മൺസൂൺ മാംഗോസ്


മഴ കുണുങ്ങി കുണുങ്ങി പെയ്യുകയാണ്. തണുത്ത കാറ്റിൽ മണ്ണിന്റെ മണം കാറിന്റെ അടച്ചിട്ട ജനാലകളിലൂടെ നുഴഞ്ഞ് കടന്ന് അകത്തേക്ക് കയറിക്കഴിഞ്ഞിരുന്നു. ബാംഗ്ലൂരിൽ നിന്നും കാർ മൈസൂർ റോഡിലേയ്ക്ക് തിരിയുന്പോൾ, മുന്പിലുള്ള ഒരു ചെറിയ ലോറി സഡൻ ബ്രേക്കിട്ട് ഒന്നു നിന്നു. ലോറിയുടെ പിറകിൽ ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മൂടിയിരിക്കുന്നു. അതിന്റെ മുകളിലായിരിക്കുന്ന രണ്ട് തൊഴിലാളികൾ റെയിൻ കോട്ട് ധരിച്ച് മഴയെ പ്രതിരോധിക്കുവാൻ തയ്യാറായി കഴിഞ്ഞിരുന്നു.

തൊട്ട് മുന്പിൽ സഡൻ ബ്രേക്കിട്ട ലോറിയുടെ സൈഡിലൂടെ മഴവെള്ളം ഒഴുകുന്നുണ്ടായിരുന്നു. വെള്ളത്തിന്റെ നിറ വ്യത്യാസം കണ്ട് അതെന്താണെന്ന് ചിന്തിക്കുന്പോഴാണ് കൂടെയുള്ള ഡ്രൈവർ പറ‍ഞ്ഞത്. ലോറിയുടെ പിറകിൽ ടാർപ്പോളിൻ കൊണ്ട് മൂടി വെച്ചിരിക്കുന്നത് മാങ്ങയാണ്. ഈ മാങ്ങ പെട്ടെന്ന് പഴുക്കുവാനും നല്ല നിറം ലഭിക്കാനും കേടാകാതിരിക്കാനുമായി ഇട്ടിരിക്കുന്ന അമോണിയ മഴവെള്ളത്തിൽ കുതിർന്നതാണ് വെള്ളത്തിന്റെ നിറമാറ്റത്തിന് കാരണമെന്ന്.

ബാംഗ്ലൂരിലെയും കേരളത്തിലെയും പഴം, പച്ചക്കറി സാധനങ്ങൾ സ്ഥിരമായി രണ്ട് സംസ്ഥാനങ്ങളിലേയ്ക്കും ലോറി വഴി കടത്തി പരിചയമുള്ള ഡ്രൈവർ സംഭവം ഒന്നുകൂടി വിശദമായി പറഞ്ഞു തന്നു.

ഇന്ന് ചന്തയിൽ കിട്ടുന്ന ഒട്ടുമിക്ക പഴങ്ങളും അമോണിയ പോലുള്ള കെമിക്കൽ പുരട്ടി പഴുപ്പിച്ചാണ് മാർക്കറ്റിലെത്തുന്നത്. പലപ്പോഴും ഇവ നന്നായി കഴുകാതെ കഴിച്ചാൽ ഛർദ്ദിയും മറ്റ് അസുഖങ്ങളും വരാനുള്ള സാധ്യത വളരെയേറെയാണ്. 

പഴവർഗ്ഗങ്ങളിൽ മാങ്ങയാണ് ഇതിൽ ഏറ്റവും അപകടകരം. ഗൾഫ് രാജ്യങ്ങളിലേയ്ക്കയക്കുന്ന മിക്ക മാങ്ങകളും ഇത്തരം കെമിക്കൽ പുരട്ടിയവയാണ്. അതുകൊണ്ട് തന്നെ മാങ്ങ കഴിക്കുന്നതിന് മുന്പ് ഒരു രണ്ടു മണിക്കൂറെങ്കിലും പച്ചവെള്ളത്തിൽ മുക്കിയിടുക. ഇങ്ങിനെ മുക്കിവെച്ച മാങ്ങകൾ പിന്നീട് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിച്ചാൽ അസുഖം പിടിപെടാതെ സൂക്ഷിക്കാം.

