ജെ.എൻ.യുവിന്റെ അതിജീവനം ; ജനാധിപത്യത്തിന്റേത് കൂടിയാണ്

പ്രശസ്ത ചിന്തകനായ പ്രൊഫ: എം.എൻ വിജയൻ ഒരിക്കൽ പറയുകയുണ്ടായി “ഞാൻ നിങ്ങളോട് സംസാരിക്കുന്പോൾ നിങ്ങളോട് മാത്രമല്ല, നിങ്ങളുടെ അപ്പനോട്, അമ്മയോട്, അപ്പൂപ്പനോട്, അമ്മൂമ്മയോട് അങ്ങനെ കാലത്തിൽ മറഞ്ഞുനിൽക്കുന്ന എല്ലാ കണ്ണിയോടുമായാണ് സംസാരിക്കുന്നത്” ഓരോ മനുഷ്യനുമങ്ങനെയാണ്; കാലത്തിൽ പിറവിയെടുത്തു ചരിത്ര പരമായി കണ്ണി ചേർക്കപ്പെട്ട ഒരു ശൃംഗലയിലെ, സ്വതന്ത്രമായി അസ്ഥിത്വമുള്ളതും എന്നാൽ പരസ്പര ബന്ധിതവുമായ, അവസാനമായി നിർമ്മിക്കപ്പെട്ട കണ്ണിയാണ് നിങ്ങൾ. കാലം പുതിയ കണ്ണികൾ നിർമ്മിക്കുന്പോൾ നിങ്ങൾ ചരിത്രത്തിലേക്ക് പിൻവാങ്ങും. ഈ പ്രക്രിയ അനസ്യൂതമായി നടക്കും. അതായത് ചരിത്രത്തിന്റെ ഒരു ഊറൽ (Historical Sedimentation) വർത്തമാന കാലത്ത് ജീവിക്കുന്ന ഓരോ മനുഷ്യനിലും അടിഞ്ഞു കൂടിയിട്ടുണ്ട്. ഇതിനെ നമുക്ക് പാരന്പര്യം എന്ന് വേണമെങ്കിൽ വിളിക്കാം.
ഒറ്റപ്പെട്ട വ്യക്തികൾക്ക് മാത്രമല്ല ജനപഥങ്ങൾക്കും ഈ തത്വം ബാധകമാണ്. ഒരു പ്രത്യേക ഭൂപ്രദേശത്ത് പ്രത്യേക കാലാവസ്ഥയിൽ, പാരിസ്ഥിതികമായ സവിശേഷതകളിൽ, ഒരു പ്രത്യേക തരം ഭക്ഷണ വ്യവസ്ഥ പിന്തുടർന്ന് ആചാരപരമോ, ജാതീയമോ, മത പരമോ ഒക്കെയായി പ്രത്യേക ജീവിത വ്യവസ്ഥയെ പിന്തുടരുന്ന ഒരു ജനതയ്ക്ക് വ്യത്യസ്ഥമായ സാംസ്കാരിക സവിശേഷതകൾ സ്വാഭാവികമാണ്. സ്വത്വനിർമ്മിതിയിൽ പ്രവർത്തിക്കുന്നത് ഇത്തരം സവിശേഷതകളാണ്. അത് ചരിത്രപരമായ അടരുകളായി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സഞ്ചരിക്കും. അങ്ങിനെ ഒരു ജനപഥത്തിൽ ചരിത്രപരമായി ഊറിക്കൂടിയിട്ടുള്ള (Historical Sedimentation) സംസ്കാരത്തെ പുതിയ കാലത്തിന്റെ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ പുതുക്കി പണിതുകൊണ്ടിരിക്കും. ഓരോ കാലത്തും നാം വളർത്തിയെടുക്കുന്ന സാമൂഹ്യ സ്ഥാപനങ്ങൾക്കകത്ത് (Social institutions) ഇത്തരം സാംസ്കാരിക ചിഹ്നങ്ങൾ പതിഞ്ഞു കിടപ്പുണ്ടാകും.
