എന്തിനധീരത ഇപ്പോൾ തുടങ്ങണം...
സഖാവ് പിണറായി വിജയൻ നയിക്കുന്ന സർക്കാർ മുതലാളിമാരോട് എടുക്കുന്ന സമീപനങ്ങൾ വളരെ നയപരമായിരിക്കും എന്നതിൽ സംശയമില്ല. കേരളത്തിന്റെ വികസനത്തിന് ഉതകുന്ന ചില കാര്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്.
കേരളത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് അനാവശ്യമായി കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങളാണ്. ഇതിൽ പ്രധാന കാരണക്കാർ ഒരു പരിധി വരെ ഗൾഫ് മലയാളികളാണ്. നൂറ് കണക്കിന് ഫ്ളാറ്റുകളാണ് ഓരോ ടൗൺഷിപ്പിലും ഉയരുന്നത്. ഇവയിൽ ഭൂരിഭാഗവും പൂട്ടിക്കിടക്കുകയാണ്. പൂട്ടിയിട്ട ഫ്ളാറ്റുകൾക്ക് അധിക നികുതി ചുമത്തിയും പുതുതായി വരുന്ന കെട്ടിടങ്ങൾക്ക് നിയന്ത്രണവും കൊണ്ടു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വനവും കൃഷി ഭൂമിയും കൈയേറുന്നത് തടയുവാനും അതിന്റെ സംരക്ഷണത്തിനായും പ്രത്യേക കമ്മിറ്റികളെയും നിയോഗിക്കണം. കേരളത്തിൽ ഏകദേശം അഞ്ച് ലക്ഷത്തോളം വീടുകൾ പൂട്ടിക്കിടക്കുകയാണ് എന്നാണ് ഒരു സർവ്വേ പറയുന്നത്. ചൈന, ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ അത്തരം വീടുകൾ സർക്കാർ കൈയ്യേറി പാവപ്പെട്ടവർക്ക് കൊടുത്ത ചരിത്രമുണ്ട് എന്നും ഓർക്കുക. ഭുമിയും കെട്ടിടം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന വസ്തുവും പ്രകൃതിയെ ചൂഷണം ചെയ്തു ലഭിക്കുന്നതാണെന്ന ചിന്തയാണ് ജപ്പാൻ, ചൈന എന്നി രാജ്യങ്ങളിൽ അടച്ചു പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾക്കെതിരെ ഇത്രയും ശക്തമായ തീരുമാനം എടുക്കുവാൻ പ്രേരിപിച്ച ചിന്തകൾ.
പുതിയ സർക്കാർ ഗൾഫ് പ്രവാസികൾക്കായി കേരളത്തിൽ ഒരു ഫ്രിസോൺ മേഖല തുടങ്ങുകയും അതിൽ നിക്ഷേപിക്കുവാനും ജോലി ചെയ്യാനുമുള്ള അനുവാദം പ്രവാസികൾക്ക് മാത്രമായി നൽകണം. അങ്ങിനെ വന്നാൽ പ്രവാസികളുടെ തിരിച്ചു വരവിന് ഒരു ശാശ്വത പരിഹാരം ഇത് വഴി കണ്ടെത്താൻ സാധിക്കും. ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച് നടക്കാതെ പോയ എയർ കേരള പ്രോജക്ട് ഗൾഫിലെ ബിസിനസുകാരുടെ സഹകരണത്തോടെ ആരംഭിക്കുവാനുള്ള നീക്കങ്ങൾ തുടങ്ങണം. പറ്റുമെങ്കിൽ പുതിയ മന്ത്രിമാരും എം.എൽ.എമാരും പാലം ഉദ്ഘാടനത്തിനും കെട്ടിടം ഉദ്ഘാടനം ചെയ്യാനും പോകുന്നതിന് പകരം പ്രസ്തുത പദ്ധതികൾ കാലതാമസം കൂടാതെ അഴിമതിയില്ലാതെ നടപ്പിലാക്കുവാനാണ് ശ്രമികേണ്ടത്. ഒപ്പം സുതാര്യമായി, നല്ല നിലയിൽ കോൺട്രാക്റ്റ് തീർക്കുന്ന നടത്തിപ്പുകാരന്റെ ഒപ്പം അതിലെ പ്രധാന തൊഴിലാളികളുടെ ഫോട്ടോയും പേരും വെച്ച ഫലകം അവിടെ സ്ഥാപിക്കുക.