ഇന്ത്യയിൽ പഴം പച്ചക്കറി മേഖലകളിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാർ പരിശോധനയക്ക് ചെല്ലുന്നത് വളരെ വിരളമാണ്. ഇതിനുള്ള പ്രധാന കാരണം, കർഷകൻ പൊതുവെ ദുരിതമനുഭവിക്കുന്നവരാണെന്നുള്ള തിരിച്ചറിവാണ്. ഓരോ മഴക്കാലത്തിന് മുന്പും കാറ്റടിച്ച് കനത്ത മഴ പെയ്ത് കൃഷി നശിച്ച് അദ്ധ്വാനം മുഴുവൻ നഷ്ടപ്പെടുന്നവരാണ് കർഷകരിൽ ഭൂരിഭാഗം പേരും. സർക്കാർ നഷ്ടപരിഹാരമായി നൽകുന്ന ചെറിയ തുക പലപ്പോഴും അവരുടെ നഷ്ടത്തിന്റെ പത്ത് ശതമാനം പോലും ആകില്ല.

കൃഷി നഷ്ടത്തിന് ഇൻഷൂറൻസ് എടുക്കുന്ന സംവിധാനവും പ്രായോഗികമായി നടപ്പിലാക്കുവാൻ പറ്റുന്നില്ല. ഇതിനിടയിൽ വളരെയധികം കടന്പകൾ മറികടന്ന് വിളവെടുത്താൽ തന്നെ അവ മാർക്കറ്റിൽ എത്തിക്കുകയും വിള മോശമാകുന്നതിന് മുന്പ് വിറ്റ് തീർക്കുകയും വേണം. ഓരോ സംസ്ഥാനത്തിനും അതാത് സ്ഥലത്തെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ പലതരം വിളകളുണ്ട്.

മൺസൂൺ സീസൺ കേരളത്തിൽ മാങ്ങാ കാലമാണ്. ഇത്തരമൊരു സമയത്ത് മാങ്ങയുെട ലഭ്യത കൂടുന്നത് വഴി വില കുറയുന്നു. സ്വാഭാവികമായിട്ടും ഇത് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്പോൾ അവയുടെ കാലാവധി നീട്ടികിട്ടാൻ രാസവസ്തുക്കൾ ഉപയോഗിക്കേണ്ടി വരുന്നു. ഇത് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്.

കേരളത്തിൽ മാത്രം നാല് എയർപോർട്ടുകൾ വന്നു. മെട്രോ വന്നു. സ്റ്റാർ ഹോട്ടലുകൾ വന്നു. ഇതിനിടയിൽ സർക്കാർ ഇപ്പോഴും മറന്നു പോകുന്നത് കർഷകർക്കായിട്ടുള്ള സമഗ്ര വികസന പദ്ധതികളാണ്. സർക്കാർ തലത്തിൽ കർഷകരെ മുഴുവൻ ഒറ്റ കുടക്കീഴിൽ കൊണ്ടുവരുവാനും, അവർ ഉല്പ്പാദിപ്പിക്കുന്ന വിളകൾക്ക് നിശ്ചിത വില നൽകി സ്ഥിരമായി വാങ്ങുവാനും, പ്രകൃതി ദുരന്തം വഴി നഷ്ടം വരുന്ന കർഷകരെ സംരക്ഷിക്കുവാനായി ഇൻഷൂറൻസ് സുരക്ഷ ഉറപ്പിക്കാനും, കർഷകർക്ക് പെൻഷൻ നൽകാനും സർക്കാർ മുൻകൈ എടുക്കണം.

കർഷകരെ കേവലം കൃഷി മാനേജ് ചെയ്യുന്ന മാനേജ‍ർമാരാക്കി മാറ്റി സർക്കാർ സംവിധാനത്തിൽ പരിരക്ഷിച്ച് പ്രോത്സാഹിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇന്ത്യയിൽ ക്യാൻസർ അടക്കമുള്ള രോഗങ്ങൾ ഏറി വരുന്നതിന്റെ പ്രധാന കാരണവും ഭക്ഷണത്തിലുള്ള രാസവസ്തുക്കൾ തന്നെയാണെന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നു.

കാലമിനിയുമുരുളും, വിഷു വരും വർഷം വരും, തിരുവോണം വരും, പിന്നെ തളിരും പൂവും കായും ഒക്കെ വരും... അപ്പോൾ സർക്കാരും ആരോഗ്യ മന്ത്രാലയവും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പിന്നെ നമ്മളൊക്കെ എങ്ങോട്ടോക്കെ, എപ്പോഴോക്കെ പോയി എന്ന് ആർക്കും അറിയാത്ത ഗതി വരും. ജാഗ്രതെ...!

 

You might also like

Most Viewed