സൂര്യോദയമോ അസ്തമയമോ ?
യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനത്തെ ചൊല്ലി ബ്രിട്ടണിൽ തർക്കം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും ഈ തീരുമാനത്തെ എതിർത്ത് പ്രസ്താവനയിറക്കി കഴിഞ്ഞിരിക്കുന്നു. ഇതിന് പുറമെ യു.എസ് േസ്റ്ററ്റ് സെക്രട്ടറി ജോൺ കെറി ബ്രിസിൽസിലേയ്ക്ക് പുറപ്പെട്ടിരിക്കുകയാണ്.
ബ്രിട്ടൺ ഇപ്പോൾ എടുത്ത തീരുമാനത്തിൽ നിന്ന് മാറിയില്ലെങ്കിൽ അത് വരും വർഷങ്ങളിൽ അറബ് രാജ്യങ്ങളിലും പ്രതിഫലിക്കും എന്നതിൽ സംശയമില്ല.
മുസ്ലീംകൾക്കെതിരെ ശക്തമായി പ്രതികരിച്ച് വോട്ട് നേടി കൊണ്ടിരിക്കുന്ന ട്രംപ് യു.എസ് പ്രസിഡണ്ടാവുകയും അതേസമയം ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും മാറി നിൽക്കുകയും ചെയ്താൽ ടാർഗെറ്റ് ചെയ്യപ്പെടുന്നത് ബഹ്റിനടക്കമുള്ള ജി.സി.സി രാജ്യങ്ങളെയാണ്.
ബ്രിട്ടൺ എക്കാലത്തും നിലനിന്നു പോകുന്നത് ആയുധ കച്ചവടം വഴി നേടുന്ന അമിതലാഭം കൊണ്ടാണ്. ടോണി ബ്ലെയർ അഞ്ച് വർഷത്തിനിടയിൽ നാല് പ്രാവശ്യം യുദ്ധം നയിച്ച വ്യക്തിയാണ്.
യൂറോപ്യൻ യൂണിയനിൽ നിന്ന് മാറി നിന്നാൽ സാന്പത്തിക സ്ഥിരത കൈവരിക്കുവാൻ ബ്രിട്ടന്റെ മുന്പിലുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്ന് കൂടുതൽ ആയുധങ്ങൾ വിൽക്കുകയും അതുവഴി വിറ്റ്്വരവ് കൂട്ടുകയും ചെയ്യുക എന്നതാണ്.
ബഹ്റിനും സൗദി അറേബ്യയുമായി ഇറാനെ അടിപ്പിക്കുകയെന്നതും പറ്റുമെങ്കിൽ ഒരു യുദ്ധമുണ്ടാക്കി ഗൾഫ് മേഖലയിൽ കൂടുതൽ ആയുധങ്ങൾ വിൽക്കുകയെന്ന മാർഗ്ഗവും ബ്രിട്ടൺ സ്വീകരിച്ചേയ്ക്കാം. സ്വാഭാവികമായും ട്രംപിനെ പോലുള്ള ഒരു വ്യക്തി അമേരിക്കയുടെ അമരക്കാരനാകുന്പോൾ ഇത്തരം ഒരു സാഹചര്യം സ്ഥിതി കൂടുതൽ വഷളാക്കുവാനാണ് സാധ്യത.
ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് മാറി നിൽക്കാനുള്ള ഹിതപരിശോധനാ ഫലം നിയമമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്കോട്ട്ലാൻഡ് നേതൃത്വം രംഗത്തെത്തി കഴിഞ്ഞു. 50 ലക്ഷത്തോളം ജനസംഖ്യയുള്ള സ്കോട്ട്ലാൻഡിലെ 62 ശതമാനം പേരും യൂറോപ്യൻ യൂണിയനിൽ തുടരാനാണ് വോട്ട് ചെയ്തത്.
