നാരങ്ങാവെള്ളവും പെപ്സി കോളയും


ഏതാനും വർഷം മുന്പ് വേനൽക്കാലത്ത്, ഓർഡിനറി സ്ലീപ്പർ ക്ലാസിൽ രാജസ്ഥാനിലൂടെ നടത്തിയ തീവണ്ടിയാത്രയുടെ ഓർമ്മകൾ മനസ്സിലേയ്ക്ക് തികട്ടി വരുന്നു. സൂര്യൻ ഒരു തീഗോളമായി തീവണ്ടി ജനാലക്കപ്പുറത്ത് കത്തിയെരിയുന്നു. അങ്ങിങ്ങുള്ള തണൽമരങ്ങൾക്ക് താഴെ മനുഷ്യരും കന്നുകാലികളും തളർന്നിരിക്കുന്നു. അതിനിടയിലും ഇഷ്ടിക ചുമടുമായി നടന്നു നീങ്ങുന്ന കുട്ടികൾ. ശരീരം പൊള്ളിക്കുന്ന ചൂടിൽ നിന്ന് രക്ഷനേടാൻ ടേപ്പിൽ നിന്നും ഇത്തിരി വെള്ളമെടുക്കാമെന്ന് വെച്ചാൽ തൊലി വെന്തുപോകുന്ന ചൂടാണ്. ജനാലകൾ തുറന്ന് വെയ്ക്കുന്പോൾ അടിച്ചു കയറുന്ന ചൂടുകാറ്റ് ശരീരത്തിൽ പുകച്ചിലുളവാക്കുന്നു.

േസ്റ്റഷനിൽ നിന്ന് വാങ്ങുന്ന തണുത്ത വെള്ളം കുടിച്ച് അതുകൊണ്ട് തോർത്ത് മുണ്ട് നനച്ച് ശരീരത്തിൽ പുതച്ച് രണ്ട് മിനുട്ട് കഴിയുന്പോഴേയ്ക്കും അതിനും തിളക്കുന്ന ചൂടനുഭവപ്പെടുന്നു. അവിടെ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് ഓർത്തപ്പോൾ പേടി തോന്നി. വരണ്ടുണങ്ങിയ പൊടിക്കാറ്റ് വീശിയടിക്കുന്ന, ഉരുകിയ ലോഹം പോലെ തിളക്കുന്ന വെയിലിൽ ജീവിക്കുന്ന മനുഷ്യർ. അവരുടെ ശരീരവും മനസ്സുമൊക്കെ വരണ്ടുണങ്ങിയിരിക്കും. ജീവിതത്തെക്കുറിച്ച് അവർക്ക് എന്ത് പ്രതീക്ഷയായിരിക്കും ഉണ്ടാവുക? സഹജീവികളോട്, മറ്റ് ജീവജാലങ്ങളൊടൊക്കെ അവരുടെ മനോഭാവം എന്തായിരിക്കും. എന്തുതരം സംസ്കാരത്തെയായിരിക്കും അവർ വഹിക്കുന്നുണ്ടാവുക?

