ചില കുബേര ചിന്തകൾ
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ബഹളങ്ങളിൽ മുങ്ങിത്താഴുന്പോഴാണ് ഞാനയാളെ കണ്ടതും പരിചയപ്പെട്ടതും. കീശയിലുള്ള മോബ്്ളോയുടെ പേന അഹങ്കാരത്തോടെ എല്ലാവരേയും നോക്കി ചിരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാൻ അതിന്റെ തലയിൽ തടവി ഫിൽറ്റർ കോഫി നുണഞ്ഞ് അമർഷത്തോടെ അയാൾ ചോദിച്ചു. സന്പന്നനാവുന്നത് ഒരു തെറ്റാണോ? ഞാൻ സ്വയം പരിചയപ്പെടുത്തുവാൻ നീട്ടിയ ബിസിനസ്സ് കാർഡ് വാങ്ങാതെ സ്വർണ്ണ ബ്രെയ്സ്്ലെറ്റ് ഇട്ട കൈകൾ ഒന്ന് കുലുക്കി സുഹൃത്ത് വീണ്ടും ചോദിക്കുകയാണ്. സങ്കല്പിക്കുവാൻ പോലും പറ്റുമോ മുതലാളിമാരില്ലാത്ത ഒരു ലോകം? ഫാക്ടറികളില്ലാത്ത, ഉത്പാദനമില്ലാത്ത, ഉത്പാദനക്ഷമത ഉപയോഗിക്കപ്പെടാത്ത ഒരു രാജ്യം?
മുൻവർഷങ്ങളിൽ പ്രവാസി സമ്മാനം സന്പന്നർക്ക് നൽകി എന്ന പൊതുവേദിയിലെ ആരോപണം കേട്ട് കുപിതനായിരിക്കുകയാണ് ഇദ്ദേഹം. സംഗതി ഇത്തിരി ‘സീരിയസ്’ ആണ് എന്ന തിരിച്ചറിവിൽ ഞാൻ അദ്ദേഹത്തോട് പേരും നാടും ചോദിക്കാതെ ഉത്തരത്തിലേക്ക് കടന്നു.
ഒരു തൊഴിലാളിയുണ്ടാവണമെങ്കിൽ മുതലാളി വേണം, ഉത്പാദനം ഉണ്ടാകണമെങ്കിൽ മുതൽ വിൽക്കപ്പെടണം. മുതൽ വിൽക്കണമെങ്കിൽ വിപണിയിൽ വാങ്ങാൻ പ്രാപ്തിയുള്ള വ്യക്തികൾ വേണം. ഉത്തരം ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹത്തിന്റെ നോട്ടത്തിൽ തന്നെ വ്യക്തമായി.
മലയാളികൾക്ക് സന്പന്നരെ പുച്ഛമാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ, അവർ സന്പന്നരെ ആക്ഷേപിക്കുന്നു. അധിക്ഷേപിക്കുന്നു. അവർ യാത്ര ചെയ്യുന്ന കാറും, ധരിക്കുന്ന കോട്ടും, കഴിക്കുന്ന ഭക്ഷണവും കുളിക്കുന്ന കുളിമുറിയും എല്ലാം ഇവർക്ക് പുച്ഛമാണ്. പക്ഷെ എല്ലാവർക്കും തൊഴിൽ വേണം, നല്ല ശന്പളം വേണം, ശന്പളം കൃത്യസമയത്ത് തന്നെ കിട്ടണം, വർഷാവർഷം ഇൻക്രിമെന്റ് വേണം. എന്നിട്ട് തൊഴിയെല്ലാം മുതലാളിക്ക്. ശരിക്കും മുതലാളിയാണ് തൊഴിലാളി.
അമേരിക്ക പോലുള്ള രാജ്യങ്ങൾ വളർന്നത് അവർ മുതലാളിമാരെ പ്രോത്സാഹിപ്പിച്ചു എന്നുള്ളത് കൊണ്ടാണ്. ഇന്ത്യയിൽ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ വളരുന്നതും ഇതുകൊണ്ടുതന്നെ. ഏതെങ്കിലും പ്രവാസി ഗൾഫ് ജീവിതം മതിയാക്കി കേരളത്തിൽ പോയി ഫാക്ടറി തുടങ്ങുമോ? ഒന്നുകിൽ കോയന്പത്തൂർ, അല്ലെങ്കിൽ ബാംഗ്ലൂർ അതുമല്ലെങ്കിൽ ഗുജറാത്ത്?
പതിനായിരക്കണക്കിന് മലയാളികളാണ് ബാംഗ്ലൂരിൽ ബിസിനസ്സ് നടത്തി സുഖമായി ജീവിക്കുന്നത്. കേരളത്തിലെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് എന്നീ ജില്ലകളിൽ ഇവർ ബിസിനസ്സ് തുടങ്ങിയിരുന്നുവെങ്കിൽ കേരളം എത്ര വളർന്നിട്ടുണ്ടാകും.
