ജനാധിപത്യത്തിന്റെ ചോദ്യങ്ങൾ ഫാസിസത്തിന്റെ ഉത്തരങ്ങൾ

അദ്ധ്യാപകനും ഇടതു സഹയാത്രികനുമായ എന്റെ സഹൃത്ത് ജെ.എൻ.യു സംഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വാചാലനായി. അദ്ദേഹത്തിന്റെ സംഭാഷണങ്ങളെ ആറ്റിക്കുറുക്കിയാൽ രണ്ട് പ്രശ്നങ്ങളാണ് പരിഗണിക്കപ്പെടേണ്ടാതായി മുന്നോട്ട് വരുന്നത്.
1) തുടരെത്തുടരെ പരാജയം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ് സംഘപരിവാരം. ജെ.എൻ.യുവിൽ അവരുടെ രഹസ്യ അജണ്ടയാകെ പൊളിഞ്ഞു പാളീസായി.
2) എന്തിന്റെയൊക്കെ പേരിലായാലും അഫ്സൽ ഗുരുവിനെപ്പോലൊരു ‘രാജ്യശത്രു’വിന്റെ ചരമ വാർഷികം ഒരു സർവകലാശാലക്കകത്ത് വിദ്യാർത്ഥികൾ ആചരിക്കുന്നത് അംഗീകരിക്കാൻ കഴിയുമോ?
കേരളം പോലൊരു പ്രദേശത്ത് സാമാന്യമായി വായിക്കുകയും പൊതു കാര്യങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യുന്ന മധ്യവർഗ്ഗ ബോധമുള്ള ഒരു തലമുറ പ്രധാനമായും ഇങ്ങനെയൊക്കെയാണ് ചിന്തിക്കുക. അതിനാവശ്യമായ എല്ലാതരം യുക്തികളും അവരെ സ്വാധീനിക്കുന്നുമുണ്ട്. എന്നാൽ ജെ.എൻ.യു സംഭവങ്ങളുടെയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയുടെയുമൊക്കെ പാശ്ചാത്തലത്തിൽ ഇന്ത്യയിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളെ ഇങ്ങനെ ലളിതമായി മനസ്സിലാക്കിയാൽ മതിയാകുമോ?
ജെ.എൻ.യുവിൽ സംഭവിക്കുന്നത്
2001ൽ നടന്ന പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ മൂന്നാം ചരമ വാർഷികത്തിൽ ജെ.എൻ.യുവിലെ 10 വിദ്യാർത്ഥികൾ ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു. കാശ്മീരി അമേരിക്കൻ കവി ആഗാ ഷാഹിദ് അലി എഴുതി പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് ‘ദി കൺട്രി വിത്ത്‌ഔട്ട് പോസ്റ്റോഫീസ് (The Country Without Post Office). സ്വന്തം നാട്ടിലേയ്ക്ക് കടക്കാനും അവിടെ ജീവിക്കാനും ആഗ്രഹിക്കുന്ന കാശ്മീരികളുടെ സാമൂഹികമായ അനുഭവങ്ങളെ അദ്ദേഹത്തിന്റെ നിലപാടിൽ മനോഹരമായി കോർത്തിണക്കിയതാണ് ഈ കവിതാ സമാഹാരം. ഈ പേരിലാണ് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചത്. വധശിക്ഷ അധാർമ്മികവും ഭരണകൂടം നടത്തുന്ന കൊലപാതകവുമാണ് എന്ന് കരുതുന്ന സംഘാടകർ, വധശിക്ഷയ്ക്കെതിരെ പ്രതിക്ഷേധം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. മാവോയിസ്റ്റ് അനുകൂല സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡൻസ് യൂണിയ (DSU) നിൽ നിന്ന് വിഘടിച്ച് പോയവരായിരുന്നു ഇവർ. ജെ.എൻ.യുവിലെ സബർമതി ദാബയിൽ പാട്ടും കവിതയും നാടകവുമൊക്കെ ആയാണ് പരിപാടി വിഭാവനം ചെയ്തത്. അതിനായി അധികൃതരിൽ നിന്ന് അവർ നേരത്തെ അനുമതി സന്പാദിക്കുകയും ചെയ്തിരുന്നു.
