നനഞ്ഞ പടക്കങ്ങൾ
ഉത്സവം നടത്തിയില്ലെങ്കിൽ അന്പലത്തിൽ നിന്ന് ദൈവം എവിടെയ്ക്കെങ്കിലും ഒളിച്ചോടുമോ? ഇല്ല എന്നാണ് എന്റെ വിശ്വാസം. പൂജ നടത്തിയില്ലെങ്കിലും പുണ്യാഹം തെളിച്ചിട്ടില്ലെങ്കിലും പഞ്ചാരി മേളമില്ലെങ്കിലും ദൈവം കല്ലിലും മുള്ളിലും ഇരിക്കുന്പോൾ അന്പലത്തിലും എപ്പോഴും ഇരിക്കുന്നുണ്ടെന്ന് തന്നെയാണ് ഹൈന്ദവർ വിശ്വസിക്കുന്നത്.
ഇന്നലെ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ഉയർന്നുവന്ന ആവശ്യം കരിമരുന്ന് പ്രയോഗം നിരോധിക്കുക എന്നതായിരുന്നു. ജനം എപ്പോഴും ഇങ്ങിനെയാണ്. തേങ്ങ വീണു കുമാരൻ മരിച്ചു എന്നറിഞ്ഞാൽ നാടായ നാട്ടിലെ തെങ്ങെല്ലാം വെട്ടാൻ പറയും. തോണി മറിഞ്ഞ് മൊയ്തീൻ മരിച്ചെന്നറിഞ്ഞാൽ പുഴയായ പുഴയെല്ലാം മണ്ണിട്ട് മൂടാൻ പറയും. ടൈറ്റാനിക് കപ്പൽ കടലിൽ മറിഞ്ഞ് കാൾ ഹൊക്കിലി മരിച്ചു എന്നറിഞ്ഞാൽ കടൽവെള്ളം വറ്റിച്ച് മരുഭൂമിയാക്കാനും പറയും. സ്വാഭാവികമായിട്ടും വലിയൊരു ദുരന്തം കഴിഞ്ഞാൽ പ്രതികരണങ്ങൾ പലപ്പോഴും വൈകാരികമായിരിക്കും.
ഉത്സവം ഓരോരുത്തർക്കും ഓരോ തരത്തിലുള്ള സന്തോഷങ്ങളാണ് നൽകുക. മെലിഞ്ഞ് വിളറിയ കാലും ഉന്തിയ വയറുമുള്ള ഒരു ബാല്യത്തിലേയ്ക്ക് ഉത്സവം കടന്നുവരുന്നത് പലപ്പോഴും ഈച്ച പാറുന്ന ഹലുവ കഷണങ്ങളുടെ മധുരമായാണ്. യൗവനത്തിന്റെ പടിവാതിലിൽ കയറി നിൽക്കുന്ന പ്രണയിനിക്ക് ഉത്സവം കടന്ന് വരിക വിവിധ നിറങ്ങളിൽ കുലുങ്ങി ചിരിക്കുന്ന കുപ്പിവളകളായാണ്. അച്ഛന്റെ കൈ മുറുകെ പിടിച്ച് അന്ധാളിപ്പോടെ ചുറ്റും നോക്കുന്ന ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന ബാലന്റെ മുന്പിൽ ഉത്സവം ആകാശത്തിൽ തത്തിക്കളിക്കുന്ന ബലൂണുകളെ പോലെയാണ്. പരസ്പരം വെല്ലുവിളിക്കുന്ന, തെറി പറയുന്ന, പരിഭവം പറയുന്ന, നിലവിളിക്കുന്ന പഞ്ചാരിമേളവും, അത് കഴിഞ്ഞ് രാക്ഷസ ഗർജനങ്ങളായ്, നക്ഷത്രത്തിളക്കവുമായി ആകാശത്തുയരുന്ന വർണവിസ്മയങ്ങളോട് കൂടിയ കരിമരുന്ന് പ്രയോഗമായിരുന്നു ഉത്സവമേളകളിലേക്ക് എന്നെ നയിച്ച ഘടകങ്ങൾ.
സോമാലിയയിൽ പട്ടിണി കിടക്കുന്നവരുണ്ട് എന്ന് പറഞ്ഞ് കേരളത്തിൽ ചെരിപ്പിടാതെ നടക്കണം എന്ന പറയുന്ന ചിലരുണ്ട്. മീൻ കറി വെക്കാൻ ഒരു പുതിയ ചട്ടി വാങ്ങിയാലും കറങ്ങിയടിക്കുവാൻ ഒരു മോട്ടോർ ബൈക്ക് വാങ്ങിയാലും പുതിയ മൊബൈൽ വാങ്ങിയാലും ഉടുപ്പ് വാങ്ങിയാലും ഇവർ സോമാലിയയെക്കുറിച്ച് പറയും. ഇപ്പോഴും കേരളത്തിൽ പട്ടിണി കിടക്കുന്നവരുണ്ട് എന്ന് പരിഭവിക്കും. കേരളത്തിൽ ജോലി ചെയ്യുവാൻ തയ്യാറുള്ള ഒരു വ്യക്തിക്കും പട്ടിണി കിടക്കേണ്ട ആവശ്യം ഇന്നില്ല. ആരും തിരിഞ്ഞ് നോക്കാത്ത ആരോഗ്യപ്രശ്നങ്ങളുള്ള വാർദ്ധക്യ സഹജമായ അസുഖങ്ങളുളള ആൾക്കാരെ സഹായിക്കുവാൻ നൂറ് കണക്കിന് എൻ.ജി.ഒകൾ ഉള്ള സ്ഥലമാണ് കേരളം. കേരളക്കാർക്ക് അത്യാവശ്യം ചില ആഢംബരങ്ങളൊക്കെ ആകാം. കരിമീൻ വറുക്കാനും ഊട്ടിയിൽ പോകാനും ഹൗസ് ബോട്ടിൽ താമസിച്ച് ആഘോഷിക്കുവാനും പറ്റുന്നവർ എത്രയും പെട്ടെന്ന് ഇതൊക്കെ ചെയ്ത് തീർക്കണം. ജീവിതം ആഘോഷിക്കുവാനുള്ളതാണ്. ഒപ്പം വളരെ ചെറുതും!
