മുഹറം; ശ്രേഷ്ഠത, ചരിത്രം, സന്ദേശം
വീണ്ടുമൊരു മുഹറം കൂടി പിറന്നിരിക്കുകയാണ്.. ഇസ്്ലാമിക കലണ്ടറിലെ 1437 മത് പുതവർഷമാണ് ഈ മുഹറത്തോടെ ആരംഭിക്കുന്നത് എല്ലാവർക്കും പടച്ച തന്പുരാന്‍റെ ശാന്തിയും സമാധാനവും അനുഗ്രഹവും ആയുരാരോഗ്യവും നിറഞ്ഞ പുതുവത്സരമായിരിക്കട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു.
ഇത്തരുണത്തിൽ പതിവ് പരന്പര മാറ്റിവെച്ച് നമുക്കിനി മുഹറം മാസത്തെ കുറിച്ച് അൽപ്പം ചർച്ച ചെയ്യാം. മുഹറം മാസത്തിന്‍റെ പവിത്രത, ചരിത്രം, പ്രത്യേക കർമ്മങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ വിശദീകരിക്കാനുണ്ടെങ്കിലും സുപ്രധാനമായ ചില കാര്യങ്ങൾ മാത്രം ഇവിടെ വിവരിക്കാം.. ഇൻഷാ അല്ലാഹ്.
പുതുവർഷത്തിലേക്ക് പ്രവേശിക്കുന്പോൾ..
നേരത്തെ സൂചിപ്പിച്ചത് പോലെ ഇസ്്ലാമിക കലണ്ടറിലെ പുതുവർഷമാണിപ്പോൾ പിറന്നിരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പരിവർത്തനങ്ങൾക്ക് നാന്ദി കുറിക്കാൻ പറ്റിയ സന്ദർഭം. ഒപ്പം വന്നുപോയ അവിവേകങ്ങൾ പരിഹരിച്ച് മുന്നേറാനുള്ള പ്രതിജ്ഞകൾക്കുള്ള ടേണിംഗ് പോയിന്‍റുമാണിത്.
വിശുദ്ധ ഖുർആനിലെ ഒരു വചനം ഇപ്രകാരം വായിക്കാം:
അല്ലാഹു പറയുന്നു: “ഓ സത്യ വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, (നിങ്ങളിൽ) ഓരോ ശരീരവും നാളേക്കു വേണ്ടി ഒരുക്കി വെച്ചത് എന്താണെന്ന് നോക്കി വിലയിരുത്തുക, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ അറിവുള്ളവനാണ്. അല്ലാഹുവിനെ മറക്കുകയും അങ്ങനെ, സ്വന്തത്തെ തന്നെ അല്ലാഹു മറപ്പിക്കുകയും (സ്വയം മറക്കുകയും) ചെയ്ത ആളുകളുടെ കൂട്ടത്തിൽ നിങ്ങൾ അകപ്പെടരുത്. നിശ്ചയമായും അവരാണ് ദുർനടപ്പുകാർ” (അദ്ധ്യായം:59 സൂക്തം:18−19).
പ്രവാചകൻ മുഹമ്മദ് നബി(സ) പറഞ്ഞു: “(മനുഷ്യർക്ക്) രണ്ടനുഗ്രഹങ്ങളുണ്ട്. ഏറെയാളുകളും അതിൽ വഞ്ചിതരായിപ്പോകുന്നു. ആരോഗ്യമുള്ള കാലവും ഒഴിവുസമയവുമാണവ”
ഖലീഫ ഉമർ (റ) പറയുന്നു.. “നിങ്ങൾ സ്വയം വിചാരണ ചെയ്യുക, നിങ്ങളെ വിചാരണ ചെയ്യപ്പെടും മുന്പ്, നിങ്ങളുടെ പ്രവർത്തനങ്ങൾ അളക്കപ്പെടും മുന്പ് അവയെ നിങ്ങൾ തന്നെ അളന്നു നോക്കുക”
ഇമാം ഗസാലി (റ)യുടെ ഉപദേശം: “നീ ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുന്പോൾ നിന്റെ വസിയ്യത്ത് (വിൽപത്രം) തലയിണക്കടിയിൽ വെക്കുക”
അഥവാ തിരിച്ചെടുക്കാനാവാത്ത വിധം നമ്മിൽ നിന്നും തിരിഞ്ഞുനടക്കുന്ന ഓരോ നിമിഷത്തെയും നാം ഉത്കണ്ഠയോടെ തിരിച്ചറിയണമെന്ന സന്ദേശമാണ് ഇത്തരം തിരു−മഹത് വചനങ്ങളുടേയെല്ലാം കാതൽ. എങ്കിൽ പിന്നെ കൊഴിഞ്ഞു പോകുന്ന ഒരു വർഷത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ?.
