സോഷ്യലിസം കാപ്പിറ്റലിസത്തിലൂടെ
ഒരു ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ പരാജയപ്പെടുന്പോഴാണ് ഒരു വ്യവസായി ജനിക്കുന്നത്. 24 മണിക്കൂറും ഒരേ വോൾട്ടേജിൽ മാത്രം വൈദ്യുതി നൽകുവാനുള്ള സംവിധാനം സർക്കാർ ഒരുക്കിയിരുന്നുവെങ്കിൽ ഒരു െസ്റ്റബിലൈസറിന്റെയും ആവശ്യം വരികയില്ല. അതുകൊണ്ടാണ് തന്റെ വി ഗാർഡ് എന്ന ഉൽപ്പന്നത്തിന്റെ വിജയരഹസ്യം കേരള സർക്കാറിന്റെ കഴിവുകേടാണെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ പോലെയുള്ള വ്യവസായ പ്രമുഖർ തുറന്നുപറയുന്നത്.
ഇതുപോലെ തന്നെയാണ് മറ്റ് പല മേഖലകളും. സർക്കാർ ആശുപത്രികളിലെ സംവിധാനങ്ങൾ പരാജയപ്പെട്ടപ്പോൾ കേരളത്തിൽ അമൃതയും, മിംമ്സും, കിംസും ആസ്റ്ററും പോലുള്ള മൾട്ടിപ്ലക്സ് ആശുപത്രികളുണ്ടായി. ദൂരദർശൻ പരാജയപ്പെട്ടപ്പോൾ ഏഷ്യാനെറ്റും, സൂര്യയും പോലുള്ള സ്വകാര്യ ചാനലുകൾ ഉണ്ടായി. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരാജയപ്പെട്ടപ്പോൾ ചോയ്സും, രാജഗിരിയും, അമൃതയും, ഗോകുലവും പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വളരുവാനുള്ള കാരണമായി.
ഒരു പരിധിവരെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സർക്കാർ പരാജയപ്പെടുന്ന മേഖലയിൽ, സാന്പത്തിക ലക്ഷ്യത്തോട് കൂടിയാണെങ്കിലും ഒരു സേവനം നൽകിതുടങ്ങുന്പോൾ അത് സമൂഹത്തിന് ഗുണകരമായി മാറുന്നു.
അതേസമയം സർക്കാർ സംവിധാനത്തെ അട്ടിമറിച്ച്, നശിപ്പിച്ച് ആ മേഖല കീഴടക്കിയ ഭീകരന്മാരായ സ്വകാര്യ കന്പനികളും കുറവല്ല. ഇന്ത്യയിൽ അത്തരമൊരു അവസ്ഥ നേരിട്ട് കാണാവുന്നത് എയർലൈൻ കന്പനികളിലാണ്. ഇന്ത്യയുടെ സ്വന്തം എയർലൈൻസായ എയർ ഇന്ത്യയെ ഒരുകാലത്ത് നഷ്ടത്തിലേയ്ക്ക് കൂപ്പ് കുത്തിച്ചത് സ്വകാര്യ വിമാന കന്പനികളുടെ ഹിഡൺ അജണ്ടകളായിരുന്നു. സാന്പത്തികമായി നേട്ടം ലഭിക്കാവുന്ന പല ഡെസ്റ്റിനേഷനുകളും സ്വകാര്യ എയർലൈൻസിന് നൽകി എയർ ഇന്ത്യയുടെ റൂട്ട് മാറ്റിയ മഹാമനസ്കരായ ചില രാഷ്ട്രീയ നേതാക്കന്മാരിൽ ചില മലയാളികളും പെടും.
കേരളത്തിലൊരു ഭരണമാറ്റം സംഭവിച്ചാൽ അത് സാന്പത്തിക നയങ്ങളിൽ കാര്യമായ മാറ്റും വരുത്തില്ല. ഒരു മിക്സഡ് ഇക്കോണമിയായി പ്രവർത്തിക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് കേരളം കമ്യൂണിസ്റ്റുകാർ ഭരിച്ചാൽ സാന്പത്തിക ഘടന സോഷ്യലിസ്റ്റ് സംവിധാനത്തിലേയ്ക്ക് മാറുന്നില്ല.
ചൈനയിലും നോർത്ത് കൊറിയയിലും കമ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കുന്ന സാന്പത്തിക നയങ്ങളല്ല കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കുന്നത്. ആത്യന്തികമായി സർക്കാർ മാറുന്നുവെങ്കിലും അടിസ്ഥാനപരമായി നിലവിലുള്ള സാന്പത്തിക നയങ്ങളിൽ കാര്യമായി മാറ്റം സംഭവിക്കുന്നില്ല.
കേരളത്തിൽ ഏറ്റവും ദയനീയമായി പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു മേഖല സർക്കാർ സംവിധാനത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഏറ്റവുമധികം അക്കാദമിക് നിലവാരമുള്ള അദ്ധ്യാപകരെ ലഭിച്ചിട്ടും ക്ലാസ് മുറികളിൽ പാറികളിക്കുന്ന കാക്കയെ ഓടിക്കേണ്ട ഗതികേട് അതിദയനീയമാണ്.
വിദ്യാലയത്തിന്റെ നിലനിൽപ്പിനായി ചാക്കുമായി വിദ്യാർത്ഥികളെ പിടിക്കുവാൻ ഓടി നടക്കുന്ന അദ്ധ്യാപകരെ കാണുന്പോൾ സങ്കടമല്ല, പകരം നാണമാണ് തോന്നുന്നത്.
കേരളത്തിൽ പോസ്റ്റ് ഓഫീസ് പോലെ തന്നെ വിപുലമായ നെറ്റ് വർക്കുള്ള ഈ സർക്കാർ സംവിധാനത്തെ പുതിയ മന്ത്രിസഭ പുതുജീവൻ നൽകി ഉണർത്തിയെടുക്കണം. കേരളത്തിൽ നിന്നോ വിദേശ രാജ്യങ്ങളിലുള്ള മലയാളികളുടെ കൈയിൽ നിന്ന് പണം സ്വരൂപിച്ച് കന്പ്യൂട്ടർ പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് റീബ്രാൻഡ് ചെയ്യണം. എല്ലാ വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഒപ്പം മലയാള ക്ലാസുകളും ലഭ്യമാക്കി മിതമായ നിരക്കിൽ നൽകിയാൽ ഇത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപകരിക്കും.
കെ.കരുണാകരൻ കൊച്ചി എയർപോർട്ടിനു വേണ്ടി കാണിച്ച തന്റേടം വിദ്യാഭ്യാസ മേഖലയിൽ പുതിയ സർക്കാർ പ്രകടിപ്പിച്ചാൽ അത് കേരള ജനത എന്നും ഓർത്തിരിക്കും.