ഒബാമയും അബ്ദുൾകലാമും
ബരാക് ഒബാമ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ അതിഥിയായി എത്തുന്നു എന്ന വാർത്ത ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷിക്കുവാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഒരു അമേരിക്കൻ പ്രസിഡണ്ട് ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്നു എന്നത് സ്വതന്ത്ര ഭാരതത്തിന്റെ വളർച്ചയുടെ ഒരു നാഴികക്കല്ല് തന്നെയാണ് സൂചിപ്പിക്കുന്നത്. അതിനപ്പുറം ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര സംവിധാനങ്ങളുടെ പുതിയ അദ്ധ്യായങ്ങൾ തുറക്കപ്പെടുകയും കൂടിയാണ് ചെയ്യുന്നത്.
എല്ലാ രാജ്യത്തിനും അവരുടെ പ്രസിഡണ്ടിനെയും പ്രധാന മന്ത്രിയുടെയും ജീവൻ വിലപ്പെട്ടതാണ്. പക്ഷേ അമേരിക്ക പോലുള്ള രാജ്യത്തിന് അവരുടെ പ്രസിഡണ്ടിന്റെ ജീവൻ മാത്രമാണ് വലുത്.
ഇന്ത്യൻ പ്രധാനമന്ത്രിയും പ്രസിഡണ്ടുമാരുമുള്ള ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രമുഖർ പങ്കെടുക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷം വളരെയധികം മുൻകരുതലുകളോടെ നടത്തുന്ന ആഘോഷമാണ്. ഇന്ത്യൻ ഇന്റലിജൻസും പോലീസും മാസങ്ങളോളം ഇതിനുവേണ്ടി പ്രയത്നിക്കുന്നു, പക്ഷെ അമേരിക്കൻ പ്രസിഡണ്ടിന്റെ വരവോടെ ഡൽഹിയിൽ സാധാരണക്കാരന്റെയും ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ പോകുന്ന വിദ്യാർത്ഥികളുടെയും ജീവിതം ദുസ്സഹമാകുവാൻ പോകുകയാണ്. എന്തിനധികം റോഡിലൂടെ സുഖമായ് അലഞ്ഞ് തിരിഞ്ഞ് ജീവിച്ചു പോന്ന കന്നുകാലികളെ വരെ പിടിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്.
ഈ ഒരു അവസരത്തിലാണ് നമ്മൾ നമ്മുടെ മുൻ ഇന്ത്യൻ പ്രസിഡണ്ടായിരുന്ന ശ്രീ.എ.പി.ജെ അബ്ദുൾ കലാമിനെക്കുറിച്ച് ഓർത്തുപോകുന്നത്.
ഇന്ത്യൻ ഭരണഘടനാ പ്രകാരം മുൻ പ്രസിഡണ്ട് ഇന്ത്യയിലെ ഏറ്റവും വിശിഷ്ടരായ പത്ത് ഗണത്തിൽ പെടുന്ന നേതാവാണ്. അങ്ങിനെയുള്ള ഒരു വ്യക്തിയെയാണ് എയർപോർട്ടിൽ തടഞ്ഞ് വെച്ച് ദേഹപരിശോധന നടത്തി അമേരിക്കക്കാരൻ പീഡിപ്പിച്ചത്.
ഡോക്ടർ അബ്ദുൾ കലാമിനെ നമ്മൾ ബഹുമാനിക്കുന്നത് അദ്ദേഹം ഇന്ത്യയുടെ പ്രസിഡണ്ട് ആയിരുന്നതു കൊണ്ടോ ഐ.എസ്.ആർ.ഒയുടെ മുൻ മേധാവിയായിരുന്നത് കൊണ്ടോ മാത്രമല്ല. അബ്ദുൾ കലാം എന്ന വ്യക്തിയെ നാം ബഹുമാനിക്കുന്നത് ഒരു രാജ്യത്തിന്റെ ഏറ്റവും പ്രഥമ സ്ഥാനം അലങ്കരിക്കുന്പോഴും തന്നെ വളരെ വിനയത്തോടും എളിമയോടും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ചു എന്നുള്ളതും കൊണ്ടാണ്.
