ഉണർന്നിട്ടും ഉറങ്ങുന്നവർ


ടാറിട്ട റോഡിൽ നിന്നും തെന്നി ചെളിവെള്ളം തെറിപ്പിച്ച് ബസ് സഡൻ ബ്രേക്കിട്ട് നിന്നു. ഒരു ചെറിയ ബസ് യാത്ര നൽകുന്നത് നഷ്ടപ്പെട്ട് പോയ ഏതോ ഒരു സന്തോഷമാണ്. സീറ്റിൽ നിറയെ യാത്രക്കാർ. മറ്റുചിലർ കന്പിയിൽ പിടിച്ച് ആടിയും ഉലഞ്ഞും നിൽപ്പുണ്ട്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഒരു തമിഴ് പാട്ടിന്റെ താളത്തിൽ മഴവെള്ളം തെറിപ്പിച്ച് കുണുങ്ങിയും കിതച്ചും ബസ് മുന്നോട്ട് നീങ്ങുന്പോൾ നഷ്ടപ്പെട്ട് പോയ ഒരു പഴയ കാലത്തിന്റെ സന്തോഷം മനസ്സിനുള്ളിൽ നിന്നും ഗിയർ മാറ്റി തുടങ്ങി. 

ബസ് കൂത്തുപറന്പ് ബസ് സ്റ്റാന്റിൽ നിർത്തിയപ്പോഴാണ് ശ്രദ്ധിച്ചത്. ബസിന്റെ മുൻസീറ്റുകളിൽ അന്യദേശക്കാരായ നാടോടി കുടുംബം. അതിൽ രണ്ട് സ്ത്രീകളുടെ കഴുത്തിൽ തല ചായ്ച്ച് രണ്ട് പെൺകുട്ടികൾ ഉറങ്ങുന്നുണ്ട്.

ബസ് നി‍‍ർത്തിയപ്പോഴുള്ള പാട്ടിന്റെ ബഹളത്തിലും അവർ കണ്ണടച്ച് ഉറങ്ങുകയാണ്. ബസ് സ്റ്റാന്റിൽ ഇറങ്ങിയ പത്ത് പേർ അടങ്ങുന്ന സംഘം ബസ് സ്റ്റോപ്പിൽ ഒരു മൂലയിൽ തന്പടിച്ചു. ഇതിനിടയിൽ അവരുടെ കൂടെയുള്ള രണ്ട് പുരുഷന്മാർ സോമവാർ പേട്ടയിലേക്കുള്ള ബസ് അന്വേഷിക്കുന്നതും കാണാം.

ഉറങ്ങി കിടക്കുന്ന കുട്ടികൾ തടിച്ച് വട്ട മുഖമുള്ള സുന്ദരിക്കുട്ടികൾ. കുട്ടിയെ നിലത്ത് കിടത്തിയും കൈയിൽ ചെരിച്ച് പിടിച്ച് കിടത്തിയും അരയിൽ ചേർത്ത് പിടിച്ച് കിടത്തിയും ഒക്കെ ചെയ്തിട്ടും കുട്ടികൾ അനങ്ങുന്നില്ല. കണ്ണുകൾ തുറക്കുന്നില്ല.

ഒരു പത്തു മിനുട്ടോളം അവരെ സൂക്ഷ്മമായി പഠിച്ചപ്പോൾ ഒരു കാര്യം ഉറപ്പായി. കുട്ടികൾ ഏതോ മയക്കുമരുന്നിന്റെ ലഹരിയിൽ ബോധം കെട്ട് ഉറങ്ങുകയാണ്. എന്തോ കുട്ടികളുടെ മുഖം സൂക്ഷ്മമായി നോക്കിയപ്പോൾ അത് അവരുടെതല്ലെന്ന് മനസും ഉറപ്പിച്ചു പറയുന്നു.

സമയം പാഴാക്കാതെ തൊട്ടടുത്ത് നിൽക്കുന്ന രണ്ട് പോലീസുകാരുടെ അരികിലെത്തി ഞാൻ കാര്യം ബോധിപ്പിച്ചു. ഞാൻ പറയുന്നതെല്ലാം സാവധാനം കേട്ട് പോലീസുകാരൻ വളരെ ഭവ്യതയോടെ ഉത്തരം നൽകി. സർ, പറയുന്നതൊക്കെ ശരിയായിരിക്കാം. ആ കുട്ടികൾ അവരുടെതായിരിക്കില്ല. അവർക്ക് മരുന്ന് കൊടുത്ത് ഉറക്കിയതായിരിക്കാം. അവരെ വേറെ സംസ്ഥാനങ്ങളിലേക്ക് ഭിക്ഷ യാചിക്കുവാനോ അവയവം വിൽക്കുവാനോ കടത്തുന്നതായിരിക്കാം. ഇതുപോലെ നൂറ് കണക്കിന് കുട്ടികൾ കേരളത്തിൽ പലയിടത്തും നിങ്ങൾക്ക് കാണാൻ സാധിക്കും. ഇവരെ പിടിച്ച് ചോദ്യം ചെയ്താൽ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തേക്കാം.

