വെറുതെ കറങ്ങുന്ന ഗ്രഹങ്ങൾ
കെ.എസ്.ആർ.ടി.സി ബസ്സിന്റെ ഉള്ളിൽ കാളപ്പാടി മാങ്ങയുടെ മണമായിരുന്നു. ജനാലയിലൂടെ സീറ്റിലേയ്ക്ക് ഇരച്ചു കയറുന്ന മഴവെള്ളം ജനലിന് താഴെ പൊടിമണ്ണുമായി ചങ്ങാത്തം കൂടി ചിത്രം വരച്ച് തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പോത്തൻകോടിലേയ്ക്കുള്ള യാത്രയിൽ മഴ ഇത്തിരി നനഞ്ഞാണെങ്കിലും നഗരം കാണാമെന്ന ചിന്തയെ ജനലിട്ടടപ്പിച്ചത് തൊട്ടടുത്തിരിക്കുന്ന ഒരു സീനിയർ സിറ്റിസൺ ആയിരുന്നു.
ജനാലകൾ ഒന്നിന് പിറകെ ഒന്നായി അടഞ്ഞ് തുടങ്ങിയപ്പോൾ ബസിനകത്ത് ഇരുട്ട് കൂടുവെച്ച് തുടങ്ങി. ഇത്തിരി അസ്വസ്ഥതയോടെ ജനൽപാളികൾ പകുതി തുറന്നപ്പോളാണ് അടുത്തിരിക്കുന്ന വ്യക്തി ആദ്യ ചോദ്യമെറിഞ്ഞത് എവിടെയ്ക്കാ? പോത്തൻകോട് വരെ... ഉത്തരം കേട്ടതും രണ്ടാം ചോദ്യം കയറി വന്നു. എവിടുന്നാ? കണ്ണൂരിൽ നിന്നും... ഉത്തരം മുഴുമിപ്പിക്കുന്നതിന് മുന്പ് വീണ്ടും ചോദ്യം വന്നു. ഗൾഫിൽ എവിടെയാ? ഒറ്റനോട്ടത്തിൽ ഞാനൊരു ഗൾഫുകാരനാണെന്ന് എങ്ങിനെ തിരിച്ചറിഞ്ഞു എന്ന് ചിന്തിച്ച് തുടങ്ങുന്പോഴേയ്ക്കും വീണ്ടും ചോദ്യം വന്നു.
ഗൾഫിലെ ഏതെങ്കിലും രാജ്യത്തിന് സ്വന്തമായി നല്ല ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഉണ്ടോ? ഇല്ല എന്ന് തലയാട്ടി ഉത്തരം പറഞ്ഞപ്പോൾ കഷണ്ടിത്തല ഒന്ന് തടവി കണ്ണട ഒന്ന് കൂടെ മൂക്കിന്മേൽ ഉറപ്പിച്ചു അയാൾ തുടർന്നു.
ഇന്ത്യ ഇന്നലെ 20 ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് ബഹിരാകാശത്തേയ്ക്ക് എത്തിച്ചിരിക്കുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉപഗ്രഹ വിക്ഷേപണ ചിലവ് പത്തിലൊന്ന് മാത്രമാണ് എന്നുള്ളതാണ് പ്രാധാനം. പി.എസ്.എൽ.വി സി 34 റോക്കറ്റ് വെറും ഇരുപത് മിനുട്ട് മാത്രമാണ് ഭ്രമണപഥത്തിലെത്താൻ എടുത്തത്.
പറ്റാവുന്ന എല്ലാം കുഴിയിലും ഇട്ട് ബസ്സിലെ യാത്രക്കാരെ ഉറങ്ങാതെ നോക്കുന്നതിന് വേണ്ടി ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ബസ്സിനുള്ളിൽ യാത്രക്കാരും വളരെ കുറവായിരുന്നു. പകുതിയിലധികം സീറ്റുകളിലും സ്കൂൾ യൂണിഫോമിൽ ഇരിക്കുന്നത് വിദ്യാർത്ഥികളാണ്.
ഏതായാലും ഇത്രയും ചോദ്യം ഇങ്ങോട്ടെറിഞ്ഞ അപരിചിതനായ മുതിർന്ന പൗരനോട് ഒരു മറുചോദ്യം മര്യാദയുടെ പേരിൽ അങ്ങോട്ടും എറിഞ്ഞു.
സർ, എങ്ങോട്ടാ....? ഞാനും പോത്തൻകോട് ഇറങ്ങും. പോത്തൻകോടിലേയ്ക്ക് ഇനിയും ഒരു 45 മിനുട്ട് എടുക്കും.
സംസാരത്തിനിടയിലാണ് അയാൾ തിരുവനന്തപുരത്തെ ഒരു വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയി വിരമിച്ച വ്യക്തിയാണ് എന്ന് തിരിച്ചറിഞ്ഞത്.
