കേരളാ കോൺഗ്രസിന്റെ ജനിതകം
അയ്യോ അങ്ങിനെ ഒന്നും കേറി പറഞ്ഞേക്കരുത്. അങ്ങിനെ ഒരിതും കേരള കോൺഗ്രസുകാർക്കില്ല. നിങ്ങള് പത്രക്കാര് അല്ലെങ്കിലും അങ്ങനെയാ. എല്ലാത്തിനും കുറ്റമേ കാണൂ. അക്കാര്യത്തിലൊക്കെ മാണി സാറ് ഡീസെന്റാ. ഫ്രാൻസിസ് ജോർജിനും കെ.സി ജോസഫിനും ആന്റണി രാജുവിനുമൊക്കെ നേരത്തെ തന്നെ അദ്ദേഹം സീറ്റൊക്കെ കരുതിവെച്ചിരുന്നു. അതൊക്കെ തരാനും തയ്യാറായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിന് ഇടുക്കി സീറ്റ് ചോദിച്ചു വാങ്ങുന്നതിൽ മാണി സാറിന് ഒരു കലിപ്പുണ്ടായി എന്നത് നേരാ. എന്നാൽ സീറ്റു കിട്ടാനും മത്സരിക്കാനും ജയിക്കാനുമൊക്കെയാണ് നമ്മളീ കേരളാ കോൺഗ്രസുമായി നടക്കുന്നത് എന്ന് മാത്രം പറഞ്ഞേക്കരുത്. അങ്ങനെയെങ്കിൽ പിന്നെ 2011ൽ ഞങ്ങളൊക്കെ കൂടി യു.ഡി.എഫിൽ ചേക്കേറിയതെന്തിനാ? അന്ന്് എൽ.ഡി.എഫ് ഞങ്ങൾക്ക് സീറ്റൊന്നും നിഷേധിച്ചിരുന്നില്ലല്ലോ. വീരേന്ദ്രകുമാറും മറ്റും വിട്ടുപോയത് പിണറായി വിജയൻ മുഖത്ത് നോക്കി പേടിപ്പിക്കുന്നതു കൊണ്ട് മുള്ളിപ്പോകുന്നു എന്ന് പറഞ്ഞായിരുന്നല്ലോ. പക്ഷേ അങ്ങേര് ഞങ്ങളുടെ നേരെ കടുപ്പിച്ച് ഒരു നോട്ടം പോലും നോക്കിയിരുന്നില്ല. എന്നിട്ടും ഞങ്ങളന്ന് എൽ.ഡി.എഫ് വിട്ടത് എന്തിനായിരുന്നു? നിങ്ങളെപ്പോലെ ദോഷൈകദൃക്കുകളായ പത്രങ്ങൾ പറഞ്ഞത് അടുത്ത തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിൽ വരില്ലാ എന്ന് മുൻകൂട്ടി കണ്ട് യു.ഡി.എഫിലേക്ക് ട്രപ്പീസ് ജംപ് നടത്തി എന്നാണ്. അതല്ലെങ്കിലും അങ്ങിനെയാണല്ലോ കേരളത്തിൽ ഒന്നിടവിട്ടാണല്ലോ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി അധികാരത്തിൽ വരുന്നത്. പക്ഷെ അന്ന് ഞങ്ങൾ അതൊന്നും കണക്കാക്കിയിരുന്നില്ല എൽ.ഡി.എഫ് വിട്ട് യുഡി.എഫിൽ ചേക്കേറിയത്. ഇപ്പോഴും അതെ. എൽ.ഡി.എഫ് അധികാരത്തിൽ വരും എന്ന് കരുതിയൊന്നുമല്ല മാണി സാറിനെ വെട്ടി പുറത്ത് പോന്നത്. അതിനൊക്കെ അതിന്റേതായ കിടിലൻ കാരണങ്ങളുണ്ടല്ലോ. ഏറ്റവും പ്രധാനം കുടുംബവാഴ്ച തന്നെ. കരിങ്കോഴക്കൽ മാണി മകൻ മാണിയാണവിടത്തെ മുതലാളി. അങ്ങേർക്ക് ഒരു പയ്യനുണ്ടായിരുന്നു. ഒരു വെളുത്ത സുന്ദര കൊച്ചൻ. വായിൽ കൈയിട്ടാൽ കടിക്കുമായിരുന്നില്ല. ഒന്നിനും ഒരു മുട്ടുമില്ലാതെ, അല്ലലും അലട്ടുമില്ലാതെ വളർന്ന പയ്യൻ. വലുതായി വന്നപ്പോൾ പയ്യന്റെ പെരുമാറ്റവും സംസാരവുമൊക്കെ അച്ഛൻ പട്ടത്തിന് പഠിക്കുന്ന പിള്ളേരെപ്പോലെയായി. ഒന്നിനും കൊള്ളാത്ത ഒരു കിങ്ങിണിക്കുട്ടൻ. ഈ പയ്യനെങ്ങിനെ പിഴക്കും എന്ന് ഞങ്ങള് കേരള കോൺഗ്രസ്സുകാരൊക്കെ മൂക്ക് വിയർത്ത് അലോചിച്ചതാ.. പക്ഷേ മാണിസാറിന് ആവിധ ആദിയൊന്നുമുണ്ടായിരുന്നില്ല.
