കീരിടം-രണ്ടാം ഭാഗം
സമയം ഉച്ച കഴിഞ്ഞിട്ടും, കർട്ടനിടയിലൂടെ വെയിൽ ബെഡ്റൂമിലേയ്ക്ക് ഒളിഞ്ഞ് നോക്കി പരിഹസിച്ചിട്ടും മകൻ കൂസല്ലിലാതെ ബ്ലാങ്കറ്റ് തലയിൽ മൂടി, പുതച്ച് കിടന്നുറങ്ങുകയാണ്.
ഉരുട്ടി വിളിച്ച്, തട്ടി വിളിച്ച്, ഉച്ചത്തിൽ അട്ടഹസിച്ചപ്പോൾ ബ്ലാങ്കറ്റ് നീക്കി മകൻ പറഞ്ഞു അച്ഛാ, ഗ്ലോബൽ വാമിങ്ങ് വലിയ പ്രശ്നങ്ങളാണ് ഭൂമിയിൽ സൃഷ്ടിക്കുന്നത്.
രാവിലെ ഉറക്കമുണരുന്നതും ആഗോളതാപനവുമായി എന്താ ബന്ധം എന്ന എന്റെ ചിന്തയെ കീറിമുറിച്ചു മകൻ തുടർന്നു.
ഗ്ലോബൽ വാമിങ്ങ് കാരണം ലോകമെന്പാടും പകൽ സമയത്ത് ചൂട് കൂടിക്കൂടി വരികയാണ്. ഇനി കുറച്ച് വർഷങ്ങൾക്കുള്ളിൽ മനുഷ്യൻ പകൽ സമയത്ത് പുറത്തിറങ്ങാത്ത അവസ്ഥ വരും. മൂങ്ങയെപ്പോലെ രാത്രി മാത്രം പുറത്തിറങ്ങുന്ന ജീവിയായി മനുഷ്യൻ മാറും. അപ്പോൾ അത്തരമൊരു മാറ്റം നമ്മുടെ മനസ്സിനും ശരീരത്തിനും സ്വീകരിക്കുവാൻ ബുദ്ധിമുട്ടായി വരും. അതുകൊണ്ട് എന്നെപ്പോലുള്ള ന്യൂ ജനറേഷൻ പിള്ളേർ ഇപ്പോഴെ അത്തരമൊരു സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ അഡോപ്റ്റ് ചെയ്ത് തുടങ്ങിയിരിക്കുന്നു!
നട്ടുച്ചവരെ കിടന്നുറങ്ങുന്ന മകനെയുണർത്താൻ പോയ ഞാൻ കരങ്ങൾ രണ്ടും കൂപ്പി. മനസ്സിലായി മകനേ എല്ലാം മനസ്സിലായി എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുന്പോഴാണ് മകളുടെ വരവ്.
ചേട്ടൻ പറഞ്ഞതിലെന്താ തെറ്റ്? അഞ്ചാം ക്ലാസ് പാസാകാത്ത നമ്മുടെ നാട്ടിലെ കുഞ്ഞിരാമേട്ടൻ മൊബൈലിൽ വിഡിയോ എടുക്കുന്നു. പാട്ട് കേൾക്കുന്നു. വാട്സ്ആപ്പിൽ വോയ്സ് മെസേജ് അയക്കുന്നു. കാലത്തിനനുസരിച്ച് കാര്യങ്ങൾ അഡോപ്റ്റ് ചെയ്യാൻ പഠിക്കണം.
പണ്ടൊക്കെ അച്ഛന്റെ കാലത്ത് വേറൊരു ജാതിയിൽ നിന്ന് വിവാഹം കഴിച്ചാൽ വരെ വലിയ പ്രശ്നമായിരുന്നു. പിന്നീട് വേറൊരു മതത്തിൽ നിന്ന് വിവാഹം കഴിച്ചാൽ പ്രശ്നമായിരിന്നു. ഇപ്പോൾ പുരുഷൻ പുരുഷനെയും സ്ത്രീകൾ സ്ത്രീകളെയും കല്യാണം കഴിക്കുന്ന കാലമായി.
