ദേശീയതയും പൗരത്വ പ്രശ്നങ്ങളും

നമ്മുടെ സർവ്വകലാശാലകൾ രാജ്യദ്രോഹികളുടെ താവളമാകുന്നു എന്നും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയരുകയാണെന്നും ചുറ്റുപാടുമുള്ള ശത്രുരാജ്യങ്ങളാൽ നാം വളഞ്ഞു വെക്കപ്പെട്ടിരിക്കുകയാണെന്നും സവർണ്ണ ഫാസിസ്റ്റുകൾ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇത് തന്നെ നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്പോൾ ഇത് യാഥാർത്ഥ്യം തന്നെയോ, എന്ന സംശയം ഒരു സാധാരണ മനുഷ്യനുണ്ടാകുന്നു. അതുകൊണ്ടാണ് അതിർത്തിയിലെ പട്ടാളക്കാരാണ് നമ്മുടെ നാടിനെ കാത്തു കൊണ്ടിരിക്കുന്നത് എന്നും അവർ ഘോരമായ തണുപ്പിൽ യന്ത്രതോക്കുകളും പീരങ്കികളും മിസൈലുകലുകളുമൊക്കെയായി നമുക്ക് കാവലൽ നിൽക്കുന്നത് കൊണ്ടാണ് ഈ നാട് നിലനിൽക്കുന്നത് എന്നും ഇന്ത്യ നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ നമുക്കെന്ത് ജീവിതം എന്നും അങ്ങേയറ്റത്തെ “ദേശാഭിമാന”ത്തോടെ മോഹൻലാൽ ബ്ലോഗിൽ എഴുതുന്നത്.
പണ്ട് യുദ്ധ കാലഘട്ടങ്ങളിലൊക്കെ ജയ് കിസാൻ ജയ് ജവാൻ എന്ന് മുദ്രാവാക്യം മുഴക്കാൻ ഭരണകൂടം ജനങ്ങളെ പ്രേരിപ്പിച്ചിരുന്നു. നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾ ത്രിവർണ്ണ പതാക നെഞ്ചിൽ കുത്തിവച്ച് ജയ് ജവാനെന്നും ജയ് കിസാനെന്നും മുദ്രാവാക്യം വിളിച്ച് തെരുവിൽ ‘അച്ചടക്ക’ത്തോടെ പ്രകടനങ്ങൾ നടത്തിയിരുന്നു. പക്ഷെ ആ മുദ്രാവാക്യത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു. നമ്മുടെ നാടിനെ കാക്കുന്നത് പട്ടാളക്കാർ മാത്രമാണ് എന്ന്, നാം നമ്മുടെ കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. യുദ്ധകാലങ്ങളിൽ പോലും നമ്മുടെ നാടിനെ കാക്കുന്നത് പട്ടാളക്കാർ മാത്രമല്ല അവരോടൊപ്പം, അവർക്കുൾപ്പെടെ ഭക്ഷണം നൽകുന്ന കർഷകർക്ക് കൂടി ജയ് വിളിക്കെണ്ടതുണ്ട് എന്നൊരു തോന്നൽ നമുക്കുണ്ടായിരുന്നു. അന്നും യുദ്ധകാല പരിസ്ഥിതിയിലല്ലാതെ നാം പട്ടാളക്കാർക്ക് ജയ് വിളിച്ച് തെരുവിലിറങ്ങാറുണ്ടായിരുന്നില്ല. എന്നാലിന്ന് പട്ടാള ക്കാരുടെ തോക്കിൻ മുനയിലാണ് മാതൃഭൂമിയുടെ സ്വാതന്ത്ര്യം നിലനിൽക്കുന്നത് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നു.