സർക്കാരിനും പ്രതിപക്ഷത്തിനും ജനങ്ങൾക്കും സന്പന്നരെ വെറുപ്പാണ്. രമേശ് ചെന്നിത്തല തുടങ്ങിയ ഒരു പ്രോജക്ടിന്റെ പേര് തന്നെ തെറ്റാണ്. ‘ഓപ്പറേഷൻ കുബേര’യെക്കുറിച്ചാണ് സുഹൃത്ത് പറഞ്ഞു തുടങ്ങിയത്.
പതിനായിരം വർഷം ജലത്തിൽ തലകീഴായി നിന്ന് തപസ്സ് ചെയ്ത്, പിന്നീട് ഒറ്റക്കാലിൽ പഞ്ചാഗ്നി മധ്യത്തിൽ തപസ്സനുഷ്ഠിച്ചപ്പോഴാണ് ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട്, കുബേരന് പുഷ്പകവിമാനവും, പത്മനിധിയും, ശംഖനിധിയും നൽകി അഷ്ടദിക്പാലകരിൽ ഒരാളാക്കിയത്. രാമരാവണയുദ്ധം നടന്നപ്പോൾ കുബേരൻ, ബോധം നഷ്ടപ്പെട്ട രാമന് മന്ത്രജലം നല്കി രക്ഷിച്ചിരുന്നു.
കുബേരൻ ആരുടേയും പണം തട്ടിയെടുത്തിട്ടില്ല. സ്വന്തം സഹോദനായ രാവണനും കാര്യസ്ഥനായ പീരുപാക്ഷനുമൊക്കെയാണ് കുബേരനെ പറ്റിച്ചത്.
അങ്ങിനെയുള്ള കുബേരനെ പോലും അപമാനിക്കുന്ന രീതിയിലാണ് പലിശപ്പണക്കാർക്കെതിരെയുള്ള സ്ക്വാഡിന് കുബേരന്റെ പേരിട്ടത്. ഓപ്പറേഷൻ കുബേര എന്നതിന് പകരം സർക്കാർ ഖജനാവ് കൊള്ളയടിച്ച് ജയിലിൽ പോയ മന്ത്രിമാരുടെ പേരാണ് സംരംഭത്തിന് നല്കേണ്ടത്. ഓപ്പറേഷൻ രാജ, ഓപ്പറേഷൻ രാജീവ് ഗാന്ധി, ഓപ്പറേഷൻ മാണി, ഓപ്പറേഷൻ ബാലകൃഷ്ണപിള്ള എന്നൊക്കെ പേരിടുന്നതിന് പകരം പതിനായിരം വർഷത്തെ കഠിനപ്രയത്നത്തിലൂടെ സന്പന്നനായ കുബേരനെ ‘ഇൻസൾട്ട്’ ചെയ്യുകയാണ് സർക്കാർ ചെയ്തത്.
കൃഷ്ണന്റെ അടുത്ത് അവിലും കൊണ്ടുപോയി സന്പന്നനായ കുചേലന്റെ കഥകേട്ട് മോഹിച്ചിരിക്കുന്നവരാണ് മലയാളികൾ. ജോലി
െചയ്യാതെ സന്പന്നനാവുക. അതാണ് എല്ലാവരുടേയും സ്വപ്നം.
ശരിയാണ്, സാമൂഹ്യപ്രവർത്തകർക്കും അവാർഡ് കൊടുക്കണം, അതുപോലെ ബിസിനസുകാർക്കും അവാർഡ് കൊടുക്കണം. നൂറ് കണക്കിന് മൃതശരീരങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമിച്ചതുപോലെ തന്നെ കരണീയമായ കർമ്മമാണ് പതിനായിരക്കണക്കിന് പ്രവാസികൾക്ക് ജോലി കൊടുത്ത് ആത്മഹത്യയിൽ നിന്ന് രക്ഷിക്കുന്ന മുതലാളിമാരും ചെയ്യുന്നത്.
സുഹൃത്തിനെ സന്തോഷിപ്പിക്കുവാൻ ഞാൻ എന്റെ സ്ഥിരം തിയറി അവതരിപ്പിച്ചു. തൊഴിൽ ഒരു മുതലാണ്. തൊഴിലാളി തൊഴിലിനെ ലാളിച്ചാൽ ആ തൊഴിൽ ഒരു മുതലാകും. അങ്ങിനെ തൊഴിൽ മുതലാക്കിയാൽ ആ തൊഴിലാളിയും മുതലാളിയാകും.
സുഹൃത്ത് എന്റെ കൈപിടിച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു, നിങ്ങൾ ഒരു മുതലാളിയോ? ആ ചോദ്യം ഗാന്ധി നഗറിലെ കൺവെൻഷൻ സെന്ററിന്റെ ചുവരുകളിൽ തട്ടി പ്രകന്പനം കൊണ്ടപ്പോൾ മുൻപിൽ തെളിഞ്ഞു വന്നത് വണ്ടിച്ചെക്ക് കൊടുത്ത് ബഹ്റിനിലെ ജയിലിലായ അഞ്ച് സുഹൃത്തുക്കളുടെ മുഖമാണ്.