മുഹറം മാസത്തിന്റെ പ്രത്യേകതകൾ
നേരത്തെ സൂചിപ്പിച്ചതുപോലെ എണ്ണിയാലൊടുങ്ങാത്ത മഹത്വങ്ങളും പവിത്രതയും ശ്രേഷ്ഠതകളുമാണ് മുഹറത്തിനുള്ളത്. അതിൽ നിന്നും സുപ്രധാനമായവ ഹൃസ്വമായി വിവരിക്കാം..
ശഹ്റുല്ലാഹി (അല്ലാഹുവിന്‍റെ മാസം) എന്നാണ് തിരുവചനങ്ങളിൽ മുഹറത്തെ പരിചയപ്പെടുത്തിയത്. ഈ മാസത്തിനുള്ള സ്ഥാനം ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം..മാത്രവുമല്ല, ആശൂറ, താസൂആഅ് (മുഹറം 9, 10 തിയ്യതികൾ) ദിവസങ്ങളിലെ വൃതാനുഷ്ഠാനത്തിനു പുറമെ ഈ മാസം മുഴുവനും നോന്പനുഷ്ഠിക്കൽ സുന്നത്തുണ്ടെന്ന് വ്യക്തമാക്കുന്ന തിരുവചനങ്ങളും ധാരാളമുണ്ട്.
“മുഹറം ആദ്യത്തെ പത്തു ദിവസം നോന്പനുഷ്ഠിക്കൽ ശക്തമായ സുന്നത്തും മാസം മുഴുവൻ നോന്പനുഷ്ഠിക്കൽ സുന്നത്തുമാണ്.” (ഫതാവൽ കുബ്റാ..2−27).
ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികൾ മുഹറത്തെ ആദരിച്ചിരുന്നു. മുഹറം പത്തിനവർ നോന്പനുഷ്ഠിച്ചിരുന്നു.
(ബുഖാരി) ഹാഫിൾ ഇബ്നുഹജർ(റ) പറയുന്നു: “പ്രസ്തുത ദിനത്തിൽ ഖുറൈശികൾ നോന്പനുഷ്ഠിക്കാനുള്ള കാരണം മുൻകഴിഞ്ഞശർഇൽ അവർ അതു കണ്ടെത്തിയതാവാം.അതുകൊണ്ടുതന്നെ കഅ്ബക്കു കില്ലയണിയിക്കുക പോലെയുള്ള കാര്യങ്ങളാൽ ആ ദിനത്തെ അവർ ആദരിച്ചിരുന്നു.” ഇതു സംബന്ധിച്ച കൂ
ടുതൽ വിശദീകരണങ്ങളും ഈ മാസത്തിൽ സംഭവിച്ച ചില പ്രധാന സംഭവങ്ങളും നമുക്ക് പിന്നീട് വിവരിക്കാം. ഇ.അ.