പട്ടാളം, അച്ചടക്കം, രാജ്യസ്നേഹം, മതവിശ്വാസം, സസ്യാഹാരം, ഹിന്ദുത്വം എന്നീ വാക്കുകളൊക്കെ സദ്ഗുണസന്പന്നനായ ഒരു മനുഷ്യന്റെ, വിശേഷിച്ച് കുട്ടികളുടെ നിഘണ്ടുവിലെ ആദ്യപദങ്ങളാണ് എന്ന് വന്നിരിക്കുന്നു. ശത്രുവിനോട് ഏറ്റുമുട്ടി മരണപ്പെടുന്നയാൾ രക്തസാക്ഷിയാണ്, അതുകൊണ്ടാണ് ഭഗത് സിംഗും, മഹാത്മാ ഗാന്ധിയുംമൊക്കെ നമ്മുടെ ധീരദേശാഭിമാനികളായ രക്തസാക്ഷികളാകുന്നത്. അതുകൊണ്ടാണ് ശത്രുസൈന്യത്തിന്റെയോ തീവ്രവാദികളുടെയോ വെടിയുണ്ടയ്ക്ക് ഇരയായി മരിക്കുന്ന പട്ടാളക്കാരോട് ബഹുമാനാദരങ്ങളോടെ നാം പെരുമാറുന്നത്. എന്നാൽ പട്ടാളമാണ് എല്ലാം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി വരുന്നത് അത്ര ശുഭകരമായ കാര്യമല്ല. സൈന്യത്തിലെ ജോലിക്കിടയിൽ ഒരു അപകട മരണം സംഭവിച്ചാലും അത് രാജ്യത്തിന് വേണ്ടിയുള്ള രക്തസാക്ഷിത്വമായി കൊണ്ടാടപ്പെടുന്നു.
എനിക്കും നിങ്ങൾക്കും വൈദ്യുതിയോ മറ്റ് ഊർജ രൂപങ്ങളോ എത്തിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു തൊഴിലാളിക്ക് അപകട മരണം സംഭവിച്ചാൽ അത് ഒരു സാധാരണ മരണം മാത്രമായി കാണുന്ന നാം , പട്ടാളക്കാരന്റെ മരണത്തെ ദേശാഭിമാനം കൊണ്ട് പൊതിയുന്നു. യഥാർത്ഥത്തിൽ നമ്മുടെ വൈദ്യുതി തൊഴിലാളി മരിക്കുന്നതും ഒരു ട്രക്ക് ഡ്രൈവർ മരിക്കുന്നതും ഫാക്ടറി തൊഴിലാളി മരിക്കുന്നതും കാർഷിക വൃത്തിക്കിടയിൽ മരിക്കുന്നതുമൊക്കെ രാജ്യത്തിന് വേണ്ടിയുള്ള മരണങ്ങൾ തന്നെയാണ്. പക്ഷെ അവയൊന്നും മഹത്വവൽക്കരിക്കാത്ത നാം പട്ടാളക്കാരൻ അശ്രദ്ധമായ പ്രവർത്തിയിലൂടെ മരിച്ചാലും അതിനെ മഹത്വവൽക്കരിക്കുന്നു. നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ മിക്കവാറും പട്ടാളത്തിൽ ചേരുന്നത് ജീവിക്കാനൊരു തൊഴിൽ കണ്ടെത്തുക എന്ന നിലയ്ക്കാണ്. അല്ലാതെ രാജ്യസ്നേഹം തലയ്ക്ക് പിടിച്ചതുകൊണ്ട് മറ്റ് തൊഴിലുകളൊക്കെ മാറ്റിവച്ച് സൈനിക സേവനം സ്വീകരിക്കുന്നതല്ല.
