ നടപ്പിലാക്കും എന്ന് വിശ്വസിക്കുന്ന ബാങ്കിംഗ് ട്രാൻസേക്ഷൻ ടാക്സും പ്ലാസ്റ്റിക് മണിയും നിലവിൽ വന്നാൽ കള്ള നോട്ടുകൾക്ക് ഒരു ശാശ്വത പരിഹാരം ലഭിക്കും.

ഗൾഫിൽ നിന്നും ഡൽഹിയിലെത്തിയ ഒരു പ്രവാസി മലയാളിയെ എ.ടി.എം കാർ‍‍ഡിന് വേണ്ടി കൊലപാതകം ചെയ്തതും കർണ്ണാടകയിൽ ഒരു എ.ടി.എം കൗണ്ടറിൽ ഒരു സ്ത്രീയെ നിർദാക്ഷിണ്യം വെട്ടി കൊലപ്പെടുത്തിയതും ഇന്നും നമ്മുടെ  മനസ്സിൽ  ഭീതി പരത്തുന്നുണ്ട്.

സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനൊപ്പം അതിനെ ദുരുപയോഗം ചെയ്യാനുള്ളവരും ഏറി വരികയാണ്.

എ.ടി.എം കൗണ്ടറുകൾ ആൾത്താമസം ഏറെയുള്ള, തിരക്കുള്ള സ്ഥലങ്ങളിൽ മാത്രം നിർമ്മിക്കുക. പിൻകോ‍‍ഡ് എ.ടി.എം കാർഡിന്റെ പിറകിലോ മറ്റിടങ്ങളിലോ എഴുതി വെയ്ക്കാതെ മനപാഠമാക്കി വെയ്ക്കുക. സംശയാസ്പദമായ സാഹചര്യത്തിൽ എം.ടി.എം ഉപയോഗിക്കാതിരിക്കുക. പാസ്്വേ‍‍ർഡ് അടിക്കുന്പോൾ ഒരു കൈ കൊണ്ട് നന്പർ മറയ്ക്കുക. ഓരോ ട്രാൻസാക്ഷനും കഴി‍‍ഞ്ഞാൽ മൊബൈലിൽ മെസേജ് വരുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുക, പണം കൗണ്ടറിൽ നിന്ന് എണ്ണി നോക്കാതിരിക്കുക ഇത്തരം ചില മുൻകരുതലുകൾ മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്നത്.

You might also like

Most Viewed