മഷി പുരണ്ട ജീവിതങ്ങൾ


മെസപ്പൊട്ടോമിയയിൽ നിന്നാണ് അവൻ എത്തിയത്. പേർഷ്യ, അഫ്ഗാനിസ്ഥാൻ വഴി മുന്നോട്ട് നയിച്ചത് ചിറകുള്ള സ‍ർപ്പമായ ദാരികനായിരുന്നു. 

ഇടവഴിയിൽ അവർ കാത്തിരിക്കുന്നുണ്ടായിരുന്നു. അധിനിവേശത്തിന്റെ പാതയിൽ മറഞ്ഞിരുന്ന് രണ്ട്പേർ കാളിയനും, വീരഭദ്രനും.

ആര് ജയിക്കും എന്നത് തന്നെയായിരുന്നു പ്രധാന ചോദ്യം. ഏറ്റുമുട്ടലിന്റെയും പോരിന്റെയും ആർപ്പുവിളിയുടെയും ആരവത്തിൽ അവൻ വീണു. രണഭൂമിയിൽ എല്ലാം നഷ്ടപ്പെട്ട്, ദ്രാവിഡരുടെ നായകനായ ദാരികൻ!

സർപ്പങ്ങളും മൃഗങ്ങളും തിങ്ങിപ്പാർക്കുന്ന പാതാളഭൂമിയായ ഭാരതത്തിന്റെ ഒരറ്റത്ത് അവർ വീണ്ടും ഏറ്റുമുട്ടി. നേതാവില്ലാതെ ഒറ്റക്കെട്ടായി നിന്ന ദ്രാവിഡരും, കാളിയന്റെയും വീരഭദ്രന്റെയും ഗോത്രത്തിൽ പുലഹ-പുലസ്ത്യരും പരസ്പരം കൊന്ന് നിലവിളിച്ചപ്പോൾ അവർ സമാധാന ചർച്ചയിലെത്തി. ഈ കാട്ടിൽ ഒരു രാജാവ് വേണം. ആ രാജാവിന് ഒരു പ്രധാനമന്ത്രി വേണം. ആ പ്രധാനമന്ത്രിക്ക് കുറേ മന്ത്രിമാർ വേണം. ആ മന്ത്രിമാർക്ക് കുറേ അനുചരന്മാർ വേണം. അവസാനം തീരുമാനമായി.

അങ്ങിനെ മെസപ്പൊട്ടോമിയയിൽ നിന്നും വന്ന നിരവധി ഗോത്രങ്ങളെ വലയിൽ കുടുക്കി ഭൃഗു രാജ്യ പുരോഹിതനായി. അംഗിരസ്സിന്റെ നേതൃത്വത്തിലുള്ള ഗോത്രക്കാർ പ്രധാനമന്ത്രിയും സർവ്വ സൈന്യാധിപനും മന്ത്രിമാരുമായി. 

അധികാരത്തിന്റെ തിമർപ്പിൽ കാടായ കാടുകൾ വെട്ടി നിരത്തി മലമുകളിൽ കുടിലുകൾ കൊട്ടാരങ്ങളാക്കി ദ്രാവിഡർ ഭരിച്ച് തുടങ്ങിയപ്പോൾ പുലഹ-പുലസ്ത്യർ വീണ്ടും അനീതിക്കെതിരെ പ്രതികരിച്ചു തുടങ്ങി.

സത്യം ജയിക്കുമെന്ന് പ്രാഥമിക വിശ്വാസം സത്യമായി.ദ്രാവിഡർ നീങ്ങി തുടങ്ങിയ ഭൂമിയിൽ പുലഹ-പുലസ്ത്യർ വിജയക്കൊടി പറപ്പിച്ചു. വിജയത്തിന്റെ ആഘോഷങ്ങളായി  കാവുകളിൽ തിറയും പടയണിയും മുടിയേറ്റവും ആഘോഷിച്ചു.