അറിയാത്ത പുരുഷനും സ്ത്രീയും എങ്ങിനെ വിവാഹം കഴിക്കും എന്ന പഴയ ചോദ്യത്തിന് പകരം ഇനി എന്റെയൊക്കെ വിവാഹം നടക്കുന്ന സമയം വരുന്പോൾ സ്വന്തം മക്കളുടെ സാന്നിദ്ധ്യമില്ലാതെ എങ്ങിനെ വിവാഹം നടത്തും എന്നതായിരിക്കും ഞങ്ങളുടെ പ്രധാന ചോദ്യം.
എല്ലാം അഡോപ്റ്റ് ചെയ്യാൻ പഠിക്കണം അച്ഛാ അതുകൊണ്ട് മനസ്സ് ഇപ്പോഴേ അഡ്ജസ്റ്റ് ചെയ്തു തുടങ്ങിക്കോ എന്ന മക്കളുടെ ഡയലോഗ് കേട്ട് തരിച്ചിരുന്നപ്പോഴാണ് ഞാൻ ചിന്തിച്ചത്.
നമ്മളറിയാതെ നമ്മൾ പലതും കാലത്തിനനുസരിച്ച് അഡോപ്റ്റ് ചെയ്യാൻ പഠിച്ചിരിക്കുന്നു. കൺമുന്പിൽ കൊലപാതകം കണ്ടാലും കാണാതെ നടക്കുവാനും അനീതി കണ്ടാൽ എതിർക്കാതെ നടക്കുവാനും നമ്മൾ പഠിച്ചിരിക്കുന്നു.
കേരളത്തിൽ ഇലക്ഷൻ കാലമായിട്ട് പോലും ആക്രമണങ്ങൾ തുടരുകയാണ്. കൊലപാതകങ്ങൾ തുടരുകയാണ്. അഴിമതിയും തുടരുകയാണ്.
വരുന്ന തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്ന രണ്ട് കൂട്ടർ ആക്രമണങ്ങളിലൂടെ അവരുടെ കഴിവ് തെളിയിക്കുന്പോൾ വേറൊരു വിഭാഗം ഭരണം കൈയൊഴിയുന്നതിന് മുന്പ് നടത്തുവാൻ പറ്റുന്ന എല്ലാ അഴിമതികളും നടത്തി അവരുടെ പ്രാഗത്ഭ്യം തെളിയിക്കുകയാണ്.
പീഡന കേസിൽ പ്രതിയാണ് എന്ന് ഉറപ്പുണ്ടായാലും, കൊലപാതക കേസുകളിൽ പ്രതിയാണെന്ന് തിരിച്ചറിഞ്ഞാലും, അഴിമതി വീരനാണെന്ന് ഉറപ്പുണ്ടായാലും, ജനം നിർവ്വികാരനായി ഇവരെ സ്വീകരിക്കുന്നു! ഇതും വർഷങ്ങളിലൂടെ നമ്മൾ നേടിയെടുത്ത കഴിവാണ്. വലിയ വിശാലമായ മനസ്സുള്ളവരാണ് പൊതുജനം എന്ന വോട്ടർമാർ.
വ്യക്തികളെ നോക്കി, അവരുടെ ചരിത്രം പരിശോധിച്ച് വോട്ട് ചെയ്യുന്നില്ലെങ്കിൽ കൂടിയും, രാഷ്ട്രീയ വിശ്വാസങ്ങൾ വഴി വോട്ട് നൽക്കുകയാണെങ്കിൽ കൂടിയും നിങ്ങൾ വോട്ട് നൽകുവാൻ തിരുമാനിച്ച സ്ഥാനാർത്ഥിയെ ഒരു ഭാഗത്ത് വിളിച്ച് നിർത്തി സിനിമ നടൻ തിലകന്റെ ശബ്ദ ഗാംഭീര്യത്തിൽ പറയുക...
‘നേതാവേ, കത്തി താഴെയിടെട..,
നിൻ്റെ വോട്ടർ ആണ് പറയുന്നത്
കത്തി താഴെയിടെടാ !!!!