ജീവിതം ഇങ്ങനെയൊക്കെയാണല്ലോ എന്നോർക്കുന്പോൾ രേഖപ്പെടുത്താനാവാത്ത എന്തെല്ലാമോ ചിന്തകളും വികാരങ്ങളുമൊക്കെയാണ് നമുക്കനുഭവപ്പെടുക. അപ്പോഴൊക്കെ ‘ദൈവത്തിന്റെ സ്വന്തം നാടായ’ കേരളത്തെക്കുറിച്ച് ഓർക്കുന്പോൾ എനിക്കഭിമാനം തോന്നിയിരുന്നു. പക്ഷേ ഇപ്പോഴെനിക്ക് കേരളത്തിലിരുന്നാണോ അതോ രാജസ്ഥാനിലിരുന്നാണോ ഈ കുറിപ്പെഴുതുന്നത് എന്ന് സംശയം തോന്നുന്നു. ഇന്ന് മാർച്ച് 17 ആയിട്ടേയുള്ളൂ. ശിവരാത്രി കഴിഞ്ഞാലാണ് ചൂടിന് കാഠിന്യം കൂടി വരിക. ഇത്തവണ അങ്ങിനെയായിരുന്നില്ല ഫിബ്രവരി മാസത്തിലെ ചൂട് മൂർദ്ധാവിലേക്ക് കയറാനാരംഭിച്ചു. ഇപ്പോൾ 40 ഡിഗ്രി സെൽഷ്യസാണ് കോഴിക്കോട് ജില്ലയിലെ ചൂട്. പാലക്കാട്ടും കണ്ണൂരിലുമൊക്കെ ഇതിൽ കൂടുതൽ ചൂടുണ്ടത്രേ.

സാധാരണയായി സൂര്യാഘാതം ഏൽക്കാൻ ഈ ചൂട് മതിയാകും. അതുകൊണ്ട് ജാഗ്രതാ നിർദ്ദേശമൊക്കെ അരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പതിവനുസരിച്ച് ചൂട് ഉച്ചിയിലെത്തുന്ന മാസങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഏപ്രിൽ മെയ് മാസങ്ങളിൽ ഇതുപോലെ ചൂട് കൂടിയാൽ അപ്പോഴത്തെ അവസ്ഥ എന്തായിരിക്കും? അതിനിടയിൽ കാലാവസ്ഥാ വിദഗ്ദ്ധർ ഈ കൊടുംചൂട് മാർച്ച് മാസത്തിൽ മാത്രമേ ഇതുപോലെ നിലനിൽക്കൂ എന്ന് പറഞ്ഞത് മാത്രമാണ് ഒരാശ്വാസം. സാധാരണയായി ചൂട് കൂടുന്നതിന് ഒരു ചാക്രിക സ്വഭാവമാണുണ്ടാവുക. 10 വർഷത്തിലൊരിക്കലാണ് അത്യുഷ്ണവും വരൾച്ചയും ഉണ്ടാവുക. 85, 95, 2005 എന്നിങ്ങനെയുള്ള പതിറ്റാണ്ടിന്റെ മധ്യത്തിലാണ് ഇത് വന്നെത്തുന്നത് എന്ന് കാലാവസ്ഥാ പഠിതാക്കൾ നിരീക്ഷിച്ചിട്ടുണ്ട്. ഇതും ഏതാണ്ടൊരു മുതലാളിത്ത കുഴപ്പം പോലെയാണ്. മുതലാളിത്തത്തിൽ സാന്പത്തിക മാന്ദ്യം അനുഭവപ്പെടുന്നതും ഇങ്ങനെയാണല്ലോ. പത്ത് വർഷത്തിലൊരിക്കൽ സന്പദ് വ്യവസ്ഥ തകർച്ചയിലെത്തും പിന്നീട് അഞ്ചുവർഷം വീണ്ടെടുപ്പായിരിക്കും. വീണ്ടും തകർച്ചയിലേയ്ക്ക് പതിച്ചു തുടങ്ങും. പത്ത് വർഷമാകുന്പോൾ സാന്പത്തിക മാന്ദ്യം ഗുരുതരമാകും.