പട്ടാളത്തിൽ ജോലി തരപ്പെടുത്തി തരാം എന്ന് പ്രലോഭിപ്പിച്ച് ചെറുപ്പക്കാരിൽ നിന്നും ലക്ഷങ്ങൾ കോഴ വാങ്ങുന്ന റിക്രൂട്ടിംഗ് എജൻസികൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. ഒരു തൊഴിൽ എന്ന സ്വപ്നം യാതാർത്ഥ്യമാകുന്നതിന് കേവലം ഷഡ്ഡി മാത്രം ധരിച്ച് പൊരിവെയിലിൽ കുത്തിയിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളുടെ ചിത്രം മാധ്യമങ്ങളിൽ കാണുന്പോൾ നമുക്ക് ദുഃഖം തോന്നാറുണ്ട്. അതായത് മറ്റെല്ലാ മേഖലയിലുമെന്ന പോലെ ജീവിക്കാൻ എന്തെങ്കിലും തൊഴിൽ കണ്ടെത്തുക, എന്ന പ്രാഥമികമായ ആവശ്യത്തിന് മുകളിലാണ് സൈനിക സേവനത്തിന് ചെറുപ്പക്കാർ തയ്യാറാവുന്നത്. പട്ടാളത്തിൽ ചേരുന്നതോടെ ലഭിക്കുന്ന തീവ്രപരിശീലനം അവരുടെ വ്യക്തിത്വത്തിൽ ദേശാഭിമാന ബോധം സൃഷ്ടിക്കുന്നുണ്ടാകാം. എന്നാൽ യാഥാർത്ഥ്യ ങ്ങളൊക്കെ വിസ്മരിച്ച് പട്ടാളത്തെയും സൈനികരേയും മഹത്വവൽക്കരിക്കുന്ന ഒരു പ്രവണത ഇന്ന് വളരെയേറെ ശക്തിപ്പെട്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ജവാന്മാരുടെ പേരിലുള്ള നഗറുകൾ, ബസ് സ്റ്റോപ്പുകൾ, മറ്റ് സ്മാരകങ്ങൾ എന്നിവയൊക്കെ നാട്ടിൽ സാർവ്വത്രികമാകുന്നു. രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും സമ്മേളനങ്ങളും മറ്റും നടക്കുന്നത് ജവാന്മാരുടെ പേരിലുള്ള ഇത്തരം നഗറുകളിലാണ് എന്ന് വരുന്നു. അതിനാകട്ടെ ഇടത് വലതു വ്യത്യാസങ്ങളൊന്നുമില്ല. ഇത്തരം പേരുകൾ നൽകാൻ രാഷ്ട്രീയ പാർട്ടികൾ പരസ്പരം മത്സരിക്കുന്നത് കാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലാണ് ഈ പ്രവണത ശക്തിപ്പെട്ടത്. ഇത്തരം ചില മാറ്റങ്ങൾക്ക് അടിസ്ഥാനമെന്ത് എന്ന അന്വേഷിച്ചാൽ ഇന്ത്യയിൽ സവർണ്ണ ഫാസിസം ആസൂത്രിതമായി നിർമ്മിച്ചെടുക്കുന്ന, ഒരു തരം ഉന്മാദ ദേശീയതയ്ക്ക് മുന്നിൽ ചോദ്യം ചെയ്യാതെ കീഴടങ്ങുന്ന അവസ്ഥയിലേക്ക് ഒരു സമൂഹം ചുരുങ്ങിപ്പോകുന്നുണ്ട് എന്ന യാതാർത്ഥ്യം നമുക്ക് അംഗീകരിക്കേണ്ടി വരും. ഇത്തരം മാറ്റങ്ങളെ സൂക്ഷ്മമായ വിശകലനങ്ങളിലൂടെ വിമർശന വിധേയമാക്കുകയും, വരാനിരിക്കുന്ന അപകട സാധ്യതയെക്കുറിച്ച് പഠിപ്പിക്കാനുമുള്ള ബാധ്യത, ഇടതുപക്ഷത്തിനാണെങ്കിലും അവരും ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നില്ല. എല്ലായ്പ്പോഴും തൊട്ട് മുന്നിലുള്ള ഒരു തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുന്നതിന് പരസ്പരം മത്സരിക്കുക; വോട്ട് നേടുന്നതിന് ഉന്മാദ ദേശീയതയോടൊപ്പം നിൽക്കുന്നതാണ് ഗുണം എന്ന് കണ്ടാൽ അതിന്റെ പിറകെ പോവുക ഇതൊക്കെയാണ് ഇവരും ചെയ്യുന്നത്.