ഗൾഫുകാരാണ് കേരളത്തിനെ വളർത്തിയതും നശിപ്പിച്ചതും എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ചെറിയ ഒരു ചിരിയോടെ ഞാൻ സ്വീകരിച്ചപ്പോൾ മൂപ്പർ തുടർന്നു.
ഈ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് രണ്ട് ആകർഷണ ശക്തിയുടെ നടുവിലുള്ള സ്പേസിലേയ്ക്കാണ്. ഒരു ഭാഗത്ത് ഭൂമിയുടെ ആകർഷണം ഉപഗ്രഹത്തെ ഭൂമിയിലേയ്ക്ക് വലിക്കുന്പോൾ മറുഭാഗത്ത് ചന്ദ്രന്റെ ആകർഷണം ഉപഗ്രഹത്തെ അങ്ങോട്ടും വലിച്ച് തുടങ്ങും. ഇതിനിടയിൽപെട്ട് ഉപഗ്രഹം കാന്തവലയങ്ങളുടെ നടുവിൽ ഭൂമിയ്ക്കും ചന്ദ്രനുമിടയിൽ ഓടി തുടങ്ങും.
നിങ്ങൾ ഗൾഫുകാരും ഇങ്ങനെ തന്നെയാണ്. ഒരു ഭാഗത്ത് ഇന്ത്യയുടെ വളർച്ച നിങ്ങളെ ആകർഷിക്കുന്നു. വേറൊരു ഭാഗത്ത് ഗൾഫിലെ എണ്ണയും ഡോളറും നിങ്ങളെ ആകർഷിക്കുന്നു. ഏതായാലും എണ്ണ വില ഇടിഞ്ഞ് ഗൾഫിനെ പാപ്പരാക്കി തുടങ്ങി. ഇന്ത്യയാകട്ടെ വളർച്ചയുടെ കുതിപ്പിലും. നിങ്ങൾ ഗൾഫുകാർ ഇപ്പോഴും ഈ രണ്ടു ആകർഷണ വലയത്തിനുള്ളിൽ കറങ്ങി കറങ്ങി ചുറ്റിക്കൊണ്ടിരിക്കുന്നു.
ബസ് ഏതോ സ്റ്റോപ്പിൽ സഡൺ ബ്രേക്കിട്ട് ഒന്നു നിന്നു. മാഷ് കണ്ണടയൂരി ടൗവൽ കൊണ്ട് തുടച്ച് എന്നെ നോക്കി പറഞ്ഞു. എന്റെ ഒരു മകനും ഗൾഫിലുണ്ട്. ഇപ്പോൾ സൗദിയിലാ. അവൻ പോത്തൻകോട് വെച്ച വീടിന്റെ അറ്റകുറ്റപണികൾ നടത്താനാണ് ഞാൻ പോകുന്നത്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ അവൻ തിരിച്ച് വന്നാൽ ഇന്ത്യയിൽ എന്താണ് ചെയ്യുകയെന്നാണ് എന്നോട് ചോദിക്കുന്നത്.
ഇന്ത്യയിൽ നിങ്ങൾക്ക് എന്തും ചെയ്യാം. തേങ്ങ പറിക്കുന്നവനും ടാക്സി ഓടിക്കുന്നവനും റോഡ് സൈഡിൽ വട വിൽക്കുന്നവനും ഒക്കെ സന്തോഷകരമായി ഇവിടെ ജീവിക്കുന്നുണ്ട്. നിങ്ങളൊക്കെ ഒത്തിരി യാത്രയൊക്കെ ചെയ്ത് പല സംസ്കാരങ്ങളും ഒക്കെ കണ്ടവരാണ്. ഇന്ത്യയിൽ ഇപ്പോൾ ബിസിനസിന് പറ്റിയ സമയമാണ്. പറ്റുമെങ്കിൽ ഇപ്പോൾ കൗണ്ട് ഡൗൺ തുടങ്ങിക്കോ... നിങ്ങളെപ്പോലെയുള്ളവർ ടെയ്ക്ക് ഓഫ് ചെയ്യുമെന്ന് ഉറപ്പ്.
പോത്തൻകോട് ബസ്സിറങ്ങി ശാന്തിഗിരിയിലേയ്ക്ക് നടക്കുന്പോൾ മനസ് പറഞ്ഞു. ഗൾഫുകാരൻ െവറും ഉപഗ്രഹങ്ങൾ മാത്രമാണ്. മറ്റുള്ളവർക്ക് ഉപകാരം ചെയ്യുവാൻ ലക്ഷ്യബോധമില്ലാതെ കറങ്ങികൊണ്ടിരിക്കുന്നവൻ...