പക്ഷേ ഇപ്പോൾ മുതലാളിത്ത കുഴപ്പത്തിനും ഈ ചാക്രിക സ്വഭാവമില്ല. അതേപോലെയായിരിക്കുന്നു കാലാവസ്ഥയും. കേരളത്തിന് കഴിഞ്ഞ മൂന്ന് വർഷങ്ങളും ചുട്ടുപൊള്ളുന്നതായിരുന്നു. 2014 കടുത്ത ചൂടിന്റെയും വരൾച്ചയുടെയും വർഷമായി. എല്ലാവരും കരുതിയത് ഇത്തവണ ഒരു വർഷം നേരത്തെ തന്നെ വരൾച്ചയെത്തിയതാവും, അടുത്ത വർഷം മുതൽ ചൂട് കുറയും എന്നായിരുന്നു. എന്നാൽ സംഭവിച്ചത് അതായിരുന്നില്ല. 2015 ചുട്ടുപൊള്ളുന്ന വർഷമായി. ചൂട് താഴോട്ടായിരുന്നില്ല; മുകളിലോട്ട് തന്നെയായിരുന്നു. 2016 ചൂട് താഴോട്ടിറങ്ങുന്ന വർഷം തന്നെയാവും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ നേരത്തെ തന്നെ ചുട്ടുപൊള്ളുന്ന വർഷമായി. ഈ വർഷം റെക്കോ‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്. വേനൽക്കാലത്ത് മാത്രമല്ല വർഷത്തിലെ എല്ലാ മാസങ്ങളിലും അനുഭവപ്പെടുന്ന ചൂട് കൂടുക തന്നെയാണ് എന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഡിസംബർ മാസത്തിലാണ് ചൂടിൽ ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായത് എന്നും വിദഗ്ദ്ധർ പറയുന്നു. അടുത്ത വർഷങ്ങളിൽ ചൂട് കുറയാനിടയുണ്ട് എന്ന ആശ്വാസ വാക്കെങ്കിലും പറയാൻ അവരാരും തയ്യാറാകുന്നില്ല. അൽനിനോ, ലാ നിനോ പ്രതിഭാസങ്ങളാണ് ചൂടിന്  കാരണം എന്ന വിശദീകരണം ഒരുപക്ഷേ ശരിയായിരിക്കാം. പക്ഷേ അതെന്തുകൊണ്ട് എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നില്ലേ?

‘മനുഷ്യൻ ഹാ എത്ര സുന്ദരമായ പദം’ എന്ന് പറഞ്ഞത് മാർക്സിം ഗോർക്കിയാണെന്ന് തോന്നുന്നു. അത് സിരകളിലോടുന്ന ചോരയെ ചൂടുപിടിപ്പിക്കുകയും മനുഷ്യന്റെ സർഗ്ഗശേഷിയിൽ മതിമറക്കുകയും ചെയ്ത ഒരു കാലം മറ്റെല്ലാർക്കുെമന്ന പോലെ ഈ ലേഖകനുമുണ്ടായിരുന്നു. പക്ഷേ കാലം ചെന്നപ്പോൾ ഒരു കാര്യം കുറ്റബോധത്തോടെ തിരിച്ചറിയുന്നുണ്ടിന്ന്. മനുഷ്യൻ എത്ര സുന്ദരനാണോ അത്രത്തോളം വിരുപനുമാണയാൾ എന്ന തിരിച്ചറിവാണത്. ഈ പ്രകൃതിയെ ഇത്രയേറെ മലിനവും വികൃതവുമാക്കിയ മറ്റൊരു ജീവിയും ഭൂമുഖത്ത് ജന്മം കൊണ്ടിട്ടില്ല. എത്ര ഉദാത്തമാണ് സൃഷ്ടിയുടെ സങ്കല്പം എന്നോർത്തു നോക്കൂ. ഒരു വീണ്ടുവിചാരവുമില്ലാതെമനുഷ്യൻ അതിനെയൊക്കെ തകിടം മറിക്കുകയായിരുന്നില്ലേ? മണ്ണിൽ ഒരു പൂ വിരിയുന്പോൾ അതിന് കേവലമായ ചില ദൗത്യങ്ങൾ മാത്രമല്ല പ്രകൃതി നിശ്ചയിച്ചു നൽകുന്നത്. അത് അത്രയേറെ സമഗ്രമാണ്. പൂ വിടർന്നു വരുന്പോൾ ആ ചെടിയുടെ പരാഗണത്തെ സഹായിക്കുക, തന്റെ അടുത്ത തലമുറക്കാവശ്യമായ വിത്തുകളെ നിർമ്മിക്കുക എന്നത് അതിന്റെ പ്രാഥമികവും പ്രധാനവുമായ ദൗത്യം തന്നെയാണ്.