ബ്രിട്ടൺ സാന്പത്തികമായി മുന്നേറിയ രാജ്യമായിരുന്നുവെങ്കിലും സാന്പത്തിക വിവേചനം വളരെയധികമായിരുന്നു. കേരളം പോലുള്ള സ്ഥലങ്ങളിലേയ്ക്ക് ബംഗ്ലാദേശികൾ കുടിയേറി പാർക്കുന്നത് ഏറ്റവും ഭയത്തോടെ നോക്കുന്നത് സാന്പത്തികമായ പരാധീനതയനുഭവിക്കുന്ന സാധാരണക്കാരാണ്. അത്തരമൊരു കുടിയേറ്റം അവരുടെ ജോലിയേയും വേതനത്തിനെയും ബാധിക്കുമെന്ന ഭയമാണ് ഇതിനുള്ള കാരണം. ഇതുപോലെ ബ്രിട്ടണിൽ പാവപ്പെട്ടവരായ ഒരു ഭൂരിപക്ഷം കുടിയേറ്റക്കാർ വല്ലാതെ ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് യൂറോപ്യൻ യൂണിയൻ വിടണമെന്ന വാദം അവർ ഉന്നയിക്കുന്നതും.
ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ട് നിന്നാൽ ബ്രിട്ടണിലെ പല ശതകോടീശ്വരന്മാർക്കും വൻ നഷ്ടങ്ങൾ സംഭവിക്കും. ഇന്ത്യയിൽ നിന്നും ബ്രിട്ടണിൽ കച്ചവടം നടത്തുന്ന ഇൻഫോസിസിനും ടാറ്റയ്ക്കും ഇതുപോലുള്ള കന്പനികൾക്കും നഷ്ടം സംഭവിക്കും.
രണ്ടാമതൊരു ഹിതപരിശോധന ആവശ്യപ്പെട്ട് ഓൺലൈൻ ഒപ്പു ശേഖരണം 30 ലക്ഷം കവിഞ്ഞിരിക്കുന്നു. വോട്ടിംഗ് ശതമാനം 75 ശതമാനത്തിൽ താഴെയാണെങ്കിൽ വീണ്ടും ഒരു ഹിതപരിശോധനയാകാം എന്ന നിയമവശം ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം പേർ മുന്നോട്ട് നീങ്ങുന്നത്.
പക്ഷെ 1.24 കോടി ജനങ്ങൾ യൂറോപ്യൻ യൂണിയൻ വിട്ട് പോകണമെന്ന തീരുമാനത്തിന് വോട്ട് ചെയ്തതുമായി താരതമ്യം ചെയ്താൽ 30 ലക്ഷം ഒപ്പുകൾ കൊണ്ട് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
വരും ദിവസങ്ങളിൽ സ്കോട്ട്ലാൻഡ് യു.കെയുടെ ഭാഗമാകാതെ സ്വതന്ത്രമായി നിലനിൽക്കുവാനുള്ള സാധ്യതയും വളരെയേറെയാണ്.
യു.കെയിൽ നിക്ഷേപങ്ങളുള്ള അറബ് വംശജർക്കും ഇത് തിരിച്ചടിയുണ്ടാക്കും. സൂര്യൻ ഒരിക്കലും ഉദിക്കാത്ത ഒരു രാജ്യം സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമായി മാറ്റിയ പഴംകഥകൾ ബ്രിട്ടണിലെ യഥാർത്ഥ പൗരന്മാരെ ഇന്നും ആവേശം കൊള്ളിക്കുന്നുണ്ട്.
ലണ്ടനിലെ തെരുവുകളിൽ അവർക്കറിയാത്ത, കേൾക്കാത്ത പല ഭാഷ സംസാരിക്കുന്നവർ പല മതത്തിലുള്ളവർ, പല വസ്ത്രധാരണരീതി പുലർത്തുന്നവരെ കൊണ്ട് നിറയുകയും അവർ അവിടെ സാന്പത്തികമായും സാമൂഹ്യമായും ആധിപത്യം ചെലുത്തി തുടങ്ങുന്പോൾ അവർ തിരിച്ചറിയുന്നത് ലോകം കീഴടക്കിയ ബ്രിട്ടൺ ഇന്ന് വിദേശികൾ കീഴടക്കിയെന്ന സത്യം തന്നെ.