ബോധമില്ലാത്തവരുടെ വിവരക്കേടുകൾ
സാമാന്യബുദ്ധി നഷ്ടപ്പെടുന്പോൾ അല്ലെങ്കിൽ ഇല്ലാതെ വരുന്പോൾ ഒരു വ്യക്തി എടുക്കുന്ന തീരുമാനം നമ്മെ അതിശയിപ്പിക്കും. ചിലപ്പോൾ ചിന്തിപ്പിക്കും.
പോത്തിറച്ചി വിറ്റവനെ ചാണകം തീറ്റിപ്പിക്കുന്നതും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ രാത്രിയിൽ എത്തിയ വ്യക്തിയെ അടിച്ച് കൊന്നവരും യൂറോപ്യൻ യൂണിയനിൽ നിന്ന് മാറി നിൽക്കണമോ എന്ന് ഒരു രാജ്യത്തിലെ മുഴുവൻ ജനങ്ങളോടും ഹിതപരിശോധന നടത്തിയ കാമറൂണും ഇല്ലാത്തത് സാമാന്യബുദ്ധിയാണ്.
ഒരു രാജ്യം ഭരിക്കുന്ന നേതാവിന് വേണ്ട ഏറ്റവും വലിയ ഗുണം സാമാന്യബുദ്ധിയായിരിക്കണം. സാമാന്യബുദ്ധി, സാമാന്യബോധത്തിൽ നിന്നും ജ്ഞാനത്തിൽ നിന്നും പ്രജ്ഞയിൽ നിന്നും ഉണ്ടാവുന്നതാണ്. പലപ്പോഴും വിവരവുമായി ഇതിന് വലിയ ബന്ധമൊന്നുമില്ല.
വിവരമുള്ള ഒരു മനുഷ്യനെ വളരെയെളുപ്പത്തിൽ ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനു പകരം വെയ്ക്കാൻ പറ്റും. പക്ഷെ സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുവാനുള്ള ചിന്താശക്തിയാണ് പ്രധാനം. ജനാധിപത്യം അതിന്റെ ഏറ്റവും വിശാലമായ തലത്തിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരിക, അതിലൂടെ ജനാധിപത്യ സംവിധാനത്തിന് കൂടുതൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പ് വരുത്തുകയെന്ന ചിന്ത തികഞ്ഞ മൂഢത്തരമാണെന്ന് കാമറൂണിന് തിരിച്ചറിഞ്ഞത് ഹിതപരിശോധനയ്ക്ക് ശേഷമാണ്.
ഇന്ത്യ സ്വാഭാവികമായും പിന്തുടരുന്നത് ബ്രിട്ടൺ പോലുള്ള രാജ്യങ്ങൾ കൊണ്ടുനടക്കുന്ന ജനാധിപത്യ ചിട്ടകളാണ്. എൻ.എസ്.ജിയിൽ അംഗമാകുവാൻ ഇന്ത്യ ശ്രമിച്ചതും പിന്നീട് പരാജയപ്പെട്ടപ്പോൾ എം.ടി.സി.ആറിൽ അംഗത്വമെടുത്ത് തിരിച്ചടിച്ചതും ഒരു സർക്കാറിന്റെ ഉന്നതതല തീരുമാനമായിരുന്നു.
അഞ്ച് വർഷത്തിനുള്ളിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും വലിയ ഹിതപരിശോധനയാണ് തിരഞ്ഞെടുപ്പ്. അതിൽ ജയിച്ച മന്ത്രിസഭയ്ക്കും അവർ നിയമിക്കുന്ന വിദഗ്ദ്ധ സമിതിക്കും നയപരവും നിയമപരവുമായിട്ടുള്ള തീരുമാനങ്ങൾ എടുക്കുവാനുള്ള സ്വാതന്ത്ര്യവും അവകാശവും നമ്മൾ നൽകണം.
ഇന്ത്യ ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് തുടങ്ങിയപ്പോൾ, ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ ചൂണ്ടി കാണിച്ച് ലോകമാധ്യമങ്ങളിൽ പൊട്ടിച്ചിരിച്ചവരിൽ പ്രധാനികളിൽ ഒന്നായിരുന്നു അമേരിക്ക. ഇന്ന് അതേ രാജ്യം വരും ദിവസങ്ങളിൽ ബഹിരാകാശ പരീക്ഷണങ്ങൾക്കായി ഇന്ത്യൻ സാങ്കേതിക വിദ്യയെ ആശ്രയിക്കുവാൻ തീരുമാനമെടുത്ത് കഴിഞ്ഞിരിക്കുന്നു.