പക്ഷേ അതേ പൂവ് തന്നെ ഒരു കുരുന്നു പക്ഷിക്കോ പൂന്പാറ്റക്കോ തേനീച്ചക്കോ ആവശ്യമായ മധുവും ഭക്ഷണവും നൽകുന്നുണ്ട്. ഈ പ്രകൃതിക്ക് സൗന്ദര്യം നൽകുന്നുണ്ട്. അത് വന്നതുപോലെ തിരോഭവിക്കുന്നുമുണ്ട്. എല്ലാം അങ്ങിനെയാണ്. സമതുലിതമായ ഒരു വ്യവസ്ഥയുടെ ഭാഗമാണ് പ്രകൃതി. നാമതിനെ Equlibrium constant എന്ന് പേര് ചൊല്ലി വിളിക്കുന്നു. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ തന്റെ പ്രകൃതി നിരീക്ഷണത്തിനിടിയൽ ഒരു കുഴലു പോലെ നീണ്ട കഴുത്തുള്ള ഒരു പൂ കാണാനിടയായി. അതിന്റെ നീണ്ട കുഴൽ കഴുത്തിന്റെ അടിയിലായിരുന്നു പൂന്പൊടിയും മധുവുമൊക്കെ. ഡാർവിൻ എത്ര അന്വേഷിച്ചിട്ടും ആ മധു നുകരാൻ പറ്റുന്ന നീണ്ട് മെലിഞ്ഞ കൊക്കുള്ള ഒരു പക്ഷിയെയോ ജീവിയെയോ കണ്ടെത്താനായില്ല. പക്ഷേ ഡാർവിന് ഉറപ്പായിരുന്നു അത്തരത്തിലൊരു പക്ഷി ഭൂമുഖത്തുണ്ട് എന്ന്. നൂറ്റാണ്ടുകൾക്ക് ശേഷമാണ് മറ്റൊരു പക്ഷി നിരീക്ഷകൻ ഡാർവിൻ അന്ന് പറഞ്ഞ പക്ഷിയെ കണ്ടെത്തിയത്. തന്റെ നീണ്ടു മെലിഞ്ഞ കൊക്കുകൊണ്ട് ആ പൂവിന്റെ ആഴത്തിലുള്ള മധു നുകരുന്ന പക്ഷിയെ. ഇതാണ് പ്രകൃതി. ആ പൂവുമായി ബന്ധപ്പെട്ടതാണ് പക്ഷി. പക്ഷിയുമായി ബന്ധപ്പെട്ട മറ്റ് ജൈവവ്യൂഹങ്ങളുണ്ടാകും. ഇതൊക്കെ ഒരു ചങ്ങലയിലെ കണ്ണികളാണ്. അത്തരം ചങ്ങല കണ്ണികളെ അറുത്തു മാറ്റുന്പോൾ നാം പ്രകൃതിയുടെ സമതുലിതാവസ്ഥ തന്നെയാണ് തകർക്കുന്നത്. പക്ഷേ തദനുസൃതമായ പ്രത്യാഘാതം സൃഷ്ടിച്ചുകൊണ്ടായാലും സമതുലിതാവസ്ഥ കൈവരിക്കാൻ പ്രകൃതി നിരന്തരം പ്രതികരിച്ചു കൊണ്ടേയിരിക്കും. അവ സൃഷ്ടിക്കുന്ന ആഘാത പ്രത്യാഘാതങ്ങൾ മനസിലാക്കാനുള്ള ശേഷി മനുഷ്യർ കൈവരിച്ചിട്ടുണ്ട്. എന്നിട്ടെന്ത് കാര്യം. മനുഷ്യ സമൂഹത്തിെല ആർത്തി മൂത്ത ഒരു ന്യൂനപക്ഷം കൂടുതൽ കൂടുതൽ സന്പത്തിന് വേണ്ടി പ്രകൃതിയിൽ മാരകമായ പ്രത്യാഘാതമുളവാക്കുന്ന, തന്റെ തന്നെ നിലനില്പിന്റെ അടിസ്ഥാനമായ കണ്ണികളെ അറുത്തുമാറ്റിക്കൊണ്ടേയിരിക്കുന്നു. തനിക്കെന്തിനാണിത്രയും സന്പത്ത്? എന്തിനാണ് താനി അത്യാർത്തി പ്രകടിപ്പിക്കുന്നത്? ഇതുകൊണ്ട് തനിക്കെന്താണ് പ്രയോജനം? ഇതെനിക്ക് എന്തെങ്കിലും സുഖവും സന്തോഷവും തരുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളൊന്നും ചോദിക്കാൻ ആർത്തിപ്പണ്ടാരമായി തീരുന്നതോടെ അവൻ മറന്നു പോകുന്നു.

