‘വികസനം’ എന്ന അസംബന്ധ നാടകം
‘വികസനം’ എന്നത് ഒരു അശ്ലീലപദമായി മാറാൻ തുടങ്ങിയിരിക്കുന്നു എന്ന് നാം കേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാലിപ്പോഴത് മാനവികതക്ക് മൊത്തം എതിരായ സാമൂഹ്യവിരുദ്ധമായ ഒന്നായി തീർന്നോ എന്ന് സംശയം കൂറുന്നവർ ധാരാളമായിരിക്കുന്നു. മെത്രാൻ കായലെന്നും കടമക്കുടി കായലെന്നുമൊക്കെ കേൾക്കുന്പോൾ മനുഷ്യർക്ക് മറ്റെന്താണ് തോന്നേണ്ടത്? ദൃശ്യമാധ്യമങ്ങളിൽ ഈ കായൽ പ്രദേശങ്ങളുടെ ചിത്രങ്ങളും ബൈറ്റുകളുമൊക്കെ കാണുന്പോൾ ശരീരത്തിലാകെ കുളിരു കോരും. പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മിനുട്ടുകൾക്ക് മുന്പ് ചേർന്ന മന്ത്രിസഭാ യോഗത്തിലാണത്രേ 450 ഏക്കർ വരുന്ന മെത്രാൻ കായലും 45 ഏക്കർ വരുന്ന കടമക്കുടി കായലും നികത്താൻ മന്ത്രിസഭ അനുമതി നൽകിയത്. ആരൊക്കയോ ചോർത്തി നൽകിയ വിവരങ്ങൾ വെച്ച് മണിക്കൂറുകൾക്കകം തന്നെ സംഭവം മാധ്യമങ്ങളിലൂടെ ജനം അറിഞ്ഞു. അതെത്തുടർന്നുണ്ടായ നാടകങ്ങൾ ഒന്നു കാണേണ്ടതു തന്നെയായിരുന്നു.
നമുക്കൊരു റവന്യൂമന്ത്രിയുണ്ട്. അടൂർ പ്രകാശ്. ‘താനിതൊന്നും അറിഞ്ഞതേയില്ലേ പുന്നാരപൂങ്കുയിലേ’ എന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീടദ്ദേഹം ചുവടൊന്നു മാറ്റിച്ചവിട്ടി കളരിയഭ്യാസിയായി. ഞാനങ്ങിനെ ഒളിച്ചോടുന്നവനൊന്നുമല്ല ചെയ്താൽ ചെയ്തെന്നു പറയാൻ അന്തസ്സു കാണിക്കും എന്നായി അടുത്തത്. ഇങ്ങനെ ഒരുത്തരവുണ്ടോ എന്ന് പരിശോധിക്കാനും ഉണ്ടെങ്കിൽ വിശദാംശങ്ങൾ ഉടനെ എത്തിക്കാനും ഉന്നത ഉദ്യോഗസ്ഥരെ ചട്ടം കെട്ടിയതായും അദ്ദേഹമങ്ങ് തട്ടിമൂളിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം പതിവുപോലെ തന്നെയായിരുന്നു. ‘പരിശോധിക്കാം, പരിശോധിച്ചു പറയാം.’ പണ്ട് എ.കെ ആന്റണിയും ഇങ്ങനെയായിരുന്നു. വിവാദമുണ്ടാകുന്ന ഒരു കാര്യം വന്നാൽ കൃത്യം ഒരാഴ്ചയ്ക്ക് മിണ്ടില്ല. അത് കഴിഞ്ഞാൽ ‘പറയാം, പഠിച്ചു പറയാം’ എന്നായിരിക്കും സ്ഥിരം പ്രതികരണം. ആന്റണി മുഖ്യമന്ത്രിയായ കാലത്തെ എത്രയോ ഫയലുകൾ ഇപ്പോഴും പഠിക്കാനിരിക്കയാണ്. പഠിച്ചു കഴിയുന്പോൾ പറയുമായിരിക്കും.