പുതിയ കാലത്ത് പരമപ്രധാനമായി എണ്ണപ്പെടേണ്ട സാമൂഹ്യ സ്ഥാപങ്ങളാണല്ലോ നമ്മുടെ സർവ്വകലാശാലകൾ. സ്വാഭാവികമായും നമ്മുടെ ചരിത്രം, പാരന്പര്യം, പുരാവൃത്തം, സംസ്കാരം എന്നിവയൊക്കെ ഇത്തരം സ്ഥാപനങ്ങളിൽ ചിഹ്നവൽക്കരിക്കപ്പെടും, അതോടൊപ്പം പുതിയ കാലത്തിന്റെ വസ്തുനിഷ്ഠത ഈ സ്ഥാപനങ്ങളെ പുതുക്കി പണിതു കൊണ്ടിരിക്കുന്നുമുണ്ട്.
ലോകത്തിലെ ആദ്യത്തെ വികസിത സർവ്വകലാശാലയായി അറിയപ്പെടുന്ന ‘തക്ഷശില’ നമ്മുടെ പാരന്പര്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. 64 വ്യത്യസ്ഥ ശാഖകളിലായി വേദം, വ്യാകരണം, തത്വശാസ്ത്രം, ആയുർവേദം, കൃഷി ശാസ്ത്രം, ശസ്ത്രക്രിയ, രാഷ്ട്രീയം, യുദ്ധശാസ്ത്രം, സാമൂഹ്യ ക്ഷേമം, ജ്യോതി ശാസ്ത്രം, സംഗീതം, നൃത്തം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. ഈ സർവ്വകലാശാല ഇന്ത്യയുടെ പ്രബുദ്ധമായ പൗരാണിക ശാസ്ത്ര പാരന്പര്യത്തിന്റെ നിദർശനമാണല്ലോ. ക്രിസ്തുവിന് മുന്പ് അഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ ബിഹാറിലെ ‘നളന്ദ’ ബൗദ്ധപാരന്പര്യത്തിന്റെ ഉല്പന്നമാണ്. ജാതിജന്മിനാടുവാഴിത്ത വ്യവസ്ഥയോട് സമരസപ്പെട്ടും കലഹിച്ചും ഉയർന്നു വന്ന ഇന്ത്യൻ നവോത്ഥാനം നമുക്ക് നൽകിയ കാണപ്പെട്ട സംഭാവനയാണ് ബംഗാളിലെ ‘വിശ്വഭാരതി’യും രവീന്ദ്രനാഥ ടാഗോറും. നവോത്ഥാനത്തിന്റെ തുടർച്ചയായി മുതലാളിത്തവും ആധുനികതാ പ്രസ്ഥാനവും അതിന്റെ വരവറിയിച്ചത്, ഇന്ത്യയിലെ ആധുനിക സർവ്വകലാശാലകളിലൂടെയായിരുന്നു. ഇസ്ലാമിക നവോസ്ഥാനത്തിന്റെ സന്തതിയായ, സർ സെയ്ദ് അഹമദ് ഖാൻ സ്ഥാപിച്ച ‘അലിഗഡ് മുസ്ലീം സർവ്വകലാശാല’, മൗലാന സഹോദരങ്ങൾ സ്ഥാപിച്ച ദില്ലിയിലെ ‘ജാമിയ മില്ലിയ’, മദൻമോഹൻ മാളവ്യ സ്ഥാപിച്ച കാശിയിലെ ‘ബനാറസ് ഹിന്ദു സർവ്വകലാശാല’ എന്നിവയൊക്കെ അതാത് മതങ്ങളുമായി ബന്ധപ്പെട്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ സന്തതികളാണ്.