പ്രപഞ്ചത്തിൽ പ്രകൃതി നിശ്ചയിച്ച അളവിലും അനുപാതത്തിലും സമയക്രമത്തിലും വിഭവങ്ങൾ എടുത്തുപയോഗിച്ച് ജീവസന്ധാരണം നടത്താൻ ചുമതലപ്പെട്ടവയാണ് മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ. ഒരു കടുവക്ക് കാട്ടിലെ മാൻകൂട്ടങ്ങളുടെ മേലെ ഉടമവകാശമൊന്നുമില്ല. വിശക്കുന്പോൾ അവയിലൊന്നിനെ വേട്ടയാടിപ്പിടിക്കാം. തന്റെ ഭക്ഷണമാക്കാം. അതുവഴി ഊർജസ്വലമായി ജീവിക്കാം. ഇണചേരാം. സന്താനങ്ങളെ ഉല്പാദിപ്പിക്കാം. തിരോഭാവത്തിനുള്ള സമയക്രമമനുസരിച്ച് തിരോഭവിക്കാം. ഒരു കാട്ടുപോത്തിനുമതേ, വിശാലമായ പുൽമേടുകളിൽ കാട്ടുപോത്തിന് ഉമസ്ഥാവകാശമൊന്നുമില്ല. തനിക്ക് നിശ്ചയിച്ചത് മാത്രം ആഹരിച്ച് ജീവിച്ച് തിരോഭവിക്കാനേ അതിനധികാരമുള്ളൂ. ആഹാരം ധാരാളമുള്ള ഒരു കാട്ടിൽ കടുവകളുടെ എണ്ണം പെരുകുമായിരിക്കാം. പക്ഷേ കടുവ പെരുകുന്നതിനനുസരിച്ച് മാനിന്റെ എണ്ണം കുറയും. അപ്പോൾ കടുവക്ക് ആഹാരമില്ലാതാകും. അങ്ങിനെ കടുവയുടെ എണ്ണം കുറയും. ഇത് ്രപകൃതിയുടെ ബാലൻസിംഗാണ്. ഏതെങ്കിലും സസ്യജന്തുജാലങ്ങളുടെ എണ്ണം പ്രകൃതിയിൽ ക്രമാതീതമായി വർദ്ധിച്ചാൽ അവയെ നിർദ്ധാരണം ചെയ്യുന്നതിന് പ്രകൃതിക്ക് അതിന്റെ രീതികളുണ്ട്. Equlibrium crisis എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ അതിന് പേര് നൽകി വിളിച്ചത്.

