മുന്നാം കണ്ണ്...
പത്താം ക്ലാസ് പരീക്ഷയെഴുതുവാൻ തയ്യാറായി നിൽക്കുന്ന കാലം. മുഖത്ത് മുഖക്കുരു സ്നേഹം വിളിച്ചോതി ഉദിച്ച് വരുന്ന പ്രായം. വെയില് കൊണ്ട് വാടിയ മുഖത്ത് ഉച്ചഭക്ഷണത്തിന് തന്ന കാശ് സ്വരൂപിച്ച് വാങ്ങിയ ഫെയർ ആന്റ് ലൗവ്ലി ക്രീം തേച്ച് വെളുപ്പിക്കാൻ ശ്രമിക്കുന്പോൾ അമ്മൂമ്മയാണ് പറഞ്ഞത് ഈ നിറത്തിലൊന്നും വലിയ കാര്യമില്ലായെന്ന്.
പിന്നീട് കോളേജ് പഠനത്തിനിടയിലാണ് ഉരുണ്ട മസിലുകളും വിരിഞ്ഞ നെഞ്ചുമാണ് ജീവിത വിജയത്തിന് ആവശ്യം എന്ന തോന്നലിൽ ച്യവനപ്രാശം വെട്ടിവിഴുങ്ങി. തൊട്ടടുത്ത ജിമ്മിൽ പുഷ് അപ്പ് എടുത്ത് വിയർത്ത് നിൽക്കുന്പോഴാണ് നാരങ്ങാവെള്ളം കൊണ്ടുവന്ന രാമേട്ടൻ പറഞ്ഞത്, ഈ മസിലില്ലൊന്നും വലിയ കാര്യമില്ലെന്ന്.
പിന്നീട് പി.എസ്.സി പരീക്ഷയെഴുതി ഏതെങ്കിലും സർക്കാർ ജോലിയിൽ കയറിപറ്റിയാൽ ജീവിതം സുരക്ഷിതമായി എന്ന തോന്നലിലാണ് തൊട്ടടുത്ത അദ്ധ്യാപകനെ സഹായത്തിനായി സമീപിച്ചത്. ജീവിതത്തിൽ ഇഷ്ടമുള്ള മേഖലയിൽ പ്രവർത്തിച്ച് ഇഷ്ടപ്പെട്ട തൊഴിലിൽ വളരുക എന്ന് പറഞ്ഞ് മാഷും ഉപദേശിച്ചു ഈ സർക്കാർ ജോലിയിലൊന്നും വലിയ കാര്യമില്ലായെന്ന്....
പിന്നീട് ഗൾഫിൽ വന്ന് കല്യാണപ്രായമായപ്പോഴെയ്ക്കും തലമുടി കൊഴിഞ്ഞ് തുടങ്ങിയപ്പോൾ മനസിൽ വന്ന ചിന്ത കഷണ്ടിക്കാരന് പെണ്ണ് കിട്ടുമോയെന്നതായിരുന്നു. അകന്ന ഒരു അമ്മാമനും വിവാഹ ബ്രോക്കറുമായ കുഞ്ഞമ്മാമനാണ് പറഞ്ഞത് ഈ തലമുടിയിലൊന്നും കാര്യമില്ല, ജോലിയും സ്വഭാവവുമാണ് പ്രധാനം എന്ന്.
പലപ്പോഴും സൗജന്യമായി ലഭിക്കുന്ന ഉപദേശങ്ങൾ ഒരു ചെവിയിലൂടെ കയറി മറു ചെവിയിലൂടെ ഇറങ്ങി പോകുന്പോൾ മനസ് പറഞ്ഞത് ഇവരൊക്കെ നൽകുന്നത് ആശ്വാസ വചനങ്ങളാണെന്ന ചിന്തയായിരുന്നു.
സൽമാന്റെ മസിലും ഋത്വിക് റോഷന്റെ നിറവും ഷാരൂഖാന്റെ മുടിയും കണ്ട് അസൂയപ്പെട്ട് നിൽക്കുന്ന ഒരു യൗവന കാലത്ത് എന്നെ ഞെട്ടിപ്പിച്ച് കൊണ്ടാണ് അയാൾ കയറി വന്നത്.