ആധുനിക ദേശരാഷ്ട്ര സങ്കൽപ്പം ശക്തമാവുകയും ഇന്ത്യൻ ദേശീയത വികസിക്കുകയും ചെയ്ത കാലത്താണ് നമ്മുടെ കേന്ദ്ര സർവകലാശാലകൾ രൂപമെടുത്തത്. ഇന്ന് എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര സർവ്വകലാശാലയെങ്കിലും ഉണ്ട്. ദില്ലി സർവ്വകലാശാലയും ഹൈദരാബാദ് സർവ്വകലാശാലയുമൊക്കെയാണ് ഇതിൽ പ്രഥമ ഗണനീയം. ഈ കാലയളവിൽ ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും അവിടുത്തെ ദേശീയ സവിശേഷതകൾക്കനുസരിച്ച് സംസ്ഥാന സർവ്വകലാശാലകൾ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ നവ ഉദാരവൽക്കരണ കാലത്ത് വിദേശ സർവ്വകലാശാലകളും സ്വകാര്യ സർവ്വകലാശാലകളുമൊക്കെ ഇന്ത്യൻ ഉപഭൂഖണ്ധത്തിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
ജവഹർലാൽ നെഹ്‌റു സർവ്വകലാശാല (JNU)
മുകളിൽ പറഞ്ഞ ഗണത്തിൽ നിന്ന് രൂപപ്പെടലിലെ സവിശേഷതകൾ കൊണ്ട് തന്നെ വേറിട്ട് നിൽക്കുന്ന ഒന്നാണ് ജെ.എൻ.യു 1969ലാണ് ഇത് സ്ഥാപിതമാകുന്നത്. ദില്ലിയിലെ 3000 ഏക്കറിൽ അധികം വരുന്ന വിശാലമായ ഒരു ടൗൺഷിപ്പാണിത്. സ്വതന്ത്ര യൂണിവേഴ്സിറ്റികളെ പോലെ പ്രവർത്തിക്കുന്ന പത്തിലധികം സ്കൂളുകളും ധാരാളം സെന്ററുകളുമുണ്ടിവിടെ. സ്കൂൾ ഓഫ് സോഷ്യൽ സയൻസ്, സ്കൂൾ ഓഫ് ലാംഗ്വേജസ് ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസ്, സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്, സ്കൂൾ ഓഫ് സയൻസ്, സ്കൂൾ ഓഫ് ആർട്ട് ആൻഡ് ഇസ്തറ്റിക്സ് തുടങ്ങിയവയാണിതിൽ പ്രധാനം. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസ് (CDS) ഉൾപ്പെടെ ഒൻപത് അനുബന്ധ സെന്ററുകൾ പല സ്ഥലങ്ങളിലായി പ്രവർത്തിക്കുന്നു. ഇതിൽ നിന്നൊക്കെ ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന ഈ സർവ്വകലാശാലയുടെ സ്വാധീനം വ്യക്തമാണല്ലോ. ജാതി റിസർവേഷന് പുറമേ പ്രാദേശിക റിസർവേഷനും ഇവിടുത്തെ പ്രവേശനത്തിന് പരിഗണിക്കുന്നുണ്ട്. പഴയ ചേരി ചേരാ രാഷ്ട്രങ്ങളിലെ ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നു.
ഇത്തരം ഒരു സർവ്വകലാശാല സ്ഥാപിക്കാനിടയായ ചരിത്ര രാഷ്ട്രീയ പാശ്ചാത്തലങ്ങൾ പ്രധാനമാണ്. സ്വാതന്ത്രത്തിന് ശേഷമുള്ള ഒന്നാം പൊതു തെരഞ്ഞെടുപ്പിൽ തന്നെ (1952) കോൺഗ്രസിന് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയം പ്രകടമായിരുന്നു. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഒരു ശക്തിയായി ഉയർന്നു വന്നു. രണ്ടാം പൊതു തിരഞ്ഞെടുപ്പോടെ (1957) ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഉൾപ്പെട്ട ഇടതു പക്ഷം മുഖ്യശക്തിയായി ഉയർത്തപ്പെട്ടു. എ.കെ.ജി. പ്രതിപക്ഷ നേതൃനിരയിലേക്ക് ഉയർന്നു. സ്വാതന്ത്ര്യസമര കാലത്ത് തന്നെ ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്ന, ബൂർഷ്വാ − ലിബറൽ ആശയങ്ങളാൽ പ്രചോദിതനായ നേതാവായാണ് ജവഹർ ലാൽ നെഹ്റു അറിയപ്പെട്ടത്. യാഥാസ്ഥിതിക നിലപാടുകളിൽ ഉറച്ചു നിന്ന ഗാന്ധിയുമായി ഏറ്റവും അടുത്ത ആത്മബന്ധം പുലർത്തുന്പോഴും വിശ്വാസ പ്രമാണങ്ങളിൽ ഉള്ള ഈ അകൽച്ച പലപ്പോഴും മറനീക്കി പുറത്ത് വരികയും ചെയ്തു.