ഉമ്മൻചാണ്ടി അങ്ങനെയല്ല എല്ലാം പരിശോധിച്ചാണ് പറയുക. മന്ത്രിസഭാ യോഗത്തിൽ ഔട്ട് ഓഫ് അജണ്ടയായി വന്ന ഇത്തരം പ്രധാനപ്പെട്ട ഒരുകാര്യം റവന്യൂമന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ ആരോ അവരുടെ പെരുവിരലിൽ മഷി പുരട്ടിപ്പതിച്ച് പാസാക്കിയെടുത്തതാണ് എന്നല്ലേ നമ്മൾ മലയാളികൾ ഇത്തരുണത്തിൽ മനസ്സിലാക്കേണ്ടത്. ഇതാണവസ്ഥയെങ്കിൽ ഈ കേരളക്കര തന്നെ ആരെങ്കിലും അടിച്ചെടുത്ത് പോക്കറ്റിലാക്കിപ്പോയാൽ പാവം അടൂർപ്രകാശും ഉമ്മൻചാണ്ടിയും അറിയുമോ?
സംഗതി ബഹളമായതോടെ കെ.പി.സി.സി പ്രസിഡണ്ട് ഇടപെട്ടു. പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദൻ ഇടപെട്ടു. എല്ലാംകൂടി ഒരു പരുവമായപ്പോൾ രണ്ട് ദിവസം കഴിഞ്ഞ് വിവാദ ഉത്തരവ് പിൻവലിച്ചു. അതിനിടയിൽ നടന്നതൊക്കെ മാധ്യമങ്ങളിലൂടെ ചോർന്നുവന്നു. ആഭ്യന്തരൻ രമേശ് ചെന്നിത്തലയാണത്രേ ഔട്ട് ഓഫ് അജണ്ടയായി മന്ത്രിസഭയിൽ ഇത് കൊണ്ടുവന്നത്. മെത്രാൻകായൽ നികത്താൻ അനുമതി നൽകുന്നതിനെതിരെ അഞ്ച് ഡിപ്പോർട്ടുമെന്റുകൾ തയ്യാറാക്കിയ റിപ്പോർട്ടുകൾ ഉയർത്തി ഉദ്യോഗസ്ഥർ തടസ്സവാദമുയർത്തി. ചീഫ് െസക്രട്ടറി ഒരു കാരണവശാലും അനുമതി നൽകാൻ കഴിയില്ല എന്ന് തീർത്തു പറഞ്ഞു. പക്ഷേ അത്തരം വസ്തുതാ പഠന റിപ്പോർട്ടുകളും ചീഫ് സെക്രട്ടറിയുടെ എതിർപ്പുകളുമൊക്കെ മാറികടന്ന് നികത്താനുള്ള അനുമതി മന്ത്രിസഭയങ്ങ് കൊടുത്തു. ഇതേക്കുറിച്ചാണ് ഞാനിതൊന്നും അറിഞ്ഞതേയില്ല എന്ന് റവന്യൂ മന്ത്രി മൊഴിഞ്ഞത്.
