തെറ്റായ കുറെ ശരികൾ

അഞ്ച് വർഷത്തിന് ശേഷമാണ് അവരെല്ലാവരും ഒത്തുകൂടിയത്. ചായക്കടയിലെ പരിമിതമായ ഒരു സ്ഥലത്ത് അവർ ഇരുന്നു. വിവിധ ജാതിയിലുള്ള മതത്തിലുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഇരുപത് പേർ.
ഇന്ന് റൊക്കം നാളെ കടം എന്നെഴുതിയ വലിയ നോട്ടീസും ‘രാഷ്ട്രീയം പറയരുത്’ എന്നെഴുതിയ ഒരു കുഞ്ഞ് നോട്ടിസും ചുമരിൽ കിടന്ന് എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ടിരുന്നു.
അതിൽ ഏറ്റവും കുറിയവനാണ് എല്ലാവരെയും അഭിസംബോധന ചെയ്ത് പറഞ്ഞ് തുടങ്ങിയത്.
ഇന്നത്തെ കൂട്ടായ്മ മുൻവർഷങ്ങളിലുണ്ടായിരുന്ന പോലെ തികച്ചും സുതാര്യമായും സത്യസന്ധതയോടും നടത്തുവാൻ നമ്മൾ തീരുമാനിച്ചിരിക്കുന്നു. വിവിധ ജാതി, മത വിശ്വാസങ്ങളെ മാനിച്ച് ഇന്ന് എല്ലാവർക്കും കഴിക്കുവാനായി മൂന്ന് തരത്തിലുള്ള ബിരിയാണിയാണ് തയ്യാറാക്കി വെച്ചിരിക്കുന്നത്. ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും വെജിറ്റബിൾ ബിരിയാണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ കൂട്ടായ്മയിലെ എല്ലാ ചിലവും നമ്മളെല്ലാം തുല്യമായി പങ്കു വെയ്ക്കുന്നു. ഇന്ന് ഈ കൂട്ടായ്മയിൽ ഒത്തുചേർന്ന് സൗഹൃദ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും നന്ദി.
സ്വാഗത പ്രസംഗം കഴിഞ്ഞതും കൂട്ടത്തിൽ പത്ത് പേർ ചിക്കൻ ബിരിയാണിയും ആറ് പേർ മട്ടൻ ബിരിയാണിയും മൂന്നു പേർ വെജിറ്റബിൾ ബിരിയാണിയും മതിയെന്ന് പറഞ്ഞു. മൂലയിൽ ഇതൊക്കെ കണ്ടിട്ടും മിണ്ടാതിരിക്കുന്ന താടിവെച്ച ഒരാൾ എന്തായാലും പ്രശ്നമില്ല എന്ന് പറഞ്ഞപ്പോൾ എല്ലാവരും ഇത്തിരി അത്ഭുതത്തോടെ അയാളെ നോക്കി. പിന്നെ വിവിധ അംഗങ്ങളിൽ നിന്നുള്ള ഉപദേശങ്ങളായിരുന്നു. താങ്കൾ ചെയ്യുന്നത് ശരിയല്ല. എന്തെങ്കിലും തിരഞ്ഞെടുത്തേ മതിയാകൂ. ഇത്തരം ഒരു അവസരം ദുരുപയോഗപ്പെടുത്തുന്നത് തെറ്റാണ്. ഈയൊരു സംവിധാനത്തെ നിങ്ങൾ വെല്ലുവിളിക്കരുത്.
എല്ലാവരുടെയും നിർബന്ധം സഹിക്കുവാൻ പറ്റാതെ അവസാനം അയാൾ ആ സത്യം പറഞ്ഞു. പറഞ്ഞതാകട്ടെ ഇത്തിരി ഉച്ചത്തിലും ‘എനിക്കിഷ്ടം കഞ്ഞിയും, ചമ്മന്തിയുമാണ്. അതിവിടെയില്ല. അതുകൊണ്ടാണ് എന്തായാലും പ്രശ്നമില്ല എന്ന് പറഞ്ഞത്.’