ഏതാണ്ടൊരു നിടുപ്പം വെച്ചപ്പോൾ കോട്ടയത്ത് നിന്ന് ലോക്സഭയിലോട്ട് മത്സരിപ്പിച്ചു. പയ്യന് രാഷ്ട്രീയമെന്തെന്ന് അറിയാമേല. വാ തുറന്നാ ഏതാണ്ട് സുവിശേഷം പറയുന്ന പോലിരിക്കും. എന്നിട്ടെന്തായി മാണി സാറ് ആവശ്യത്തിന് കാശൊക്കെ ഇറക്കി പയ്യനെ ജയിപ്പിച്ചെടുത്തു. അങ്ങ് ഡൽഹിയിലോട്ട് വിട്ടു. ഡൽഹി െചന്നപ്പഴാ പയ്യന്റെ മട്ടുമാറിയത്. അതിപ്പോ ഏതോ ഒരു സിനിമയിലെ ഡയലോഗില്ലേ? കോണകവും പാളത്താറുമുടുത്ത ഗാന്ധി തൊപ്പി െവച്ച വൃദ്ധന്മാരുടെ പഴയ ഡൽഹിയില്ല ഇപ്പോഴത്തെ ഡൽഹി. അത് ഹൈടെക് ഡൽഹിയാ എന്നൊക്കെ. അതേതാണ്ട് നേരാ. പയ്യനവിടെ ഒന്നുരണ്ട് വർഷം താമസിച്ചപ്പോൾ സ്വഭാവമൊക്കെയങ്ങ് മാറി. എന്തിനധികം പറയുന്നു. ആ സരിത കൊച്ചിനെ കുളിമുറിയിലോട്ട് വലിച്ചിട്ട് വാതിലടക്കുന്ന പരുവമായില്ലേ? ആ പയ്യനാ ഇപ്പോൾ കേരള കോൺഗ്രസ്. അത് അംഗീകരിക്കാനൊക്വോ? ഏറ്റവും പ്രധാനം ഈ നശിച്ച മക്കൾ രാഷ്ട്രീയം കൊണ്ട് കേരളകോൺഗ്രസിൽ മറ്റൊന്നിനും ഒരു വിലയുമില്ലാതായി. റബ്ബറിന്റെയും ഒട്ടുപാലിന്റെയുമൊക്കെ സ്ഥിതി ഇതുതന്നെ. ഈ മക്കൾ രാഷ്ട്രീയത്തെ പ്രതിരോധിക്കാനാ ഞങ്ങളൊക്കെ കൂടി ആ പാർട്ടി വിട്ട് വീണ്ടും ഇടത്തോട്ട് നടന്നത്. കെ.എം ജോർജിന്റെ മകനല്ലെ ഫ്രാൻസിസ് ജോർജ്ജ് എന്നൊക്കെ മാണി സാർ ചോദിക്കുന്നുണ്ട്. ‘അതു വേ ഇത് റേ.’ ഇനി മറ്റൊന്ന് അഴിമതി തന്നെ. അഴിമതിയോട് ഏതെങ്കിലും കാലത്ത് വിട്ടുവീഴ്ച ചെയ്ത പാരന്പര്യം കേരള കോൺഗ്രസിനുണ്ടോ? അഴിമതിയുടെ ദേശസാൽക്കരണമല്ലേ ഇപ്പോൾ കേരള കോൺഗ്രസിൽ നടക്കുന്നത്. നോട്ടെണ്ണൽ യന്ത്രം ഒന്ന് മതിയാകാത്ത സ്ഥിതിയിലല്ലേ ഇപ്പോൾ കാര്യങ്ങൾ. പണ്ടൊക്കെയാണെങ്കിൽ ഇങ്ങനെ വരുന്ന പണത്തിന്റെ ഒരു പങ്ക് നേരിയ തോതിലൊക്കെ എല്ലാവരിലും അരിച്ചെത്തുമായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. എല്ലാം ആ പെന്പറന്നോത്തി നേരിട്ട് കൈകാര്യം ചെയ്തോണ്ടിരിക്കുകയല്ലേ? നേരത്തെയും കാശ് വാങ്ങാറില്ലേ എന്ന് ചോദിച്ചാൽ ഉണ്ടാകും. കാശില്ലാതെ എങ്ങിനെയാ അദ്ധ്വാനവർഗ്ഗ സിദ്ധാന്തം ശരിയാകുന്നേ. അതൊക്കെ വങ്ങേണ്ടത് വാങ്ങുകയും കൊടുക്കേണ്ടത് കൊടുക്കുകയും