കൈവിട്ടുപോകുന്ന സന്തോഷങ്ങൾ
ഇന്ന് കേരളത്തിലെ പ്രശസ്തമായ ഒരു മാളിൽ നിന്ന് പട്ടാപകൽ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുവാനുള്ള ശ്രമം, സെക്യൂരിറ്റി ജീവനക്കാരുടെ ഇടപെടൽ കൊണ്ട് പരാജയപ്പെട്ടിരിക്കുന്നു. കേരളത്തിൽ ഓരോ ദിവസവും പല ജില്ലകളിലായി ഇത്തരം സംഭവങ്ങൾ നിരന്തരം സംഭവിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ഏറ്റവും അധികം ശ്രദ്ധ ചെലുത്തേണ്ട ഒരു വിഷയം തന്നെയാണിത്.
അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് കേരളം നിറഞ്ഞ് കഴിഞ്ഞിരിക്കുന്നു. മറ്റ് സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് തൊഴിൽ തേടി വരുന്നവരെ നമ്മൾ സ്വീകരിക്കുക തന്നെ വേണം. പക്ഷേ ഇത്തരമൊരു കുടിയേറ്റം നടക്കുന്പോൾ സർക്കാർ ഇടപെട്ട് നടത്തേണ്ട ചില നിയമനടപടികളെ കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കണം. കേരളത്തിലേയ്ക്ക് കുടിയേറുന്ന അന്യസംസ്ഥാന തൊഴിലാളിയായും കേരളത്തിൽ നിന്നും അന്യസംസ്ഥാനത്തേക്ക് കുടിയേറുന്ന മലയാളിയായാലും പ്രസ്തുത വിവരം അവർ ജനിച്ച അല്ലെങ്കിൽ സ്ഥിരമായി താമസിച്ച് വരുന്ന പോലീസ് േസ്റ്റഷനിൽ നിന്ന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണം എന്ന് നിർബന്ധമാക്കണം.
ഇതിന് ശേഷം അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്പോൾ ഒരു ടെന്പററി അഡ്രസും ഒപ്പം ഒരു സ്ഥലവാസിയുടെ വിശദാംശവും നൽകണം. ഇതിനൊക്കെ പുറമെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും സാംക്രമിക രോഗങ്ങളില്ല എന്ന രേഖയും നൽകുവാൻ ആവശ്യപ്പെടണം. കൺസ്ട്രക്ഷൻ സൈറ്റുകളിലായാലും ഹോട്ടലിലായാലും മറ്റ് കടകളിലായാലും ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാർക്ക് ഐ.ഡി കാർഡും ജോബ് കാർഡും നിർബന്ധമാക്കണം.
ഇന്ന് കേരളത്തിൽ കാണുന്ന ബംഗാളികളിൽ വളരെ ചുരുക്കം പേരെ വെസ്റ്റ് ബംഗാളിൽ നിന്നുള്ളവരുള്ളൂ. വേറൊരു ഭൂരിഭാഗം ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കയറിയവരാണ്. ഇതിൽ വലിയൊരു വിഭാഗം എത്രയും പെട്ടെന്ന് കാശ് സന്പാദിച്ച് സ്വന്തം രാജ്യത്തിലേയ്ക്ക് കടക്കുവാൻ തയ്യാറായി നിൽക്കുന്നവരാണ്. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ മോഷണം നടത്തുന്നതും കൊലപാതകം നടത്തുന്നതും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും പെൺകുട്ടികളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതും നിത്യസംഭവമായി മാറുന്പോൾ സർക്കാർ പ്രത്യേകിച്ച് മേൽവിലാസമില്ലാതെ സംസ്ഥാനം വിട്ട് കഴിഞ്ഞാൽ കണ്ടുപിടിക്കുവാൻ പറ്റാത്ത അന്യസംസ്ഥാനക്കാരെ തടയിടുവാൻ നിയമപരമായ ചട്ടങ്ങൾ കൊണ്ടുവരണം.
സ്വാഭാവികമായും, രാഷ്ട്രീയ കക്ഷികൾ വോട്ടിന് വേണ്ടി സംഘടനകൾ ഉണ്ടാക്കി ഇരുകൈ നീട്ടി എല്ലാവരെയും സ്വീകരിക്കുന്പോൾ തന്നെ, ഇത്തരം നുഴഞ്ഞ് കയറ്റം കേരളത്തിലെ സുരക്ഷിതമായ ജീവിതത്തിന് തടസം ഉണ്ടാക്കില്ലെന്ന് ഉറപ്പും വരുത്തണം.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനെ മാധ്യമങ്ങൾ വളരെ ഗൗരവമായി കാണുന്നില്ല എന്നതാണ് സങ്കടം. 2011 മുതൽ 2015 വരെ കാണാതായ കുട്ടികളുടെ എണ്ണം 6026 ആണ്. ജനുവരി 2012 മുതൽ ഒക്ടോബർ 2013 വരെ മാത്രം കാണാതായവരുടെ എണ്ണം 701 ആണ്. ഈ കാണാതായ കുട്ടികളിലൊന്ന് നമ്മുടെ സ്വന്തം കുട്ടിയാണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ മാത്രമേ ഇതിന്റെ ഭീകരത നമുക്ക് മനസിലാകുകയുള്ളൂ. സർക്കാറും മറ്റ് സംഘടനകളും ഇത്തരമൊരു വിഷയത്തെ വളരെ ഗൗരവമായി പരിഗണിച്ച് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് എടുക്കുക തന്നെ വേണം.
ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിൽ വരുന്ന പ്രവാസികൾ പലപ്പോഴും കേരളത്തിലെത്തിയാൽ സ്വന്തവും രാജ്യവും നാടുമാണെന്ന വിശ്വാസത്തിൽ കുട്ടികളെ ഷോപ്പിംഗ് മാളിലും ചന്തയിലും ബസ് സ്റ്റാന്റിലും ശ്രദ്ധയില്ലാതെ വിടുന്നത് കാണാം.
ഓർക്കുക, അന്യരെ കണ്ടാൽ ചിരിയോടെ അവരുടെ കൈകളിലേയ്ക്ക് മറിഞ്ഞ് വീഴുന്ന കുട്ടിയാണെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. പറ്റുമെങ്കിൽ കുട്ടികളെ ട്രാക്ക് ചെയ്യാൻ പറ്റുന്ന വാച്ച് തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്പോൾ ധരിപ്പിച്ചാൽ ഉപകാരപ്പെടും. കഴുത്തിലെ മാലയും പേഴ്സിലെ പണവും തപ്പി നോക്കുന്പോൾ മറക്കരുത്, ൈകവിട്ടു പോകുന്ന പൈതലിനെ...