മാറുന്ന കാഴ്ചകൾ
“ഇനി ആര് പ്രേമാഭ്യർത്ഥന നടത്തിയാലും ഞാൻ നിരസിക്കുകയില്ല” എന്ന് പറഞ്ഞാണ് 18 വയസ്സുള്ള ആ കോളേജ് പെൺകുട്ടി സംസാരം ആരംഭിച്ചത്. ഇന്ത്യയിൽ പ്രണയാഭ്യർത്ഥന നിരസിക്കുന്നവരെ കഠാരയെടുത്ത് വെട്ടുകയും ആസിഡ് ഒഴിച്ച് പൊള്ളിക്കുകയും ചെയ്യുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു പെൺകുട്ടി.
പണ്ടൊക്കെ പ്രണയാഭ്യർത്ഥന നിരസിച്ചാൽ ആൺകുട്ടിയാണ് വലിയൊരു പ്രേമലേഖനമെഴുതി ആത്മഹത്യയ്ക്ക് ഒരുങ്ങാറുള്ളത്. കാലം മാറിയപ്പോൾ പ്രേമത്തിന്റെയും പ്രണയത്തിന്റെയും രീതിയും മാറി.
ചെന്നൈയിൽ വണ്ടിയിറങ്ങിയ അന്ന് തന്നെയാണ് റെയിൽവേ േസ്റ്റഷനിൽ വെച്ച് ഒരു ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയെ നിർദാക്ഷിണ്യം വെട്ടി കൊലപ്പെടുത്തിയ വാർത്ത വായിച്ചത്. പെൺകുട്ടിയുടെ പിതാവ് റെയിൽവേ േസ്റ്റഷനിൽ മകളെ ഇറക്കിവിട്ട് പോയി കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിലാണ് ഇത്തരമൊരു ദാരുണ സംഭവം നടക്കുന്നത്.
കേരളത്തിൽ തന്നെ കോളേജിൽ പഠിക്കുന്ന വേറൊരു പയ്യനാണ് സംഭാഷണത്തിനിടയിൽ കഞ്ചാവ് കൃഷിയും വിൽപ്പനയും നിയമപരമാക്കി മാറ്റുന്നതിനെ കുറിച്ച് വാചാലനായത്. പയ്യൻസിന്റെ അഭിപ്രായത്തിൽ കഞ്ചാവ് മെന്റൽ ടെൻഷൻ കുറയ്ക്കുമെന്നും അതുവഴി മറ്റ് രോഗങ്ങളൊന്നും വരില്ലായെന്നതായിരുന്നു ന്യായീകരണം. ഇന്ത്യയിലെ ഭാംഗ് കഴിക്കുന്ന നഗ്നസന്യാസിമാരെ ചൂണ്ടിക്കാണിച്ചാണ് ഇത് വിവരിച്ചത്. ഇതിന് പുറമെ കഞ്ചാവ് നിയമപരമായി വിറ്റാൽ സർക്കാറിനും നികുതി വഴി വലിയൊരു തുക ലഭിക്കും!.
പിന്നീട് ഒരു മരണവീട്ടിലെ സംഭാഷണത്തിനിടയിലാണ് ഒരാൾ പണ്ട് വൈദ്യന്മാർ ഉപയോഗിച്ചിരുന്ന ഒരു മയക്കുമരുന്നിനെക്കുറിച്ച് വിവരിച്ചത്. നാട്ടിൽ വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന രോഗികളെ നരകയാതനയിൽ നിന്ന് രക്ഷിക്കുവാനുള്ള പ്രതിവിധിയാണ് ടിയാൻ പറഞ്ഞു തന്നത്.
