നടക്കുമോ ഈ സ്വപ്നം
മോഡി സർക്കാർ ഭരണത്തിൽ വന്നാൽ ബഹ്റിനടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ എങ്ങിനെ സ്വീകരിക്കും എന്ന ആശങ്കയ്്ക്ക് വ്യക്തമായ ഉത്തരമാണ് ശ്രീമതി സുഷമാ സ്വരാജ് ബഹ്റിൻ സന്ദർശിച്ച് തിരികെ പോയപ്പോൾ നമുക്ക് ലഭിച്ചത്. സൗദി സന്ദർശനം കഴിഞ്ഞ് ബഹ്റിനിൽ തിരിച്ചെത്തിയ ബഹ്റിൻ രാജാവ് കേവലം പതിനഞ്ച് മിനിറ്റിനുള്ളിൽ തന്നെ നമ്മുടെ വിദേശകാര്യ മന്ത്രിയെ കാണുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തത് ബഹ്റിൻ ഇന്ത്യയ്ക്ക് നല്കുന്ന പരിഗണനയുടെ വ്യക്തമായ സൂചനയാണ്. ഒഴിവ് ദിവസമായിട്ടും ബഹ്റിൻ പ്രധാനമന്ത്രിയും സുഷമാ സ്വരാജുമായി ഒരു മണിക്കൂറിലധികം ചർച്ച നടത്തി എന്നതും ശ്രദ്ധിക്കപ്പെടേണ്ട വിഷയം തന്നെ. കാലിഫോർണിയയിൽ നിന്ന് വരെ പല അതിഥികളും ഇവിടെ നടന്ന സമ്മേളനത്തിൽ പങ്കെടുക്കുവാനായി എത്തി എന്നതും ഇതിന്റെ ഗൗരവം മനസിലാക്കി തരുന്നു.
മുൻ വിദേശകാര്യ മന്ത്രിമാർ സന്ദർശിച്ചപ്പോൾ ഇല്ലാതിരുന്ന ഒരു അടുക്കും ചിട്ടയും ഇപ്രാവശ്യം കണ്ടു എന്നതും, ഒപ്പം സ്ഥിരം കാണുന്ന ആൾക്കൂട്ടത്തെ ഒഴിവാക്കി എന്നതും, വ്യക്തമായ പ്രസംഗത്തിലൂടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കി എന്നതും സന്തോഷത്തിന് വക നൽകുന്ന കാഴ്ചകൾ തന്നെ. ബഹ്റിനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറിലേറെ വർഷത്തിന്റെ പാരന്പര്യമുണ്ട്. ഇന്ത്യക്കാരുടെ സംഭാവനകൾ ഓരോ വേദിയിലും നിരന്തരം ഓർമ്മിക്കുന്ന ബഹ്റിൻ രാജകുടുംബം വരും ദിനങ്ങളിൽ ഇന്ത്യയുമായി പരിപൂർണ്ണ സഹകരണത്തിനൊരുങ്ങുകയാണ് എന്നതിനുള്ള തെളിവാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീ(C.I.I)സിന്റെ ആസ്ഥാനം ബഹ്റിനിൽ സ്ഥാപിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത്.
വർഷങ്ങളായി ബഹ്റിനിലെ പ്രവാസികൾ നിരന്തരം ആവശ്യപ്പെടുന്ന ഒരു വിഷയമാണ് (DTAA) ഡബിൾ ടാക്സേഷൻ അവോയിഡൻസ് ആക്ടിൽ ഒപ്പിടുക എന്നത്. ബഹ്റിനുമായി കയറ്റുമതിയും ഇറക്കുമതിയും കൂടുതൽ ഇല്ലാത്തത് കാരണമായിരിക്കാം ഒരു പരിധിവരെ DTAA ഒപ്പിടാൻ ഇന്ത്യൻ സർക്കാർ മടിച്ചിരുന്നത്. ഏതായാലും ഇപ്പോൾ C.I.I യുടെ ആസ്ഥാനം ബഹ്റിനിൽ സ്ഥാപിക്കുന്പോൾ ഏറ്റവും ആദ്യം പരിഗണിക്കപ്പെടേണ്ട വിഷയം DTAA തന്നെയാണ്.