ഹിജ്റയുടെ സന്ദേശം
മുഹറത്തോടൊപ്പം നാം ഓർത്തിരിക്കേണ്ട സുപ്രധാന സംഭവമാണ് നബി(സ)യുടെ ഹിജ്റ. ആദർശ സംരക്ഷണത്തിന് വേണ്ടി ജനിച്ചു വളർന്ന നാടും വീടും വിട്ട് (മക്കയിൽ നിന്നും മദീനയിലേക്ക്) പാലായനം(ഹിജ്റ) ചെയ്ത പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ഹിജ്റയുടെ പാഠങ്ങളും മുഹറം നമ്മെ ഓർമ്മിപ്പിക്കേണ്ടതാണ്.. ഈ ഹിജ്റ അടിസ്ഥാനമാക്കി രൂപീകരിച്ച ഹിജ്റ കലണ്ടർ ഏഡി.639 ഹിജ്റ 17−ന് മുഹറം മാസത്തിലാണ് ഉമർ (റ) പ്രഖ്യാപിച്ചത്.
ഹിജ്റ അഥവാ പാലായനം പ്രതിനിധാനം ചെയ്യുന്നത് ഒരു ചരിത്ര സംഭവത്തെ മാത്രമാണെങ്കിലും അതിന്റെ കാലാതിവർത്തിയായ അനുരണനങ്ങളും പ്രതിഫലനങ്ങളും ഏറ്റവും പുതിയ ലോകക്രമത്തിലേക്കു പോലും ഒഴുകിപ്പരന്നതായി നമുക്ക് കാണാം. ഹിജ്റയുടെ സന്ദേശം ഇസ്്ലാമിന്റേതു കൂടിയാണ് എന്നതാണ് അതിന്റെ കാരണം.
പിറന്ന നാടിന്റെ ചൂടും ചൂരും അന്തരീക്ഷവും ത്യജിച്ച് തികച്ചും അനുയോജ്യമല്ലാത്ത ഒരു ഭൂമിയിലേക്ക് സത്യപ്രസരണം തേടിയുള്ള ഒരു യാത്രയായിരുന്നു ഹിജ്റ. പിറന്ന നാടിനു പകരം വെക്കാൻ മറ്റൊന്നില്ലെന്നതിനാൽ മക്ക വിടാൻ പ്രവാചകർക്ക് പ്രയാസമുണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് ഇസ്്ലാമിന്റെ വളർച്ചയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യാശകൾ നിറഞ്ഞ മണ്ണായിരുന്നു മദീന.
ത്യാഗ സന്നദ്ധതയും സഹജീവി ബോധവുമാണ് പുതിയ ലോക ക്രമത്തിന് ഹിജ്റ നൽകുന്ന എറ്റവും പ്രസക്തമായ സന്ദേശം.
ലോകം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഊർജ പ്രതിസന്ധി, ആഗോള താപനം, ആഗോള കോർപറേറ്റുകളുടെ അധിനിവേശം തുടങ്ങിയ സർവ സമസ്യകളുടെയും പരിഹാരം ഈ രണ്ടു സങ്കൽപങ്ങളിലുമുണ്ട്. സത്യ സന്ദേശം ഉൾകൊണ്ടതിന്റെ പേരിൽ തിരുനബി (സ)ക്കും അനുചരർക്കും മാതൃഭൂമി ത്യജിക്കേണ്ടിവന്നതാണ് ഹിജ്റ ഉദ്ഘോഷിക്കുന്ന ത്യാഗ സന്നദ്ധത. മുഹാജിറുകൾ എല്ലാം ഉപേക്ഷിച്ച് മദീനയിലെത്തിയെപ്പോൾ അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും നൽകുകയും രണ്ട് ഭാര്യമാരുള്ളവർ മുഹാജിറുകൾക്കായി തന്റെ ഒരു ഭാര്യയെ മൊഴിചൊല്ലി നൽകാൻ പോലും തയ്യാറാവുകയും ചെയ്തതിലൂടെ, അവർ പ്രകടിപ്പിച്ച സാമൂഹ്യ പ്രതിബദ്ധതയിൽ ഊന്നി നിന്നാണ് നാം ഹിജ്റ പ്രതിനിധാനം ചെയ്യുന്ന സഹജീവിബോധത്തെ വായിക്കേണ്ടത്. പിൽക്കാലത്ത് ഈ സഹജീവിബോധമാണ് ഇസ്്ലാമിനെ അതിന്റെ അനിർവചനീയ വിജയങ്ങളിലേക്ക് നയിച്ചതും.