മരണം ഉറപ്പായിട്ടും മരണക്കിടക്കയിൽ ശ്വാസം മുട്ടി, പ്രതികരിക്കാനാവാതെ, എല്ലാം കണ്ടും കേട്ടും ദുരിതമനുഭവിക്കുന്നവർ ഏറെയാണ്. പഴയകാലത്ത് ഇത്തരമൊരു അവസ്ഥ ഒരു രോഗിയ്ക്ക് വന്നാൽ കുടുംബക്കാരൊക്കെ കൂടിയിരുന്ന് ഒരു തീരുമാനമെടുക്കും. എന്നിട്ട് വൈദ്യനെ വിവരമറിയിക്കും. വൈദ്യൻ ബന്ധുക്കളോട് നേരം ഇരുട്ടിയാൽ, അല്ലെങ്കിൽ സൂര്യൻ അസ്തമിച്ചതിന് ശേഷം അദ്ദേഹത്തിന്റെ വീടിന്റെ പിറക് വശത്തേയ്ക്ക് വരാൻ പറയും. വൈദ്യർ കൈയിൽ കരുതി വെച്ചിരിക്കുന്ന ലഹരികലർത്തിയ വിഷം പുറം തിരിഞ്ഞ് നിന്ന് വന്നവർക്ക് നൽകും. ഈ മരുന്ന് ഭക്ഷണപദാർത്ഥത്തിൽ കലർത്തി രോഗിക്ക് നൽകിയാൽ രോഗി ആദ്യം ഒരു സന്തോഷകരമായ ഭ്രമാത്മക അവസ്ഥയിലേക്കും പിന്നീട് വേദനയറിയാതെ മരണത്തിലേക്കും വീഴുമത്രേ.
ലോകത്ത് എന്പാടുമുള്ളവരുടെ മനസും ചിന്തയും മാറുന്നത് പോലെ േകരളത്തിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ വയസായവർ മരിച്ചാൽ കരയുന്നവർ തന്നെ വളരെ കുറവാണ്. സീരിയൽ കണ്ട് സങ്കടപ്പെടുന്നതിന്റെ പകുതി സങ്കടം പോലും പലർക്കും അവരുടെ ബന്ധുക്കളുടെ വിയോഗത്തിൽ കാണുന്നില്ല. ജീവിതം ആഘോഷിച്ച് ആനന്ദിച്ച് അടിച്ച് പൊളിച്ച് തീർക്കുകയെന്നതാണ് ഓരോരുത്തരും ചിന്തിക്കുന്നത്. അതിനപ്പുറത്തേയ്ക്ക് ഒരു ചിന്തയും ഒരാളുടെയും മനസ്സിലില്ല. കരുണ, സ്നേഹം, സങ്കടം എന്ന വികാരങ്ങളൊക്കെ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ഇന്നലെ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ബ്രൗൺഷുഗറും കഞ്ചാവും ഉൾപ്പെടെയുള്ള വൻ ലഹരി വസ്തുക്കളാണ് നമ്മുടെ സിംഗ് വലവീശി പിടിച്ചിരിക്കുന്നത്. ഇതേ നടപടി മറ്റ് ജില്ലകളിലും തുടർന്നാൽ സർക്കാർ അദ്ദേഹത്തിനെ സ്ഥലം മാറ്റുമോ എന്ന ഭയവും മനസ്സിലുണ്ട്.
കേരളത്തിലെ റോഡപകടങ്ങൾ കുറയ്ക്കാനും ചില നിയമങ്ങൾ ഒക്കെ നടപ്പാക്കാനും ഒക്കെ സാധിച്ചത് ഋഷിരാജ് സിംഗിന്റെ കാലത്താണ്. നിയമം തെറ്റിച്ച് റോഡപകടങ്ങൾ ഉണ്ടാവുന്പോൾ ഇപ്പോഴും പലരും സിംഗിനെ ഓർക്കും. മാറുന്ന കാലത്തിനനുസരിച്ച് ഋഷിരാജ് സിംഗിനെ പോലുള്ളവർ മാത്രമാണ് ഏക പ്രതീക്ഷ. സിംഗിന്റെ മനസ് ഋഷി തുല്യമാണെങ്കിലും പ്രവർത്തിയിൽ അദ്ദേഹം ഒരു പുലി തന്നെ...