അന്പലത്തിൽ ആനകളെ കെട്ടിവലിച്ച് എഴുന്നെള്ളിക്കുന്നതിനെ എതിർക്കുന്ന വ്യക്തിയാണ് ഞാൻ. കൊടും ചൂടിൽ, ജനക്കൂട്ടത്തിനിടയിൽ, ചെണ്ടയുടെ ബഹളത്തിനിടയിൽ മണിക്കൂറുകളോളം ക്ഷമയോടെ നിൽക്കുന്ന ആനയെ കണ്ട് പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏതോ ഉത്സവചടങ്ങിന്റെ ഭാഗമായിട്ട് ആനയുടെ വാലിൽ പിടിച്ച് ഓടിപ്പിക്കുന്ന ചടങ്ങ് കണ്ടു. ഇതിനൊക്കെ എതിരായി മൃഗസ്നേഹികൾ കോടതി കയറാത്തത് എന്തുകൊണ്ട് എന്നാണ് എനിക്ക് മനസിലാകാത്തത്? ആനയായാലും പൂച്ചയായാലും വളർത്തുന്നതും സംരക്ഷിക്കുന്നതും നല്ലത് തന്നെ. അത് നിയമം അനുസരിച്ചാവണം എന്ന് മാത്രം. ചെണ്ടമേളവും നാട്ടിൻപുറത്തെ നാടകങ്ങളും സംഗീതനിശയും വെടിക്കെട്ടുമൊക്കെയാണ് ഉത്സവത്തെ ഉത്സവമാക്കി മാറ്റുന്നത്. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആഘോഷങ്ങളിലൊന്ന് വിഷുവാണ്. നിലത്ത് കിടന്ന് പരക്കം പായുന്ന ചക്രവും ആകാശത്തേക്ക് വിക്ഷേപിക്കുന്ന കുഞ്ഞിറോക്കറ്റും വർണ്ണ മരമായി ഉയരുന്ന പൂക്കുറ്റിയും വിരലറ്റത്ത് പൊട്ടിച്ചിരിക്കുന്ന കന്പിത്തിരിയും എന്നെ അന്നും ഇന്നും സന്തോഷിപ്പിക്കുന്നു. ഇതേ സന്തോഷത്തിന്റെ വലിയൊരു പതിപ്പാണ് ഉത്സവങ്ങളിൽ നടക്കുന്ന വെടിക്കെട്ടും നൽകുന്നത്. വെടിക്കെട്ട് കാണുവാൻ മാത്രം ഉറക്കം ഒഴിഞ്ഞ് കാത്തിരിക്കുന്നവരിൽ വലിയൊരു വിഭാഗം അന്യമതസ്ഥരുമുണ്ട്. വെടിക്കെട്ടിനും വർണ്ണത്തിനും അതിലെ വിസ്മയത്തിനും ജാതിയും മതവും പ്രായവും ലിംഗഭേദവുമൊന്നുമില്ലല്ലോ?
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇല്ലാത്തത് നിയമവ്യവസ്ഥകളെ മാനിക്കുന്ന പൗരസമിതിയാണ്. വെടിക്കെട്ട് നടത്തുന്പോൾ വേണ്ട സ്ട്രോംഗ് റൂം, അനുവദിച്ച തോതിലുളള വെടിക്കോപ്പുകൾ, സർക്കാർ നിഷ്കർഷിച്ച സുരക്ഷ സന്നാഹത്തോടെ നടത്തിയാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പറ്റുന്നതേയുള്ളൂ. ഇന്നലെ നടന്ന ദുരന്തത്തിന് കാരണക്കാരായ ഉത്സവ കമ്മിറ്റിയിലെ പ്രമുഖരെ നിയമപരമായി ശിക്ഷിക്കണം. അത്തരം വാർത്തകൾ മാധ്യമങ്ങൾ വെണ്ടക്ക അക്ഷരത്തിൽ നൽകി മറ്റുള്ളവരെ ബോധവാന്മാരാക്കണം.
ഓവർ സ്പീഡിൽ വണ്ടി ഓടിക്കുന്ന ഡ്രൈവറും, വീഴാറായ തേങ്ങ പറിക്കാതെ തലയിൽ വീഴാൻ കാത്തിരിക്കുന്ന ഗൃഹനാഥനും, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ സർക്കസ് കളിക്കുന്ന ചെറുപ്പക്കാരന്റെയും മനസുള്ളവരാണ് മാറേണ്ടത്. ഇന്നലെ മരണം വിതച്ചത് വെടിക്കെട്ടല്ല. പകരം തലയിൽ ആൾത്താമസമില്ലാത്ത ഉത്സവകമ്മിറ്റിക്കാരാണ്. ആനയുടെ വാലിൽ പിടിച്ച് ഓടിപ്പിക്കുന്ന ധീരന്മാർ പറ്റുമെങ്കിൽ വിവരമിലാത്ത സംഘാടകരുടെ പൃഷ്ഠഭാഗത്ത് ഒരു ചെറിയ മാലപ്പടക്കമോ, അതുമല്ലെങ്കിൽ ഓലപ്പടക്കമോ പൊട്ടിച്ചാൽ നന്നായിരുന്നു.