മസിലുള്ള ചിന്തകൾ !
ശക്തമായി തള്ളിയിട്ടും തുറക്കാത്ത വാതിലിനുവരെ മസിലുകളുണ്ടെന്ന് തിരിച്ചറിഞ്ഞത് ഒരു ജിംനേഷ്യത്തിലേയ്ക്ക് കടക്കാനുള്ള എന്റെ ആദ്യ ശ്രമത്തിനിടയിലാണ്. വാതിലിന്റെ തൊട്ടരികിലായി പഴയ ചവനപ്രാശത്തിലെ തടിയൻ മസിലുരുട്ടി നിൽപ്പുണ്ട്.
യാന്ത്രികമായി ഒന്നും ചെയ്യരുതെന്നും, മനസ്സിന്റെ അലച്ചിലിനോടൊപ്പം അലയണം, ശരീരമെന്നുള്ള എന്റെ ബാലിശമായ ചില വിശ്വാസങ്ങളെ തകർത്തത് മെഹ്മൂദ് എന്ന ലെബനീസ് സുഹൃത്താണ്.
ചാടിവരുന്ന കുടവയറിന്റെ ആകാരഭംഗിയിൽ തടവി ഒരു പാർട്ടിക്കിടയിലാണ്, due date എന്നാണ് എന്ന് മെഹ്മൂദ് കളിയാക്കി ചോദിച്ചത്. സ്ത്രീപീഡനം പോലെ, മോഷണം പോലെ പുരുഷന് മാനഹാനിയുണ്ടാക്കുന്ന ഒരു ആരോപണമായി ആ ചോദ്യം മനസ്സിന്റെ മതിലുകളിൽ തട്ടി അതിരുകൾ വിട്ട് പറന്ന് തുടങ്ങിയപ്പോൾ ഒരു തീരുമാനമായി. ജീവിതത്തിൽ ഒരിക്കലെങ്കിലും ജിമ്മിൽ പോകണം. മടിപിടിച്ച മനസ്സിനും അതിലും മടിപിടിച്ച ശരീരത്തിനെയും ഉഴുത് മറിക്കണം. ത്രെഡ് മില്ലിൽ ഓടിത്തളർന്ന് ഹൃദയസ്പന്ദനത്തിന്റെ താളം അളക്കണം. അങ്ങിനെ ഓടിയും ചാടിയും പേശികൾ ബലം വെച്ച് തുടങ്ങുന്പോൾ ഒരു സ്ലിം ഫിറ്റ് ഷർട്ട് ധരിച്ച് നടക്കണം. അപ്പോൾ സൽമാൻഖാൻ ധരിക്കുന്ന കറുത്ത കണ്ണട ഏത് ഷോപ്പിൽ ലഭിക്കുമെന്ന ചിന്ത വീണ്ടും കാട് കയറി ടൗണിലെത്തി നിൽക്കുന്പോഴാണ് മുന്പിലുള്ള തടിയൻ ചിരിച്ചുകൊണ്ട് പറഞ്ഞത്.
ഇന്ന് ആദ്യ ദിവസം. ത്രെഡ് മില്ലിൽ ഒരു 15 മിനിട്ട്, സ്പീഡ് ആറിൽ വെച്ചാൽ മതി. അതിലുള്ള വയർ ഷർട്ടിൽ ഘടിപ്പിക്കണം. അടിതെറ്റി വീണാൽ മെഷീൻ ഓട്ടോമാറ്റിക്കായി നിൽക്കും. പിന്നീട് 30 മിനുട്ട് സൈക്കിളിംഗ്.
ജിമ്മിന്റെ അക കാഴ്ചകൾ എന്നെ അതിശയിപ്പിച്ച് തുടങ്ങിയത് മസിലുരുട്ടി നടക്കുന്ന യുവതികളെ കണ്ടപ്പോഴാണ്. തൊട്ടടുത്ത ത്രെഡ് മില്ലിൽ പതിനൊന്ന് സ്പീഡിൽ ഓടുന്ന യുവതി ചെവിയിൽ കുത്തി വെച്ച ഇയർഫോണിൽ പാട്ടും കേട്ട് അനായാസമായി ഓടുന്പോൾ ചോദ്യം ചെയ്തു കൊണ്ടിരുന്നത് പുരുഷൻ എന്ന എന്റെ ഇഗോയെയായിരുന്നു. ത്രെഡ് മില്ലിൽ ഓടി തുടങ്ങിയപ്പോൾ കൂടുതൽ വേഗത്തിൽ ഓടിയത് മനസ് തന്നെയായിരുന്നു.
