മുമ്പേ പറക്കുന്നതാർക്കുവേണ്ടി?
കേരളത്തിലൂടെ യാത്ര ചെയ്യുന്പോഴാണ്, കേരളം ഇപ്പോഴും എത്ര പ്രാകൃതമായ സംസ്ഥാനമെന്ന് തിരിച്ചറിയുന്നത്. സോമാവാർപ്പേട്ടയിൽ നിന്ന് കൂത്തുപറന്പിലേയ്ക്ക് ഒരു ബസ് അന്വേഷിച്ചപ്പോഴാണ് ഇരിട്ടിയിൽ സ്വകാര്യ ബസ്സുകൾ ഒന്നും ഓടുന്നില്ല എന്നറിഞ്ഞത്.
രണ്ട് ബസ്സുകൾ കൂട്ടിയിടിച്ച് രണ്ട് ബസ്സുകളുടെയും ഡ്രൈവർമാർ മരിച്ചിരിക്കുന്നു. ഇവർക്ക് അനുശോചനവും ആദരാഞ്ജലികളർപ്പിക്കുവാനുമായി സ്വകാര്യ ബസ് ഡ്രൈവർമാർ പണിമുടക്കി.
കേരളത്തിൽ ബസ് യാത്ര ഇപ്പോഴും ഭീതിയുളവാക്കുന്ന യാത്ര തന്നെയാണ്. തൊട്ട് മുന്പിലുള്ള ബസ്സിനെ ഓവർടേക്ക് ചെയ്ത് അടുത്ത സ്റ്റോപ്പിൽ ആദ്യമെത്തി യാത്രക്കാരെ കയറ്റുക എന്ന ലക്ഷ്യത്തോടെ കുതിക്കുന്ന ഡ്രൈവർമാർ മിക്ക ദിവസങ്ങളിലും അപകടങ്ങൾ ഉണ്ടാക്കുന്നു.
കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നടന്നത് നമ്മൾ ഏറ്റവും പ്രാകൃതമെന്ന് വിശേഷിപ്പിക്കുന്ന ആഫ്രിക്കയിൽ പോലും സംഭവിക്കാത്ത കിരാതമായ കൊലപാതകങ്ങളാണ്.
കൊല്ലപ്പെട്ട ധനരാജിനെയും രാമചന്ദ്രനെയും വീട്ടുകാരുടെ മുന്പിലിട്ടാണ് വധിച്ചിരിക്കുന്നത്. മരണത്തിനു ശേഷം രണ്ട് പാർട്ടിക്കാരും കൊല്ലപ്പെട്ട പ്രവർത്തകരുടെ വീട്ടിൽ പോയി മൃതദേഹത്തിന് റീത്തും സമർപ്പിച്ച്, സല്യൂട്ട് നൽകി മുതലക്കണ്ണീരൊഴുക്കി.
അധിക വേഗതയിൽ ബസ് ഓടിക്കുന്ന ഡ്രൈവർമാർ അപകടമാണെന്ന് അറിഞ്ഞിട്ടും ഈ ഞാണിൽമേൽ കളി നടത്തുന്നത് മാസാവസാനം കിട്ടുന്ന അധിക ബത്തയ്ക്ക് വേണ്ടിയാണ്.
കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും സാധാരണക്കാരിൽ സാധാരണക്കാരാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജീവൻ വരെ നഷ്ടപ്പെടുത്തുന്ന ഇവരെ ആരാണ് ഇത്തരം കാര്യങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നത്?
സക്കീർ നായിക്കിനെതിരെ നടപടി വേണമെന്ന് വാദിക്കുന്ന കേരളത്തിലെ നേതാക്കന്മാർ പാർട്ടി ഓഫീസുകളിൽ നടത്തുന്ന പ്രസംഗങ്ങളും രഹസ്യയോഗങ്ങളുമാണ് സാധാരണ പ്രവർത്തകരെ ഇത്തരം കൊലപാതകങ്ങൾക്കായി പ്രേരിപ്പിക്കുന്നത്. നോക്കെത്താ ദൂരത്ത് കിടക്കുന്ന ഐ.എസിനേക്കാൾ പ്രാധാന്യം നൽകേണ്ടത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കാണ്.
രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുവാനും അത്തരക്കാരെ സംരക്ഷിക്കാനും പ്രചോദനം നൽകുന്നവരെ കണ്ടുപിടിക്കുവാനും ഒരു പ്രത്യേക സേനയെ ജുഡീഷ്യറിയുടെ കീഴിൽ നിയമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ സ്വാധീനമല്ലാത്ത ഒരു സ്വതന്ത്ര പോലീസ് വിഭാഗം സൃഷ്ടിച്ചാലേ ഇത്തരം കൊലപാതകങ്ങൾക്ക് ഒരു പരിഹാരം കണ്ടുപിടിക്കുവാൻ കഴിയുകയുള്ളൂ.
വീട്ടുകാരുടെ മുന്പിലിട്ട് വെട്ടി കൊല്ലുന്പോൾ നിലവിളിച്ച പിഞ്ചുകുഞ്ഞുങ്ങൾ അടങ്ങുന്ന ബന്ധുക്കളെ നിർദാക്ഷിണ്യം അവഗണിച്ചാണ് ഈ കൊലപാതകങ്ങൾ നടത്തിയിട്ടുള്ളത്.
ഐ.എസിന്റെ ക്രൂരതയെക്കുറിച്ച് പറയുന്പോൾ നീളുന്ന നാവുകൾ ഇത്തരം ആക്രമങ്ങൾക്കെതിരെ വളയാത്തത് എന്തുകൊണ്ട്? ഇതും ഒരുതരം ഭീകരവാദം തന്നെയാണ്. ഒന്ന് മതത്തിന്റെ പേരിലാണെങ്കിൽ ഇത് രാഷ്ട്രീയത്തിന്റെ പേരിലാണെന്ന് മാത്രം.
സാക്ഷരത നൂറ് ശതമാനം കൈവരിച്ച ഒരു സംസ്ഥാനത്താണ് ഇത്തരമൊരു കാടത്തം നടക്കുന്നത് എന്നതും ചിന്തിക്കേണ്ട വിഷയം തന്നെ.
മരിച്ചവരുടെ പേരിൽ റോഡരികത്ത് ഒരു രക്തസാക്ഷി മണ്ധപമോ, വെയിറ്റിംഗ് ഷെൽട്ടറോ, വായനശാലയോ നിർമ്മിച്ച് നിർദ്ധനരായ രാഷ്ട്രീയ പ്രവർത്തകരുടെ കണ്ണിൽ പൊടിയിടുന്ന തട്ടിപ്പ് സാക്കിർ നായിക്കിന്റെ മതപ്രസംഗത്തേക്കാൾ ഭീകരമാണ്.
കേരളത്തിലെ ഒട്ടുമിക്ക ബസ് ഷെൽട്ടറുകളും കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവർത്തകരുടെ പേരുകൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.
കാര്യങ്ങൾ ഇതേ രീതിയിൽ പോവുകയാണെങ്കിൽ ഇനി രാഷ്ട്രീയപാർട്ടികൾ റോഡരികിലെ മൈൽ കുറ്റികളിലും രക്തസാക്ഷികളുടെ പേര് ആലേഖനം ചെയ്തു തുടങ്ങും.kerala bus