യഥാർത്ഥത്തിൽ ഒരു രാജ്യം ശക്തിപ്പെടുന്നത് ആയുധങ്ങൾ കൊണ്ടും പട്ടാളം കൊണ്ടും ഉന്മാദ ദേശീയത കൊണ്ടും അല്ല. ആ രാജ്യത്തിലെ ജനങ്ങൾ ആർജിച്ചെടുത്ത ആധുനികമായ പൗരബോധം കൊണ്ടാണ്. അത്തരം പൗരബോധമുള്ളയാൾ ചോദിക്കുന്ന ചോദ്യങ്ങൾ അസ്വസ്ഥജനകമായിരിക്കും. ഒരുപക്ഷെ അതിനെ രാജ്യദ്രോഹമായി ചിത്രീകരിക്കാനും കഴിഞ്ഞേക്കും. സിയാച്ചിനിൽ നമ്മുടെ സഹോദരങ്ങളായ 11 സൈനികർ മഞ്ഞിടിച്ചിലിൽ മരിക്കാനിടയായി. 19500 അടി ഉയരത്തിലുള്ള അതിശൈത്യ മേഖലയാണത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സൈനിക താവളം. മൈനസ് 40 ഡിഗ്രിയിൽ താഴെയുള്ള തണുപ്പിൽ അവിടെ ബാരക്കുകളിൽ കഴിഞ്ഞുകൂടുന്ന നമ്മുടെ പട്ടാളക്കാരെ കുറിച്ച് ഓർത്തുനോക്കൂ. സെക്കന്റിൽ 18000 രൂപയാണത്രെ ആ കേന്ദ്രം നിലനിർത്താൻ നമ്മുടെ രാജ്യം ചെലവിടുന്നത്. ഇതേപോലെത്തന്നെ പാകിസ്ഥാനും പ്രവർത്തിക്കുന്നുണ്ടാവണമല്ലോ. ഒരിക്കൽ ഇന്ത്യാ−- ചൈനാ അതിർത്തി പ്രദേശത്തു കൂടെ നാഥുലാ പാസ് വരെ സഞ്ചരിക്കാൻ ഈ ലേഖകന് അവസരം ഉണ്ടായിട്ടുണ്ട്. അവിടെയും വലിയ ഹിമപാതം സംഭവിച്ചുകൊണ്ടിരിക്കുന്ന, 16000 അടിയിലധികം ഉയരമുള്ള പ്രദേശങ്ങളിലെ മലന്പള്ളകളിൽ, ബാരക്കുകളിൽ താമസിക്കുന്ന പട്ടാളക്കാരെ കാണാൻ ഇടയായി. എന്തുമാത്രം അപകടകരമായ അവസ്ഥയിലാണ് അവരും കഴിയുന്നത്−? ഇതൊക്കെ അനിവാര്യതയായി മാറുന്നത് എന്തുകൊണ്ടാണ്? അയൽ രാജ്യങ്ങൾ തമ്മിൽ ശത്രുത മാത്രമേ ആകാവൂ എന്ന് ആര് തീരുമാനിക്കുന്നു? ആവർത്തിച്ചാവർത്തിച്ച് പറഞ്‍ഞ് പാകിസ്ഥാൻ നമ്മുടെ ശത്രുരാജ്യമായി മുഴുവൻ ഇന്ത്യക്കാരുടേയും മനസ്സിൽ പതിഞ്ഞുപോയിരിക്കുന്നു. യഥാർത്ഥത്തിൽ നമ്മുടെ ഭരണഘടനയെ മുൻനിർത്തി പരിശോധിക്കുന്പോൾ നമുക്ക് ശത്രുരാജ്യവും മത്രരാജ്യമുണ്ടോ? മനുഷ്യൻ സംസ്കാര സന്പന്നനായ ജീവിയാണ്. എന്നുപറയുന്നതിന് അർത്ഥമുണ്ടാകണം. കോടിക്കണക്കിന് രൂപയുടെ സന്പത്ത് ദുരുപയോഗം ചെയ്ത്, ഒരുപാട് മനുഷ്യജീവനുകൾ കൊടുംതണുപ്പിൽ; പരസ്പരം വെടിവെച്ച് കൊന്ന് അതിർത്തികൾ കാക്കുന്നതിനു പകരം, പരസ്പര വിശ്വാസവും സ്നേഹവും കൈമുതലാക്കി ഒരു വട്ടമേശയ്ക്ക് ചുറ്റുമിരുന്ന് ആശയവിനിമയം നടത്തി, നല്ല അയൽക്കാരായിരിക്കാൻ നമുക്ക് കഴിയില്ലേ? ബന്ധുമിത്രാദികൾ പോലും രണ്ടു രാജ്യങ്ങളിലായി ചിതറിപ്പോയ അതിർത്തിയിലെ ജനങ്ങൾക്ക് സാധാരണ നിലയിൽ ഇതിൽ അഭിപ്രായവ്യത്യാസമുണ്ടാകേണ്ടതില്ല. ഭരണകൂടങ്ങൾ, ഉന്മാദ ദേശീയത ഞരന്പുകളിൽ കുത്തിക്കയറ്റി പരസ്പരം ശത്രുത ഉണ്ടാക്കുന്നില്ലെങ്കിൽ. ‘ദേശീയത എന്നാൽ അപരന്റെ പൂമുഖം തകർക്കലാണ്’ എന്ന എം. എൻ വിജയന്റെ നിരീക്ഷണം ഇത്തരുണത്തിൽ ഓർക്കുന്നത് നന്ന്. പാകിസ്ഥാന്റ അല്ലെങ്കിൽ ചൈനയുടെ പൂമുഖങ്ങൾ യുദ്ധത്തിലൂടെ ഇടിച്ചു നിരത്തുന്പോഴാണ് ഇന്ത്യൻ ദേശീയതയുടെ പൂമുഖം അഭിമാന വിജൃംഭിതമായി ഉയർന്നു നിൽക്കുക എന്നത് ഉന്മാദ ദേശീയതയാണ്. അയൽപക്കത്തെ ശത്രുവിനെ ചൂണ്ടിക്കാട്ടി, ആഭ്യന്തരമായ കൊള്ളരുതായ്മകളെ മൂടിവെക്കുക എന്നത്. എല്ലാ ഭരണകൂടങ്ങളും ചരിത്രത്തിൽ പയറ്റിയ മുന്തിയ അടവാണ്. അയൽപക്കത്തെ ശത്രുവിൽ നിന്ന് കാത്തുരക്ഷിക്കുന്ന നേതാവായി (ഇന്ദിര, മോഡി) രാജാവായി, മതമായി (നമ്മുടെ മതം= ഹിന്ദു. ശത്രുവിന്റെ മതം= ഇസ്ലാം) രാഷ്ട്രീയമായി, ചിരപ്രിതിഷ്ഠ നേടാൻ കഴിയുന്പോഴാണ് ഒരു ഭരണകൂടം അതിന്റെ (ചൂഷക) ദൗത്യം നിർവ്വഹിക്കുന്നതിൽ വിജയിക്കുക. ഇതിനുള്ള ഒന്നാംതരം ആയുധമാണ് ‘ദേശീയത’. ചരിത്രത്തിൽ ജനങ്ങളെ ഏകീകരിച്ച സ്വത്വ കൂട്ടായ്മകളായി ഇത്തരം ദേശീയതകൾ എല്ലാകാലത്തും നിലനിന്നിട്ടുണ്ട്. ലോകത്തിലാകെയുള്ള മുസ്ലീങ്ങൾ ഒരു ദേശീയ വിഭാഗമാണ്. (Pan Islamic Nationality) എന്ന് ഈ നൂറ്റാണ്ടിലും ധരിച്ചു വശാകാനാളുണ്ട് എന്നത് ഒരു ചെറിയ കാര്യമല്ല. ഇന്ത്യൻ ഉപഭൂഖണ്ധത്തിലെ ഏതെങ്കിലും ഭാഷാദേശീയതയ്ക്കകത്ത് ജനിച്ചു വളരുകയും വ്യവഹാര തലത്തിൽ ആ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്പോഴും