സൂക്ഷിക്കുക അഭിഭാഷകർ അകത്തുണ്ട് !


മണിയൻ പിള്ള വധക്കേസ് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കോടതി വളപ്പിൽ വെച്ച് തടഞ്ഞിരിക്കുന്നു.അക്രമങ്ങൾക്കും അനീതിക്കുമെതിരെ നിയമസംവിധാനത്തിലൂടെ പരിഹാരം കാണണമെന്ന് ആഹ്വാനം ചെയ്യേണ്ട നീതിന്യായ വ്യവസ്ഥയുടെ കാവലാൾ ആകേണ്ടവർ തന്നെയാണ് മാധ്യമ പ്രവർത്തകർക്ക് വേലി തീർത്ത് വിളവ് തിന്നുകൊണ്ടിരിക്കുന്നത്.

മാധ്യമങ്ങളെയും മാധ്യമപ്രവ‍ർത്തകരെയും കുറിച്ച് വിവിധ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയായിൽ ഉയർന്നു വന്നിരുന്നു. മാധ്യമ പ്രവർത്തകരെ ‘തല്ല് കൊള്ളികൾ’ എന്ന് പരിഹാസത്തോടെ വിലയിരുത്തിയവരുമുണ്ട്.

കേരളത്തിലെ മൊത്തം മാധ്യമപ്രവർത്തകരുടെ പത്തിരട്ടിയോളം വരും അഭിഭാഷകരുടെ എണ്ണം. അപ്പോൾ ശാരീരികമായ ഒരു ഏറ്റുമുട്ടലിൽ അഭിഭാഷക സമൂഹം വിജയിക്കുന്നതിൽ വലിയ അതിശയമൊന്നുമില്ല.

കേരളത്തിൽ തന്നെ മിക്ക കോടതികളിലും ചുറ്റിപ്പറ്റി നൂറ് കണക്കിന് അഭിഭാഷകരാണ് കേസില്ലാ വക്കീലന്മാരായി കറങ്ങി നടക്കുന്നത്. അത്തരക്കാർക്ക് സമയം കൊല്ലാനുള്ള ഒരു തമാശയായിട്ടായിരിക്കാം അവർ ഇത്തരമൊരു കലാപരിപാടിക്ക് ഇറങ്ങിയിരിക്കുന്നത്.

അഭിഭാഷക വൃത്തിയെക്കുറിച്ച് ചിന്തിക്കുന്പോൾ എന്റെ മനസിൽ തോന്നുന്ന ആദ്യചിന്ത ഇവരിൽ അന്പത് ശതമാനം പേരും അനീതിക്ക് വേണ്ടി നില കൊല്ലുന്നവരല്ലെ എന്നതാണ്. ഗോവിന്ദച്ചാമിക്കും ജിഷാവധക്കേസിലെ പ്രതിക്കും അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്കും വരെ കോടതിയിൽ സ്യൂട്ടും കോട്ടുമിട്ട് സുന്ദരകുട്ടപ്പന്മാരായി വരുന്ന അഭിഭാഷകർ വാദിക്കുന്നത് അനിതീക്കും അക്രമത്തിനും വേണ്ടിയാണ്.

കോടതി കയറുന്ന എല്ലാ കേസുകളിലും ശരിയായ പക്ഷവും തെറ്റായ പക്ഷവും കാണും. ഇതിൽ ചില കേസുകളിൽ മാത്രമാണ് ആരുടെ ഭാഗത്താണ് ശരി അല്ലെങ്കിൽ തെറ്റ് എന്ന് കൺഫ്യൂഷൻ ഉണ്ടാവുക. മറ്റ് മിക്ക കേസുകളും പഠിച്ചാൽ സാമാന്യബുദ്ധിയുള്ള ഒരു അഭിഭാഷകന് ശരിയുടെ പക്ഷമേതാണ് എന്ന് തിരിച്ചറിയാൻ എളുപ്പം സാധിക്കും.

തന്നെ സമീപിക്കുന്ന ഒരു വ്യക്തി തെറ്റിന്റെ പക്ഷത്താണ് എന്ന് പൂർണ്ണമായിട്ടും മനസ്സിലാക്കി കൊണ്ട് തന്നെയാണ് ബഹുഭൂരിപക്ഷം വരുന്ന അഭിഭാഷകർ കേസ് ഏറ്റെടുക്കുന്നത്. പിന്നീട് പ്രസ്തുത വ്യക്തിയെ രക്ഷിക്കാനുള്ള എല്ലാ തന്ത്രങ്ങളും നിയമങ്ങളുടെ ലൂപ് ഹോളും ഇവർ കണ്ടെത്തുന്നു.

