സ്വർണ്ണം വിതയ്ക്കാത്ത പാടങ്ങൾ
കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പിലെ മിക്ക ഗ്രൂപ്പുകളിലും വയലിൽ നിൽക്കുന്ന ഒരു കർഷകന്റെ ഫോട്ടോ പലരും ഷെയർ ചെയ്തു കണ്ടു. ഒരു കാലിൽ മുള്ള് തറച്ചതിനാൽ ആ കാൽ പൊക്കി തിരിഞ്ഞ് മുള്ളെടുക്കുവാൻ ശ്രമിക്കുന്ന ആ ഫോട്ടോയ്ക്ക് കീഴെ പലരും അഭിനവ ശകുന്തള എന്നെഴുതി ഷെയർ ചെയ്തിരുന്നു.
കർഷകരെ തീരെ ബഹുമാനിക്കാത്ത ഒരു കാലത്തും നാട്ടിലുമാണ് നമ്മൾ ജീവിക്കുന്നത്. പഴയകാലത്ത് പലരും അത്ര നല്ല ജോലിയല്ല എന്ന് കരുതിയ പല മേഖലയും റീബ്രാൻഡിംഗിലൂടെ പുതിയ ജീവൻ ലഭിച്ച് തളിർത്ത്, കിളിർത്ത് വളർന്നിരിക്കുന്നു.
ബാർബർ ഷാപ്പ്, ഹെയർ ഡ്രസ്സിംഗ് സലൂണും ബ്യൂട്ടി പാർലറും ആയി മാറിയപ്പോൾ ബാർബർ ഹെയർ ൈസ്റ്റലിസ്റ്റ് ആയി. ഇപ്പോൾ സന്പന്ന കുടുംബങ്ങളിലുള്ളവർ ബ്യൂട്ടി പാർലർ കോഴ്സ് പഠിച്ച് സ്വന്തമായി പാർലറുകൾ തുടങ്ങിയിരിക്കുന്നു. വയസായ, അസുഖമുള്ള രോഗികളെ നോക്കുന്നവരെ ‘ഹോം നഴ്സ്’ ആക്കി മാറ്റിയപ്പോൾ ആ ജോലിക്കും പ്രത്യേകമായൊരു മാന്യത കൈവന്നു. വസ്ത്രം അലക്കുകയും ഇസ്തിരിയിടുന്നവരും അതിനെ ലോണ്ടറി ആക്കി. അങ്ങിനെ ഒട്ടുമിക്ക തൊഴിലിനും പുതിയ മാനം കണ്ടെത്തിയിട്ടും കാർഷികവൃത്തിയിൽ ഏർപ്പെട്ടവർ മാത്രം ഇപ്പോഴും കേവലം കർഷകരായി തന്നെ തുടരുന്നു.
അതുകൊണ്ട് തന്നെ പാർലർ നടത്തുന്നവർക്കും ലോണ്ടറി നടത്തുന്നവർക്കും ഒക്കെ വിവാഹ മാർക്കറ്റിൽ യഥേഷ്ടം ഡിമാന്റ് വന്ന് കഴിഞ്ഞിട്ടും ‘കർഷകൻ’ മാത്രം വിൽക്കാൻ പറ്റാത്ത ഉത്പന്നമായി നിൽക്കുന്നു. കാർഷിക വിളകൾക്ക് വില ചെറുതായി ഒന്നു കൂടിയാൽ ജനം ഉടനെ പ്രതികരിക്കും, പ്രതിഷേധിക്കും. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പല ഉത്പന്നങ്ങൾക്കും വില എത്രയോ ഇരട്ടിയായി കഴിഞ്ഞിരിക്കുന്നു.
പുതിയ സർക്കാർ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ കർഷകരുടെ സംരക്ഷണത്തിനായി ചില പദ്ധതികൾ കൊണ്ടു വന്നിട്ടുണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.
കേരളത്തിൽ ഒട്ടുമിക്ക കാർഷിക പ്രദേശങ്ങളും കെട്ടിടങ്ങളും വീടുകളും കെട്ടി നശിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. ഒരു പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ ഏറ്റവും സന്പന്നരായ പത്ത് വ്യക്തികളിൽ ഒരാൾ കാർഷിക മേഖലയിൽ നിന്നുള്ള വ്യക്തിയായിരിക്കും എന്നതിൽ സംശയമില്ല.