പ്രാർത്ഥനയും മതഭാഷയുമൊക്കെ അറബി തന്നെയായിരിക്കണം എന്ന് ഇന്ത്യൻ മുസ്ലിമുകൾ ശഠിക്കുന്നത് എന്തുകൊണ്ടായിരിക്കും? ദൈവത്തിന് മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാകില്ല അതിന് അറബി ഭാഷ തന്നെ വേണം എന്ന് ചിന്തിക്കുന്നത് ദൈവസങ്കല്പത്തെ തന്നെ എത്രമാത്രം അസംബന്ധമാക്കുന്നുണ്ട്, എന്ന് ചിന്തിക്കാൻ സാമാന്യ ബുദ്ധി മതിയാകുമല്ലോ. ഇത്തരമൊരു പരിസരത്ത് വെച്ചാണ് നമ്മുടെ ഭാഷ മലയാളവും ദൈവഭാഷ സംസ്കൃതവും അറബിയിൽ പ്രാർത്ഥിക്കുന്ന മുസ്ലീം, നമ്മുടെ ശത്രുവുമാണ് എന്ന അപരത്വം സൃഷ്ടിച്ചെടുക്കാൻ കഴിയുന്നത്. പാകിസ്ഥാൻ, കാശ്മീർ, മുസ്ലിം, അറബി എന്നിവയൊക്കെ ശത്രുവിനെ അടയാളപ്പെടുത്താനുള്ള ചിഹ്നങ്ങളാക്കി തീർക്കാൻ ഇതുവഴി ഉന്മാദ ദേശീയവാദികൾക്ക് എളുപ്പമാകുന്നു.
നിരവധി നാട്ടുരാജ്യങ്ങളും ജാതികളും ഉപജാതികളും വ്യത്യസ്ത മതവിശ്വാസങ്ങളും ഭാഷയും ആഹാര വസ്ത്രധാരണ രീതികളും ഉല്പാദന ശ്രേണികളും ഒന്നിനൊന്ന് വ്യത്യസ്തമായ സാംസ്കാരിക സവിശേഷതകളുമൊക്കെയായി ചിതറിത്തെറിച്ച് കിടന്നിരുന്ന ഉപഭൂഖണ്ധമാണ് ഇന്ത്യ. അത്തരമൊരു പ്രദേശത്ത് സാമ്രാജ്യധിപത്യം സ്ഥാപിതമായതോടെ സാമ്രാജ്യവിരുദ്ധ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ഉദയം ചെയ്തു. തുടക്കത്തിൽ ജാതിജന്മിനാടുവാഴിത്ത ശക്തികളായിരുന്നു ഇതിന്റെ നായകസ്ഥാനത്ത്. എന്നാൽ ബ്രിട്ടീഷ് മുതലാളിത്തത്തോടൊപ്പം കടൽകടന്നെത്തിയ മുതലാളിത്തആധുനികത നവോത്ഥാനത്തെ അനിവാര്യമാക്കി. മുതലാളിത്ത ആധുനികതയുടെ മൂലപ്രമാണങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, എന്നിവയൊക്കെ അങ്ങിനെ സാവധാനം വികസിച്ചു. നമ്മുടെ കുലത്തൊഴിലനുസരിച്ചുള്ള ഉല്പാദന വ്യവസ്ഥയ്ക്ക് ക്ഷതം ഏറ്റെങ്കിലും, ആധുനിക മുതലാളിത്ത ഉല്പാദന വ്യവസ്ഥ പ്രതീക്ഷയ്ക്കൊത്ത് വികസിക്കാത്തത്, പലതരത്തിലുള്ള സാമൂഹ്യ അരക്ഷിതാവസ്ഥയ്ക്കും