ഇനി വരുന്ന തലമുറയ്ക്ക്.....
ഗൾഫ് മലയാളികളുടെ പ്രധാനപ്പെട്ട ഹോബികളിലൊന്നാണ് റോഡരികിൽ വലിയ വീട് കെട്ടുക എന്നത്. സന്പാദിച്ച കാശും കടം വാങ്ങിയ കാശും ഒക്കെ ചിലവഴിച്ച് കെട്ടിയ ഇത്തരം മാളികകളിൽ പലതും ആൾത്താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ് പതിവ്.
കേരളത്തിൽ തന്നെ ഏറ്റവും വലിയ കെട്ടിടങ്ങൾ കാണണമെങ്കിൽ കാഞ്ഞങ്ങാട്ടിൽ നിന്നും ബേക്കൽ വഴി കാറിൽ സഞ്ചരിച്ചാൽ മതി.
ഓരോ വീടും കോടികൾ ചിലവിട്ട് പണിതിരിക്കുന്നവയാണ്. ഇതിൽ പലപ്പോഴും താമസിക്കുന്നത് വയസായ ഒരു സ്ത്രീ മാത്രമായിരിക്കും. തൊട്ടടുത്ത വീടിനെക്കാൾ വലിയ ഒരു വീട് കെട്ടുകയെന്നതാണ് പുതുതായി വീട് കെട്ടുന്ന ഓരോരുത്തരും ലക്ഷ്യം വെയ്ക്കുന്നത്. ചില വീടുകളുടെ ചുമരുകൾ മുഴുവൻ വില കൂടിയ ടൈൽസ് ഘടിപ്പിച്ച് മോടി കൂട്ടിയിരിക്കുന്നു.
ഇതിനിടയിൽ പകുതി പണി കഴിഞ്ഞ് നിൽക്കുന്ന നിരവധി വീടുകളുണ്ട്. യാതൊരു ബഡ്ജറ്റും പ്ലാനിംഗും ഇല്ലാതെ കെട്ടി തുടങ്ങി എവിടെയുമെത്താത്ത നിരവധി വീടുകളും ഇതിൽപ്പെടും.
ഗൾഫിലെ പലരും നാട്ടിൽ പാരന്പര്യമായി ലഭിച്ച, റോഡരികിലെ പല സ്ഥലവും വീടുകൾ കെട്ടി നശിപ്പിക്കാറുണ്ട്. ഇതിനുപകരം റോഡരികിലുള്ള സ്ഥലമാണെങ്കിൽ അവ കോമേഴ്ഷ്യൽ പർപ്പസായി ഉപയോഗിക്കുവാൻ ശ്രമിക്കുക.
പലപ്പോഴും ഒരു കുടുംബത്തിലുള്ള സഹോദരന്മാർ അവർക്ക് വീതിച്ച് കെട്ടിയ പാരന്പര്യ സ്വത്ത് ചെറിയ പ്ലോട്ടുകളായി തിരിച്ച് വീട് കെട്ടുകയാണ് പതിവ്. ഇതിന് പകരം മൂന്നോ നാലോ നിലകളുള്ള ഒരു ഫ്ളാറ്റ് എടുത്ത് എല്ലാവരും ഒരുമിച്ച് താമസിച്ചാൽ കുടുംബബന്ധം നിലനിർത്താനും സ്ഥലം ലാഭിക്കാനും പറ്റും.
നാട്ടിൽ വെറുതെ ഡ്രൈവ് ചെയ്യുന്പോഴാണ് റോഡരികിൽ ഒരു ചെറിയ നല്ല വീട് കണ്ടത്. രണ്ട് നിലകളിലായി കെട്ടിയ വീടിന്റെ ഒരു ഭാഗത്ത് അവർ ചെറിയൊരു കടയുമുണ്ടാക്കിയിട്ടുണ്ട്.
വീടിന്റെ മുന്പിലുള്ള ചെറിയ കട ഉറപ്പായും ഈ വീട്ടുകാർക്ക് ഒരു സ്ഥിരം വരുമാനം തന്നെയായിരിക്കും. സ്വന്തം വീട്ടിലിരുന്ന് ജീവിക്കുവാൻ വേണ്ടി ഒരു വരുമാനമാർഗ്ഗം കണ്ടെത്തിയ ഈ വീടിന്റെ ഉടമസ്ഥൻ അഭിനന്ദനമർഹിക്കുന്നു. കാഞ്ഞങ്ങാട് മുതൽ കാസർഗോഡ് വരെയുള്ള കൂറ്റൻ വീടുകളെക്കാൾ എന്നെ ആകർഷിച്ചത് ഈ കൊച്ചു ഇരുനില വീടാണ്.
പഴയ കാലത്ത് വീടുകൾ കെട്ടുന്പോൾ പല സന്പന്നരും വീടിന് തൊട്ടടുത്തായി ഒരു കുളവും നിർമ്മിക്കുമായിരുന്നു. ഇന്ന് സർക്കാർ നിർദ്ദേശിക്കുന്ന മഴ സംഭരണികളായിരുന്നു പണ്ടുകാലത്തെ കുളങ്ങൾ.
പഴയകാലത്ത് സന്പന്നരായ വ്യക്തികൾ വലിയ പറന്പാണെങ്കിൽ, പറന്പിന്റെ മൂലയിലായി ഒരു സർപ്പക്കാവ് നിർമ്മിക്കുമായിരുന്നു. പാന്പുകൾക്കും ഈ ഭൂമയിൽ ജീവിക്കുവാനുളള സ്വാതന്ത്ര്യം ഉണ്ടെന്ന് തിരിച്ചറിയുന്നവരായിരുന്നു അവർ. ഇതിനൊക്കെ പുറമെ ഇത്തരം ആചാരം വഴി കാവുകളും അതിന്റെയടുത്തായി ഒരു ചെറിയ കാടും സംരക്ഷിക്കപ്പെട്ടിരുന്നു. പ്രകൃതിയിലെ വിഭവങ്ങൾ, അത് കല്ലായാലും, മരമായാലും, അമൂല്യമാണെന്ന തിരിച്ചറിവും ഒപ്പം വരും തലമുറയ്ക്കായി സംരക്ഷിക്കുക എന്ന ചിന്ത പ്രവാസികൾക്കിടയിലും കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.