ജവഹർലാൽ നെഹ്റുവിന്റെ കാലത്ത്, ഇന്ത്യക്കാർ ആരും തന്നെ വീഞ്ഞ് കുടിക്കുവാൻ മാത്രം വളർന്നിട്ടില്ല എന്ന വിശ്വാസത്തിലാണ് മുന്തിരി കൃഷിയും ഡിസ്്ലേറിയും ഒഴിവാക്കി സർക്കാർ തേയിലത്തോട്ടത്തിനെയും റബ്ബർ തോട്ടത്തിനെയും പ്രോത്സാഹിപ്പിച്ചത്. ഇന്ന് കേരളം മുഴുവൻ ബിയർ, വൈൻ പാർലറുകളാണ്. ഇവയിൽ വലിയൊരു ശതമാനം വൈൻ വരുന്നത് വിദേശരാജ്യത്ത് നിന്നാണ്.
പണ്ട് കാർഷിക വൃത്തിെയയും കർഷകരെയും പ്രോത്സാഹിപ്പിക്കുവാൻ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പല പരസ്യങ്ങളും തയ്യാറാക്കിയിരുന്നു. സിനിമയുടെ ആദ്യഭാഗത്ത് തന്നെ അത്തരം ന്യൂസ് റീൽ നിർബന്ധമായി കാണിക്കുവാൻ സർക്കാർ നിഷ്കർഷിച്ചിരുന്നു.
പിന്നീട് ഇന്ദിരാഗാന്ധിയുടെ കാലമായപ്പോഴേക്കും ന്യൂസ് റീൽ മുഴുവൻ കോൺഗ്രസ് പാർട്ടിയുടെയും നെഹ്റു കുടുംബത്തിന്റെ പരസ്യങ്ങൾ മാത്രമായി.
അതിനുശേഷം കടന്നുവന്ന മൊറാർജി ദേശായിയും പിന്നീട് ഭരിച്ച കോൺഗ്രസ് നേതാക്കന്മാരും ഇതിന് പ്രാധാന്യമൊട്ടും നൽകിയതുമില്ല. ഇന്ന് മോഡി സർക്കാറാണ് വീണ്ടും ശക്തമായ സാമൂഹ്യപ്രശ്നങ്ങൾ ന്യൂസ് റീലായി ഇറക്കി തിയേറ്ററുകളിലും ടി.വിയിലുമൊക്കെ പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നത്.
സ്പോഞ്ച് പോലെയാണ് ശ്വാസകോശം എന്ന പുകവലിക്കെതിരെയുള്ള പരസ്യം വലിയ പ്രതികരണമാണ് പുകവലിക്കാർക്കിടയിൽ ഉണ്ടാക്കിയത്. ഇന്ത്യയിൽ വലിയൊരു ശതമാനം പുകവലി ഉപേക്ഷിച്ചു എന്നാണ് പുതിയ സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയിൽ വർഷങ്ങൾക്ക് മുന്പ് പ്രയോഗിച്ച ഒരു പരസ്യ രീതിയായിരുന്നു ഇതിൽ സർക്കാർ പ്രയോഗിച്ചത്. യഥാർത്ഥ വസ്തുതയെക്കാൾ ഇത്തിരി വലുതാക്കി ജനത്തെ ഭയപ്പെടുത്തുന്ന പരസ്യ രീതി ഫലപ്രദമായി എന്നതാണ് സത്യം.
അടുത്തു തന്നെ മായം ചേർത്ത ഭക്ഷ്യവസ്തുക്കളെക്കുറിച്ചും കൃഷിയുടെയും കൃഷിക്കാരുടെയും ആവശ്യകതയെക്കുറിച്ചും പരസ്യങ്ങൾ ഇറങ്ങി തുടങ്ങിയാൽ അന്നദാതാവായ കർഷകർക്കും ഒരു റിപോസിഷനിംഗ് ലഭിക്കും.
കേരളത്തിൽ സുലഭമായി ലഭിക്കുന്ന തേങ്ങയും മാങ്ങയും ചക്കും ചക്കക്കുരുവുമൊക്കെ അന്താരാഷ്ട്ര വിപണിയിൽ ഡിമാന്റ് ഏറുന്ന ഉത്പന്നങ്ങളായി മാറുകയും ചെയ്യും.
ഈയിടയായി പട്ടാളക്കാരുടെ സേവനങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചപ്പോൾ വളർന്നത് രാജ്യസ്നേഹം കൂടിയാണ്.
കേരളത്തിലെ കർഷകരെ ഇതുപോലെ നമ്മൾ സോഷ്യൽ മീഡിയ വഴി പ്രോത്സാഹിപ്പിച്ചാൽ ഒപ്പം വളരുന്നത് കേരളം എന്ന സംസ്ഥാനവും കൂടിയായിരിക്കും!