ഉത്തരമില്ലാത്ത ചോദ്യങ്ങൾ - പി ഉണ്ണികൃഷ്ണൻ
പാതിയുറക്കത്തിന്റെ ആലസ്യത്തിൽ ഉറക്കച്ചുവയോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതാൻ സ്കൂളിലേയ്ക്ക് തിരിക്കുന്ന മകനോട് മംഗളാശംസകൾ നേർന്നപ്പോഴാണ് അവൻ പറഞ്ഞത്. എന്നെ പരീക്ഷിക്കുവാൻ മാത്രമൊന്നും സി.ബി.എസ്.ഇ വളർന്നിട്ടില്ലായെന്ന്!
സത്യം പറഞ്ഞാൽ അപ്പോഴാണ് ‘പരീക്ഷ’ എന്ന വാക്കിന്റെ അർത്ഥതലങ്ങളെക്കുറിച്ച് ഞാനും ചിന്തിച്ച് തുടങ്ങിയത്. വിജയൻ മാഷ് സൂചിപ്പിച്ചപോലെ യുദ്ധം ചെയ്യുകയാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് കരുതിയ ഒരു സമൂഹത്തിൽ ആദ്യകാല വിദ്യാഭ്യാസ പരീക്ഷകൾ ആയുധ പരീക്ഷകളായിരുന്നു. ഏറ്റവും ദൂരത്തിൽ ഞാൺ കുലയ്ക്കാൻ പ്രാപ്തിയുള്ള നീളമുള്ള ബാഹുക്കളോട് കൂടിയവനെ മഹാബാഹുബലിയെന്ന് വിശേഷിപ്പിച്ച് ജനം ആദരിച്ചു. വിദ്യാഭ്യാസത്തിന്റെ ആദ്യകാലങ്ങളിൽ പരീക്ഷയിൽ വിജയിയാകുന്നവൻ ‘വികസനം’ എന്ന വാക്കുകൊണ്ട് ലക്ഷ്യം വെച്ചത് സാമ്രാജ്യങ്ങൾ കെട്ടിപ്പെടുക്കുക എന്നത് തന്നെയായിരുന്നു. ചെങ്കിസ്ഖാനും അശോകനും നെപ്പോളിയനും ടിപ്പുവും ഒക്കെ ആകുക എന്നതായിരുന്നു വിദ്യ ആയുധമായി കണ്ടവർ സ്വപ്നം കണ്ടിരുന്നത്.
കാറൽ മാർക്സ് പ്രോലെറ്റെറിയനും ബൂർഷ്വയും തമ്മിലുള്ള അന്ത
രം വിവരിച്ചതും സന്പത്തിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു.
പിന്നീട് വിദ്യാധനം മഹാധനമാണെന്നും വിദ്യയാൽ സന്പന്നരകാം എന്ന് വിശ്വസിച്ച ഒരു പുതിയ മദ്ധ്യവർഗ്ഗം ഉടലെടുത്ത്, അതിൽ പലരും സർക്കാർ ജീവനക്കാരായപ്പോൾ കീശയിൽ കാശില്ലാത്ത ബൂർഷ്വാ സ്വഭാവമുള്ളവരായി അവർ മാറുകയും ചെയ്തു.
അങ്ങിനെയാണ് രണ്ടു കൈയും കൂപ്പി വില്ലേജ് ഓഫീസറുടെ മുൻപിൽ കർഷകൻ ഭയഭക്തി ബഹുമാനത്തോടെ നിൽക്കുന്ന ചിത്രം പാഠപുസ്തകത്തിൽ പ്രിൻറ്റ് ചെയ്ത് കാർഷികരാജ്യമായ ഇന്ത്യയിലെ വിദ്യാലയങ്ങളിൽ നമ്മൾ വിതരണം ചെയതത് !
പിന്നീട് വിദ്യാലയത്തെ ദേവാലയമെന്ന് വിശേഷിപ്പിച്ച് ദേവാലയങ്ങൾ നിർവ്വഹിക്കുന്ന ത്രിമുഖധർമ്മം വിദ്യാലയത്തിനും അനിവാര്യമാണെന്ന് കച്ചവടകണ്ണോടെ ചിലർ വരുത്തിയപ്പോൾ വിദ്യാഭ്യാസത്തിനും മതത്തിന്റെ സ്വഭാവങ്ങൾ വന്നു. അങ്ങിനെ അദ്ധ്യാപകർ ചോദ്യം ചെയ്ത് കൂടാത്ത മതാദ്ധ്യക്ഷന്മാരായിമാറുകയും, പാഠപുസ്തകങ്ങൾ ചോദ്യം ചെയ്തു കൂടാത്ത മതഗ്രന്ഥങ്ങളായി തീരുകയും ചെയ്തു. അങ്ങിനെയുള്ള സന്പ്രദായത്തിൽ പഠിച്ച് വളർന്ന വിദ്യാർത്ഥികളിൽ, മോക്ഷം കാംക്ഷിക്കുന്ന ആത്മാക്കൾക്ക് മതം നിർബന്ധമാണെന്ന് പറയുന്ന പോലെ, സാമൂഹിക മോക്ഷം ലഭിക്കുവാൻ വിദ്യാലയത്തിൽ ശരണം പ്രാപിക്കണമെന്ന ചിന്ത കടന്നുവന്നു.
