എവിടെ ചിന്തിക്കുന്നവോ അവിടെ പോക്കിമോൻ ഉണ്ട് !
ബൈബിളിൽ രേഖപ്പെടുത്താത്ത സൂഫികൾ കാത്തുസൂക്ഷിക്കുന്ന ഒരു യേശു വചനമുണ്ട്. ‘വിസ്മയിക്കുന്നവൻ അനുഗ്രഹീതൻ’ എന്നാണ് ആ വചനം. വിസ്മയം കൊള്ളുന്ന മനുഷ്യന്റെ ഹൃദയം നിഷ്ക്കളങ്കമാണ്. അസ്വസ്ഥതയില്ലാത്ത ഒരു മനസ്സാണത് സൂചിപ്പിക്കുന്നത്. ഒന്നിലും വിസ്മയം കൊള്ളാത്ത ഒരു ലോകത്ത് പോക്കിമോനെ തേടി ജനം ലോകമെന്പാടും വിസ്മയത്തോടെ ഒടുന്പോൾ അല്പം അശ്വാസം തോന്നുന്നു.
മുഖം മറയ്ക്കാത്തത് കാരണം നടു റോഡിൽ നിർത്തി ഒരു സ്ത്രീയെ നിർദാക്ഷിണ്യം വെടിവെച്ചു കൊല്ലുന്ന വീഡിയോയും കുടുംബത്തോടൊപ്പം സഞ്ചരിച്ച അമ്മയെയും മകളെയും ഭർത്താവിന്റെ കൺമുൻപിൽ മാനഭംഗപ്പെടുത്തിയ വാർത്തയും ഇപ്പോൾ ആരെയും ഞെട്ടിക്കുന്നില്ല. കാരണം മാറി വരുന്ന ലോകത്ത് ഇതും ഇതിനപ്പുറവും നടക്കുമെന്ന് നമ്മൾ വിശ്വസിച്ച് കഴിഞ്ഞിരിക്കുന്നു.
അതിക്രൂരമായ കൊലപാതങ്ങളും ആക്രമണങ്ങളും ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും കണ്ട് ജനങ്ങളുടെ മനസ്സ് മരവിച്ചിരിക്കുകയാണ്. ഇങ്ങിനെ മരവിച്ചിരിക്കുന്ന മനസ്സിന് നഷ്ടമായത് നിഷ്കളങ്കതയാണ്.
വിസ്മയിക്കുന്നവൻ അനുഗ്രഹീതൻ. കാരണം സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു എന്ന യേശുവചനത്തിന്റെ പ്രസക്തിയും ഇവിടെയാണ്. ഇന്ന് ഭൂരിപക്ഷം വരുന്ന ഒരു സമൂഹം ചിത്തഭ്രമം പിടിപെട്ടവരാണ്. ചിലരിൽ അതിന്റെ തോത് കുറഞ്ഞോ കൂടിയോ ഇരിക്കുന്നു എന്ന് മാത്രം. ഉത്തരം കിട്ടാത്ത ജീവിതത്തിന്റെ അർത്ഥതലങ്ങളിൽ സങ്കീർണ്ണമാകുന്ന മനസ്സുകൾ തേടുന്നത് മരണാന്തര സ്വർഗ്ഗവും മോക്ഷവുമാണ്. ജീവിച്ചിരിക്കുന്പോൾ ജീവിതം സ്വർഗ്ഗതുല്യമായി മാറ്റുന്നതിനെ കുറിച്ച് നമ്മൾ ചിന്തിക്കുന്നേയില്ല.
പണ്ട് മരണാനന്തര ജീവിതത്തെ കുറിച്ച് അന്വേഷിച്ച് നടന്നവർ ചെന്നെത്തുക സന്യാസത്തിലായിരുന്നു. യഥാർത്ഥ സന്യാസിയായി കഴിഞ്ഞാൽ അവരുടെ മനസ്സിൽ കളങ്കമില്ലാതാകും. മനസ്സ് നിഷ്കളങ്കമാകും. അങ്ങിനെ ഒരു അവസ്ഥ കൈവരിക്കുന്പോൾ ലോകത്ത് സംഭവിക്കുന്ന ഓരോ ചെറിയ കാര്യങ്ങളും വിസ്മയത്തോടെ കാണുവാൻ സാധിക്കും.
ഒരു മഴ ആസ്വദിക്കുന്പോൾ തന്നെ മഴത്തുള്ളിയായി പെയ്യുന്നതിന് പകരം വെള്ളം ഐസ് കണങ്ങളായോ, കൂട്ടത്തോടെ പെയ്താൽ എന്താകുമെന്ന് നമ്മൾ ചിന്തിക്കും. ഇരുപത്തിയൊന്ന് ദിവസങ്ങൾക്കുള്ളിൽ വിരിയുന്ന കോഴിമുട്ടയുടെ ഉള്ളിൽ നടക്കുന്ന രാസമാറ്റങ്ങളെ കുറിച്ച് ചിന്തിച്ച് വിസ്മയം കൊള്ളും. കറങ്ങികൊണ്ടിരിക്കുന്ന ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും നിലനിർത്തുന്ന സൂര്യൻ ഭൂമിയുടെ അടുക്കൽ വന്ന് അതിനെയൊന്നും കത്തി ചാന്പലാകാത്തതിൽ വിസ്മയം കൊള്ളും. ജിപിഎസ് സൗകര്യങ്ങളില്ലാതെ കടലുകൾ പാറി നടന്ന് വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തിരികെയെത്തുന്ന ദേശാടന പക്ഷിയെ കുറിച്ച് ഓർത്തും വിസ്മയം കൊള്ളും. ലോകത്ത് നാം കാണുന്ന ഓരോ ദൈവസൃഷ്ടിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് അതിലെ വൈവിദ്യങ്ങളെക്കുറിച്ചോർത്ത് വിസ്മയം കൊള്ളും.
ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയിൽ ഒന്നായ ഭൂമി സ്വർഗ്ഗതുല്യമാണെന്ന് അപ്പോൾ തിരിച്ചറിയും. അനന്തമായ കടലും കുളിര് പെയ്യിക്കുന്ന കാറ്റും വനങ്ങൾ നിറഞ്ഞ മലകളും പുഴകളും നമ്മെ സന്തോഷിപ്പിക്കും.
ഒരു കാലത്ത് ദൈവത്തെ കാണുവാൻ നിരന്തരം യാത്ര ചെയ്തിരുന്നവർ എവിടെ ചിന്തിക്കുന്നുവോ അവിടെ ദൈവത്തെ കാണുമായിരുന്നു, അറിയുമായിരുന്നു. അത്തരക്കാർ ലോകത്ത് കുറഞ്ഞ് വരുന്പോൾ ചിലരെങ്കിലും പോക്കിമോനെ തേടി അലയുന്നതിൽ വിസ്മയം കൊള്ളുന്പോൾ ഓർമ്മവരുന്നത് ഈ ബുദ്ധവചനം മാത്രം.
‘നിത്യ ജാഗ്രതയെ പ്രാപിച്ചവനെ പിന്തുടരുക
അപ്പോൾ അന്ധരുടെ കൂട്ടത്തിൽ
നിങ്ങളുടെ വിവേകത്തിന്റെ വെളിച്ചം
പരിശുദ്ധമായി പ്രകാശിക്കും.’