ഓർമ്മയുണ്ടോ ആ മുഖം


ഡൽഹി നഗരത്തെ തണുപ്പ് വിഴുങ്ങിയ ഒരു നേരത്ത് അറുപത് വയസ്സ് കഴിഞ്ഞവർ പുറത്തിറങ്ങുവാൻ മടിക്കുന്ന ഒരു സമയത്ത്, നിരാഹാരം കിടന്ന് വിറങ്ങലിച്ച്, ക്യാമറക്കണ്ണുകളെ നോക്കുന്ന അണ്ണാഹസാരെയുടെ ദയനീയ മുഖമാണ് ഇപ്പോൾ ഡൽഹി ഇലക്ഷന്റെ ബഹളങ്ങൾ ടീവിയിലൂടെ കാണുന്പോൾ മുന്പിലെത്തുന്നത്.

അരവിന്ദ് കേജരിവാളിനെ ഡൽഹി മുഖ്യമന്ത്രിയാക്കാനും കിരൺബേദിയെ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മത്സരിക്കുവാനും പ്രാപ്തനാക്കിയ ആ ഗാന്ധിയനെ ജനം മറന്നിരിക്കുന്നു. എഴുപത് വയസ്സ് കഴിഞ്ഞ ഒരു വൃദ്ധനെ പട്ടിണിക്കിട്ട് മരം കോച്ചുന്ന തണുപ്പിൽ നടുറോ‍‍ഡിൽ കിടത്തി കിട്ടിയ പബ്ലിസിറ്റി വിറ്റ് സ്ഥാനമാനങ്ങൾക്കായി ഓടുന്ന കാഴ്ച ദയനീയമാണ്.

അണ്ണാഹസാരെയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. സർക്കാറിന്റെ തെറ്റായ നയങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായ ഒരു ബദൽ സംവിധാനം കൊണ്ടുവരിക. തികച്ചും സ്വതന്ത്രമായി കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു സ്വാതന്ത്ര സമൂഹം നിരന്തരം പ്രതികരിച്ച് കൊണ്ടിരിക്കുക എന്നിവയായിരുന്നു.

ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ, ഭരണചക്രം ആരുടെ കൈയിലൂടെ കടന്നുപോയാലും അതിൽ അഴിമതിക്കാരുടെ അജണ്ടകൾ ഉയർന്നുവരും. നേതാക്കളുടെ കൈപിടിയിൽ നിന്നും വഴുതിമാറി രാജ്യത്തെ ശതകോടീശ്വരന്മാരുമായി കൂട്ടുകൂടി സത്യസന്ധന്മാരായ ഭരണകർത്താക്കളെ അവർ മുൻമുനയിൽ നിർത്തിക്കും. ഭരണത്തിന്റെ നിലനില്പിനായ് അവരെ തള്ളിപ്പറയാൻ പറ്റാതെ അത്തരം നേതാക്കൾ നിസ്സഹായരായി പാവകളി തുടങ്ങും.

അത്തരമൊരു സന്ദർഭത്തിലാണ് അണ്ണാഹസാരെ പൊതുജനത്തിന് ഒരു ആശ്വാസമായി കടന്നുവന്നത്. ഡൽഹിയിലെ യുവജനങ്ങൾ അതിന് പിന്തുണയുമായി വന്നതും അതുകൊണ്ടു തന്നെ. അന്നുണ്ടാക്കിയ ഒരു മൈലേജിൽ നേതാവായ വ്യക്തിയാണ് കേജരിവാൾ. കോൺഗ്രസിനെതിരെ നിരന്തരം ആരോപണങ്ങൾ നടത്തിയ ഈ േനതാവ് ഇന്ന് തിരഞ്ഞെടുപ്പിൽ വിജയിക്കുവാനായി കോൺഗ്രസുമായി രഹസ്യഅജണ്ടകളും നയങ്ങളും ഉണ്ടാക്കി തുടങ്ങിയിരുന്നു. മുന്പ് മോഡി സർക്കാരിനെയും നരേന്ദ്രമോഡിയെന്ന നേതാവിനെയും നീചമായി പരിഹസിച്ച കിരൺബേദി ഞാനൊന്നുമറിഞ്ഞില്ലേ എന്ന രീതിയിൽ മോഡിയെ പുകഴ്ത്തുന്നു.