ചുറ്റും, രണ്ട് കാലിൽ നിന്നും നാല് കാലിലേയ്ക്ക് പരിണാമം ബാധിച്ച മനുഷ്യർ, പുലിയെപ്പോലെ, കുതിരയെപ്പോലെ കുതിയ്ക്കാൻ പുഷ് അപ്പ് എടുക്കുന്നു. വേറെ ചിലർ ചില ഇരുന്പ് ബാറുകളിൽ വാനരനെ പോലെ മലക്കം മറിയുന്നു. മരങ്ങളില്ലാത്ത വനം പോലെ നരിയുടെ, പുലിയുടെ, കുരങ്ങന്റെയിടയിലും ജീവിക്കുന്ന പ്രതീതി. മനുഷ്യൻ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തങ്ങളിലൊന്ന് രണ്ട് കാലിൽ നടന്ന് തുടങ്ങിയതാണെന്ന ആനന്ദിന്റെ ഓർമ്മപ്പെടുത്തൽ ആണ് മനസ്സിനെ രസിപ്പിച്ച് തുടങ്ങിയത്.
ജിമ്മിന്റെ ഓരോ മൂലയിലും കരുത്തരായ പുരുഷന്മാരും സ്ത്രീകളും കഠിനമായ എക്സസൈസിൽ ഏർപ്പെടുന്നത് കണ്ടപ്പോൾ മനസിൽ കയറി, കസേരയിട്ട് ചാരി കിടന്നത് ഐൻസ്റ്റിനും, ന്യൂട്ടണുമായിരുന്നു.
ഇത്രയും മനുഷ്യർ കത്തിച്ച് വിടുന്ന കലോറി, എനർജിയായി മാറിയിട്ടും ഒരു ചരാചരത്തിനും ഉപകരിക്കുന്നില്ലല്ലോ എന്ന ചിന്ത വളർന്ന് ഒരു ബിസിനസ് ഐഡിയ ആയത് നിമിഷങ്ങൾക്കുള്ളിലായിരുന്നു.
ജിമ്മിലെ ഓരോ ഉപകരണങ്ങളൊടൊപ്പം അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്രൈൻഡർ, മിക്സി പോലുള്ള യന്ത്രങ്ങൾ ഘടിപ്പിക്കുക. മനുഷ്യശക്തി കൊണ്ട് തിരിയുന്ന വാഷിംഗ് മെഷിനും മാവ് അരയ്്ക്കുന്ന മെഷീനും ചപ്പാത്തിയടിക്കുന്ന മെഷീനും, ഓടുന്ന ചാടുന്ന തടിയന്മാർ ഉണ്ടാക്കുന്ന എനർജിയിൽ പ്രവർത്തിപ്പിച്ച് അതുവഴി ഉണ്ടാക്കുന്ന പലഹാരപദാർത്ഥങ്ങൾ പാവപ്പെട്ടവർക്ക് നൽകുക. സന്പന്നത കൊണ്ട് ദുർമേദസ് വന്നവർക്ക് ഇതിനെക്കാൾ നല്ല വേറെ എന്ത് പ്രൊജക്ട് ആണ് പ്രായശ്ചിത്തമായി നൽകുവാൻ പറ്റുക!
പറ്റുമെങ്കിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ചെറിയ ഡൈനാമോ, സ്റ്റോറേജ് സെൽ എന്നിവ കൂടിയുണ്ടാക്കിയാൽ അതും പലർക്കും ഉപകരിക്കപ്പെട്ടേക്കും. ഒരു ‘കിച്ചൺ ജിം’ എന്ന പേരിൽ പുതിയ ബ്രാൻഡിൽ ഇത്തരമൊരു ജിനേഷ്യം, ആഡംബരമായി തുടങ്ങിയാൽ ദുർമേദസ് വന്ന് കൊഴുത്തവർക്ക് ആഹ്ലാദവും ആശ്വാസപരവുമായിരിക്കുമെന്നതിൽ സംശയമില്ല.
ജിമ്മിൽ നിന്ന് തിരിച്ചെത്തി നെഞ്ച് വിരിച്ച് നിന്ന്, ദേഹമാസകലം ഉള്ള വേദന മറച്ച് പിടിച്ച്, ചിരിച്ച് കൊണ്ട് പുലിയാണെന്ന് സ്വയം പറഞ്ഞ് പുകഴ്ത്തിയപ്പോൾ വാമ ഭാഗമാണ് പറഞ്ഞത് ‘മൃഗമാണ് എന്ന് അങ്ങിനെയും പറയുന്നതിൽ തെറ്റില്ല എന്ന്!!