ഇത് നികത്തിയെടുക്കാൻ ഇത്ര അത്യാവശ്യം എന്തായിരുന്നു എന്നന്വേഷിച്ചാൽ അതൊക്കെ ‘ദരിദ്രനാരായണന്മാർ’ക്ക് വേണ്ടിയായിരുന്നു എന്നും മനസിലാകും. ടൂറിസം ലിക്വർ മേഖലയിലൊക്കെ പ്രശസ്തരായ ചില ‘പട്ടാര’മാർക്ക് വേണ്ടിയായിരുന്നത്രേ ഇതെല്ലാം. പഴയ ചില കർണ്ണാടക ബന്ധത്തിലെ ചില ജോണുമാരൊക്കെയാണത്രേ ഇത്ര നിസ്സാരമായ ചില സഹായങ്ങൾ രമേശ് ചെന്നിത്തലയോട് യാചിച്ചത്. ആശ്രിതവത്സലനായ അദ്ദേഹം എന്തുചെയ്യും? ‘മാട്ടുക്കാരൻ പയ്യൻ വന്ന് കയ്യേപ്പിടിച്ചാൽ പാലുക്കാരി പെണ്ണക്കെന്ത് ചെയ്യ മുടിയും’ എന്ന് ചോദിച്ചപ്പോലെ പിന്നെ രമേശിന് എന്തു ചെയ്യാൻ പറ്റും. ഇതിനെതിരെ ചന്ദ്രഹാസമിളക്കി നാല് വോട്ട് മറിക്കാമോ എന്ന ചിന്തയുമായി എത്തിയ പ്രതിപക്ഷത്തിനും വായ്പുണ്ണ് വന്നതുപോലെയായി. അങ്ങിനെയുണ്ടല്ലോ ഒരു ചൊല്ല് ‘ആല് പൂക്കുന്പോൾ കാക്കയ്ക്ക് വായ് പുണ്ണ്’ എന്ന്. വി.എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയും എളമരം കരീം വ്യവസായ മന്ത്രിയുമായിരുന്ന കാലത്ത് മെത്രാൻ കായൽ നികത്താൻ ഉത്തരവിറങ്ങിയിരുന്നുവത്രേ. അന്നത് പക്ഷേ രഹസ്യമായി ഒന്നുമായിരുന്നില്ല. വലിയ ആഘോഷമായി തന്നെ. ഇടതുമുന്നണിയുടെ 4ാം വാർഷികത്തിന് സർക്കാരിന്റെ ഭരണനേട്ടമായി ‘വികസനത്തിന്റെ’ മകുടോദാഹരണമായി പബ്ലിക് റിേലഷൻ വകുപ്പ് പുറത്തിറക്കിയ വികസന രേഖകളിലൊക്കെ ഇതുണ്ടായിരുന്നു. വികസനം തെങ്ങിന്റെ മണ്ടയിലല്ല വേണ്ടൂ; അത് കായൽപരപ്പുകൾ നികത്തി തന്നെ വേണം എന്ന് നിർബന്ധമുണ്ടായിരുന്ന എളമരം കരീമായിരുന്നു അന്നത്തെ ആശ്രിതവത്സലൻ. പക്ഷേ എന്തു ചെയ്യും റവന്യൂവകുപ്പും കൃഷിവകുപ്പും കൈവശം വെച്ച സി.പി.ഐക്കാർ ഉടക്കി. മുല്ലക്കര രത്നാകരൻ അത് കൃഷി ചെയ്യുന്ന ഭൂമിയാണെന്നും അവിെട കൃഷി തുടരണമെന്നും ശഠിച്ചു. അതിനൊക്കെ സർക്കാർ സഹായത്തോടെ പദ്ധതികളും ആവിഷ്കരിച്ചു. അന്നങ്ങനെ മുടങ്ങിയ പദ്ധതിയാണ് പോകുന്ന പോക്കിൽ രമേശ് ചെന്നിത്തലക്ക് വേണ്ടി അടൂർ പ്രകാശും ഉമ്മൻചാണ്ടിയും ചേർന്ന് നടപ്പിലാക്കിക്കൊടുക്കാനുറച്ചത്. ഉത്സവപറന്പിലെ കരയുന്ന കുട്ടിക്ക് ഒരു കിലുക്കട്ട വാങ്ങിക്കൊടുക്കുന്ന ലാഘവത്തോടെ.