സ്വാതന്ത്ര്യാനന്തരം ആഭ്യന്തര രംഗത്ത് ഇന്ത്യൻ മുതലാളിത്ത വളർച്ചാ ലക്ഷ്യം വച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്പോഴും അന്തർദേശീയ തലത്തിൽ നെഹ്റുവിന് ഒരു സോഷ്യലിസ്റ്റ് പ്രതിഛായ ഉണ്ടായിരുന്നു. സോവിയറ്റ് നേതാക്കളുമായുള്ള ഉറ്റ ബന്ധം, ചേരി ചേരാ രാഷ്ട്രങ്ങളുടെ നേതൃപദവി, അന്തർദേശീയ രംഗത്തെ വിമോചന പ്രസ്ഥാനങ്ങളോട് പുലർത്തിയ ഐക്യദാർഢ്യം ഇതൊക്കെ ഇത്തരം ഒരു പ്രതിഛായക്ക് കാരണമായി. ആഭ്യന്തര രംഗത്തും സോഷ്യലിസ്റ്റ് വായ്ത്താരികൾ മുഴക്കാതെ നഷ്ടപ്പെടുന്ന സ്വാധീനം വീണ്ടെടുക്കാനോ ഇടതുപക്ഷ മുന്നേറ്റം തടയാനോ കഴിയില്ല എന്ന് നെഹ്റുവിനു ബോധ്യപ്പെട്ടു. അങ്ങനെയാണ് കോൺഗ്രസിന്റെ ലക്ഷ്യം സോഷ്യലിസമാണ് എന്ന് പ്രഖ്യാപിക്കുന്ന ആവടി പ്രമേയവും എ.ഐ.സി.സി. സമ്മേളനവുമൊക്കെ ഉണ്ടാവുന്നത്. നെഹ്റുവിന്റെ മരണ ശേഷവും ഇന്ത്യ ഒരു ഘട്ടം വരെ ഇത്തരം നിലപാടുകൾ തുടർന്നിട്ടുണ്ട്. ഭരണഘടനയിൽ സോഷ്യലിസം എന്ന് എഴുതി ചേർത്തത്, പ്രിവിപേഴ്സ് നിർത്തലാക്കൽ, ബാങ്ക് ദേശസാൽക്കരണം എന്നിവയൊക്കെ ഇടതുപക്ഷ മേലങ്കിയിട്ട പരിഷ്കരണങ്ങളായിരുന്നു. എന്നാൽ മുതലാളിത്ത വികസന പാതയിൽ നിന്ന് അണുകിട വ്യതിചലിക്കാനും കോൺഗ്രസ് തയ്യാറായിരുന്നില്ല. നെഹ്റുവിന്റെ മരണ ശേഷവും ഇടതുപക്ഷ നയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിൽ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ് എന്ന് വിളിച്ചറിയിക്കുന്നതും, ആധുനിക പൗര ബോധം ഉയർത്തിപ്പിടിക്കുന്നതുമായ ഒരു സർവ്വകലാശാല അദ്ദേഹത്തിന്റെ സ്മാരകമായി ഉയരണം എന്ന ഇന്ത്യൻ ഭരണാധികാരികളുടെയും ബുദ്ധിജീവികളുടെയും ആഗ്രഹത്തിൽ നിന്നാണ് ജെ.എൻ.യു. പിറവിയെടുക്കുന്നത്.
സർവ്വകലാശാലയ്ക്ക് പുറത്തുള്ള, കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെയും ലനിസ്റ്റ് സംഘടനാ തത്വങ്ങളുടെയും കെട്ടുറപ്പുള്ള സംഘടിത ഇടത്പക്ഷ പ്രസ്ഥാനത്തിന് പകരം, എല്ലാവിധ ലിബറൽ ചിന്തകളേയും പരിപോഷിപ്പിക്കുന്ന, വിശ്വപൗര ബോധം ഉയർത്തിപ്പിടിക്കുന്ന, ലിബറൽ ഇടത്പക്ഷ ഘടനയോട് കൂടിയ ഒന്നായാണ് ജെ.എൻ.യു വിഭാവനം ചെയ്യപ്പെട്ടത്.
