കർക്കടകത്തിലും കഞ്ഞിയുണ്ട് !


കഴിഞ്ഞ ദിവസം ബഹ്റിനിൽ ഒരു പാർലമെന്റ് അംഗം അവതരിപ്പിച്ച ഒരു പ്രമേയം ഇവിടെ ജയിലിൽ വേശ്യാവൃത്തിക്ക് ശിക്ഷ അനുഭവിക്കുന്ന സ്ത്രീകളുടെ ശിക്ഷ ഇളവ് ചെയ്ത് തിരിച്ചയക്കുവാനുള്ള ഒന്നായിരുന്നു.

ഏകദേശം 700 സ്ത്രീകളാണ് വേശ്യാവൃത്തിക്ക് പിടിയിലായി ബഹ്റിനിലെ ജയിലിൽ കഴിയുന്നത്. ഇതിൽ ഇന്ത്യാക്കാരും അതിൽ തന്നെ മലയാളികളും പെടും. ഇവരെ തിരിച്ചയക്കുവാനും ജയിൽ ശിക്ഷ അവരുടെ രാജ്യത്തിലേയ്ക്ക് മാറ്റുവാനും ആവശ്യപ്പെട്ടതിന്റെ പിറകിലെ പ്രധാന കാരണം സർക്കാർ ഇവരെ ജയിലിൽ പാർപ്പിക്കുവാനായി ചിലവഴിക്കുന്ന പണത്തിന്റെ കണക്കുകൾ കണ്ടപ്പോഴാണ്. ഒരു സ്ത്രീയെ ജയിലിൽ പാർപ്പിക്കുന്നത് വഴി സർക്കാർ ചിലവാക്കുന്നത് ഒരു മാസം 500 ദിനാറാണ്. അപ്പോൾ 700 പേർക്ക് 3,50,000 ദിനാറാണ് ഒരു മാസത്തെ ചിലവ്. അത് ഒരു വർഷത്തേക്കാകുന്പോൾ നാല് മില്യണിലധികം വരും.

സ്വാഭാവികമായിട്ടും ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വരുവാൻ സമയം ഏറെയെടുക്കുമെങ്കിലും ഇത്തരം സാന്പത്തിക നഷ്ടത്തിന് ഒരു പരിഹാരം സർക്കാർ തേടുക തന്നെ ചെയ്യും. ശിക്ഷയുടെ കാലാവധി കുറച്ചാൽ അത് ഇനിയും ഇത്തരം വ്യക്തികൾക്ക് കൂടുതൽ കുറ്റം ചെയ്യുവാനുള്ള ധൈര്യം നൽകുകയാണ് ചെയ്യുക. ഇവിടെ സംഭവിക്കാൻ പോകുന്നത് ജയിൽ ശിക്ഷ അനുഭവിച്ച് കഴിഞ്ഞ വ്യക്തിയോട് സർക്കാർ ചിലവഴിച്ച തുക ഈടാക്കാനുള്ള നിയമ സംവിധാനം കൊണ്ടുവരികയെന്നതായിരിക്കും. അങ്ങിനെയായാൽ ഒരു വർഷം ജയിലിൽ കിടക്കുന്ന വ്യക്തി 6000 ദിനാർ സർക്കാറിന് നൽകണമെന്ന നിയമം വന്നാൽ പലരും ജയിലിൽ നിന്ന് ഒരിക്കലും പുറത്തിറങ്ങിയില്ലെന്നും വരാം.

വ്യക്തിയായാലും, കന്പനികളായാലും, രാജ്യമായാലും സാന്പത്തിക ചിലവുകളെക്കുറിച്ച് ബോധവാന്മാരാകുന്നത് പ്രതിസന്ധികളിലൂെട കടന്നു പോകുന്പോഴാണ്. ഇപ്പോൾ വീട്ടുജോലിക്കാരിയെ കൊണ്ടുവരണമെങ്കിൽ ഇന്ത്യയിൽ 1000 ദിനാറും ബഹ്റിനിൽ എൽ.എം.ആർ.എയിൽ 500 ദിനാറും കെട്ടിവെക്കണം. പുതിയ വിസയുടെ ഫീസും കൂട്ടി കഴിഞ്ഞിരിക്കുന്നു.