ഇങ്ങനെ എന്തൊക്കെ സഹായം നമ്മുടെ നാട്ടിലെ ‘ദരിദ്രനാരായണന്മാർ’ക്ക് പോകുന്ന പോക്കിൽ ഇവരൊക്കെ ചേർന്ന് ചെയ്തു കൊടുത്തിട്ടുണ്ട് എന്നതൊക്കെ ഇനി പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. അതിലൊന്നു കൂടി ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നെല്ലിയാന്പതിയിലെ 833 ഏക്കർ വരുന്ന കരുണ എേസ്റ്ററ്റ് സർക്കാർ ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചതായിരുന്നു. പാട്ടം വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്നാണ് മറ്റ് പല എേസ്റ്ററ്റുകളെയും പോലെ ഈ എേസ്റ്ററ്റും സർക്കാർ ഏറ്റെടുത്തത്. എന്നാൽ ഉമ്മൻചാണ്ടി ഗവൺമെന്റ് പ്രത്യേകാനുമതിയിലൂടെ ഈ എേസ്റ്ററ്റിന് ഭൂനികുതി അടയ്ക്കാൻ പഴയ എേസ്റ്ററ്റ് ഉടമകളെ അനുവദിച്ചിരിക്കുന്നു. ഭൂനികുതി അടച്ച് ദീർഘകാലമായി കൈവശം വെയ്ക്കുന്ന സ്ഥലത്തിന് സ്ഥിരാവകാശം ലഭിക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. അതായത് വളഞ്ഞ വഴിയിലൂടെ കരുണ എേസ്റ്ററ്റ് പഴയ ഉടമകൾക്ക് വിട്ടുകൊടുക്കാനുള്ള കരുണാമയമായ തീരുമാനമാണ് ഉമ്മൻചാണ്ടി സർക്കാർ ഇപ്പോൾ രഹസ്യമായി എടുത്തത്. ഇത് നടപ്പിൽ വരുന്നതോടെ സർക്കാർ ഏറ്റെടുത്ത എല്ലാ തോട്ടങ്ങൾക്കും നികുതി അടയ്ക്കാനുള്ള അപേക്ഷകളുമായി ഉടമകൾ വരും എന്നുറപ്പാണല്ലോ. അപ്പോൾ നിയമപരമായി അതിനെതിര് നിൽക്കാൻ സർക്കാറിന് കഴിയാതെ വരും. അതായത് സർക്കാരിൽ നിക്ഷിപ്തമായ ആയിരക്കണക്കിന് ഏക്കർ വനഭൂമി വീണ്ടും സ്വകാര്യ ഉടമകളുടെ കൈവശമെത്തുമെന്ന് സാരം.
ഇതിനൊക്കെയാണ് നമ്മുടെ ആളുകൾ ‘വികസനം’ എന്ന വിളിപ്പേരിട്ട് വിളിക്കുന്നത്. വിഴിഞ്ഞം തുറമുഖമാണ് ‘വികസന’ത്തിന്റെ കാര്യത്തിലെ തിലകക്കുറി. അത് പൂർത്തിയാകുന്പോൾ അന്താരാഷ്ട്ര കപ്പൽ ചാലിൽ ഇവിടെ പോർട്ട് ചെയ്യുന്നതിന് വേണ്ടി ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള കപ്പലുകൾ ക്യൂവിൽ കാത്തുകെട്ടി കിടക്കും. ഇവിടെ അന്താരാഷ്ട്ര നിലവാരമുള്ള ടൗൺഷിപ്പ് വികസിക്കും. ആകെക്കൂടി സിംഗപ്പൂർ പോലെയും ഹോങ്കോംഗ് പോലെയുമൊക്കെ നമ്മുടെ നാട്ടിൽ വികസനം പൂത്തുലയും. പക്ഷേ ഇതൊക്കെ നിർമ്മിച്ചെടുക്കാൻ നമുക്ക് ശേഷിയില്ല. വേണ്ടാത്തതിനൊക്കെ വാക്കും വക്കാണവുമായി കഴിയുന്ന നമുക്ക് ഇതൊക്കെ വികസിപ്പിക്കാൻ എവിടെയാ നേരം. അതു കൊണ്ട് അതൊക്കെ കൂടി നാം അദാനിയെ ഏൽപ്പിച്ചു. അദ്ദേഹമാണെങ്കിൽ തുറമുഖവികസന കാര്യത്തിൽ അതിവിദഗ്ദ്ധനാണ്. പത്തു പൈസ മുതലിറക്കാതെ ജനങ്ങളുടെ ചിലവിൽ തുറമുഖം പണിതുയർത്തി പണം വാരി സ്വന്തം പെട്ടിയിൽ നിറക്കാൻ ഇതുപോലെ വൈദഗ്ദ്ധ്യം ഉള്ളയാൾ ലോകത്ത് തന്നെ കുറവ്.