ചുറ്റും കൂടി നിന്നവർ ആശ്ചര്യത്തോടെ പരസ്പരം നോക്കി. എന്തോ സ്വകാര്യമായി ചർച്ച ചെയ്ത് ഒറ്റക്കെട്ടായി ഉച്ചത്തിൽ അയാളെ നോക്കി പറഞ്ഞു. ‘ഇയാൾ നെക്സലൈറ്റാ....’
∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗
അമ്മയുടെ വിരലിലെ മഷി കണ്ടിട്ടാണ് മകൾ ചോദിച്ചത്. അമ്മേ ഈ മഷി മായാൻ കുറെ നാൾ എടുക്കുമോയെന്ന്... ഉത്തരം പറഞ്ഞത് അപ്പൂപ്പനാണ്.
ചെയ്ത തെറ്റുകൾ അത്ര പെട്ടെന്നൊന്നും മായ്ച്ചു കളയുവാൻ പറ്റില്ല മോളെ...
∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗ ∗
അച്ഛന്റെ മടിയിൽ തല ചായ്ച്ച് ഇത്തിരി സംശയത്തോടെ മകൻ ചോദിച്ചു. എഴുപത് വയസ്സ് കഴിഞ്ഞ അമ്മൂമ്മയും പതിനെട്ട് വയസ്സ് മാത്രം കഴിഞ്ഞ ചേച്ചിയും അമ്മയും ഒക്കെ വൊട്ട് ചെയ്യുവാൻ പോയി. അച്ഛൻ മാത്രം എന്താ ഇവിടെ മടിയും പിടിച്ചിരിക്കുന്നത് ?
മകന്റെ തലയിൽ തടവി അയാൾ പറഞ്ഞു. ഒരു മനുഷ്യന്റെ ശരാശരി ആയുസ് ഒരു 80 വർഷം മാത്രമാണ്. അതിൽ ഒരു 30 വർഷം നമ്മൾ ഉറങ്ങി തീർക്കും. ഒരു പതിനഞ്ച് വർഷം പഠനത്തിനായി പോകും. പിന്നെ ഒരു 30 വർഷം ജോലി സ്ഥലത്ത് പോകും. ഇതൊക്കെ കഴിഞ്ഞ് കുടുംബത്തോടൊപ്പം ചിലവിടുവാൻ കിട്ടുന്ന സമയം ഒരു അഞ്ച് വർഷം മാത്രം. മണ്ടന്മാരായ ഭൂരിപക്ഷം ഉള്ള ജനാധിപത്യ വ്യവസ്ഥയിൽ എടുക്കുന്ന തീരുമാനവും മണ്ടൻ തീരുമാനങ്ങൾ ആയിരിക്കും. അതുകൊണ്ട് തന്നെ ഈ വ്യവസ്ഥിതിയിൽ വിജയിക്കുന്നവർ മണ്ടന്മാരെ പറ്റിക്കുന്ന ബുദ്ധിമാന്മാരാണ്. ഞാൻ ആർക്ക് വോട്ട് ചെയ്താലും നാട് നന്നാക്കുവാൻ എനിക്ക് പറ്റില്ല. പക്ഷെ കുറച്ച് സമയം നിന്നോടൊപ്പം ചിലവിട്ടാൽ നിന്നെ നന്നാക്കുവാനും അത് വഴി ഒരു നല്ല മനുഷ്യനെയും, ഈ രാജ്യത്തിന് ഒരു നല്ല പൗരനേയും നൽകുവാൻ കഴിയും. ബുദ്ധിയുള്ളവർ നല്ല നേതാക്കന്മാരെ കണ്ടെത്തുകയല്ല ചെയ്യേണ്ടത് നല്ല തലമുറയെ സൃഷ്ടിക്കുകയാണ്. ഞാൻ ഇപ്പോൾ ചെയ്യുന്നതും അത് തന്നെയാണ്. പാതി മയക്കത്തിൽ മകൻ വെറുതെ ചിരിച്ച് കൊണ്ടിരുന്നു.