ചാണകം തീറ്റിപ്പിച്ച് സംതൃപ്തിയടഞ്ഞവർക്കുള്ളത് ചില തെറ്റായ വിവരങ്ങളിൽ നിന്ന് ലഭിച്ച അറിവ് മാത്രമാണ്. കർണ്ണാടകയിൽ നേഴ്സിംഗ് വിദ്യാർത്ഥിനിയെ കൊണ്ട് ടോയിലറ്റ് കഴുകുന്ന ആസിഡ് കുടിപ്പിച്ച വിദ്യാർത്ഥിനികൾക്കും ചാണകം തീറ്റിച്ചവർക്കും ഉള്ളത് ഒരേ മനസാണ്. ഇതേ മനസുള്ള ഏതോ വ്യക്തിയാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ റെയിൽവെ േസ്റ്റഷനിൽ ഒരു പെൺകുട്ടിയെ നിർദാക്ഷിണ്യം വെട്ടികൊലപ്പെടുത്തിയത്. ഇതുപോലുള്ള മനസുള്ള ഒരു സംഘം ആളുകളാണ് മങ്കടയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ പോയ നസീറിനെ അടിച്ചു കൊന്നത്.
ഇത്തരം മാനസിക വൈകല്യമുള്ള സാമാന്യബുദ്ധിയില്ലാത്തവർ ചെയ്യുന്ന വിഡ്ഢിത്തങ്ങൾ മതപരമായി ചില ചിന്തകളുമായി ബന്ധപ്പെടുത്തുന്പോൾ അത് വർഗ്ഗീയ ലഹളയ്ക്ക് വരെ കാരണമാകുന്നു.
ഒരു സമൂഹത്തിൽ എപ്പോഴും ഒരു ചെറിയ വിഭാഗം ഇത്തരം സാമാന്യബോധം തീരെയില്ലാത്തവരായി നിലനിൽക്കും.
അടിസ്ഥാനപരമായി വിദ്യാഭ്യാസ സന്പ്രദായത്തിൽ വരുന്ന പാകപിഴവുകൾ, കുടുംബപരവും മതപരവുമായ ചുറ്റുപാടുകൾ, ജീവിത സാഹചര്യങ്ങൾ, കൂട്ടുകാർ എന്നിവയാണ് ഇത്തരക്കാർക്ക് വളമാകുന്ന ചേരുവകൾ.
പക്ഷെ, ആത്യന്തികമായി ഇത്തരം മരപ്പൊട്ടന്മാർ അവർ ചെയ്യുന്ന വിവേകമില്ലാത്ത കർമ്മങ്ങൾ വഴി ജീവിത അവസാനം വരെ കഷ്ടപ്പെടുന്നവരാണ്.
നഴ്സിംഗ് വിദ്യാർത്ഥിനിയെ ആസിഡ് കുടിപ്പിച്ച വിദ്യാർത്ഥിനികൾ ജയിലിലടക്കപ്പെട്ടു. അവർക്ക് തക്കതായ ശിക്ഷയും കോടതി നൽകും. റെയിൽവെ േസ്റ്റഷനിൽ പെൺകുട്ടിയെ കൊന്ന വ്യക്തിയെക്കുറിച്ച് പൂർണ്ണമായ അറിവ് ലഭിച്ചുവെന്ന് തമിഴ്നാട് പോലീസ് അറിയിച്ച് കഴിഞ്ഞിരിക്കുന്നു. അയാൾക്കും കോടതി ശിക്ഷ വിധിക്കും. മങ്കടയിൽ കൊലപാതകം നടത്തിയവരെ പോലീസ് പിടിച്ച് കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായും അവർക്കും കോടതി ശിക്ഷ വിധിക്കും. ചാണകം തീറ്റിച്ചവനെയും സർക്കാറും പോലീസും വെറുതെ വിടുമെന്ന് തോന്നുന്നില്ല. ഇനി ഇതിൽ ആരെങ്കിലും നിയമത്തിന്റെ കുരുക്കിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടാൽ തന്നെ ജനം അവരെ വെറുതെ വിടില്ല.
പക്ഷെ കാമറൂൺ ചെയ്ത ഹിതപരിശോധന എന്ന മണ്ടത്തരം ബ്രിട്ടൺ എന്ന ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവൻ മാറ്റങ്ങൾക്കും കാരണമായിരിക്കുന്നു. ഹിതപരിശോധനയ്ക്ക് പകരം ഒരു ഉന്നതതല കമ്മിറ്റിയാണ് തീരുമാനമെടുക്കുന്നതെങ്കിൽ ഇത്തരമൊരു ആപത്ഘട്ടത്തിലേയ്ക്ക് യൂറോപ്യൻ യൂണിയനും കാമറൂണും വീഴില്ലായിരുന്നു.
ജനാധിപത്യ സംവിധാനത്തിൽ വിവേകവും സാമാന്യബോധമുള്ള ജനങ്ങൾ ചെയ്യേണ്ടത് കോമൺ സെൻസ് ഉള്ള നേതാക്കളെ തിരഞ്ഞെടുക്കുക എന്ന ബുദ്ധിപരമായ തീരുമാനം മാത്രമാണ്.