പക്ഷെ പ്രശ്നം ഇതൊന്നുമല്ല. ഇങ്ങിനെ ലഭിക്കുന്ന കുട്ടികളെ സംരക്ഷിക്കുവാനായി കേരളത്തിൽ ഇനിയുമൊരു സംവിധാനമില്ല. ഈ കുട്ടികളെ രക്ഷിച്ച് പോലീസ് േസ്റ്റഷനിൽ കൊണ്ടുപോയാൽ സംരക്ഷിക്കേണ്ട ചുമതല നമ്മുടെ തലയിൽ തന്നെ വീഴും. എസ്.ഐയോ സി.ഐയോ മറ്റ് പോലീസുകാരോ കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുപോയാൽ വീട്ടിലുള്ള സ്ത്രീകൾ സ്വീകരിക്കുകയില്ല. കേരളത്തിലെ അനാഥാലയങ്ങളിൽ മിക്കതും കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പല അനാഥാലയങ്ങളും കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായൽ തന്നെ അവരുടെ ചിലവിനുള്ള കാശ് കെട്ടി വെയ്ക്കാൻ പറയും. ഇനി സാറ് തന്നെ പറയുക ഇത്രയും നൂലാമാലകൾ തലയിൽ ഏറ്റെടുത്ത് ആരെങ്കിലും അറിഞ്ഞു കൊണ്ട് ഇത്തരമൊരു പ്രശ്നത്തിൽ തലയിടുമോ? സർ, പറ്റുമെങ്കിൽ അവിടെ പോയി ബഹളമുണ്ടാക്കു. അപ്പോൾ നാട്ടുകാർ കൂടും. അപ്പോൾ പോലീസെത്തും. ഇനി കുട്ടി അവരുടേതാണെങ്കിൽ പിന്നെ ചിലപ്പോൾ കേസ് സാറിനെതിരെയും വരാം! അതും മനസ്സിൽ കാണണം.

പോലീസുകാരന്റെ വിശദീകരണം കേട്ട് ഒരു നിമിഷം സ്തംഭിച്ചു നിന്ന്, സ്ഥലകാല ബോധം തിരിച്ചെടുത്ത് നാടോടി സംഘം ഇരിക്കുന്ന സ്ഥലത്തെത്തിയപ്പോഴേക്കും അവർ ബസിൽ കയറാനായി തയ്യാറെടുക്കുന്നു. തൊട്ടടുത്ത് നിൽക്കുന്ന കുറച്ച് കോളേജ് വിദ്യാർത്ഥികളെ കണ്ട് ഞാൻ കാര്യം അവതരിപ്പിച്ചു. എല്ലാവരും നിശബ്ദമായി സംഭവം കേട്ട് ഒരക്ഷരം പറയാതെ നടന്നുപോയി. തിരിഞ്ഞ് നോക്കിയപ്പോൾ കുടവും, കെട്ടും, ഭാണ്ധവുമായി നാടോടികൾ ബസിൽ കയറിക്കഴിഞ്ഞിരുന്നു. കുട്ടികൾ അപ്പോഴും ഉറക്കമാണ്. ആൾക്കൂട്ടത്തിന്റെ ആരവത്തിനിടയിലും ബസിന്റെ ഹോൺ മുഴക്കത്തിനിടയിലും അവർ ഉറങ്ങുകയാണ്. ഒന്നുമറിയാതെ. എല്ലാം മറന്ന്. കിളി ഡോറിൽ ആഞ്ഞടിച്ച് ഓക്കെ, റൈറ്റ് എന്ന് പറഞ്ഞ് ബസ് മുന്നോട്ട് നീങ്ങിയപ്പോൾ ഞാൻ നിന്നു. നിസ്സഹായനായി. പ്രതികരിക്കുവാൻ പറ്റാതെ... ബസ് സ്റ്റാന്റിലെ േസ്റ്റഷനറി കടയിലെ കണ്ണാടിയിൽ എന്റെ രൂപം തെളിഞ്ഞ് കണ്ടപ്പോൾ മനസിൽ തോന്നിയത് വെറുപ്പായിരുന്നു. തിരിച്ച് വീട്ടിലേയ്ക്ക് നടക്കുന്പോൾ മനസ്സിൽ നിറയെ ആ കുട്ടികളുടെ മുഖമായിരുന്നു. ഒപ്പം എ.എ റഹ്മാന്റെ പാട്ടും... ചിന്ന ചിന്ന ആശൈ... ചിറകടിക്കും ആശൈ....

You might also like

Most Viewed