പിന്നെ ഇന്ത്യ ‘മേക്ക് ചെയ്യാൻ’ നരേന്ദ്രമോഡി നേരിട്ടേൽപ്പിച്ച എണ്ണം പറഞ്ഞ രാജ്യസ്നേഹികളിൽ പ്രമുഖനാണ് അദാനി. സർവോപരി സംഘപരിവാറുകാരുടെ സാന്പത്തിക ഉറവയുമാണ്, അദ്ദേഹത്ത ഏൽപ്പിക്കുന്നത് മോഡിജിക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാകും. ഒരു പത്ത് പൈസ പോലും പോക്കറ്റിൽ കരുതാതെ വന്ന് നമ്മുടെ ബാങ്കുകളിലെ പണം കൊണ്ടും സർക്കാർ വിഹിതം ഉപയോഗിച്ചും സർക്കാരിന്റെ ഗ്യാരണ്ടിയിലുമാണ് ഇവിടെ തുറമുഖം പണിയുക. 30 വർഷത്തേയ്ക്ക് നമുക്കതിൽ വിഹിതമൊന്നും തരണ്ട. അതുകഴിഞ്ഞാൽ അര ശതമാനം ഒരു ശതമാനം എന്നിങ്ങനെ വല്ല നക്കാപ്പിച്ചയും തന്നാൽ മതി. നമ്മുടെ കടലും തീരവും ആയിരക്കണക്കിന് ഏക്കർ ഭൂമിയുമൊക്കെ അദാനിക്ക് കൈവശം വെക്കാം. കരാർ എത്ര വേണമെങ്കിലും നീട്ടി നൽകാം.
30 വർഷം കഴിഞ്ഞാൽ കേരളം എങ്ങനെയിരിക്കും എന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല. ഇന്നത്തെ നിലയിൽ കാർബൺ ഉത്സർജനം മുന്നേറിയാൽ 40 വർഷം കൊണ്ട് അന്തരീക്ഷ ഊഷ്മാവിൽ വലിയ വർദ്ധനവുണ്ടാകുമെന്നും സമുദ്രജലം ഒന്നു മുതൽ നാല് മീറ്റർ വരെ ഉയരുമെന്നും ലോകത്ത് 400 കോടി മനുഷ്യർ തെരുവുധാരമാകുമെന്നുമൊക്കെ ചില പരിസ്ഥിതിക്കാരും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന സംഘടനകളുമൊക്കെ പറയുന്നുണ്ട്. അവരൊക്കെ വികസന വിരോധികളാണെന്ന് ആർക്കാണറിയാത്തത്? അതുകൊണ്ട് നാം അതൊന്നും കണക്കിലെടുക്കുന്നില്ല. എന്തായാലും ‘വികസനം’ വരട്ടെ. വിഴിഞ്ഞം തുറമുഖം പണിയുന്പോൾ ഉണ്ടാകുന്ന ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേക്കുറിച്ച് പഠിച്ചു പറയാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അവിടെ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന മത്സ്യത്തൊഴിലാളികളും കത്തോലിക്ക സഭയുമൊക്കെ പരിസ്ഥിതി പ്രശ്നമുയർത്തി സമരരംഗത്തുണ്ടെങ്കിലും അവരെയൊക്കെ വികസനം മുടക്കികളായി ആക്ഷേപിച്ച് നമുക്ക് നാട് വികസിപ്പിക്കാം.