ചില ചരിത്ര ഘട്ടങ്ങളിൽ ലോകത്തിന്റെ ഗതി തന്നെ മാറ്റി വരക്കാന്‍ ത്യാഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതിതീക്ഷ്ണമായ ചില ത്യാഗങ്ങളാണ് അതിശക്തമായ ധർമ്മ വ്യവസ്ഥകൾക്ക് രൂപം നൽകിയത്. ആരംഭത്തിൽ തന്നെ ഇസ്ലാം പ്രതിലോമകരമല്ലെന്നും സാർവലൗകിക ഐക്യപ്പെടലാണ് അതിന്റെ സ്വഭാവമെന്നുമുള്ള ദൈവികമായ തെര്യപ്പെടുത്തലാണ് ഹിജ്റ നിർവഹിച്ച മഹത്തായ ധർമ്മങ്ങളിലൊന്ന്.
മാത്രവുമല്ല ഏതൊരു വ്യവസ്ഥിതിയേയും, അതെത്ര മാത്രം രൂഢമൂലമാണെങ്കിലും മൂല്യങ്ങളുടെ ശക്തവും അനുലോപമപരവുമായ പ്രയോഗത്തിലൂടെ തകർത്തെറിയാം എന്ന നയതന്ത്ര പരമായ തത്ത്വത്തെയാണ് ഹിജ്റ വിഭാവനം ചെയ്തത് എന്ന് പിന്നീട് ചരിത്രത്തിലുടനീളം നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഈ നയതന്ത്രത്തിലൂടെ അഭൂതപൂർവ്വമായ ഒരു തരം സഹിഷ്ണുതയാണ് ആറാം നൂറ്റാണ്ടിലെ അറബ് സമൂഹം അനുഭവിച്ചത്. നുസ്ലീകളുടെ മുന്‍മാതൃകകളില്ലാത്ത ആ സഹിഷ്ണുതയിലൂടെ, അതിഥികളായ അറബ് ഗോത്ര വൈരികൾ എന്നെന്നേക്കുമായി ഐക്യപ്പെടുകയായിരുന്നു. ഐക്യപ്പെട്ടു എന്നതിലുപരി ആ ഐക്യം ഇസ്ലാമിന്റെ വളർച്ചയുടെ വഴിയിലേക്ക് മുതൽ കൂട്ടുന്നതിൽ തിരുനബി (സ) വിജയിച്ചു എന്നതാണ് ഹിജ്റയുടെ അകക്കാമ്പ്.
ചുരുക്കത്തിൽ തിരുനബി(സ)യുടെ ഹിജ്റയുടെ സന്ദേശം വിവരണാതീതമാണ്.. നിരവധി സന്ദേശങ്ങളാണത് മാനവ കുലത്തോട് വിളിച്ചറിയിക്കുന്നത്. ഇത്തരം ചരിത്രങ്ങൾ അറിയാനും അവ ഉൾക്കൊള്ളാനും നാം തയ്യാറാവണമെന്ന് മാത്രം ഓർമ്മിപ്പിച്ച് സ്ഥല പരിമിതി മൂലം ആ ഭാഗം ഇവിടെ അവസാനിപ്പിക്കുന്നു..
(മുഹറം മാസത്തിലെ പ്രത്യേക കർമങ്ങളും കൂടുതൽ ചരിത്ര സംഭവങ്ങളും ഒപ്പം ഇന്നു കണ്ടു വരുന്ന ചില ആചാര−അനുഷാഠനങ്ങളും കൂടി അടുത്ത ആഴ്ച വിവരിക്കാം. ഇ.അ)