വേണം. എന്ന് വെച്ച് അതിനും വേണ്ടേ ഒരു മറയും ഉളുപ്പുമൊക്കെ. ഇതിപ്പോ വലിയ സ്യൂട്ട്കേസുകളുമായി വരിക, പെന്പറന്നോത്തിയെ ഏല്പിക്കുക. യന്ത്രത്തിൽ എണ്ണി ഉറപ്പു വരുത്തുക എന്ന നിലയിലായില്ലേ? പണം ഉണ്ടാക്കാൻ എന്തൊക്കെ പുതിയ സൂത്രവിദ്യകളാ. ബജറ്റ് തന്നെ ഒന്നിച്ചങ്ങ് വിറ്റാൽ എത്ര കോടി കൈമറിയുമെന്ന് നിങ്ങളും ഞാനുമൊക്കെ ചിന്തിച്ചിരുന്നോ? ബാർകോഴ എന്നൊക്കെ പറയുന്നത് ആ ബിജുരമേശ് പറഞ്ഞത് കൊണ്ടു മാത്രം ലോകം അറിഞ്ഞതല്ലേ. അതൊക്കെ ഐസ് മലയുടെ മുകളിൽ കാണുന്ന അറ്റം മാത്രമല്ലേ? ങ്ഹാ.. അതിനെ ആന്റണി രാജു ന്യായീകരിച്ചതോ? അതല്ലേ അതിന്റെ ഒരു തമാശ. മാണി ൈകക്കൂലി വാങ്ങിയില്ലെന്ന് അങ്ങേര് പറഞ്ഞോ? അദ്ദേഹം ഒന്നാന്തരം വക്കീലല്ലേ? അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്ന് മാത്രമല്ലേ പറഞ്ഞുള്ളൂ. കോടതിയിലെ കാച്ച് ജനങ്ങളോട് കാച്ചിയതല്ലേ? എന്ന് വെച്ച് ഈ അഴിമതി ഇനിയും സഹിക്കാൻ കേരള കോൺഗ്രസുകാർക്ക് കഴിയുമോ? അങ്ങനെ അഴിമതി സഹിച്ച പാർട്ടിയാണോ ഈ കേരള കോൺഗ്രസ്?
പിന്നെ ബി.ജെ.പിയോടുള്ള മൃദുസമീപനം. ഇതെന്നാ ചേലാ ഈ മാണിച്ചായൻ കാണിച്ചു കൂട്ടുന്നത്. അമിത് ഷായെ അദ്ദേഹത്തിന്റെ വീട്ടീച്ചെന്നല്യോ ജോസ്. കെ. മാണി കണ്ടുകളഞ്ഞത്. ഇതൊക്കെ നാലാളറിഞ്ഞാൽ എന്നാ അവസ്ഥ? ഇത് നല്ല എണ്ണം പറഞ്ഞ കത്തോലിക്കാ ക്രിസ്ത്യാനികടെ പാർട്ടിയല്ല്യോ? അദ്ധ്വാനവർഗ്ഗ സിദ്ധാന്തമല്ലേ ഇതിന്റെ ബൈബിൾ. മൈത്രാന്മാരും ബിഷപ്പു തിരുമേനിമാരും പിതാക്കന്മാരുമൊക്കെ അപ്പവും വീഞ്ഞും ഊട്ടിയ പ്രസ്ഥാനമാണല്ലോ കേരള കോൺഗ്രസ്. അമിത് ഷായാണെങ്കിൽ ഗുജറാത്തിൽ നടത്തിയതൊക്കെ നാട്ടുകാർ കണ്ടതല്ലേ? ഒറീസയിലും ഡൽഹിയിലുമൊക്കെ ക്രിസ്ത്യൻ പള്ളികൾ ഇടിച്ചു നിരത്തിയ സംഘപരിവാറുകാർക്കെതിരെ അവിടത്തെ പിതാക്കന്മാർ സമരരംഗത്തല്ലേ? കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്ന ഗ്രഹാം െസ്റ്റയിൻസിനേയും കുടുംബത്തേയും ചുട്ടുകൊന്നവരല്ലേ ഇവർ. എന്തിനധികം മദർ തെരേസ്സെക്കെതിരെ പോലും ഇവർ വേണ്ടാത്തതൊക‍്കെ പ്രചിരിപ്പിക്കുകയല്ലേ? അപ്പോൾ പിന്നെ അമിത് ഷായെ അങ്ങോട്ടു പോയി കണ്ടാലത്തെ സ്ഥിതിയെന്താ? അദ്ദേഹം കേരളത്തിലെത്തിയപ്പോൾ, ‘ഇവിടത്തെ ചേച്ചിക്കിന്നലെ മുതലൊരു ജലദോഷം’ എന്ന നിലിലായിരുന്നല്ലോ മാണി സാറിനും. പി.