വിശ്വപ്രസിദ്ധമായ ഓക്സ്ഫോർഡും കേംബ്രിഡ്‌ജുമൊക്കെയാണ് മറ്റ് സർവ്വകലാശാലകൾ മാതൃകയാക്കിയതെങ്കിൽ ജെ.എൻ.യു വ്യത്യസ്ഥമായിരുന്നു. ദേശീയതയോട് കെട്ടുപാടില്ലാത്ത സ്വതന്ത്ര പൗരത്വ നിലപാടുകളാണ് ഇവിടെ ഉയർന്നു വന്നത്. അങ്ങിനെയാണ് ബി.ബി.സിയിൽ പ്രവർത്തിച്ചിരുന്ന റൊമീലാ ഥാപ്പർ, കെ.എൻ പണിക്കർ, ബിബിൻ ചന്ദ്ര തുടങ്ങിയ, ചരിത്രത്തിന്റെ രംഗത്തെ എണ്ണം പറഞ്ഞ പണ്ധിതരൊക്കെ ജെ.എൻ.യുവിലെത്തുന്നത്. ഇന്ത്യൻ വർഗ്ഗീയതയെക്കുറിച്ചുള്ള ആധുനിക ഗ്രന്ഥമായ ‘കമ്യൂണലിസം ഇൻ ഇന്ത്യ’ എന്ന ഗ്രന്ഥമെഴുതിയ ബിപിൻ ചന്ദ്രക്ക് ഇ.എം.എസ്സിനെപ്പോലുള്ള ഇടതുപക്ഷ നേതാക്കളുമായും ഇന്ധിരാഗാന്ധിയുമായും ഒരേ തരത്തിൽ ഇടപഴകി പ്രവർത്തിക്കാൻ പ്രയാസങ്ങളുണ്ടായിരുന്നില്ല. ഇത് ബി.ടി രണദിവെയെപ്പോലുള്ള സംഘടനാ മാർക്സിസ്റ്റുകൾ കോൺഗ്രസ് ഗവൺമെന്റുകൾക്കെതിരെ ഇടതുപക്ഷത്ത് നിന്നുയർത്തിയ വിമർശനങ്ങളെ വലിയൊരളവിൽ പ്രതിരോധിക്കുവാൻ ഇത് സഹായകവുമായിരുന്നു.
ഏഷ്യയിലെ ഭരണ നേതൃത്വവും രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ട ധാരാളം പണ്ധിതരെ വളർത്തിയെടുക്കാൻ ജെ.എൻ.യുവിന് സാധിച്ചു. കോൺഗ്രസ് നേതൃനിരയിൽ ഇത്തരം ധാരാളം പേരുണ്ടായി. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി നേപ്പാളിലെ മാവോയിസ്റ്റ് നേതാവ് പ്രചണ്ധ, പഞ്ചാബിലെ വിമത മാർസിസ്റ്റ് നേതാവ് മംഗത്ത്റാം പസ്്ല ഉൾപ്പെടെ ധാരാളം പേർ ജെ.എൻ.യുവിന്റെ സന്തതികളായുണ്ട്. പ്രഭാത് പട്നായിക്, സി.പി ചന്ദ്രശേഖർ, ജയതി ഘോഷ് തുടങ്ങി ധാരാളം മാർക്സിസ്റ്റുകളെ ഈ ഗണത്തിൽ കാണാം. ശ്രീലങ്കൻ നിന്നുള്ള സിംഹള, തമിഴ് ബുദ്ധി ജീവികൾ, റാഡിക്കൽ ഇസ്ലാം ബുദ്ധിജീവികൾ എന്നിവരെയൊക്കെ ജെ.എൻ.യു വളർത്തിയെടുത്തു.
ഇന്ത്യയുടെ ഭൂപരമായ അതിർത്തിക്കകത്തായിരിക്കുന്പോഴും സ്വതന്ത്ര പൗരത്വ ചിന്ത ഉയർത്തിപ്പിടിക്കുന്ന, ഏറ്റവും ചുരുങ്ങിയത് ഏഷ്യയുടെ എങ്കിലും മിനിയേച്ചർ രൂപമായാണ് ജെ.എൻ.യു നില കൊണ്ടത്. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രചാരണം, സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ കാലത്ത് കാന്പസിനകത്തു പുനരധിവാസ കേന്ദ്രം സ്ഥാപിച്ച് സിഖ്കാരെ സംരക്ഷിച്ചത്, തുടങ്ങി പൗരാവകാശ നിഷേധത്തിനെതിരെ എന്നും ജെ.എൻ.യു. കത്തി നിന്നു.
