ഡിങ്കൻ വരുന്ന വഴികൾ
പ്രഭാതത്തിൽ, പാതിയുറക്കത്തിന്റെ ആലസ്യത്തിൽ ഞെട്ടിയുണർന്ന് കണ്ണു തുറന്ന് നോക്കിയപ്പോൾ മുന്പിൽ ദിവ്യജ്യോതിസ്സ് പടർത്തി മഹാപ്രഭാവനായ ഡിങ്ക ഭഗവാൻ നിൽക്കുന്നു. സന്തോഷാധിക്യത്താൽ കണ്ണു തുറക്കുവാനും അടയ്ക്കുവാനും പറ്റാത്ത അവസ്ഥ. വർഷങ്ങളുടെ തപസ്സ് കൊണ്ട് മാത്രം പ്രത്യക്ഷപ്പെടുന്ന ആ ദിവ്യ പ്രകാശത്തിന്റെ അഗ്നി ശോഭയിൽ ഞാൻ വ്യക്തമായി ഡിങ്കനെ കണ്ടു.
എല്ലാം ശ്രവിക്കാൻ പ്രാപ്തിയുള്ള വലിയ ചെവികൾ, ബുദ്ധിവൈഭവത്തെ സൂചിപ്പിക്കുന്ന കൂർത്ത മൂക്ക്, അതിന് മുകളിലായി എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന വലിയ രണ്ട് ഉണ്ട കണ്ണുകൾ. അത്ഭുതപരിഭ്രാന്തനായ് കട്ടിലിൽ നിന്നെഴുന്നേൽക്കാതെ പത്മാസനത്തിലിരുന്ന് ഞാൻ നൂറ്റൊന്ന് പ്രാവശ്യം ഡിങ്ക ഡിങ്ക എന്ന് ഉരുവിട്ട് ആദ്യ ചോദ്യമെറിഞ്ഞു.
ഡിങ്ക മഹാത്മാവേ, അങ്ങ് കാണുന്നില്ലേ ആർഷഭാരത സംസ്കാരത്തിന്റെ പ്രൗഢി നാഴികക്ക് നാൽപത് വട്ടം വിളിച്ചോതിയിരുന്ന ഇന്ത്യ മഹാരാജ്യത്തിൽ നടക്കുന്ന സംഭവങ്ങൾ? പശുവിനെ കൊന്നുവെന്നാരോപിച്ച് ഒരുഭാഗത്ത് ഒരു കൂട്ടർ പ്രായപൂർത്തിയാകാത്ത ഒരു പയ്യനെയും അവന്റെ പിതാവിനെയും കൊന്ന് കെട്ടിതൂക്കിയിരിക്കുന്നു. വേറൊരു വശത്ത് ഒരു കുതിരയുടെ കാല് അടിച്ച് തകർത്തിരിക്കുന്നു.
വത്സാ.... ഇത് കലികാലമാണ്. നിങ്ങൾ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന മിക്ക ൈദവങ്ങളുടെയും ചിത്രങ്ങൾ മനുഷ്യ രൂപത്തിലാണ്. നിങ്ങളിലെ ഭൂരിപക്ഷം പേരും മന
സ്സിൽ കാണുന്ന ദൈവത്തിന്റെ രൂപവും ഭാവവും മനുഷ്യരൂപത്തിൽ തന്നെയാണ്. ഓരോ ജീവജാലത്തിലും ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ട്. പക്ഷേ പോത്തിന്റെ ബുദ്ധിയും വിവരവും പോലുമില്ലാത്തവർ മനുഷ്യരെ അടിച്ചു കൊല്ലുന്പോൾ അവർ കൊല്ലുന്നത് അവരുടെ മനസ്സിലെ ദൈവത്തിനെയാണ്, നന്മയെയാണ്.
എന്തുകൊണ്ടാണ് ഡിങ്കാ, ചില മനുഷ്യർ ഇപ്പോഴും പിശാചുക്കളെ പോലെ പെരുമാറുന്നത്? ഡിങ്ക ഭഗവാൻ തന്റെ അണ്ടർവെയർ ഒന്നു മുറുക്കി കെട്ടി പുഞ്ചിരിയോടെ പറഞ്ഞു.
നോക്കൂ വത്സാ, ഓരോ മനുഷ്യരിലും ഓരോ കെ.പി ഉമ്മർമാരുണ്ട്.കാര്യം മനസ്സിലാകാതെ ഞാൻ ഭക്തിയോടെ കണ്ണും മിഴിച്ച് നിന്നപ്പോൾ ഡിങ്കൻ തുടർന്നു. നാം ഉദ്ദേശിച്ചത് മലയാള സിനിമയിലെ വില്ലനായ കെ.പി ഉമ്മറിനെക്കുറിച്ചാണ്. അങ്ങിനെയുള്ള ഒരു ഉമ്മർ നമ്മുടെ മനസ്സിൽ ഉണരുന്പോൾ നമ്മൾ ഒരു വികാരജീവിയാകും! പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാകും!
എന്താണ് പ്രഭോ ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള പ്രതിവിധി!