മനുഷ്യൻ പ്രകൃതിയുടെ ഇത്തരം നിശ്ചയങ്ങളെ അതിലംഘിക്കാൻ കരുത്തു നേടിയ ജന്തുവാണ്. അവൻ പ്രകൃതിയിലുള്ളത് എടുത്ത് ആഹരിച്ച് ജീവിക്കുന്ന ജന്തുവല്ല. അവൻ അവനാവശ്യമുള്ളത് പ്രകൃതിയിൽ സ്വയം നിർമ്മിക്കുന്ന ജീവിയാണ്. പ്രകൃതിയിൽ വളരുന്ന കന്നുകാലികളിൽ നിന്ന് പാലും മാംസവുമൊക്കെ ശേഖരിക്കുന്നതിന് പകരം അവയെ മെരുക്കി വളർത്തി തന്റെ ആഗ്രഹത്തിനും ആവശ്യത്തിനുമനുസരിച്ച് മാംസവും പാലും ഉല്പാദിപ്പിക്കാൻ അവന് കഴിയുന്നു. അതുപോലെ പ്രകൃതിയിൽ വിളഞ്ഞു നിൽക്കുന്ന ധാന്യം മാത്രം പരിമിതമായി ഭക്ഷിച്ച് പരിമിതമായ എണ്ണമായി നിലനിൽക്കുന്നവനല്ല മനുഷ്യൻ. അവൻ കടുംകൃഷി ചെയ്ത് ആവശ്യമോ അതിലധികമോ ധാന്യം ഉല്പാദിപ്പിച്ച് പ്രകൃതി സമതുലിതാമായ എണ്ണത്തിനപ്പുറം കടന്നവനാണ്. എണ്ണത്തിൽ പെരുകിയ മനുഷ്യനെ സമതുലിതമായ എണ്ണത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടി പ്രകൃതി സൃഷ്ടിച്ച ഇക്വിലിബ്രിയം ക്രൈസിസുകളെ തന്റെ ബുദ്ധികൊണ്ട് മറികടന്നവനാണ് മനുഷ്യൻ. അപ്പോഴൊക്കെ യാഥാർത്ഥ്യബോധമുള്ള മനുഷ്യൻ അപകടം മണത്തിരുന്നെങ്കിലും ആർത്തി മൂത്ത മനുഷ്യന് ആർത്തി എന്ന വികാരമല്ലാതെ മറ്റൊന്നും മനസിലാക്കേണ്ടിയിരുന്നില്ല. പക്ഷേ പ്രകൃതിക്ക് അതിന്റെ സമതുലിതാവസ്ഥ കൈവരിച്ചേ പറ്റൂ. അത് മനുഷ്യനെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കിക്കൊണ്ടാണെങ്കിൽ പോലും. കാരണം പ്രകൃതിയിൽ മനുഷ്യന് അപപ്രമാദിത്വമൊന്നും അവകാശപ്പെടാനില്ല. കോടാനുകോടി സസ്യജന്തുജാലങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.

ഈ കുറിപ്പെഴുതുന്പോഴും വീടിന് പിറകിലെ കുന്നിൽ നിന്ന് ജെ.സി.ി യുടെ മുരൾച്ച കേൾക്കാം. കുന്നിന്റെ താഴ്്വാരത്തെ ഒരിക്കലും വറ്റാത്ത കിണർ അടിത്തട്ടു കണ്ട് കലങ്ങിത്തുടങ്ങുകയാണ്. ഇനിയിപ്പോൾ ദാഹിക്കുന്പോൾ ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് എന്ത് ചെയ്യും? ടി.വിയുടെ മിനി സ്ക്രീനിൽ കരീനാ കപൂ‍ർ എന്ന സുന്ദരിയുടെ മാദക സൗന്ദര്യം പെപ്സി കോളയുമായി എന്നെ പ്രലോഭിക്കുന്നുണ്ട്. ഈ പ്രലോഭനങ്ങൾ മതിയാകുമോ എനിക്ക് ജീവിക്കാൻ?

You might also like

Most Viewed