ഇന്ത്യൻ സിവിൽ നിയമത്തിൽ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. അതിൽ സമീപകാലത്ത് തന്നെ നടപ്പാക്കുവാൻ പോകുന്ന ഒരു വിഷയം ക്രയവിക്രയങ്ങളിൽ അല്ലെങ്കിൽ സ്വത്ത് വ്യവഹാരം ചെയ്യുന്പോൾ ലഭിക്കുന്ന ലാഭത്തിന്റെ 30 ശതമാനം വാങ്ങുന്ന വ്യക്തി നേരിട്ട് സർക്കാരിലടക്കണമെന്ന പുതിയ നിയമമാണ്. പലപ്പോഴും പല എൻ.ആർ.ഐ കളും സ്ഥലം വിറ്റ് കിട്ടുന്ന ലാഭത്തിന്റെ മുകളിൽ നികുതിയടക്കാറില്ല എന്നുള്ളതാണ് സത്യം. പക്ഷെ ഇനി മുതൽ രജിസ്ട്രാർ ഓഫീസിൽ സ്ഥലം വില്ക്കുന്ന സമയം തന്നെ ലാഭത്തിന്റെ മുപ്പത് ശതമാനം, വാങ്ങുന്ന വ്യക്തി പണം കെട്ടി രശീത് വാങ്ങിയാൽ മാത്രമേ മറ്റു രേഖകൾ ഒപ്പിട്ടു കിട്ടൂ എന്ന് സാരം.
ഇങ്ങിനെ വന്നാൽ ഏറ്റവുമധികം നഷ്ടമനുഭവിക്കുക ബഹ്റിനിലെ പ്രവാസികൾ തന്നെയാണ്. DTAA ഇനിയും ബഹ്റിനുമായി ഇന്ത്യൻ സർക്കാർ ഒപ്പിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ബഹ്റിനിലെ പ്രവാസികൾക്ക് നഷ്ടപ്പെടുന്നത് ഭീമമമായ ഒരു തുകയായിരിക്കും.
വയലാർ രവിയും, ശശി തരൂരൂം,മോണ്ടേക്ക് സിംഗും ബഹ്റിനിൽ വന്നപ്പോൾ ഈ വിഷയം നേരിട്ടവതരിപ്പിച്ചപ്പോൾ ഇത് കേവലം ചുവപ്പ് നാടയിലെ ഒരു കുരുക്ക് മാത്രമാണെന്നും അത് ഉടൻ ഊരി ഒപ്പിടൽ കർമ്മം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ബഹ്റിൻ രാജാവ് ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രസ്തുത വിഷയം വീണ്ടും ചർച്ചയ്ക്ക് വന്നിരുന്നു. എന്നാൽ അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി ചിദംബരം ഇതിനെ എതിർത്തതിനെ തുടർന്ന് ഇത് നടപ്പാക്കുവാൻ പറ്റാതെ പോയി എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച അറിവ്.
ഏതായാലും വർഷങ്ങളായി ബഹ്റിൻ പ്രവാസികൾ ഉയർത്തുന്ന ഈ പ്രധാന പ്രശ്നം ഫോർ പി.എം ന്യൂസ് ബന്ധപ്പെട്ട മേലധികാരികളിലെത്തിക്കുവാൻ ഒരുങ്ങുകയാണ്. ഇതിനായി ഒരു കൂട്ട ഹർജി ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ശ്രീമതി സുഷമ സ്വരാജിന്റെ ഓഫിസിലേക്കും ഫോർ പി.എം ന്യൂസ് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമാകുവാൻ തയ്യാറുള്ളവർ ഫോർ പി.എം ന്യൂസിന്റെ ഓഫീസുമായി ബന്ധപ്പെടുക. മുൻ ഗവൺമെന്റ് തട്ടി കളിച്ചത് പോലെ മോഡി സർക്കാർ ഈ ഹർജി മാറ്റി വെക്കില്ലെന്നും, പകരം ഇതിന്് വ്യക്തമായ ഒരുത്തരം നൽകുമെന്നും ഞങ്ങൾ കരുതുന്നു.
പി. ഉണ്ണികൃഷ്ണൻ