ദി കൺട്രി വിത്ത് ഔട്ട് പോസ്റ്റോഫീസ് എന്ന പേരിലുള്ള നാടകം 3 വർഷം മുന്പ് ദില്ലിയിലെ സ്കൂൾ ഓഫ് ഡ്രാമയുടെ നാടകോത്സവത്തിൽ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുകയും അത് ജീവിതത്തിന്റെ നാനാ മണ്ധലങ്ങളിലുമുള്ള ധാരാളം പേർ കണ്ടിരുന്നതുമാണ്. അന്ന് ആ നാടകം ദേശദ്രോഹമാണ് എന്ന് ആരും ആക്ഷേപം ഉന്നയിച്ചിരുന്നില്ല. ജെ.എൻ.യുവിൽ ഈ പരിപാടി ആരംഭിക്കുന്നതിന് 10 മിനിറ്റ് മുന്പ്് ആർ.എസ്.എസിന്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിക്ഷത്തി(ABVP)ന്റെ പരാതിയെ തുടർന്ന് ജെ.എൻ.യു അധികൃതർ പരിപാടി നടത്തുന്നതിന് നൽകിയിരുന്ന അനുമതി റദ്ദാക്കി. സംഘാടകർ ദേശവിരുദ്ധരാണെന്നായിരുന്നു എ.ബി.വി.പിയുടെ ആക്ഷേപം. അനുമതി റദ്ദ് ചെയ്തത് പരിഗണിക്കാതെ വിമത ഡി.എസ്.യുക്കാർ പരിപാടിയുമായി മുന്നോട്ട് പോയതോടെ വേദിയിലേക്കുള്ള വൈദ്യുത ബന്ധം എ.ബി.വി.പിക്കാർ ബലമായി വിഛേദിച്ചു, ഇതേ തുടർന്ന് ചേരി തിരിഞ്ഞുള്ള മുദ്രാവാക്യം വിളിയും സംഘർഷാവസ്ഥയുമുണ്ടായി. ‘കാശ്മീരിന്റെ സ്വാതന്ത്ര്യം വരെ പോരാട്ടം തുടരും’ പോലുള്ള ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങി. സ്വാഭാവികമായും കാശ്മീരി വിദ്യാർത്ഥികൾ ഇത്തരം മുദ്രാവാക്യം വിളിച്ചിട്ടുണ്ടാകാമെന്ന സാധ്യത തള്ളിക്കളയാനാവില്ല.
എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വീഡിയോകളിൽ എ.ബി.വി.പി പ്രവർത്തകർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് പുറത്ത് വന്നിട്ടുണ്ട്. ഈ സമയത്താണ് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ ഉൾപ്പെടെയുള്ള ഇടത് വിദ്യാർത്ഥി പ്രവർത്തകർ (അവരിൽ സി.പി.ഐ(എം) ആഭിമുഖ്യമുള്ള എസ്.എഫ്.ഐ, സി.പി.ഐ(എം)ൽ നിന്ന് വിഘടിച്ച് പോയ പ്രസേൺജിത് ബോസ്സിനെ അനുകൂലിക്കുന്ന വിമത എസ്.എഫ്.ഐക്കാരുടെ സംഘടനയായ ഡി.എസ്.എഫ്(DSF), സി.പി.ഐയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫ് (AISF), സി.പി.ഐ (എം.എൽ. ലിബറേഷൻ) പിന്തുണയുള്ള എ.ഐ.എസ്.എ (AISA)എന്നിവയെല്ലാം ഉൾപ്പെടും) രംഗത്തെത്തുന്നത്. സംഘർഷം ഒഴിവാക്കാൻ ഇവർ ശ്രമിച്ചു.
