ബുദ്ധി മുട്ടിയ മലയാളി ! പി ഉണ്ണികൃഷ്‌ണൻ


ലോകത്തുള്ള സംസ്ഥാനങ്ങൾക്ക് ധീരതയ്ക്കുള്ള അവാർ‍ഡ് നൽകുന്നുണ്ടായിരുന്നെങ്കിൽ ഈ വർഷം അത് മലയാളികൾക്ക് ലഭിക്കുമായിരുന്നു. ദുബൈയിൽ എമിറേറ്റ്സ് വിമാനം ക്രാഷ് ലാൻഡ് ചെയ്ത ശേഷം വിമാനത്തിൽ നിന്ന് നമ്മുടെ സഹോദരീ സഹോദരന്മാർ എമർജൻസി എക്സിസ്റ്റിലൂടെ ഇറങ്ങുന്നതിന് മുന്പുള്ള വിഡീയോ കണ്ടപ്പോഴാണ് ഇത് ഉറപ്പായത്. കുറച്ചു വർഷങ്ങൾക്ക് മുന്പ് ബഹ്റിനിൽ നിന്നും ലണ്ടനിലേയ്ക്ക് പോയ ബ്രിട്ടീഷ് എയർലൈൻസ് വിമാനത്തിന്റെ ടയർ ഉള്ള ഭാഗത്തിൽ കയറി സഞ്ചരിച്ച ബംഗാളിയെക്കാൾ ഒട്ടും പിന്നിലല്ല മലയാളികളും എന്ന് ഇന്നലെയാണ് ബോധ്യമായത്.

ധൈര്യവും പൊട്ടത്തരവും തമ്മിൽ ചെറിയ ഒരു അന്തരമേയുള്ളൂ. ഒറ്റനോട്ടത്തിൽ ധീരനാണ് എന്ന് തോന്നുന്ന വ്യക്തി ചിലപ്പോൾ വലിയ വിഡ്ഢികളാകാം. ഓടുന്ന തീവണ്ടിയുടെ മുന്പിൽ നിന്ന് തീവണ്ടിയെ തടയാൻ ശ്രമിക്കുന്നവൻ പൊട്ടൻ, എന്നാൽ അതേസമയം എല്ലാ സാങ്കേതിക സഹായങ്ങളോടെ, ചന്ദ്രനിൽ കാല് കുത്തി പുതിയ ചരിത്രമെഴുതിയവൻ ധീരൻ.

ഒരു വിമാനം ക്രാഷ് ലാൻഡ് ചെയ്ത് കഴിഞ്ഞാൽ അത് കത്തിപ്പൊട്ടിത്തെറിക്കുവാനുള്ള സാധ്യത വളരെയേറെയാണെന്ന് മനസ്സിലാക്കുവാനോ ചിന്തിക്കുവാനോ ഉള്ള വിവരമോ ബുദ്ധിയോ ഇനിയും നമ്മുടെ സമൂഹത്തിന് വന്നിട്ടില്ല എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഇത്തരമൊരവസ്ഥയിൽ പെട്ടിയും ലാപ്ടോപ്പും പാസ്പോർട്ടും വരെ ഉപേക്ഷിച്ച് എത്രയും പെട്ടെന്ന് രക്ഷപ്പെടുക അത് വഴി മറ്റുള്ളവർക്കും രക്ഷപ്പെടാനുള്ള വഴിയൊരുക്കുക എന്നതായിരിക്കണം ഓരോ യാത്രികനും ശ്രദ്ധിക്കേണ്ടത്.

വിമാനത്തിൽ സാധാരണ രണ്ട് രീതിയിലുള്ള യാത്രക്കാരാണ് സഞ്ചരിക്കുക. അതിൽ ഒന്ന് വിമാനത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പരമാവധി പഠിച്ച്, വിമാനയാത്രക്കിടയിൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് പരമാവധി പഠിച്ചും, വായിച്ചും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടും മനസ്സിലാക്കി ഇത്തിരി ഭയത്തോടെ യാത്ര ചെയ്യുന്നവർ. രണ്ടാമത്തെ കൂട്ടർ വിമാനം കെ.എസ്.ആർ.ടി.സി ബസ് പോലെ ഉരുണ്ട് ഉരുണ്ട് ക്രാഷ് ലാൻഡ് ചെയ്തിട്ടും ഒന്നും സംഭവിക്കുകയില്ല എന്ന് തെറ്റിദ്ധരിച്ച് കൂർക്കം വലിച്ചുറങ്ങുന്നവർ.