നാട് വികസിച്ച് വികസിച്ച് വന്നപ്പോൾ കേരളത്തിൽ സംഭവിച്ചു കഴിഞ്ഞ ഒരു കാര്യമുണ്ട്. 700 കിലോമീറ്റർ തീരമുള്ള കേരളത്തിൽ ഒരു മത്തിക്കറിക്കുള്ള മത്തി ഇപ്പോൾ ഒമാനിൽ നിന്നും മറ്റുമാണ് കൊണ്ടുവരുന്നത്. ഒരു പരൽമീൻ പോലും കിട്ടാത്ത വരണ്ട തീരമാണ് ഇപ്പോൾ നമ്മുടെ അറബിക്കടലിന്റേത്. മാർക്കറ്റിൽ സ്വർണ്ണം തൂക്കി വാങ്ങുന്നതുപോലെയാണ് മത്സ്യം തൂക്കിതരുന്നത്. സ്വർണ്ണത്തിന്റെ വിലയാണ് മത്സ്യത്തിനും. നാലഞ്ച് മാസം ഫോർമാലിൻ (ശവം അഴുകാതെ സൂക്ഷിക്കുന്ന വിഷവസ്തു) ലായനിയിൽ കുതിർത്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന വിദേശ മത്സ്യങ്ങളാണ് നമ്മളിന്ന് കഴിക്കുന്നത്. ഞങ്ങളുടെ നാട്ടിൽ ഇനിയും പണിതീരാത്ത ഒരു മത്സ്യബന്ധന തുറമുഖമുണ്ട്. അത് പണി പൂർത്തിയായാൽ മത്സ്യതൊഴിലാളികളുടെ ജീവിതം പുഷ്പിക്കും, കായ്ക്കും ഞങ്ങളുടെ നാട് വികസനമെന്തന്നറിയും എന്നൊക്കെയാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ തുറമുഖത്തിന്റെ പുലിമുട്ട് (Break water) പണിതതോടെ തന്നെ ഞങ്ങളുടെ തീരത്ത് നിന്ന് ചെറുമത്സ്യങ്ങൾ പോലും പന്പ കടന്നു. മത്സ്യകൂട്ടങ്ങൾ കടലിൽ സഞ്ചരിക്കുന്നത് ‘ജി.പി.ആർ.എസ്’ നോക്കിയൊന്നുമല്ല. കടലിനടിയിലെ പലവിധ ജലപ്രവാഹങ്ങളാണ് (water currents) മത്സ്യക്കൂട്ടങ്ങളുടെ സഞ്ചാരപഥം നിശ്ചയിക്കുന്നത്. പുലിമുട്ടുകളും മറ്റും നിർമ്മിക്കുന്പോൾ ഇത്തരത്തിലുള്ള ജലപ്രവാഹങ്ങൾ മുറിഞ്ഞുപോവുകയും സമാന്തരമായി പുതിയവ രൂപപ്പെടുകയും ചെയ്യും. അതനുസരിച്ച് മത്സ്യങ്ങളുടെ സഞ്ചാരപഥങ്ങൾ തീരക്കടൽ വിട്ട് ആഴക്കടലിലാകും. അപ്പോൾ നമ്മുടെ മത്സ്യതൊഴിലാളികൾ പട്ടിണിയാകും. നമുക്ക് ഒരു മത്തിക്കറിക്ക് മത്തി കിട്ടാൻ ഒമാൻമത്തിക്കായി കാത്തിരിക്കണം. എന്നാലെന്ത്? ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന അദാനിമാരുടെ കപ്പലുകൾക്ക് ചാകരക്കാലമാകും. ഇതിനെയൊക്കെയാണ് നാം വികസനം എന്ന് വിളിക്കുക.