പിറ്റേന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച്, കനയ്യകുമാർ സുദീർഘമായി സംസാരിച്ചു. സംഘപരിവാറിന് എതിരായിരുന്നു പ്രസംഗം. ഈ പ്രസംഗത്തിന്റെ വീഡിയോയിൽ നിന്ന് ശബ്ദം മാറ്റി വിഘടനവാദ മുദ്രാവാക്യം വിളിക്കുന്നവരുടെ ശബ്ദം ടബ്ബ് ചെയ്തു കയറ്റിയാണ് കനയ്യകുമാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി സ്ഥാപിക്കാൻ ശ്രമിച്ചത്. കനയ്യയുടെ പ്രസംഗത്തിന്റെ യഥാർത്ഥ വീഡിയോ യഥാർത്ഥ ശബ്ദത്തോടെ പുറത്ത് വന്നപ്പോൾ അത് വ്യക്തമായി. ഈ കൃത്യം വീഡിയോകളിലൊക്കെ ആരുടെ നിർദ്ദേശപ്രകാരമാണെങ്കിലും നിർമ്മിച്ചതും പ്രക്ഷേപണം ചെയ്തതും ചില ടെലിവിഷൻ ചാനലുകൾ ആയിരുന്നു. സീ.ടിവി പോലുള്ളവ ഫിബ്രവരി 11ന് ജെ.എൻ.യു വിദ്യാർത്ഥികൾക്കെതിരെ മഹേഷ് ഗിരി എന്ന ബി.ജെ.പി എംപി വസന്ത് കൂഞ്ച് പോലീസ് േസ്റ്റഷനിൽ പരാതി നൽകുകയും ഉടനെ തന്നെ കേസ്സ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. ദേശ വിരുദ്ധ പ്രവർത്തനം നടത്തിയവരെ വെറുതെ വിടില്ലെന്ന് കേന്ദ്ര മാനവ വിഭവ വികസന മന്ത്രി സ്മൃതി ഇറാനിയും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും പ്രസ്താവനയിറക്കുന്നു.
സാധാരണയായി ജെ.എൻ.യു ക്യാന്പസിൽ സംഭവിക്കുന്ന കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നതിന് സർവ്വകലാശാലയ്ക്ക് അതിന്റേതായ സംവിധാനങ്ങളുണ്ട്. (mechanism) അവയൊന്നും പോലീസിനെ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്ന പതിവില്ല. ഇതിനിടെ പരിപാടിയുമായി ബന്ധപ്പെട്ട ഉമർഖാലിദ് ഉൾപ്പെടെ എട്ട് വിദ്യാർത്ഥികളെ സർവ്വകലാശാല സസ്പെന്റ് ചെയ്തിരുന്നു, എന്നാൽ ഇവരെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യാനൊന്നും ശ്രമിച്ചില്ല. രാജ്യദ്രോഹം, ഗൂഡാലോചന എന്നീ വകുപ്പുകൾ ചേർത്ത് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തു. ഇതോടെ പ്രതിക്ഷേധം ശക്തമായി. വിദ്യാർത്ഥികളും അദ്ധ്യാപകരുമൊക്കെ പ്രതിഷേധവുമായി രംഗത്തിറങ്ങി. അറസ്റ്റിൽ പ്രതിഷേധിച്ചും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്ന തെറ്റായ നിലപാട് ചൂണ്ടിക്കാട്ടിയും, സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ, ജെ.ഡി.യു നേതാവ് കെ.സി. ത്യാഗി എന്നിവർ രാജ്നാഥ് സിംഗിനെ സന്ദർശിച്ചു. വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കുകൊള്ളാനെത്തിയ രാഹുൽഗാന്ധിക്കെതിരെ എ.ബിവി.പിക്കാർ കരിങ്കൊടി കാണിച്ചു. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആനന്ദ് ശർമ്മയെ കൈയ്യേറ്റം ചെയ്തു. ഫിബ്രുവരി 14 ന് സി.പി.