അടുത്തു തന്നെ ബഹ്റിനിൽ ഇലക്ട്രിസിറ്റി ബില്ലിന് പകരം റീച്ചാ‍‍‍‍ർജ് കാർഡ് വരുമെന്നും കേൾക്കുന്നു. മൊബൈലിൽ ചാർജ് ചെയ്യുന്നതുപോെല നമുക്ക് വേണ്ട തുകയുടെ ൈവദ്യുതി റീചാർജ് ചെയ്ത് എടുക്കാം. ഇങ്ങനെ വന്നാൽ കാർഡ്‌ റീചാർജ് ചെയ്യാതെയിരുന്നാൽ മീറ്റർ ഓട്ടോമാറ്റിക്കായി കട്ട് ഓഫ് ആകുകയും അതുവഴി വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്യും. 

സർക്കാറിന് വൈകി കിട്ടുന്ന ബില്ലുകളെല്ലാം നേരത്തെ വാങ്ങുവാനവും അതുവഴി ബില്ലിന്റെ പണം ഉറപ്പാക്കുവാനും ഇത്തരം സാങ്കേതിക വിദ്യകൾ ഉപകരിക്കും.

വരുന്ന വർഷങ്ങളിൽ ഇത്തരം നിയമങ്ങൾ മറ്റ് ജി.സി.സി രാജ്യങ്ങളിലും വ്യാപകമാകുന്ന കാഴ്ച നാം കാണും. സ്വാഭാവികമായിട്ടും ഇത്തരമൊരു അവസ്ഥയിൽ, കുറെക്കൂടി ശക്തിയോടെ വ്യവസായ മേഖല ശക്തിപ്പെടുത്താനും എണ്ണ കന്പനികൾ വഴിയല്ലാതെയുള്ള വരുമാനം കൂട്ടുവാനും സർക്കാരും ശ്രമിക്കും.

പ്രവാസികളും ചിലവ് ചുരുക്കലിനെക്കുറിച്ചും ആഡംബര ചിലവുകൾ കുറയ്ക്കുന്നതിനെക്കുറിച്ചും ചിന്തിച്ച് തുടങ്ങണം. മിക്ക പ്രവാസികളും കേരളത്തിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്പോൾ വലിയൊരു തുക നൽകി നേരിട്ടുള്ള ഫ്ളൈറ്റ് ബുക്ക് ചെയ്യുകയാണ് പതിവ്. പലപ്പോഴും റൂട്ട് ഒന്ന് മാറ്റി പിടിച്ചാൽ ടിക്കറ്റ് നിരക്കിൽ വലിയൊരു തുക ലാഭിക്കാം. ഇന്നലെ ബഹ്റിനിൽ നിന്നും ബാംഗ്ലൂരിലേയ്ക്ക് വൺവേ ടിക്കറ്റിന് 50 ദിനാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കോ, തിരുവനന്തപുരത്തേയ്ക്കോ, കോഴിക്കോട്ടെയ്ക്കോ മെയ്ക് മൈ ട്രിപ് പോലെയുള്ള സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്താൽ 2000 രൂപയ്ക്ക് വിമാന ടിക്കറ്റ് ലഭിക്കും. യാത്ര ചിലവിൽ ലാഭിക്കുന്ന പണം വഴി ബാംഗ്ലൂരിലിറങ്ങി അല്ലറ ചില്ലറ ഷോപ്പിംഗും ആകാം.

ഈ വർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രതീക്ഷിച്ച, ഭയന്ന, സാന്പത്തികമായ ഇടിവ് ബഹ്റിനിൽ ഇതുവരെ എവിടെയും പ്രകടമായി കാണുന്നില്ല. ഇത് ബിസിനസ്സുകാർക്കും വിദേശികൾക്കും കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. എണ്ണയുടെ വില കൂടിയതും പ്രതീക്ഷകൾ നൽകുന്ന സൂചനകൾ തന്നെ. വരും ദിവസങ്ങളിൽ കൂടുതൽ കരുതലോടെ എന്നാൽ ആത്മവിശ്വാസത്തോടെ, ശക്തവും വ്യക്തവും ആയ നയങ്ങളിലൂടെ സഞ്ചരിച്ചാൽ പ്രവാസികൾക്ക് ഇനിയും വർഷങ്ങളോളം ഗൾഫ്‌ രാജ്യങ്ങളിൽ സന്തോഷത്തോടെ ജീവിക്കാം എന്ന് ഉറപ്പാണ്.

 

You might also like

Most Viewed