പിന്നീട് നാട്ടുരാജാക്കന്മാരെ അടുപ്പിച്ച് വൈദേശിക ശക്തി ഭരണത്തിന്റെ താക്കോൽ ഏറ്റെടുത്തപ്പോൾ ലക്ഷ്യമിട്ടത് സങ്കുചിതമായ മനസുകളെയായിരുന്നു. പണവും പ്രതാപവും മാത്രം ലക്ഷ്യമിട്ട ഒരു ജനസമൂഹവും രാജാക്കന്മാരെയും ഉണർത്തിയത് പേനകൾക്ക് വാളിനെക്കാൾ മൂർച്ച വന്നപ്പോഴാണ്. വാക്കുകൾ തോക്കുകൾ ആയി മാറിയപ്പോൾ, ചിന്തകൾ ബോംബുകളായി, സമരങ്ങളായി, അതിലൂടെ സ്വാതന്ത്ര്യവും അതിന് പിറകെ ജനാധിപത്യവും വന്നു.

സ്വാതന്ത്ര്യമാണ് മനുഷ്യനെ അസ്വസ്ഥനാക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്ന് ഭാരതീയർ തിരിച്ചറിഞ്ഞതും ഇതിനു ശേഷമാണ്. കൽതുറങ്കിൽ അടയ്ക്കപ്പെട്ട തടവുപുള്ളിയെക്കാൾ അസംതൃപ്തരാണ് സ്വതന്ത്രരായ രാജ്യത്ത് ജീവിക്കുന്ന പൗരന്മാർ. കൽതുറങ്കിൽ ഉള്ളവന് പരിമിതികളെ കുറിച്ചും, സ്വതത്രത്തിന്റെ അതിരുകളെ കുറിച്ചും അറിയാമായിരുന്നു. സ്വാതന്ത്ര്യം അവകാശമാണ് വാഗ്ദാനം ചെയ്യുന്നത്. നേടാൻ പറ്റാത്ത അവകാശങ്ങളാണ് അസംതൃപ്തിയുടെ കാരണവും. കണ്ടാമൃഗം സന്തോഷത്തോടെ ബോറടിക്കാതെ ചെളിക്കുഴിയിൽ കഴിയുന്നതും മൃഗങ്ങൾ തലയിട്ടടിച്ച് ആത്മഹത്യ ചെയ്യാത്തതും സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധമില്ലാത്തതു കൊണ്ടാണ്.

ക്രൂരന്മാർ കൂടുതലുള്ള സമൂഹത്തിൽ അവർ തിരഞ്ഞെടുക്കുന്ന നേതാവും ക്രൂരനായിരിക്കും. പക്ഷേ മണ്ടന്മാർ കൂടുതലുള്ള സമൂഹത്തിൽ തിരഞ്ഞെടുക്കപ്പെടുക മണ്ടരെ പറ്റിക്കുവാൻ ബുദ്ധിയുള്ള നേതാവിനെയായിരിക്കും.

തൊലിക്കട്ടി കൂടിയ കണ്ടാമൃഗവും ആരെയും കടിച്ച് കീറുന്ന ജയിക്കുവാൻ വേണ്ടി മരിക്കുവാൻ വരെ തയ്യാറായി നിൽക്കുന്ന കടുവയും മൂക്ക് കയർ പൊട്ടിച്ച് അമറുന്ന പോത്തും നമ്മെ ജനാധിപത്യത്തിന്റെ വനാന്തരങ്ങളിലേയ്ക്ക് കൊണ്ടുപോയി അലറുന്പോൾ അറിയാതെ നടുവിരലിന് പകരം ചൂണ്ടുവിരലിൽ മഷി പുരട്ടി തലകുനിച്ച് നിൽക്കുന്പോൾ ആരോ പറയുന്നുണ്ട്.

മഷി വെറും മഷിയല്ല. തെറ്റായി പുരട്ടിയാൽ കാലത്തിന് വരെ മായ്ക്കാൻ പറ്റാത്ത കറയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മഷിയിട്ട് നോക്കിയാൽ പോലും കാണാത്ത ചിലരുണ്ട്... ജാഗ്രതെ!

You might also like

Most Viewed