വലയിൽ വീഴും കിളികളാണ് നാം
വീണ്ടും ഒരു ബഹ്റിൻ പ്രവാസി കൂടി നാട്ടിൽ കള്ളനോട്ട് കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നു. 500 രൂപയുടെ കള്ളനോട്ട് ബീവറേജ് ഔട്ട്ലെറ്റിൽ നൽകി, മദ്യം വാങ്ങിയപ്പോഴാണ് ഇദ്ദേഹത്തെ പിടിച്ചിരിക്കുന്നത്. പോലീസ് പിന്നീട് അന്വേഷണം നടത്തി ഇയാളുടെ പക്കൽ നിന്നും കൂടുതൽ കള്ളനോട്ടുകൾ കണ്ടെടുത്തുവെന്നാണ് അറിയുന്നത്.
കള്ള നോട്ടുമായി പിടിക്കപ്പെട്ട ഇദ്ദേഹം ഈ കേസുമായി കുറെനാൾ ചുറ്റി വലയുമെന്നത് ഉറപ്പാണ്. ഇദ്ദേഹം പറയുന്നത്, ഈ നോട്ടുകൾ ബഹ്റിനിലെ പ്രമുഖമായ ഒരു എക്സ്ചേഞ്ച് കന്പനിയിൽ നിന്ന് ലഭിച്ചതാണെന്നാണ്. മുന്പും ഇതുപോലൊരു കേസിൽ ബഹ്റിനിൽ നിന്നുള്ള പ്രവാസി കുടങ്ങിയിരുന്നു.
ഇദ്ദേഹം ചൂണ്ടികാണിക്കുന്ന സാഹചര്യങ്ങൾ മനസിലാക്കിയാൽ ഇയാൾ നിരപരാധിയാണെന്ന് കരുതാം. ബഹ്റിൻ പോലുള്ള ഒരു രാജ്യത്ത് നിന്ന് അവധിക്കാലം ചിലവിടാൻ നാട്ടിൽ വരുന്ന ഒരു പ്രവാസി കള്ളനോട്ടുകൾ കൊണ്ടുവരാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങിനെ അറിഞ്ഞുകൊണ്ട് കള്ളനോട്ടുകൾ കൊണ്ടുവന്നാൽ തന്നെ അത് നാട്ടിൽ വീട്ടിനടുത്ത് ചിലവിടാനുള്ള സാധ്യതയും വളരെ കുറവാണ്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് ഒരു യാത്ര പോയാൽ, വളരെ എളുപ്പം മാറ്റാൻ കഴിയുന്ന കറൻസി ഇത്രയധികം റിസ്ക്ക് എടുത്ത് മാറ്റാനുള്ള സാധ്യതയും കുറവാണ്.
ഇന്ത്യയിൽ കള്ളനോട്ട് എവിടെ നിന്ന് പിടിക്കപ്പെട്ടാലും അത് നൽകിയവൻ നിരപരാധിയാണെങ്കിലും കേസ് ചാർജ് ചെയ്യും. പലപ്പോഴും ബാങ്കിൽ സ്ഥിരം കാശ് ഡപ്പോസിറ്റ്് ചെയ്യാൻ പോകുന്നവരാണെങ്കിൽ, പ്രസ്തുത നോട്ട് കെട്ടുകളിൽ കള്ളനോട്ട് കണ്ടാൽ ബാങ്ക് മാനേജർ തിരിച്ചു നൽകി കത്തിച്ച് കളയുവാൻ പറയും. അറിയാത്ത കസ്റ്റമർ ആണെങ്കിൽ മാനേജർ പോലീസിനെ വിളിക്കും.
ഇന്ത്യയിൽ പഴയ കറൻസികൾ മാറ്റാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ നിന്ന് കോടികളുടെ കള്ളപ്പണം പല വിദേശരാജ്യങ്ങളിലേക്കും ഒഴുകിയിട്ടുണ്ട്. പക്ഷേ കറൻസി ബാങ്കിൽ തിരിച്ച് ഏൽപിച്ച് പുതിയ കറൻസികളായി മാറ്റാൻ പറയുന്പോഴാണ് കള്ളപ്പണക്കാർ നോട്ടുകെട്ടുമായി ഓടി തുടങ്ങുന്നത്. കള്ളപ്പണത്തിലാണ് കൂടുതൽ കള്ളനോട്ടുകൾ ലഭിക്കാനുള്ള സാധ്യത. പോലീസ് പിടിച്ചാൽ പണത്തിന്റെ ശ്രോതസ് വെളിപ്പെടുത്താൻ പറ്റാത്തതും നോട്ടുകൾ യഥാർത്ഥ കറൻസികളാണോ എന്ന് തിരിച്ചറിയാൻ പറ്റാത്തതും ആണ് ഇതിലെ പ്രധാന കാരണം.