ഇന്ത്യ മഹാരാജ്യത്തിന്റെ സാംസ്കാരികമായ വളർച്ചയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് എ.പി.ജെ അബ്ദുൾകലാം. ഒബാമയെയും അബ്ദുൾ കലാമിനെയും കുറിച്ച് ചിന്തിക്കുന്പോൾ മനസ്സിൽ കടന്ന് വരുന്നത് സുഹൃത്ത് പറഞ്ഞ ഒരു ഉദാഹരണമാണ്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന വാഹനമാണ് ഓട്ടോറിക്ഷ. മൂന്ന് പേർക്ക് യാത്ര ചെയ്യുവാൻ മാത്രം പറ്റുന്ന ഈ വാഹനത്തിൽ അഞ്ചും ആറും പേർ നിരവധി ലഗ്ഗേജുകൾ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് നമ്മൾ പലപ്പോഴും കാണാറുണ്ട്. അഞ്ചാൾ യാത്ര ചെയ്യേണ്ട കാറിൽ എട്ടും പത്തും മുകളിൽ ലഗ്ഗേജുകൾ കെട്ടിവെച്ച് യാത്ര ചെയ്യുന്ന കാഴ്ചയും ഇന്ത്യയിൽ സാധാരണം തന്നെ. ആയിരക്കണക്കിന് ആൾക്കാർ യാത്ര ചെയ്യുന്ന തീവണ്ടിയുടെ മുകളിൽ വരെ ലഗ്ഗേജുമായി ഇരുന്ന് യാത്ര ചെയ്യുന്നതും നമുക്ക് കാണാം. പക്ഷെ വിമാനത്തിൽ യാത്ര ചെയ്യുന്പോൾ കഥ മാറുന്നു. അവിടെ ഒരു യാത്രക്കാരന് മാത്രമേ ഒരു സീറ്റിൽ ഇരിക്കുവാൻ അധികാരമുള്ളൂ. മാത്രമല്ല കൂടെയുള്ള ബാഗേജിനും നിയന്ത്രണമുണ്ട്.
വിമാനത്തിനും മുകളിൽ പറക്കുന്ന റോക്കറ്റിൽ എത്തുന്പോൾ സംഗതി ഇതിലും കണിശമാകുന്നു. യാത്രക്കാരന് സ്വന്തമായി ഒരു സേഫ്റ്റി പിൻപോലും കൊണ്ടുപോകാൻ പറ്റില്ല. സ്വന്തം കുടുംബത്തെ പോലും കൊണ്ടുപോകണമെങ്കിൽ നിയന്തണങ്ങളുണ്ട്. എല്ലാം ഉപേക്ഷിച്ച് ബാഗേജും ലഗ്ഗേജും ഇല്ലാതെ യാത്ര ചെയ്യുന്നവനുള്ളതാണ് റോക്കറ്റ്.
അബ്ദുൾ കലാം എന്ന അത്ഭുതമനുഷ്യൻ യാത്ര ചെയ്യുന്നത് പലരും യാത്ര ചെയ്യാൻ മടിക്കുന്ന, പറ്റാത്ത ഉയരത്തിലാണ്. അതുകൊണ്ടു തന്നെ അദ്ദേഹം അനാവശ്യമായ ഭയമോ, ഇഗോയെ മറ്റ് ജാ
ഡകളോ പോലുള്ള എക്സസ്സ് ബാഗേജ് കൊണ്ടു നടക്കുന്നില്ല.
ഇന്ത്യയിൽ വരുന്പോൾ ഇരിക്കുന്ന സ്ഥലത്തിന് മുകളിലൂടെ പറക്കുന്ന വിമാനത്തെപോലും ഭയക്കുന്ന ഒബാമ ഇപ്പോഴും സാധാരണക്കാരന്റെ ചിന്തയുള്ള പൊതുനിരത്തിലാണ് ജീവിക്കുന്നതും. അവിടെ ഭയവും ജാഡയും അഹങ്കാരവും ഒക്കെ എക്സസ്സ് ലഗ്ഗേജും ആയികൊണ്ട് നടക്കുന്ന ഒബാമ ഇപ്പോഴും ചിന്തിക്കുന്നവന്റെ മനസ്സിൽ തീവണ്ടിയുടെ മുകളിൽ ചടഞ്ഞിരിക്കുന്ന യാത്രക്കാരന്റെ സ്ഥാനത്താണ് ഇരിക്കുന്നത്.
ബഹ്റിനിലെ മലയാളികൾക്ക് സന്തോഷിക്കുവാനുള്ള വാർത്തയാണ് ഇന്ത്യയുടെ അഭിമാനമായ ഡോക്ടർ കലാം ഫെബ്രുവരി അഞ്ച്, ആറ് എന്നീ ദിവസങ്ങളിൽ ബഹ്റിനിലെത്തുന്നു എന്നത്. ബഹ്റിൻ ഇന്ത്യൻ സ്കൂളിലും ഇന്ത്യൻ ക്ലബ്ബിലും കെ.സി.എ നടത്തുന്ന പൊതുപരിപാടിയിലും ഡി.ടി ന്യൂസിന്റെ നാലാം വാർഷികാഘോഷപരിപാടിയിലും ഡോക്ടർ കലാം പങ്കെടുക്കും.
റിമി ടോമിയെപോലുള്ള ആർട്ടിസ്റ്റുകളെ മാത്രം കൊണ്ടുവരുന്ന മലയാളി ചിന്തയ്ക്കുപരിയായി കെ.സി.എ സെക്രട്ടറി സോവിച്ചൻ ചേന്നാട്ടുശ്ശേരി നടത്തിയ നിരന്തര പരിശ്രമമാണ് അവസാനം ഫലം കണ്ടിരിക്കുന്നത്.
പി. ഉണ്ണികൃഷ്ണൻ