മർക്കട നീ അങ്ങ് മാറികിടക്കട!!


പലപ്പോഴും എല്ലാ പ്രവർത്തികളും ഓവർ സ്മാർട്ടായി ചെയ്യുന്നവരെ കാണുന്പോൾ നാം പറയാറുള്ളത് ആളൊരു പുലിയാണെന്നാണ്. എന്നാൽ വനാന്തരങ്ങളിലെ കാഴ്ചകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും പുലിയെക്കാൾ സ്മാർട്ട് വനാരന്മാരാണെന്ന്.

വാനര വർഗ്ഗം പൊതുവെ വെറുതെയിരിക്കുവാൻ മടിയുള്ള കൂട്ടത്തിലാണ്. പലപ്പോഴും സമാധനത്തോടെ, സന്തോഷത്തോടെ ചടഞ്ഞിരിക്കുന്ന പുലിയുടെ മുന്പിൽ ചാടിയും, ചൊറിഞ്ഞും, മറിഞ്ഞും, മലക്കം മറിഞ്ഞും വാനരൻ പുലിയെ പ്രലോഭിപ്പിക്കും. വാനരന്റെ കളിയാക്കൽ കണ്ട് അവസാനം സഹികെട്ട് പുലി ദേഷ്യത്തോടെ വാനരനെ പിടിക്കുവാൻ ഓടും. ഇതിനിടയിൽ വാനരൻ തൻ്റെ യഥാർത്ഥ തട്ടകമായ അടുത്തുള്ള മരത്തിലേയ്ക്ക് ചാടി കയറും. ഉടൻ പുലിയും വാനരന്റെ പിറകെ ഓടും. പിന്നീട് വാനരൻ ചെറിയ ചെറിയ ചില്ലകളിലേയ്ക്ക് ചാടുന്പോൾ തടിമാടനായ പുലി എല്ലാം മറന്ന് പിറകെ പോകും. അവസാനം ഒരു നേരിയ ചില്ലയിൽ പുലിയുടെ അരികിലിരുന്ന് വാനരൻ പറ്റാവുന്ന മർക്കട മുഷ്ടിയൊക്കെ കാണിക്കുന്പോൾ. ദേഷ്യം സഹിക്കുവാൻ പറ്റാതെ പുലി മുന്നോട്ട് നടന്ന് ചില്ല ഒടിഞ്ഞ് നിലത്ത് വീഴും. ഇത് കണ്ട് വാനരൻ ടാർഗറ്റ് മീറ്റ് ചെയ്ത സെയിൽസ്മാനേ പോലെ സന്തോഷത്തോടെ പുതിയ ഇരയെ തേടി പോകും.

മനുഷ്യന്റെ ബുദ്ധിക്കുള്ളിലും ഇത്തരം ഒരു ഒരു വാനരൻ ഒളിച്ചിരിപ്പുണ്ട്. നമ്മൾ സമാധാനത്തോടെ സംതൃപ്തിയോടെ ജീവിക്കുന്പോഴായിരിക്കും ഈ വാനരൻ വന്ന് നമ്മെ പ്രകോപിപ്പിക്കുക. ഇതേസമയം നമ്മുടെ മനസിലൊരു പുലിയും ഉറങ്ങിക്കിടപ്പുണ്ട്. എന്നെക്കാൾ ബുദ്ധിമാനും കഴിവുള്ളവനും വിവരമുള്ളവനും വേറെയില്ല എന്ന സ്ഥിരം വിശ്വസിക്കുന്ന ഒരു പുലി. ബുദ്ധിയിൽ നിന്ന് വാനരൻ മനസിലെ പുലിയെ വിവിധതരം ചിന്തകളിലൂടെ കളിയാക്കി തുടങ്ങുന്പോൾ നമ്മുടെ മനസിൽ നിന്നും പുലിയുണരും. പിന്നീട് ഗർജ്ജനമായി ചാട്ടമായി. അയൽക്കാരനുള്ള വീടിനെക്കാൾ വലിയ വീട് കെട്ടണം, സുഹൃത്തിനുള്ള കാറിനെക്കാൾ വിലകൂടിയ കാറ് വേണം, സൗന്ദര്യമുള്ള സ്ത്രീ വേണം. അങ്ങിനെ ബുദ്ധിയിലെ വാനരനെ തോൽപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ നമ്മളറിയാതെ നമുക്ക് എടുക്കാൻ പറ്റുന്നതിനെക്കാൾ വലിയ റിസ്ക്ക് മനസ്സിലെ പുലി എടുത്ത് തുടങ്ങും.