വിനായക തിയേറ്ററിൽ യജമാൻ എന്ന തമിഴ് പടം തുടങ്ങുന്പോൾ മുതൽ നിർത്താതെയുള്ള കൈയടികൾ എന്റെ മനസിൽ കൊട്ടിയുണർത്തി തിരുത്തിയത് എന്റെ ജീവിത സങ്കല്പങ്ങളായിരുന്നു.
കഷണ്ടി കയറിത്തുടങ്ങിയ കറുത്ത് മെലിഞ്ഞ ചെറുപ്പക്കാരൻ വരുന്ന ഓരോ രംഗത്തിലും കാണികൾ വിസ്മയം കൊള്ളുന്പോൾ മനസ് തേടിയത് രജനിയുടെ ആകർഷണശക്തിയുടെ പിറകിലെ ഗുട്ടൻസായിരുന്നു.
പിന്നീട് പാണ്ധ്യനും ബാബയും ശിവയും പണക്കാരനും തലപതിയും പടയപ്പയും ഒക്കെ കണ്ട് കഴിഞ്ഞപ്പോൾ മനസിലായി തുടങ്ങിയത് രജനിയുടെ മനസിനെക്കുറിച്ചായിരുന്നു.
തികച്ചും അഹങ്കാരമില്ലാത്ത, കോടികൾ ൈകയിൽ കിടന്ന് മറിയുന്പോഴും പണക്കൊഴുപ്പിൽ ഭ്രമിക്കാത്ത ആരാധകർ തനിക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറായി നിൽക്കുന്പോഴും ഇതിലൊന്നും വലിയ കാര്യമില്ലയെന്ന രീതിയിൽ ചിന്തിക്കുന്ന മനസ് അതാണ് രജനിയെ മൊത്തം ഇന്ത്യക്കാരുടെ സൂപ്പർസ്റ്റാർ ആക്കി മാറ്റിയത്. ഒരു പ്രാദേശിക ഭാഷയിൽ അഭിനയിച്ച് ഇന്ത്യയൊട്ടുക്കും കീഴടക്കിയ ൈസ്റ്റൽ മന്നന്റെ യഥാർത്ഥ ൈസ്റ്റൽ അദ്ദേഹത്തിന്റെ വിനയവും ലാളിത്യവുമായിരുന്നു.
ഒരു മനുഷ്യനെ ഒരു സമൂഹം മുഴുവൻ ആരാധിക്കുന്നത് അയാളുടെ മനസിനെ തിരിച്ചറിയുന്പോഴാണ്. നരച്ച താടിയും കഷണ്ടി കയറിയ തലയും വിളറി മെലിഞ്ഞ കറുത്ത, സ്നേഹവുമുള്ള രജനിയെ ഒരു നോക്ക് കാണാൻ ഒരു രാജ്യം മൊത്തം തയ്യാറാകുന്പോൾ നമ്മൾ മനസിലാക്കുന്നതും ഈ സത്യം തന്നെ.
ജീവിതം വളരെ ചെറുതാണെന്നും ഈ ലോകത്തിൽ മനുഷ്യൻ ചെറിയ ഒരു ജീവിയാണെന്നും അതിൽ നമ്മൾ നേടുന്ന ചെറിയ ചെറിയ കാര്യങ്ങൾ അതിലും ചെറുതാണെന്നുമുള്ള ഒരു തത്ത്വചിന്ത അതാണ് രജനി തിരിച്ചറിഞ്ഞിരിക്കുന്നത്.
സച്ചിൻ ടെൻഡുൽക്കറെയും മഹാത്മജിയെയും മദർതേരെസെയെയും നമ്മൾ ഇഷ്ടപ്പെടുന്നതും അവരുടെ ഇത്തരമൊരു ചിന്തയോടുള്ള ഇഷ്ടമാണ്. ഇന്ന് രജനി എനിക്ക് ഒരു നടനല്ല, സൂപ്പർ സ്റ്റാറല്ല പകരം വെളിച്ചമാണ്. അമ്മൂമ്മയും കൂട്ടുകാരനും അദ്ധ്യാപകനും പറഞ്ഞ് തന്ന് വിശ്വസിക്കാത്ത കാര്യങ്ങൾ സത്യമാണെന്ന് തെളിയിച്ച് തന്ന, അകക്കണ്ണ് മൂന്നാം കണ്ണായി മാറ്റിയ കബാലിയായ രജനികാന്ത് എന്ന പച്ചവെളിച്ചം...