എമിൽ ഡർഖിം, ടാൽക്കോട്ട്, പാർസൺസ് തുടങ്ങിയ മനഃശാസ്ത്രജ്ഞർ നാല് തരം മുഖ്യധർമ്മങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നതെന്ന് സ്ഥാപിച്ചു. അതിൽ ആദ്യത്തേത് സംസ്കാര പ്രസരണം, പിന്നീട് സമൂഹവൽക്കരണം, അതും കഴിഞ്ഞ് തൊഴിൽ സേനയെ സൃഷ്ടിക്കൽ അവസാനത്തേത് യോഗ്യതയുടെ അടിസ്ഥാനങ്ങളിലൂടെ തരം തിരിക്കൽ എന്നിവയായിരുന്നു.
പിന്നീട് നാം കണ്ടത് ആദ്യം പറഞ്ഞ രണ്ട് ഘടകങ്ങളും ഒഴിവാക്കി, തൊഴിൽ സേനയെ മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന വിദ്യാഭ്യാസ കച്ചവടമാണ്. വിദേശരാജ്യങ്ങളിലടക്കം വിൽക്കുവാൻ പറ്റുന്ന ഉൽപ്പന്നങ്ങളാക്കി വിദ്യാർത്ഥികളെ മാറ്റുവാൻ മതപരമായ സംഘടനകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും മത്സരിച്ചു തുടങ്ങി.
ഒന്നാം റാങ്ക് ലഭിക്കുന്ന വിദ്യാർത്ഥി വിദ്യാലയം എന്ന ദേവാലയത്തിലെ ഉയർന്ന ജാതിക്കാരനാവുകയും ശാരീരിക ശക്തി കൂടുതലുള്ള, സാമൂഹ്യപ്രവർത്തനങ്ങളിൽ താൽപര്യമുള്ള, പാഠപുസ്തകം മനഃപാഠമാക്കുവാൻ ഒരുന്പെടാതെ വിദ്യാർത്ഥികളെ കീഴ്ജാതിക്കാരുമാക്കി മാറ്റി.
ഒരു വിദ്യാലയത്തിന്റെ സംസ്കാരവും ചിട്ടകളും നിയമങ്ങളും ഒക്കെ ഒരു വിദ്യാർത്ഥിയുടെ അബോധമായ ചില മനോഭാവങ്ങളും ധാരണകളും സ്വഭാവ വിശേഷങ്ങളും വളർത്തിയെടുക്കുന്ന അദൃശ്യ പാഠ്യപദ്ധതിയെ (hidden curriculum) ഫിലിപ്പ് ജാക്ക്സൺ എന്ന സാമൂഹ്യശാസ്ത്രജ്ഞനാണ് ആദ്യമായി വിവരിച്ചത്.
കൈയക്ഷരം നന്നാക്കാനായി കോപ്പിയെഴുതിപ്പിക്കുന്നതും അച്ചടക്ക
വും ചിട്ടയുള്ള കുട്ടിയെ ക്ലാസ് ലീഡറാക്കുന്നതും അദൃശ്യപാഠ്യപദ്ധതിയുടെ ഭാഗം തന്നെ.
ജ്ഞാനം അഥവാ അറിവ് നേടുന്നത് ബാഹ്യലോകവുമായി ഇടപെടുന്നതിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളാണ്. അറിവിന്റെ അടിസ്ഥാനം അന്നും ഇന്നും ജീവിക്കാൻ വേണ്ടി, ഭക്ഷണം സന്പാദിക്കുവാൻ വേണ്ടി, മനു
ഷ്യനടക്കമുള്ള അന്യജന്തുക്കളുടെ ഭക്ഷണമായിത്തീരാതിരിക്കുവാൻ വേണ്ടിയും ഒപ്പം കുറച്ച് ആത്മസന്തോഷത്തിനും വേണ്ടിയായിരുന്നു.
വികസനം അന്നും ഇന്നും ഭൂമിശാസ്ത്രപരമായ കീഴടക്കലും വിദ്യാഭ്യാസം ഇത്തരം വികസനത്തിന് വേണ്ടിയുള്ള യന്ത്രങ്ങളും റോബോ
ട്ടുകളും യുദ്ധവിമാനങ്ങളും കന്പ്യൂട്ടർ പ്രോഗ്രാമുകളും ഉണ്ടാക്കുക തന്നെയാണ്.
അടിസ്ഥാനപരമായി വിപണന സാധ്യത മാത്രം ലക്ഷ്യം വെച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നേറുന്പോൾ പരീക്ഷകൾ കേവലം ഒരു കരിയറിസം മാത്രമാകുന്നു. മാർക്സ് പറഞ്ഞ ഭരണവർഗ്ഗവും മേലാളൻമാരും മറ്റുള്ളവരിൽ വളർത്തിയെടുക്കുവാൻ ശ്രമിക്കുന്ന പല മൂല്യങ്ങളുടെ മാധ്യമം കൂടിയാണ് തൊഴിൽ വിദ്യാഭ്യാസം.
ഇങ്ങിനെ വരുന്പോൾ മകൻ പറഞ്ഞത് പോലെ പുതു തലമുറയുടെ സ്വതന്ത്ര ചിന്തകൾ പരീക്ഷിക്കുവാൻ ഏത് പാഠ്യപദ്ധതിക്കാണ് പറ്റുക എന്ന ചോദ്യമാണ് എന്റെ മുൻപിൽ ഇന്നത്തെ ഉത്തരം നൽകുവാൻ സാധിക്കാത്ത ഏറ്റവും വലിയ ചോദ്യം.