ഇവിടെയാണ് യഥാർത്ഥത്തിൽ നാം ചർച്ച ചെയ്യേണ്ട വിഷയം വരുന്നത്. ആകെ മൊത്തം വരുന്ന അഭിഭാഷകരിൽ 50 ശതമാനത്തോളം പേർ അറിഞ്ഞുകൊണ്ട് അന്യായത്തിന് കൂട്ട് നിൽക്കുന്നവരാണ്. (ഇതിന് ഇവ‍ർ പല ന്യായങ്ങളും അന്യായങ്ങളും നിരത്തിയേക്കാം.) അതേസമയം മാധ്യമപ്രവർത്തകർ അവരുടെ തൊഴിലിൽ അഭിഭാഷകരെക്കാൾ എത്രയോ അധികം സുതാര്യത പുലർത്തുന്നവരാണ്. കേരളത്തിൽ തന്നെ ആറിലധികം ന്യൂസ് ചാനലുകൾ ഉണ്ട്. പതിനൊന്നിലധികം എന്റർടൈമെന്റ് ചാനലുകൾ ഉണ്ട്. 34ലധികം പത്രമാധ്യമങ്ങളുണ്ട്. ഇതിലെ വാർത്തകൾ പരിശോധിച്ചാൽ ഭൂരിപക്ഷം പേരും സുതാര്യമായി തന്നെയാണ് വാർത്തകൾ നൽകുന്നതെന്ന് തിരിച്ചറിയാൻ സാധിക്കും. ചില വാർത്തകൾ ചിലപ്പോൾ മാധ്യമ ഉടമകളുടെ അജണ്ടയുടെ ഭാഗമായി പ്രസിദ്ധികരിച്ചില്ല എന്ന് വരാം. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ മാധ്യമങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. തെറ്റായി വാർത്തകൾ റിപ്പോർട്ട് ചെയ്താൽ ഒരു മടിയും കൂടാതെ തിരുത്തുകയും ചെയ്യുന്നുണ്ട്.

ബോഫേഴ്സ് കേസ് മുതൽ ജിഷാ വധം വരെ കുത്തിപ്പൊക്കാനും സത്യം പുറത്ത് കൊണ്ടുവരാനും മാധ്യമങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ട് എന്നത് നാം ഓർക്കണം. സമൂഹത്തിലെ തിന്മകൾക്കെതിരെ മാധ്യമ പ്രവർത്തകർ നിരന്തരം പോരാടുന്നുമുണ്ട്. പണിയില്ലാത്ത ചില അഭിഭാഷകർക്ക് ചില കേസൊക്കെ കിട്ടി ജീവിച്ച് പോകുന്നതും മാധ്യമങ്ങൾ ഉണ്ടാക്കുന്ന വിവാദങ്ങൾ വഴിയാണ്!

ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന അഭിഭാഷകരെ ആരാണ് തീറ്റിപ്പോറ്റുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചുണ്ടോ ചർച്ച ചെയ്തിട്ടുണ്ടോ? ജിഷാ വധക്കേസിൽ പ്രതിയെ സംരക്ഷിക്കുവാൻ എത്തിയിരിക്കുന്ന ഈ അഭിഭാഷകന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണ്. ബി.എ ആളൂർ എന്ന പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ എന്തിനാണ് ഇത്തരക്കാർക്ക് വേണ്ടി വാദിക്കുന്നത് ? 

യഥാർത്ഥത്തിൽ മാധ്യമങ്ങൾ ഇനി അന്വേഷിക്കേണ്ടത് കള്ളക്കേസുകൾ വാദിക്കുവാൻ ലക്ഷക്കണക്കിന് ഫീസ് വാങ്ങി ക്രിമിനലുകളെയും കള്ളപ്പണക്കാരെയും കൊലപാതകികളെയും സംരക്ഷിക്കുന്ന അഭിഭാഷകരെക്കുറിച്ചാണ്. ഇവർക്ക് ജുഡീഷ്യറിയിൽ ഉള്ള സ്വാധീനത്തെക്കുറിച്ചാണ്.

കൊലപാതകികളായ രാഷ്ട്രീയ നേതാക്കന്മാരെയും, കള്ളപ്പണം കൊണ്ട് അമ്മാനമാടുന്ന സന്പന്നരെയും കൂട്ടുപിടിച്ചു കോടികൾ നേടുന്ന അഭിഭാഷകരെ മാധ്യമങ്ങൾ പുറത്തു കൊണ്ട് വരണം. മാധ്യമ പ്രവർത്തകർ തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അവരെ ശാരീരികമായി കൈകാര്യം ചെയ്യുകയല്ല നിയമ വിദഗ്ദ്ധർ എന്ന് അവകാശപ്പെടുന്ന വക്കീലന്മാർ നിയമപരമായി മാധ്യമക്കാർക്ക് എതിരെ കോടതി കയറുകയാണ് ചെയേണ്ടത്. 

ഏതായാലും നിയമ വ്യവസ്ഥയെയും കോടതിയെയും കോടതി വളപ്പും സ്വകാര്യ സ്വത്തായി കരുതുന്ന വക്കീലന്മാർ പോലീസിനെയും, ജനാധിപത്യ മര്യാദകളെയും വെല്ലുവിളിക്കുന്പോൾ തെളിയുന്നത് ജുഡീഷ്യറിയിൽ അവരുടെ വിശ്വാസകുറവ് തന്നെ.

You might also like

Most Viewed