വിലകൂടിയ കാറും, വലിയ വീടും, ഒപ്പം ആഢംബരങ്ങൾക്കായി കടമെടുത്തും ആൾക്കാരെ പറ്റിച്ചും പുലിയാകുവാൻ ശ്രമിക്കുന്നവർ ഒരു ദിവസം പുലിയെ പോലെ നേരിയ ചില്ലകളിലെത്തി നിൽക്കുന്നതറിയാതെ തികച്ചും അപ്രതീക്ഷിതമായി വാനരനെ പിടിക്കുവാൻ ചാടി കഴിയുന്പോഴാണ് അപകടം തിരിച്ചറിയുക. ഈ അപകടം പറ്റി കഴിയുന്പോഴാണ് പലപ്പോഴും തിരിച്ച് പഴയ ജീവിതത്തിലേക്ക് പോകുവാൻ പറ്റില്ലയെന്നത് തിരിച്ചറിയുക. ഇത്തരം ഒരു അവസ്ഥയിലെത്തി കഴിഞ്ഞാൽ‍ പിന്നീട് പലരും മാനസികമായി തളരുകയും ചെയ്യുന്നു. 

ഇന്ന് ഇന്ത്യയിൽ ഇന്ന് 38 ശതമാനം പേർക്ക് വിഷാദരോഗമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പ്രശസ്ത ബോളിവുഡ് നടി ദീപിക പദുകോൺ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് മുതൽ പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലിന ജോളി, ഹാരിപോർട്ടർ എഴുതിയ അമേരിക്കൻ നോവലിസ്റ്റ് ജെ.കെ റോളിങ്ങ് വരെ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു.

ഗൾഫിലെ പ്രവാസികൾ ഒരുഭാഗത്ത് ആവശ്യത്തിലേറെ ബാധ്യതകളും മറുഭാഗത്ത് രോഗങ്ങളും സന്പാദിക്കുന്നവരാണ്. ഗൾഫിലെ ഒരു വലിയ ഭൂരിഭാഗം പ്രവാസികൾക്കും സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കേണ്ട വിറ്റമിൻ ഡിയുടെ കുറവ് കാണുവാൻ സാധിക്കും. ഒപ്പം യൂറിക് ആസിഡും വിറ്റമിൻ ഡി കുറഞ്ഞാൽ അതും മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

നിങ്ങൾ ഒരു പുലിയാണെന്ന് ആരെങ്കിലും പറ‍‍ഞ്ഞാൽ ഓർക്കുക, പുലിയും ഒരു മൃഗമാണ്. പ്രവാസികളിൽ പലരും പുലിയാകാനുള്ള ഓട്ടത്തിലാണ്. പുലിയാകുന്നതിൽ തെറ്റില്ല. പക്ഷെ ഓരോ പുലിയും അവരുടെ തട്ടകം അറിഞ്ഞിരിക്കണം. അറിയാത്ത തട്ടകത്തിലേക്ക് ചാടുവാൻ പ്രേരിപ്പിക്കുന്ന വാനരന്മാരെ തിരിച്ചറിയുക അറിയാവുന്ന തട്ടകത്തിൽ ജോലി ചെയ്യുക അല്ലെങ്കിൽ ബിസിനസ് നടത്തുക. മിതമായ ഭക്ഷണം, ആവശ്യത്തിന് വിശ്രമം, ഒപ്പം കീശയ്ക്കനുസരിച്ച്‌ ചിലവ് ചെയ്യുകകൂടി ചെയ്താൽ പ്രവാസിക്കും നാട്ടിലെത്തിയാലും ജീവിതകാലം മുഴുവൻ പുലിയായി ജീവിക്കാം എന്നാണ് നാട്ടിൽ സന്തോഷത്തോടെ ജീവിക്കുന്ന ചില പ്രവാസി പുലികൾ പറയുന്നത്.

You might also like

Most Viewed