പോക്കു വെയിലിനും ചിലത് പറയുവാനുണ്ട് !


സൂര്യപ്രകാശം പരത്തുന്ന പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തെ ഇരുട്ടിലാക്കിയ സരിതയും അതുവഴി ഉണ്ടായ അമാവാസിയിൽ ശ്വാസം തടസം അനുഭവിച്ച നേതാക്കന്മാരെക്കുറിച്ചുമാണ് വർഷങ്ങളായി പ്രവാസികളായ നമ്മളും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്.

പക്ഷേ സൂര്യപ്രകാശത്തെ വർഷങ്ങളായി ദർശിക്കാത്ത പ്രവാസികളും അതുവഴി അവർ അനുഭവിക്കുന്നതും അനുഭവിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ചും പലരും ബോധവാന്മാരായിട്ടില്ല എന്നതാണ് സത്യം.

കേരളത്തിൽ നിന്ന് മദിരാശിയിൽ പോയാൽ കറുത്ത് കരുവാളിച്ച് പോകുന്ന മലയാളി ഗൾഫിലെത്തിയാൽ തുടുത്ത് ചുവക്കുന്നു. ഇതിനുള്ള പ്രധാന കാരണം ഭക്ഷണത്തിലും ജീവിത നിലവാരത്തിലുമുള്ള മാറ്റവും ഒപ്പം സൂര്യതാപം തട്ടാതെയുള്ള ജീവിതവുമാണ്.

കഴിഞ്ഞ ദിവസം ബഹ്റിനിലെ ഒരു പ്രശസ്ത ചർമ്മരോഗ വിദഗ്ദ്ധനെ കണ്ടപ്പോഴാണ് സൂര്യഘാതം ഏൽക്കാതിരിക്കുവാൻ പലരും വാരിക്കോരി തേയ്ക്കുന്ന സൺസ്ക്രീൻ ലോഷ്യൻ ഇന്ത്യക്കാ‍ർ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞത്. സായിപ്പന്മാരും വളരെ വെളുത്ത നിറമുള്ള വിദേശിയരും സ്കിൻ കാൻസർ വരാതിരിക്കുവാനാണ് ഇത്തരം ലോഷനുകൾ ഉപയോഗിക്കുന്നത്. ഇന്ത്യക്കാരുടെ ചർമ്മത്തിന്റെ നിറം ഇരുണ്ടതായതു കൊണ്ട് സ്കിൻ കാൻസ‍‍‍‍ർ വരാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരം സൺസ്ക്രീൻ ഉപയോഗിച്ചാൽ വിറ്റമിൻ ഡി നമ്മുടെ ശരീരത്തിലേയ്ക്ക് വരാനുള്ള സാധ്യത തടയുകയും അതുവഴി അസുഖം വരാനുള്ള സാദ്ധ്യത കൂടുകയുമാണ് ചെയ്യുന്നത്. പല സൺസ്ക്രീനും ആദ്യം ഉപയോഗിക്കുന്പോൾ മുഖത്തിന് വെളുപ്പു നിറം നൽകുമെങ്കിലും പിന്നീട് അത് കറുപ്പിക്കുകയാണ് ചെയ്യുന്നതത്രെ.

പ്രവാസികളിൽ പലരും പ്രോസ്ട്രേറ്റ് കാൻസർ, പ്രമേഹം, ബ്രസ്റ്റ് കാൻസർ, അമിതവണ്ണം എന്നീ പ്രശ്നങ്ങളാൽ വലയുന്നവരാണ്. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിറ്റമിൻ ഡിയുടെ കുറവാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

പലരും ഓഫീസ് മുറിയിലും കാറിലും ഇരിക്കുന്പോൾ ജനാലയിലൂടെ വരുന്ന സൂര്യപ്രകാശം വിറ്റമിൻ ഡി ശരീരത്തിന് നൽകുമെന്ന് വിശ്വസിക്കുന്നവരാണ്. യഥാർത്ഥത്തിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിച്ചാൽ മാത്രമേ അൾട്രാ വയലറ്റ് രശ്മികൾ വഴി നമുക്ക് വിറ്റമിൻ ഡി ലഭിക്കുകയുള്ളൂ.