സർവ്വകലാശാലയുടെ നടത്തിപ്പിൽ വിദ്യാർത്ഥികൾക്ക് വലിയ പ്രാതിനിധ്യമുള്ളതായിരുന്നു സർവ്വകലാശാലാ ഭരണം. ദീർഘ കാലം എസ്.എഫ്.ഐയുടെ ഭരണത്തിലായിരുന്നു സർവ്വകലാശാല യൂണിയൻ. തുടർന്ന് ഡി.എസ്.യു, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ്, എ.ഐ.എസ്.എ. തുടങ്ങിയ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ തന്നെയാണ് യൂണിയൻ ഭരണം നിയന്ത്രിച്ചത്. തൊട്ടടുത്ത മുറിയിൽ നേപ്പാളി വിദ്യാർത്ഥി പട്ടിയിറച്ചി പാചകം ചെയ്യും. പന്നിയും പശുവും ഒക്കെ തൊട്ടുതൊട്ട അടുപ്പുകളിൽ പാചകം ചെയ്യുന്നത് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. എല്ലാതരം ആവിഷ്കാരങ്ങൾക്കും ജെ.എൻ.യുവിൽ ഇടമുണ്ട് എന്നത് പ്രധാനമാണ്.
കേരളം പോലെയോ തമിഴ്നാട് പോലെയോ ഉത്തർപ്രദേശ് പോലെയോ ഇന്ത്യാ രാജ്യത്തിന്റെ ഭാഗമായിരുന്നില്ലല്ലോ കാശ്മീർ. സ്വതന്ത്ര നാട്ടുരാജ്യമായ കാശ്മീർ അവിടുത്തെ ജനങ്ങളുടെ താൽപര്യത്താൽ ഇന്ത്യയോട് കൂട്ടിചേർക്കപ്പെട്ടതാണ്. ഈ കൂട്ട് ചേരലിന്റെ അവസരത്തിൽ കാശ്മീരി ജനതയുടെ സ്വത്വപരവും വിശ്വാസപരവും സാംസ്കാരികവുമായ വ്യക്തിത്വം (Identity) സംരക്ഷിക്കുന്നതിനുള്ള ബാദ്ധ്യത ഇന്ത്യൻ ഭരണാധികാരികളിൽ നിക്ഷിപ്തമാകുന്ന കരാറുകൾ ഒപ്പ് വെച്ചിരുന്നു. ഹിതപരിശോധന ഉൾപ്പെടെ കാശ്മീരിന്റെ പ്രത്യേക പദവികൾ എല്ലാം അങ്ങിനെ ഉണ്ടായതാണ്. എന്നാൽ നെഹ്റു ഗവൺമെന്റിൽ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ വല്ലഭായി പട്ടേൽ, നെഹുറുവിന് ശേഷം അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധി, തുടങ്ങിയവരൊക്കെ ഇത്തരം പ്രത്യേക അവകാശങ്ങൾ അനുവദിക്കുന്നതിനു പകരം പട്ടാളത്തിന്റെ ശക്തിക്ക് കീഴടക്കി കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി നിർത്തുക എന്ന നിലപാടുകാരായിരുന്നു. ഇത് വലിയ തോതിലുള്ള സംഘർഷത്തിന് ഇടയാക്കുകയും ഈ അവസരം മുതലാക്കാൻ പാകിസ്ഥാനും അമേരിക്കയുമൊക്കെ രംഗത്തെത്തുകയും ചെയ്തതോടെ കാശ്മീരികളും ഇന്ത്യൻ ഭരണാധികാരികളും തമ്മിലുള്ള ബന്ധം സംഘർഷ പൂരിതമായി. ഇന്ന് കാശ്മീരിലുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും സംഘടനകൾക്കും കാശ്മീരികളുടെ സ്വയംനിർണ്ണയാവകാശത്തിന്റെ പ്രശ്നം കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിനർത്ഥം സ്വതന്ത്ര കാശ്മീർ വാദത്തെ ആരെങ്കിലും അംഗീകരിക്കണമെന്നല്ല. ബി.