കാരണമായി. ഇവയ്ക്കെല്ലാമിടയിലുടെയാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനം വികസിച്ചത്. പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20−ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി ജനാധിപത്യം മതനിരപേക്ഷത എന്നിവയിലും, മുതലാളിത്ത രാഷ്ട്രസങ്കല്പത്തിലും ഊന്നിയ ആധുനിക ദേശീയത ഇന്ത്യയിൽ ശക്തിപ്പെട്ടു. ആധുനികതാവാദത്തിന്റെ അടിസ്ഥാനമായ പൗരബോധമായിരുന്നു അതിന്റെ ആണിക്കല്ല്. സകലവിധ ജാതി, മത, പ്രദേശിക സ്വത്വബോധങ്ങളാലും വരിഞ്ഞു കെട്ടപ്പെടുന്പോഴും ‘വിശ്വപൗരൻ’ എന്ന ആധുനികതാ സങ്കൽപത്തിലേക്ക് ഇന്ത്യക്കാരനും പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങിനെയാണ് നമുക്ക് ഒരു മതേതര ഭരണഘടനയുണ്ടായത്. തിരഞ്ഞെടുപ്പുകളും നീതിന്യായവ്യവസ്ഥയും പോലീസും പട്ടാളവുമൊക്കെ ഉണ്ടായത്.
സവർണ ഫാസിസത്തിന് ഇതുമായി ഒത്തുപോകുക പ്രയാസമാണ്. അവർ സൃഷ്ടിക്കാനാഗ്രഹിക്കുന്ന സംഘടിത ഹിന്ദുരാഷ്ട്രത്തിന് (Syndicated Hinduisam) മതദേശീയതയാണവശ്യം. ഒരു ഇന്ത്യൻ പൗരന് മാട്ടിറച്ചി തിന്നാം. എന്നാൽ തങ്ങൾ സൃഷ്ടിക്കുന്ന ഹിന്ദുദേശീയതയിൽ അത് പാടില്ല. അതായത് ആധുനിക പൗരത്വ വ്യവസ്ഥയെ നിരാകരിച്ച് മതദേശീയതയിലേക്ക് ഇന്ത്യയെ തിരിച്ചു നടത്തുകയാണ് അവരുടെ അജണ്ട. അതിന് രാമജന്മഭൂമിയാകാം, ഗോവധ നിരോധനമാകാം, പാകിസ്ഥാൻ, മുസ്ലിം വിരോധമാകാം, കാശ്മീരിന്റെ സ്വയം നിർണ്ണയവകാശവുമായി ബന്ധപ്പെട്ട വിവാദങ്ങളാകാം. എത്ര പ്രാകൃതമാണെങ്കിലും ഇവയൊക്കെ ഉയർത്തി ജനങ്ങളെ മിത്രശത്രു ദ്വന്ദ്വങ്ങളാക്കി വിഭജിക്കാൻ തന്നെയാണ് അവർ പരിശ്രമിക്കുക. പൗരത്വബോധത്താൽ ഏറ്റവും കൂടുതൽ പ്രചോദിതമാവുക യുവതീയുവാക്കളായിരിക്കും. അതുകൊണ്ടാണ് നമ്മുടെ സർവകലാശാലകൾ സ്വതന്ത്ര പൗരബോധം ഉയർത്തിപ്പിടിക്കുന്ന സംവാദ കേന്ദ്രങ്ങളാകുന്നത്. അപ്പോൾ പിന്നെ സവർണ്ണ ഫാസിസ്റ്റുകൾ ആദ്യം കൈവെക്കുന്നതും സർവകലാശാലകളുടെ ശരീരത്തിലായിരിക്കുമല്ലോ.