ഇരുണ്ട നിറമുള്ള ഇന്ത്യക്കാർക്ക് വെളുത്ത ശരീരമുള്ളവരെ അപേക്ഷിച്ച് 30 ഇരട്ടി സൂര്യപ്രകാശം ശരീരത്തിന് ആവശ്യമാണ്. 32 ശതമാനത്തോളം ഡോക്ടർമാരും, വിദ്യാർത്ഥികളും, നഴ്സുമാരും, ഓഫീസ് ജോലിക്കാരും വിറ്റമിൻ ഡിയുടെ കുറവുള്ളവരാണെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു! എല്ലുകൾക്ക് ബാധിക്കുന്ന ബലക്ഷയവും, റിക്കറ്റും സോറിയാസിസ് പോലുള്ള രോഗങ്ങളും വിറ്റമിൻ ഡിയുടെ ദൗർലഭ്യം മൂലം അധികമാകുന്ന അസുഖങ്ങളാണത്രേ!

അമിതവണ്ണം തടയുവാനും സൂര്യപ്രകാശം ഉപകരിക്കും. ഒരു പൊണ്ണത്തടിയന് ഒരു സാധാരണ വ്യക്തിയെക്കാൾ രണ്ടിരട്ടി സൂര്യപ്രകാശം ആവശ്യമാണത്രേ! ഗൾഫിലുള്ള പല വീട്ടമ്മമാരും ഡിപ്രഷനിലേയ്ക്ക് വീഴുന്നതിനുള്ള കാരണവും സൂര്യപ്രകാശം ലഭിക്കാത്തതു വഴി ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങളാലാണെന്ന് കരുതപ്പെടുന്നു.

ഇന്ത്യക്കാർ സൂര്യനെ ബഹുമാനിക്കുകയും ആ സ്രോതസിന്റെഗുണത്തെ മനസ്സിലാക്കുകയും ചെയ്തവരാണ്. മൂന്ന് വേദങ്ങളിലും കാണുന്ന ഒരു വൈദിക മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. ഇവിടെ സവിതാവ് സൂര്യനാണ്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യൻ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെയെന്നാണ് മന്ത്രത്തിന്റെ സാരം. ഇതുപോലെ പല യോഗാവസ്ഥകൾ കൂടി ചേർന്നതാണ് സൂര്യ നമസ്കാരം. സൂര്യ നമസ്കാരം ഇപ്പോൾ വിവിധ മതവിഭാഗങ്ങൾ വിവിധ പേര് നൽകി ഒരു ജീവിത ചര്യയായി മാറ്റിയിട്ടുണ്ട്. ഇത് നല്ല ഒരു പ്രവണത തന്നെ. സൂര്യനെ ഓർക്കുന്ന ഏതെങ്കിലും ഒരുപ്രാർത്ഥന അതിനെ ഗായത്രി മന്ത്രമെന്നൊ, ശോശാമ്മ വചനമെന്നൊ, പാത്തുമ്മ ചൊല്ലുകളെന്നോ പേരിട്ടു വരും തലമുറയ്ക്ക് എല്ലാ മതസ്ഥരും പകർന്ന് നൽകിയാൽ അത് സൂര്യനെകുറിച്ചും, സൂര്യന്റെ ഗുണത്തെകുറിച്ചും വരും തലമുറ മറക്കുവാതിരിക്കുവാൻ ഉപകരിക്കും.

ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ, ഫാർമസി കന്പനിക്ക് കാശ് കൊടുക്കാതെ ദൈവം സൗജന്യമായി നൽകുന്ന വിറ്റമിൻ ഡിയെ ഉപയോഗപ്പെടുത്താതെ മുറിയിൽ ഇരുന്ന് വെയിലിനെ വെറുക്കുന്നവർ അറിയുക. നിങ്ങളെ കാത്തിരിക്കുനത് പ്രോെസ്റ്ററ്റ് കാൻസറും, റിക്കറ്റും, സോറിയാസിസും, ബ്രെസ്റ്റ്‌ കാൻസറും, അമിത വണ്ണ
വും, വിഷാദവും, മാനസിക പിരിമുറുക്കവുമാണ്. ജാഗ്രതൈ !

 

You might also like

Most Viewed