ജെ.പിയോടൊപ്പം അധികാരം പങ്കിടുന്ന പി.ഡി.പിയും, നാഷണൽ കോൺഫറൻസും, ഒരുപാട് സംഘടനകളുടെ കോൺഫഡറേഷനായ ഹൂറിയത്ത്കോൺഫറൻസുമൊക്കെ ഈ പ്രശ്നം ഉന്നയിക്കാൻ നിർബന്ധിതമാണ്. ഇത്തരം ഒരു പാശ്ചാത്തലത്തിൽ വേണം അഫ്സൽ ഗുരുവിനെ ഇന്ത്യ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ നടത്തി വധശിക്ഷയ്ക്ക് വിധേയമാക്കിയത് നോക്കിക്കാണാൻ. അഫ്സൽ ഗുരുവിനെ കാശ്മീരി വിമോചനത്തിന്റെ പ്രതീകമായി കാണുന്ന ധാരാളം പേർ കാശ്മീരിലുണ്ട് എന്നത് നിരാകരിക്കാനാകാത്ത യാഥാർത്ഥ്യമാണ്.
ലോകത്തിലെ ധാരാളം രാജ്യങ്ങൾ വധശിക്ഷ ഒഴിവാക്കിയിട്ടും, ഇന്ത്യയിൽ തന്നെ ധാരാളം ഉൽതൃഷ്ണകൾ വധ ശിക്ഷയ്ക്കെതിരെ രംഗത്ത് വന്നിട്ടും ഇന്ത്യ ഇത് വരെ വധശിക്ഷ ഒഴിവാക്കിയിട്ടുമില്ല. ഇത്തരം ഒരു പാശ്ചാത്തലത്തിൽ വേണം ജെ.എൻ.യുവിൽ നടന്ന അഫ്സൽ ഗുരു അനുസ്മരണത്തെ നോക്കി കാണാൻ. ഒരുപക്ഷെ നമ്മുടെ നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലുമൊക്കെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ആവിഷ്കാരങ്ങൾ ജെ.എൻ.യുവിന്റെ സാംസ്കാരിക സവിശേഷതയുടെ ഭാഗമാണ് എന്ന് തിരിച്ചറിയുന്പോഴേ നമുക്കിതിനെ ശരിയായി മനസ്സിലാക്കാൻ കഴിയൂ. അതിനർത്ഥം ആരെങ്കിലും രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അതൊക്കെ അനുവദിക്കണം എന്നല്ല. എന്നാൽ വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കാനാവില്ല.
സ്വതന്ത്ര പദവിയുള്ള സർവ്വകലാശാല എന്ന നിലയിൽ അത്തരം പ്രശ്നങ്ങളൊക്കെ കൈകാര്യം ചെയ്യാനുള്ള സംവിധാനം (Mechanisam) ജെ.എൻ.യുവിനുണ്ട്. അതിന്റെ ജനാധിപത്യപരമായ പ്രവർത്തനത്തിന് അവസരമൊരുക്കുകയാണ് യാഥാർത്ഥ്യ ബോധമുള്ളവർ ചെയ്യേണ്ടത്. പക്ഷെ സംഘപരിവാറിന് ആവശ്യം ഇതൊന്നുമാല്ലല്ലോ.
ഉന്മാദ ദേശീയതയുടെ ഹിസ്റ്റീരിയ സൃഷ്ട്ടിച്ച്, മിത്ര − ശത്രു ദ്വന്ദ്വത്തിലൂടെ ഒരു വിഭാഗത്തെ അപരവൽക്കരിക്കുകയും, എല്ലാ സ്വതന്ത്ര ചിന്തകളെയും ഇല്ലാതാക്കുകയും ചെയ്യുക എന്നത് സവർണ്ണ ഫാസിസത്തിന്റെ നിലനിൽപ്പിന് അനിവാര്യവുമാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, കഴിഞ്ഞ നിരവധി വർഷമായി ദില്ലിയിൽ അരങ്ങേറിയ സ്ത്രീ സുരക്ഷ, സ്ഥ