ഇതിൽ ആദ്യഗണത്തിൽ പെടുന്നവർ എല്ലാം അറിഞ്ഞ് കൊണ്ട് റിസ്ക്ക് എടുക്കാൻ തയ്യാറായി യാത്ര ചെയ്യുന്ന ധീരന്മാരാണ്. ഇവരിൽ പലരും യാത്രയ്ക്ക് മുന്പ് ഒരു സ്മോൾ അടിച്ചോ അല്ലെങ്കിൽ ഉറക്കം ലഭിക്കുന്ന ചില ഗുളികകൾ കഴിച്ചോ യാത്ര ചെയ്യുന്നവരാണ്. മറ്റേ കൂട്ടരാണെങ്കിൽ വിമാനത്തിൽ കയറി കഴിഞ്ഞാൽ ഒരു പെഗ്ഗടിച്ച് പടവും കണ്ട് എയർഹോസ്റ്റസിനെ നിരന്തരം വിളിച്ച് ഉപദ്രവിച്ച് ബഹളമുണ്ടാക്കുകയും വിമാനം പുറപ്പെടുന്പോഴും ലാൻഡ് ചെയ്യുന്പോഴും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന വിഡ്ഢികളും. ഇതിനിടയിൽ ഉള്ളവർ വളരെ വിരളമാണ്.

വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് എത്ര അനൗൺസ് െചയ്താലും അത് ഉപയോഗിക്കുന്നവരുണ്ട്. ലാൻഡിംഗ് സമയത്ത് ഫോൺ ഉപയോഗിക്കുന്നവരുടെ മുൻപന്തിയിലും മലയാളികൾ തന്നെ.

വിമാന അപകടം ഉണ്ടായാൽ രക്ഷപ്പെടുവാൻ ഏറ്റവും അധികം സാധ്യത വിമാനത്തിന്റെ മദ്ധ്യഭാഗത്തു ഇരിക്കുന്നവ‍ർക്കാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എയർ ഇന്ത്യ മംഗലാപുരത്ത് കത്തി ചാന്പലായപ്പോഴും രക്ഷപ്പെട്ടത് മദ്ധ്യഭാഗത്തെ സീറ്റിലുള്ളവരായിരുന്നു.

ഇന്ന് നിലവിലുള്ള എല്ലാ ഗതാഗത വാഹനങ്ങളിൽ വെച്ച് ഏറ്റവും സുരക്ഷിതത്വം വിമാനത്തിന് തന്നെയാണ് എന്നതിൽ സംശയമില്ല.

കേരളത്തിൽ ഓരോ ദിവസവും ബൈക്കപകടത്തിലും ബസ്സപകടത്തിലും കാറപകടത്തിലും മരിക്കുന്നവരുടെ എണ്ണത്തിന്റെ രണ്ട് ശതമാനം പോലും വിമാനപകടത്തിൽ കൊല്ലപ്പെട്ടിട്ടില്ല.

ഗൾഫിലുള്ള മലയാളികളിൽ വലിയൊരു പക്ഷം ഏറ്റവും കൂടുതൽ വിശ്വസിച്ചിരുന്ന വിമാന കന്പനിയാണ്  എമിറേറ്റ്സ് എയർലൈൻസ്. സാങ്കേതികമായി സാന്പത്തികമായി മുന്പിലാണെന്ന് നമ്മൾ ഏറെ വിശ്വസിച്ചിരുന്ന എമിറേറ്റ്സ് എയർ ക്രാഫ്റ്റ് തകർന്നപ്പോൾ പലരും പൈലറ്റിനെയും വിമാനകന്പനിയെയും പ്രശംസിച്ച് പല അഭിപ്രായങ്ങളും രേഖപ്പെടുത്തി.

ഇന്നലെ യാത്രക്കാർ രക്ഷപ്പെട്ടത് ദൈവത്തിന്റെ കൃപാകടാക്ഷം കൊണ്ട് മാത്രമാണ്. ദൈവത്തിന്റെ സ്വന്തം സ്ഥലത്തിൽ നിന്നുള്ള അതിബുദ്ധിമാനായ ഏതെങ്കിലും മലയാളിക്ക് ഫ്ളൈറ്റിൽ നിന്ന് ഇറങ്ങുന്നതിന് മുന്പ് ഒന്ന് ടോയ്ലറ്റിൽ പോകണമെന്ന ആഗ്രഹം കൂടി വന്നിരുന്നെങ്കിൽ അപകടത്തിന്റെ കഥ മാറിയേനേ...

ഇന്നലെ നടന്ന അപകടം രണ്ട് കാരണം കൊണ്ടായിരിക്കും. ഒന്ന് വിമാനത്തിന്റെ യന്ത്ര തകരാറ്. രണ്ട് പൈലറ്റിന്റെ ഭാഗത്തു നിന്നുള്ള തെറ്റ്. ഇതിൽ ഏതാണെങ്കിലും അതിന് ഉത്തരം പറയാൻ എമിറേറ്റ്സ് എയർ ബാദ്ധ്യതപ്പെട്ടിരിക്കുന്നു. ദുബൈയിലെ പല പത്രങ്ങളും എമിറേറ്റ്സിനെ വാനോളം പുകഴ്ത്തി പ്രശംസിക്കുന്പോൾ അറിയുക ഇത് പെയ്‌ഡ്‌ വാർത്തകളുടെ കാലം. ജാഗ്രതെ...

You might also like

Most Viewed