ബഹ്റിനിൽ നിന്നും ലഭിച്ച കറൻസികളാണ് പിടിക്കപ്പെട്ടവയെങ്കിൽ അവിടെയുള്ള ഇന്ത്യക്കാർ കൂടുതൽ ജാഗരൂകരായിരിക്കണം. ഇന്ത്യയിൽ ഇന്ന് കറങ്ങിക്കൊണ്ടിരിക്കുന്ന കള്ളനോട്ടുകളിൽ ഭൂരിഭാഗവും പാകിസ്ഥാനിൽ നിന്ന് അച്ചടിക്കപ്പെട്ടവയാണത്രേ. ബഹ്റിനിലും ഇത്തരം രാജ്യങ്ങളിൽ നിന്ന് കള്ളനോട്ടുകൾ എത്തിയിട്ടുണ്ടെങ്കിൽ ഇത് അപകടകരം തന്നെ.
പലരും പണം മാറിക്കഴിഞ്ഞാൽ എക്സ്ചേഞ്ചിൽ നിന്ന് ലഭിക്കുന്ന രശീതി സൂക്ഷിക്കാറില്ല. ഇത്തരം കേസിൽ പെട്ടാൽ രക്ഷപ്പെടാനുള്ള ഓരേ ഒരു വഴി രശീതി സമർപ്പിച്ച് കാര്യം ബോധിപ്പിക്കുകയെന്നുള്ളതാണ്. രശീതി നൽകിയാലും കള്ളപ്പണം തിരിച്ചറിയുകയെന്നത് തന്നെയാണ് പ്രധാനപ്പെട്ട ഘടകം.
പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യം പണം കറൻസിയായി ഉപയോഗിക്കുന്നത് കുറയ്ക്കുക. നാട്ടിൽ വരുന്പോൾ ക്രഡിറ്റ് കാർഡ്, അല്ലെങ്കിൽ ഡബിറ്റ് കാർഡ് ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. പണം കൈയിൽ അത്യാവശ്യത്തിന് കരുതണമെന്നുണ്ടെങ്കിൽ അത് ഇന്ത്യയിൽ വന്നതിന് ശേഷം ഏതെങ്കിലും ബാങ്കിൽ നിന്നും വാങ്ങുക. അതിന്റെ രശീതിയും കൈയിൽ കരുതുക.
കള്ളനോട്ട് കേസിൽ കുടുങ്ങിയാൽ കേസ് തീരുന്നത് വരെ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുവാൻ നിയമം അനുവദിക്കുകയില്ല. ഇതിനൊക്കെ പുറമേ കോടതിക്കും പോലീസിനും നമ്മൾ പറയുന്ന വസ്തുതകൾ സത്യസന്ധമല്ലെന്ന് തോന്നിയാൽ സാഹചര്യ തെളിവുകൾ കാരണം ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
മോഡി സർക്കാർ 100 രൂപയുടെ മുകളിലുള്ള കറൻസികൾ ഒഴിവാക്കി, എല്ലാം ‘പ്ലാസ്റ്റിക് മണി’ ആക്കാനുള്ള ശ്രമത്തിലാണ്. ‘ബാങ്കിംഗ് ട്രാൻസേക്ഷൻ ടാക്സും’ പ്രായോഗികമായി നടപ്പിലാക്കിയാൽ ഇത് ഇന്ത്യൻ സന്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കും എന്നതിൽ സംശയമില്ല.
വിദേശത്തു നിന്ന് അവധിക്കാലം ചിലവിടാൻ മലയാളികൾ തയ്യാറാകുന്പോൾ ഒരു കാര്യം മാത്രം ഓർക്കുക. വിദേശികൾ സ്വതവേ അധികം ചിന്തിക്കാത്തവരും എളുപ്പം പറ്റിക്കാൻ പറ്റുന്നവരുമാണെന്ന ചിന്ത നാട്ടിലുള്ള ഭൂരിപക്ഷം പേർക്കുമുണ്ട്. അതുകൊണ്ട് വിദേശികളെ, പ്രത്യേകിച്ച് ഗൾഫുകാരെ പിടിക്കുവാൻ തയ്യാറാക്കി കാത്തു നിൽക്കുന്ന വലകൾ ഏറെയാണ്. നിയമക്കുരുക്കിൽ പെടാതെ ശ്രദ്ധിക്കുന്പോൾ തന്നെ ഓർക്കുക.
“Ignorance of Law is not an excuse” !!