എന്തുകൊണ്ട്? എന്തുകൊണ്ട്?
1. ചത്ത എലിയെ കുഴിച്ചിട്ടിട്ടും, കക്കൂസ് കഴുകിയിട്ടും, മോഡിയെ വാഴ്ത്തി പറഞ്ഞിട്ടും, തരൂരിന്റെ പിറകെ മോഡി സർക്കാർ അന്വേഷണം നീട്ടുന്നത് എന്തുകൊണ്ട്?
2. ശശി തരൂരിന്റെ അവസാനത്തെ ഭാര്യയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടും കോൺഗ്രസ്സ് പാർട്ടി തരൂരിനോട് അന്വേഷണം തീരുന്നത് വരെ മാറിനില്ക്കുവാൻ പറയാത്തത് എന്തുകൊണ്ട്?
3. സരിത എസ് നായരെ ജാമ്യത്തിലെടുക്കുവാനും പറ്റിക്കപ്പെട്ടവരുടെ കാശ് തിരികെ കൊടുക്കുവാനും സാന്പത്തിക സഹായം ചെയ്തവരുടെ പേരും വിവരവും പോലീസ് പുറത്ത് പറയാത്തതും മാധ്യമങ്ങൾ അന്വേഷിക്കാത്തതും എന്തുകൊണ്ട്?
4. ഭരണം ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത സർക്കാർ വാക്ക് പാലിക്കാത്തത് എന്തുകൊണ്ട്?
5. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള പാർട്ടി ഓഫീസുകൾ വിറ്റ് കാശാക്കി പാവപ്പെട്ട തൊഴിലാളികൾക്ക് വീതം വെച്ച് സി.പി.എം സോഷ്യലിസ്റ്റ് മാതൃക കാണിക്കാത്തത് എന്തുകൊണ്ട്?
6. മുല്ലപ്പെരിയാർ പൊട്ടിത്തെറിക്കുമെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞ പി.ജെ ജോസഫ് ഇപ്പോൾ തൊടുപുഴയിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന് പറഞ്ഞ് കൂർക്കം വലിച്ചുറങ്ങുന്നത് എന്തുകൊണ്ട്?
7. കുഞ്ഞാലിക്കുട്ടി, രാജ് മോഹൻ ഉണ്ണിത്താൻ, അബ്ദുള്ളക്കുട്ടി, ജോസ് തെറ്റയിൽ, പീതാംബരക്കുറുപ്പ്, പി.ജെ ജോസഫ് എന്നിവർക്കെതിരെയുള്ള സ്ത്രീപീഡന കേസ് ഒന്നുമാകാതെ ഒതുങ്ങി പോയത് എന്തുകൊണ്ട്?
8. ഒരേ മതപുസ്തകം വായിച്ചിട്ടും അതേ മതത്തിൽ വിശ്വസിക്കുന്നവർ പരസ്പരം വിശ്വാസത്തിന്റേ പേരിൽ പരസ്പരം കൊല്ലുന്നത് എന്തുകൊണ്ട്?
9. സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് പുരുഷന്മാർ മൃഗങ്ങളെ പോലെ ബലാത്സംഗം ചെയ്ത്് കൊല്ലുന്നത് എന്ന് മതനേതാക്കന്മാർ പ്രസംഗിക്കുന്പോൾ വസ്ത്രം ധരിക്കാതെ നഗ്നരായി നടക്കുന്ന മൃഗങ്ങൾ അവരുടെ ഇണയെ പീഡിപ്പിച്ച് കൊല്ലാത്തത് എന്തുകൊണ്ട്?
10. പാമോയിൽ കേസ്, ടൈറ്റാനിയം, കരിമണൽ കേസ് എന്നിവ വർഷങ്ങളായി എവിടെയും എത്താത്തത് എന്തുകൊണ്ട്?
11. ക്രൂഡ് ഓയിൽ വില ഇത്ര കുറഞ്ഞിട്ടും പെട്രോളിനും ഗ്യാസിനും ഇന്ത്യയിൽ വില കുറയാത്തത് എന്തുകൊണ്ട്?
12. ഇന്ത്യയിൽ നിന്നുള്ള സ്വകാര്യവിമാന കന്പനികൾ മരിച്ച പ്രവാസികളുടെ ശവശരീരം തിരിച്ച് കൊണ്ടുപോകാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ട്?
13. ഗുജറാത്തിലെ പോലെ സോളാർ എനർജി ഉപയോഗിച്ച് വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കേരളസർക്കാർ ശ്രമിക്കാത്തത് എന്തുകൊണ്ട്?
14. നിലവാരമില്ലാത്ത ബാറുകൾ പൂട്ടണമെന്ന് സർക്കാർ പറയുന്പോൾ ‘നിലവാരം’ എന്നതുകൊണ്ട് കവി ഉദ്ദേശിക്കുന്നത്, അവിടെ വില്ക്കുന്ന മദ്യത്തിന്റെ നിലവാരമാണോ, ബാറിന്റെ അകത്തെ ഭംഗിയാണോ? അല്ലെങ്കിൽ കുടിയന്റെ നിലവാരമാണോ. ഇതിലേതെങ്കിലുമൊന്നാണെങ്കിൽ അത് നിർവ്വചിക്കാത്തത് എന്തുകൊണ്ട്?
15. കേരളത്തിലെ ജലപാത ഉപയോഗിച്ച് ഗതാഗതമേഖല മെച്ചപ്പെടുത്തുമെന്ന സർക്കാരിന്റെ വാഗ്ദാനം വർഷങ്ങളായിട്ടും നടപ്പിലാകാത്തത് എന്തുകൊണ്ട്?
16. നീന്താൻ പഠിക്കാത്ത മൃഗങ്ങൾ വെള്ളത്തിൽ വീണാൽ നീന്തി രക്ഷപ്പെടുന്പോൾ നീന്തൽ പഠിക്കാത്ത മനുഷ്യൻ മുങ്ങിമരിക്കുന്നത് എന്തുകൊണ്ട്?
17. ശബരിമലയിലെ നെയ്യപ്പം കല്ലപ്പം പോലെ കടിച്ച് പറിക്കാൻ പറ്റാത്ത പ്രസാദമാക്കി മാറ്റിയത് എന്തുകൊണ്ട്?
18. മഹാത്മാ ഗാന്ധി പ്രവാസം മതിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ നൂറാംവർഷം ആഘോഷിക്കുന്പോൾ ഗുജറാത്തിലെ പ്രവാസി ഭാരതീയ ദിവസിൽ ഗാന്ധി വിദേശ വസ്ത്രം കത്തിക്കുന്ന ഡോക്യുമെന്ററി കണ്ട് ആവേശത്തോടെ കയ്യടിച്ച അയ്യായിരത്തിലധികം പ്രവാസികൾ കോട്ടും സ്യൂട്ടും ഇനിയും ഊരാത്തത് എന്തുകൊണ്ട്?
പി. ഉണ്ണികൃഷ്ണൻ