മാറ്റത്തിന്റെ കാറ്റടിക്കുന്പോൾ
സൗദിയിൽ മൊബൈൽ കടകൾക്ക് പിന്നാലെ ഹോട്ടൽ, ആരോഗ്യം, ഊർജം എന്നീ മേഖലകൾ നൂറ് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കുവാൻ തീരുമാനിച്ചതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചിരിക്കുന്നു.
ഇത് ഒരു മാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്. പ്രവാസികളുടെ സാന്നിദ്ധ്യമില്ലാതെ നടത്താൻ പറ്റില്ലെന്ന് നമ്മൾ കരുതിയ പല മേഖലകളിലും അറബ് വംശജകരെ കൊണ്ട് മാത്രം നടത്തുവാൻ പറ്റുമെന്ന ആത്മവിശ്വാസം സൗദി അറേബ്യ പോലുള്ള രാജ്യത്തിന് കൈവന്നിരിക്കുന്നു.
ഇതോടെ ഗൾഫ് മേഖലയിലെ മിക്ക രാജ്യങ്ങളും വ്യാപാര വ്യവസായ മേഖലയിലും തൊഴിൽ മേഖലയിലും അവരുടെ നിയമങ്ങൾ മാറ്റുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
ബഹ്റിനിലും അത്തരമൊരു മാറ്റത്തിന്റെ സൂചനകൾ ആരംഭിച്ചു കഴിഞ്ഞതായി അടുത്തിടെ മാറ്റം വരുത്തിയ ചില നിയമങ്ങൾ വഴി മനസ്സിലാക്കാവുന്നതാണ്. ബഹ്റിനിൽ ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുവാനായി വളരെ നല്ല മാറ്റങ്ങളാണ് നടത്തിയിരിക്കുന്നത്.
വർഷങ്ങളായി ദുരുപയോഗം ചെയ്യപ്പെടുന്ന ചില നിയമ വ്യവസ്ഥകളെക്കുറിച്ച് മനസ്സിലാക്കുകയും അതിൽ വരുത്തേണ്ട തിരുത്തുകൾ നടത്തുകയും ചെയ്യുന്പോൾ ഗുണം കിട്ടുന്നത് യഥാർത്ഥത്തിൽ ഇവിടെ കഴിയുന്ന പ്രവാസികൾക്കാണ്.
സ്പോൺസറുടെ ലൈസൻസ് വാടകയ്ക്കെടുത്ത് ബിസിനസ് ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികൾ ബഹ്റിനിലുണ്ട്. കോൾഡ് സ്റ്റോർ മുതൽ റിയൽ എേസ്റ്ററ്റ് ഏജൻസികൾ വരെ ഇത്തരത്തിൽ നടത്തുവാൻ വലിയ ഒരു സംഖ്യ എല്ലാ മാസവും സ്പോൺസർ ഫീസ് ആയി നൽകി വരുന്നുണ്ട്.
ഇത്തരം ഒരു സന്പ്രദായം ഒഴിവാക്കാനാണ് ബഹ്റിനികളില്ലാതെ തന്നെ ഒട്ട് മിക്ക മേഖലയിലും ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള അവസരം പ്രവാസികൾക്ക് ഇപ്പോൾ സർക്കാർ തുറന്ന് കൊടുത്തിരിക്കുന്നത്. ഇതോടൊപ്പം പല കന്പനികളും സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നിർബന്ധമായി ബഹ്റിനികളെ നിയമിക്കണമെന്ന നിയമം ഭൂരിപക്ഷം പേരും ലംഘിക്കുന്നുണ്ട്. ബഹ്റിനികളെ ജോലിക്ക് നിയമിക്കുന്നതിന് പകരം പകുതി ശന്പളം നൽകി ക്വാട്ട തികയ്ക്കുകയാണ് പതിവ്.
ഇത്തരമൊരു ദുരുപയോഗം തിരുത്തുവാൻ വേണ്ടിയാണ് ഇപ്പോൾ ബഹ്റിനിയെ നിയമിക്കുന്നതിന് പകരം 300 ബി.ഡി നൽകിയാൽ മതിയെന്ന് പുതിയ നിയമവും നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.
ബഹ്റിനിൽ സർക്കാർ വാടകയ്ക്ക് നൽകിയ പല സ്ഥലങ്ങളുടെയും വാടക ഇപ്പോൾ പുതുക്കിയിരിക്കുകയാണ്. മുന്പ് നൽകിയതിന്റെ മൂന്നിരട്ടിയോളം വർദ്ധനവ് വരെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നടപ്പാക്കി കഴിഞ്ഞിരിക്കുന്നു.
പ്രകൃതി വിഭവങ്ങളുടെ വിറ്റ് വരവിലുള്ള ഗണ്യമായ കുറവ് കാരണം സ്വയം പര്യാപ്തമാകാനുള്ള വഴികൾ തേടുകയാണ് ഗൾഫ് രാജ്യങ്ങൾ. എണ്ണ ഖനനം ചെയ്ത് ലഭിച്ച വരുമാനം അധികകാലം തുടരാനാകില്ല എന്ന തിരിച്ചറിവാണ് ഇത്തരമൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്.
സ്വാഭാവികമായിട്ടും ഇനി വരുന്ന നാളുകളിൽ ഗൾഫിൽ പിടിച്ച് നിൽക്കണമെങ്കിൽ കഠിനാദ്ധ്വാനവും കഴിവും ഉണ്ടായേ പറ്റുകയുള്ളൂ. എട്ട് മണിക്കൂർ പണിയെടുക്കുന്ന വ്യക്തി അത് പത്ത് മണിക്കൂർ ആക്കുവാനും പറ്റാവുന്നത്ര ചിലവുകൾ കുറയ്ക്കുവാനും ശ്രമിക്കണം.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ജീവിതം കൂടുതൽ മത്സരബുദ്ധിയോടെ നേരിടേണ്ടി വരുമെങ്കിലും കഴിവുള്ളവർ ബഹുമാനിക്കപ്പെടുകയും, അംഗീകരിക്കപ്പെടുകയും, അവരുടെ അവകാശങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ദിവസങ്ങളായിരിക്കും വരാനിരിക്കുന്നത് എന്നതിൽ സംശയമില്ല.
കാറ്റിനനുസരിച്ച് പാറ്റുകയെന്ന് പറയുന്നത് പോലെ ഇപ്പോഴത്തെ ഒഴുക്കിനനുസരിച്ച് നീന്തുകയെന്നത് തന്നെയായിരിക്കട്ടെ വരും ദിവസങ്ങളിലെ ചിന്തകൾ.