ബന്ദ്, ഹർത്താൽ എന്നിവ നിർത്തലാക്കുക. പ്രതിപക്ഷത്തിനോടൊപ്പമിരുന്ന് പ്രതിഷേധ സമരങ്ങൾക്കായി ഒരു ഒഴിഞ്ഞ സ്ഥലം കണ്ടെത്തുകയും ജനങ്ങളുടെ നിത്യജീവിതത്തിനെ ബാധിക്കാത്ത രീതിയിലുള്ള പ്രതിഷേധ മുറകൾ കൊണ്ടുവരിക. ഏറ്റവും നന്നായി, സുതാര്യമായി പ്രവർത്തിക്കുന്ന എം.എൽ.എമാരെ കണ്ടെത്താനും അവർക്ക് അംഗീകാരം നൽകുവാനും ശ്രമിക്കുക. ജാതി, മത, സാന്പത്തിക സംവരണത്തിന് പകരം സാന്പത്തികമായി പിന്നോക്കമുള്ളവരെ സഹായിക്കുവാനും അതുവഴി മറ്റുള്ളവരോടൊപ്പം വളരാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക. ജനപ്രതിനിധികൾ അവർ ചിലവാക്കുന്ന പണത്തിന്റെ കണക്ക് ഒരു പൊതു വെബ്സൈറ്റ് വഴിയും സോഷ്യൽ മാധ്യമങ്ങൾ വഴിയും നിരന്തരം അപ്ഡേറ്റ് ചെയ്യുക.
ആനകളെ വശത്താക്കാൻ ആനകളെ തന്നെ പ്രയോഗിക്കണമെന്ന പോലെ പണം സ്വരൂപിക്കുവാൻ പണം തന്നെ പ്രയോഗിക്കണമെന്ന കൗടില്യന്റെ ചിന്തകളാണ് പുതിയ സർക്കാർ ഭരണസാന്നിധ്യമേറ്റെടുക്കുന്പോൾ എനിക്കോർമ്മ വരുന്നത്. കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിനെ പ്രൊമോട്ട് ചെയ്യുവാൻ കുറച്ച് പണം ചിലവാക്കിയാൽ വിദേശികളെ ആകർഷിക്കുവാനും അത് വഴി നല്ല ഒരു വരുമാനം ഉണ്ടാക്കുവാനും സാധിക്കും.
തമിഴ്നാട്ടിൽ ജയലളിത ഇലക്ഷനു മുന്പും ഇലക്ഷൻ സമയത്തും ഒഴുക്കിയത് കോടികളാണ്. സൗജന്യമായി ടി.വിയും സൈക്കിളും അരിയും ഭക്ഷണവും ഒക്കെ വീടുകളിലെത്തിക്കുക്കയും അതുവഴി സൗജന്യ കിറ്റുകൾ വോട്ടായി മാറ്റുകയും ചെയ്തു. ജയലളിതയുടെ പ്രധാന വരുമാനം തമിഴ്നാട്ടിൽ നിന്നുള്ള വ്യവസായ മേഖലയിൽ നിന്നുള്ള നികുതി പണമാണ്. ഇതിന് പുറമെ രാഷ്ട്രീയക്കാർക്ക് ലഭിക്കുന്ന കൈമടക്ക് കേരളത്തിലെ പോലെ വിവിധ നേതാക്കന്മാരിലേയ്ക്കൊഴുക്കാതെ വന്ന് വീഴുന്നത് ജയലളിതയുടെ മടിശീലയിൽ മാത്രമാണ്. അതുകൊണ്ട് തന്നെ പണം കൊണ്ട് അമ്മാനമാടാനും അതുവഴി തന്റെ പ്രവർത്തകരെയും വോട്ടർമാരെയും വരുതിയിൽ നിർത്തുവാനും അവർക്ക് സാധിക്കുന്നു.
അർത്ഥശാസ്ത്രത്തിൽ കൗടില്യൻ പറഞ്ഞിരിക്കുന്നത് യോഗക്ഷേമത്തിനും രക്ഷണത്തിനും ആവശ്യമായ അർത്ഥം അഥവാ ഭൗതിക വിഭവ സന്പത്ത് ആവശ്യത്തിന് കൂടുതൽ ഉണ്ടാവുന്പോഴാണ് ആ രാജ്യം കോശ ശക്തി പ്രാപിക്കുന്നത്. എന്നാണ് രാജ്യത്തിന്റെ എല്ലാ വികസനവും കോശഘടനയായ ട്രഷറിയുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. അർത്ഥമില്ലെങ്കിൽ ഭൗതിക വിഭവങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. ഉൽപാദനവും പ്രത്യുൽപ്പാദനവും ലാഭവും ഉണ്ടാക്കില്ല. ഗാട്ടിലൂടെ രൂപപരിണാമം കൊണ്ട ലോക വ്യാപാര സംഘടനയുടെ (WTO) ബഹുരാഷ്ട്ര കുത്തക കീടനാശിനികൾ കന്പനികൾ അവരുടെ കീടനാശിനിയ്ക്കനുയോജ്യമായ വിത്തെറിയുന്പോൾ നഷ്ടപ്പെടുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠതയാണ്. കൃഷി ഭുമി സംരക്ഷണം, വിദ്യാഭ്യാസ മേഖലയെ നവീകരിക്കുക, തൊഴിലാളികൾക്കും മുതലാളികൾക്കും തുല്യ പരിഗണ നല്കി വ്യവസായ മേഖല ശക്തിപ്പെടുത്തുക. പോലീസുക്കാർക്ക് പരിപൂർണ സ്വന്തത്രം നൽകുക എന്നതാകട്ടെ പുതിയ സർക്കാറിന്റെ നയങ്ങൾ എന്ന വിശ്വാസത്തോടെ പുതിയ മന്ത്രി സഭയ്ക്ക് എല്ലാ വിധ ആശംസകളും.