ഇന്ത്യ ഒരു വലിയ രാജ്യമാണ് വത്സാ, അതിന്റെ ഒരു ഭാഗത്ത് 22ാം നൂറ്റാണ്ടിലെത്തി നിൽക്കുന്ന പുതുതലമുറയും വേറെ ചില ഭാഗത്ത് 18ാം നൂറ്റാണ്ടിൽ ജീവിക്കുന്ന പ്രാകൃത മനുഷ്യരുമാണ് ഉള്ളത്. വിദ്യാഭ്യാസം ലഭിക്കാത്ത പതിനായിരക്കണക്കിന് ഗ്രാമീണർ ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജീവിക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ രീതി വഴി അഞ്ചാം ക്ലാസ് വരെ പഠിച്ച ഒരുവന് ഓക്സിജനും ഹൈഡ്രജനും ഒരു പ്രത്യേക അനുപാതത്തിൽ കൂട്ടിയാൽ വെള്ളമുണ്ടാകുന്നുവെന്ന് അറിയാം. പക്ഷെ എങ്ങിനെ നല്ല പൗരനാകണം, പിതാവാകണം, മകനാകണം മനുഷ്യനാകണം എന്നതിനെക്കുറിച്ച് വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നില്ല. ഇന്ത്യയുടെ ജുഡ്യീഷറി മൊത്തം മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സായിപ്പന്മാർ എഴുതി വെച്ച പഴയ നിയമപുസ്തകങ്ങൾ മാറ്റി പുതിയ ഇന്ത്യയുടെ ജീവിത സാഹചര്യത്തിനനുസരിച്ച് മാറ്റിയെഴുതണം.
പോലീസിന് കൂടുതൽ അധികാരം നൽകണം. ഏറ്റവും അധികം വികസനം നടക്കുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്കയിൽ, ട്രാഫിക്ക് പോലീസ് കൈ കാണിച്ച് നിർത്താതെ വണ്ടി ഓടിച്ച് പോയാൽ എന്താണ് സംഭവിക്കുക എന്നറിയാമോ?
ഡിങ്കന് അമേരിക്കയെക്കുറിച്ച് പോലും അപാരമായ അറിവുണ്ടെന്ന വസ്തുത എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. എന്തു ചെയ്യും? എന്ന് ഞാൻ ആകാംക്ഷയോടെ പറഞ്ഞപ്പോൾ ഡിങ്കൻ തുടർന്നു.
അവർ വണ്ടി നിർത്തി ഡ്രൈവറോട് പുറത്തിറങ്ങുവാൻ പറയും. പിന്നീട് കൈ രണ്ടും പൊക്കി മുട്ട് മുടക്കി റോഡിൽ ഇരിക്കുവാൻ പറയും. പറഞ്ഞത് കേൾക്കാതിരുന്നാൽ തോക്കെടുത്ത് മുട്ടിന് താഴെ വെടിയുതിർക്കും!
ഡിങ്കൻ ഇത് പറഞ്ഞപ്പോൾ ഞാൻ ഓർത്തത് ഗാവ് രക്ഷാ ദൾ പ്രവർത്തകർ തോക്കും വടിയുമായി ഗുണ്ടായിസം നടത്തുന്പോൾ ഒരു ചെറിയ ലാത്തി
യുമായി നിസ്സംഗതയോടെ നിൽക്കുന്ന പോലീസുകാരനെ കുറിച്ചാണ്.
ചിന്ത കാടുകയറിത്തുടങ്ങിയപ്പോഴേയ്ക്കും ഡിങ്കൻ അപ്രത്യക്ഷനായി കഴിഞ്ഞിരിക്കുന്നു. മുറിയിൽ ഒരു അശരീരി മാത്രം.
ഞങ്ങൾ ഡിങ്കോയിസ്റ്റുകൾ കലാപം നടത്തുന്നില്ല. ജിഹാദ് നടത്തി ബോംബ് ഇടുന്നില്ല. കുരിശ് യുദ്ധവും നടത്തില്ല. നമ്മുടെ ഗ്രന്ഥത്തിൽ ആരെയും കൊല്ലണമെന്ന് പഠിപ്പിച്ചിട്ടില്ല. നമ്മൾ സ്നേഹിക്കാൻ മാത്രമറിയാവുന്ന മുത്താണ്! ഞാൻ വീണ്ടും ഭക്തിയോടെ മനസ്സിൽ ഡിങ്കാ ഡിങ്കാ എന്ന് ഉരുവിട്ട് തുടങ്ങിയപ്പോൾ വാമഭാഗം ആരോടെന്നില്ലാതെ ഉച്ചത്തിൽ പറയുന്നത് കേട്ടു.
വീട്ടിലെങ്ങനയോ ഒരു എലി വന്നിട്ടുണ്ട്. ലാൻലോർഡിനെ വിളിച്ച് പെസ്റ്റ് കൺട്രോൾ ചെയ്യാൻ പറയണം. അല്ലെങ്കിൽ വല്ല പൂച്ചയെയും വാങ്ങണം...