ഇവിടെയാണ് അണ്ണാഹസാരെ വ്യത്യസ്തനാകുന്നത്. ഗാന്ധിയൻ സങ്കല്പങ്ങളിൽ അധികാരം എന്നത് ഒരിക്കലും ഒരു priority ആയിരുന്നില്ല. ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുവാനും അഴിമതിയും ചൂഷണവും ഒഴിവാക്കാനും നീതി നടപ്പാക്കാനുമുള്ള പോരാട്ടം മാത്രമാണ് ഗാന്ധിയും യഥാർത്ഥ ഗാന്ധിയന്മാരും പിന്തുടരുന്നത്.

അധികാരം എന്ന അപ്പക്കഷ്ണം കാണുന്പോൾ മൂല്യങ്ങൾ മറക്കുന്നവർ ഗാന്ധിയന്മാരല്ല. അരവിന്ദ് കേജരിവാൾ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരു നേതാവിനെ മുഖ്യമന്ത്രി പദത്തിലേയ്ക്ക് നോമിനേറ്റ് െചയ്യുകയും അവരെ മോണിറ്റർ ചെയ്യുന്ന തിരുത്തുന്ന ഒരു നേതാവായി അണ്ണാഹസാരെയോടൊപ്പം മാറി നിൽക്കുകയുമായിരുന്നു. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് നെഹ്റുവും ജിന്നയും അധികാരത്തിന് അടികൂടിയപ്പോൾ മഹാത്മാഗാന്ധിയെന്ന നേതാവിനെ പ്രധാനമന്ത്രി പദം നല്കി ആദരിച്ചിരുന്നുവെങ്കിൽ ഇന്ത്യയുടെ വിഭജനം തന്നെ ഇല്ലാതാകുമായിരുന്നു. മഹാത്മാഗാന്ധി അതു ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ജാതിമതഭേദമന്യേ എല്ലാവരും അത് അംഗീകരിക്കുമായിരുന്നു.

പക്ഷെ അത്തരമൊരു ചിന്ത തന്നെ ചർച്ചയ്ക്ക് വന്നില്ല എന്നുള്ളതിനുള്ള പ്രധാന കാരണം മഹാത്മജി സ്ഥാനമാനങ്ങൾക്ക് വേണ്ടി ചിന്തിക്കുക പോലും ചെയ്യാത്ത മഹാമനസ്സുള്ള നേതാവായത് കൊണ്ടാണ്. നെഹ്റുവിനെയും ജിന്നയെയും മറ്റ് നേതാക്കളെയും ലോകം ആഘോഷിക്കാതെ ഗാന്ധിയുടെ മാറ്റ് വർഷം തോറും കൂടി വരുന്നത് ആ മഹാമനസ്കത കൊണ്ടാണ്. ഗാന്ധിത്തൊപ്പി ധരിച്ചാലോ, ഖദർ ഷർട്ട് ഇട്ടാലോ, വട്ട കണ്ണട ധരിച്ചാലോ, ഗാന്ധിയാകില്ല.

അധികാരം മോഹിക്കാത്ത ഒരു ഗാന്ധിയനെയാണ് ഇന്ത്യയ്ക്ക് ആവശ്യം. സത്യസന്ധമായി കാര്യങ്ങൾ പറയാനും അനീതിക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുവാനും നീതിക്ക് വേണ്ടി പോരാടാനും തയ്യാറുള്ള സ്ഥാനമാനങ്ങൾ കാംക്ഷിക്കാത്ത ഒരു ലീഡറെ കണ്ടുപിടിച്ച് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുകളിൽ പ്രതിഷ്ഠിച്ച് മുന്നോട്ടു പോയാൽ അത്തരമൊരു പ്രസ്ഥാനത്തിന് ഒരു സ്പേസ് ഉണ്ടാകും.

നിരന്തരം നിരാഹാരം കിടന്ന് അസിഡിറ്റി കയറി ആരോഗ്യം നഷ്ടപ്പെട്ട ആരാലും ചർച്ച ചെയ്യപ്പെടാതെ ശ്രദ്ധിക്കാതെ തന്റെ കൂടെ നിന്ന രണ്ട് ഗാന്ധിയൻമാർ ഗാന്ധിതൊപ്പിയും ധരിച്ച് പരസ്പരം വെല്ലുവിളിച്ച് അധിഷേപിച്ച് അപഹാസ്യരായി മാറുന്പോൾ ഏതോ മൂലയിലിരുന്ന് അണ്ണാ ഹസാര എന്ന പാവം ഗാന്ധിയൻ പ്രാർത്ഥിക്കുന്നത് ‘സബ് കോ സൻമതി ദേ ഭഗവാൻ’ എന്നുമാത്രമായിരിക്കും.

പി. ഉണ്ണികൃഷ്ണൻ

You might also like

Most Viewed