സി തോമസ് എന്ന കേരള കോൺഗ്രസുകാരൻ ഐ.എഫ്.ഡി.പി എന്ന പാർട്ടി രൂപീകരിച്ച് ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കി ജയിച്ച് എം.പിയായി. കേന്ദ്രത്തിൽ ബി.ജെ.പി മന്ത്രിസഭയിൽ സഹമന്ത്രിയായത് മുതലാണ് മാണിസാറിന് ഈ ജലദോഷം അരംഭിച്ചത്.
മുസ്്ലി ലീംഗിന്റെ ഏക എം.പി ഇ. അഹമ്മദിനെ യു.പി.എ ഭരണകാലത്ത് കോൺഗ്രസുകാർ സഹമന്ത്രിയാക്കി. എന്നാൽ ചൊട്ടിയാൽ തെറിക്കുന്ന ചോരത്തിളപ്പുള്ള ജോസ് കെ. മാണിയെ അവർ തിരിഞ്ഞു പോലും നോക്കിയില്ല. കേരളത്തിലാണെങ്കിൽ പലവിധത്തിലുള്ള ആപ്പുകൾ വെച്ചാണ് കോൺഗ്രസുകാർ മാണി സാറിനെ പൂട്ടുന്നത്. ഇനിയിപ്പോ കോൺഗ്രസ് കേന്ദ്രത്തിലും സംസ്ഥാനത്തുമൊന്നും അധികാരത്തിലെത്തണമെന്നില്ല. എന്നാപ്പിന്നെ അമിത് ഷായുമായി ഒരു സംബന്ധമൊക്കെ ആലോചിച്ചാലെന്താ എന്നൊരു മട്ടുണ്ട് മാണി സാറിന്. സ്കൂളും കോളേജും ആശുപത്രിയും അരമനയും രൂപതയുമൊക്കെയായി സുഖിച്ചു കഴിയുന്ന പല പിതാക്കന്മാർക്കും നാളേക്ക് ഇതൊക്കെ നന്നാവും എന്നൊരു തോന്നലുണ്ട്. എന്നാലും ഈ സംഘപരിവാര ബന്ധുവായി നല്ല നസ്രാണിമാർക്ക് മുന്നോട്ടു പോകാൻ കഴിയുമോ?
പിന്നൊരു കാര്യം; കർഷക താല്പര്യം വെടിഞ്ഞാൽ കേരള കോൺഗ്രസുണ്ടോ? കർഷകർ എന്നു പറഞ്ഞാൽ മലയോര കർഷകരാണ്. ഒട്ടുപാലും റബ്ബറുമാണ് കേരള കോൺഗ്രസിന് പ്രധാനം. ഭരിച്ച് മദിക്കുന്പോൾ, യന്ത്രം െവച്ച് നോട്ടെണ്ണി വാങ്ങുന്പോൾ ഇതൊന്നും വേണ്ടപോലെ ഗൗനിക്കാൻ കേരള കോൺഗ്രസിനായിരുന്നില്ല. ആളുകളൊക്കെ ചോദിച്ചു തുടങ്ങിയപ്പോൾ ആ മാണികൊച്ചനെ ദില്ലിയിൽ ഉണ്ണാവ്രതം കിടത്തി നോക്കി, ഏറ്റില്ല. ഇനിയും മാണി സാറിനൊപ്പം നിന്ന് കർഷക താല്പര്യങ്ങൾ വെടിയാനൊക്കുമോ? ഇതൊക്കെ കൊണ്ടാണ് വളരും തോറും പിളരുക എന്ന സിദ്ധാന്തമനുസരിച്ച് ഫ്രാൻസിസ് ജോർജും കൂട്ടരും പിളർന്ന് മാറിയത്. അല്ലാതെ ഇടതുമുന്നണിയോടൊപ്പം ചേർന്ന് എം.എൽ.എമാരാകാനും മന്ത്രിയാകാനുമൊന്നുമല്ല.
പിന്നെ കേരളകോൺഗ്രസിന്റെ ‘ജനിതകം’ അങ്ങിനെയാണല്ലോ. പി.ടി ചാക്കോ എന്നൊരു പ്രഗത്ഭനായ കോൺഗ്രസ് നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന ഒരാളുടെ കാറിൽ ഒരു പെണ്ണിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നാണല്ലോ ഈ പാർട്ടി മുളപൊട്ടുന്നത്. അന്ന് പണിയൊപ്പിച്ചതും കോൺഗ്രസുകാരായിരുന്നല്ലോ. 1964ൽ മന്നത്ത് പത്മനാഭനാണല്ലോ കേരള കോൺഗ്രസ് എന്ന് നാമകരണം ചെയ്തത്.
കെ.എം ജോർജായിരുന്നു സ്ഥാപക ചെയർമാൻ. അദ്ദേഹത്തിനെ കുതികാൽ വെട്ടിയാണ് മാണി സാർ രാഷ്ട്രീയം തുടങ്ങിയത്. ആദ്യത്തെ തിരഞ്ഞെടുപ്പിൽ 25 എം.എൽ.എമാരുണ്ടായിരുന്നു നിയമസഭയിൽ. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന ഞങ്ങളുടെ പാർട്ടിക്കിപ്പോൾ എല്ലാ ഗ്രൂപ്പുകൾക്കും കൂടി 11 എം.എൽ.എമാരെയുള്ളൂ. വളർച്ച പടവലം വളരുന്പോലെയാണെന്നൊക്കെ നിങ്ങൾ പരിഹസിക്കും. എന്നാലെന്താ കുതികാൽ വെട്ടിന്റെ രാഷ്ട്രീയം കേരളത്തെ പഠിപ്പിച്ചത് ഞങ്ങളാണെന്ന് തീർച്ചയായും ഞങ്ങൾ അവകാശപ്പെടും. കെ.എം ജോർജിനെ കെ.എം മാണി വെട്ടി. ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് ഇപ്പോൾ മാണിയെ വെട്ടുന്നു.
മാണിയും ബാലകൃഷ്ണപിള്ളയും പലതവണ പരസ്പരം കാലുവാരി. കെ.എം ചാക്കോ പാർട്ടിക്കകത്ത് പുകഞ്ഞപ്പോൾ പുതിയ കേരള കോൺഗ്രസുണ്ടാക്കി പിളർപ്പുകൾക്ക് തുടക്കം കുറിച്ചു. അതിന് പിന്നാലെ 1976ൽ മാണിയും ബാലകൃഷ്ണപിള്ളയും പിളർന്നു മാറി. 79ൽ പി.ജെ ജോസഫ് പിളർന്നു. 93ൽ ടി.എം ജേക്കബ് കേരള കോൺഗ്രസിൽ വീണ്ടും പിളർപ്പിന്റെ ആഘോഷം കൊണ്ടുവന്നു. കെ. നാരായണകുറുപ്പ്, ലോനപ്പൻ നന്പാടൻ, എം.വി മാണി എന്നിവർ അവരവർക്കു വേണ്ട ചെറു കഷണങ്ങൾ പകുത്തെടുത്തു. പി.സി തോമസ് ഐ.എഫ്.ഡി.പി എന്ന പുതിയ പാർട്ടിയുണ്ടാക്കി പിളർന്നു. ഇപ്പോൾ കേരള കോൺഗ്രസ് എത്രയായി പിളർന്നു എന്ന് രാഷ്ട്രീയ വിശാരദന്മാർക്കും കൃത്യതയില്ല. ഏതായാലും ഇപ്പോഴത്തേത് പതിനാറാമത്തേതോ അതോ പതിനേഴാമത്തേതോ ആണ്. ഇതാണ് കേരളാ കോൺഗ്രസിന്റെ ജനിതക ഘടന. എല്ലാം ആർക്കുവേണ്ടിയാണ്? ‘അദ്ധ്വാന വർഗ്ഗസിദ്ധാന്തം’ അതൊന്നു നടപ്പിലാക്കി കിട്ടുന്നതിന് വേണ്ടി മാത്രം.