ഐ (എം)ന്റെ ഗോർമാർഗിലുള്ള ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫീസിന്റെ സൈൻ ബോർഡിന് മുകളിൽ ‘പാകിസ്ഥാൻ കാ ഭാരത് ഓഫീസ്’ എന്നു എഴുതി വച്ചു. ഒരു തെളിവിന്റെയും അടിസ്ഥാനത്തിൽ അല്ലാതെ, സംഭവത്തിൽ ലക്ഷ്കർ ഇ തോയ്ബ എന്ന തീവ്രവാദി സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് രാജ്നാഥ് സിംഗ് പ്രസ്താവിച്ചു. ജമാ അത്തെ ഉദ്ദവാ നേതാവ് ഹാഫിസ് സെയ്ദ് സമരത്തിന് അനുകൂലമായി ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പ്രസ്താവിച്ചു. എന്നാൽ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് ആരോ കൃത്രിമമായി ഉണ്ടാക്കിയതാണ് പ്രസ്തുത ട്വീറ്റ് എന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഈ ട്വിറ്റർ അക്കൗണ്ട് തന്നെ പിന്നീട് അപ്രത്യക്ഷമായി.
റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടർന്ന് പാട്യാല ഗേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്ന കനയ്യകുമാറിനും ജാമ്യാപേക്ഷയുമായി എത്തിയ അഭിഭാഷകർക്കും ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കൾക്കുമെതിരെ ആർ.എസ്.എസ് അനുകൂല അഭിഭാഷക സംഘടനയും ഗുണ്ടകളും കോടതി വളപ്പിലും വരാന്തയിലും കോടതി മുറിക്കകത്തുമൊക്കെ ആക്രമണം അഴിച്ചു വിട്ടു. ബി.ജെ.പി എം.എൽ.എ ഒ.പി ശർമ്മയുടെ നേതൃത്തിലായിരുന്നു അതിക്രമം. ഫിബ്രുവരി 16 ന് ജെ.എൻ.യുവിൽ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കും, അദ്ധ്യാപകർ പണിമുടക്കും ആരംഭിച്ചു. ദില്ലിയിലെ നാനൂറോളം മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തി. പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായെങ്കിലും അദ്ദേഹം നിശബ്ദത തുടർന്നു. ഇത്രയൊക്കെ സംഭവങ്ങൾക്ക് ശേഷവും ഫെബ്രുവരി 17 ന,് വീണ്ടും കോടതിയിൽ ഹാജരാക്കിയ കനയ്യ കുമാറിനെ ആർ.എസ്.എസ് അഭിഭാഷക സംഘടന കൈയ്യേറ്റം ചെയ്തു പരിക്കേൽപ്പിച്ചു, തുടർന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത് അസാധാരണ സാഹചര്യമാണെന്ന് രാഷ്ട്രപതി, സുപ്രീം കോടതി എന്നിവർക്ക് നിരീക്ഷിക്കേണ്ടി വന്നു. നോം ചോംസ്കിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര സമൂഹം ഇന്ത്യയിലെ സംഭവ വികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ജെ.എൻ.യുവിൽ നിന്ന് ഒളിവിൽ പോയ ദേശദ്രോഹകുറ്റം ആരോപിക്കപ്പെട്ട ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ ക്യാന്പസിൽ തിരിച്ചെത്തി മറ്റു വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് ക്യാന്പസിൽ പ്രവേശിക്കാനുള്ള അനുമതി വൈസ് ചാൻസലർ റദ്ദാക്കി. പോലീസിന് മുന്പിൽ കീഴടങ്ങില്ലെന്നും തങ്ങളെ അറസ്റ്റ് ചെയ്യാമെന്നും ഇവർ പ്രഖ്യാപിച്ചു.
ഈ സംഭവ പരന്പരകളിലൂടെ കടന്ന് പോകുന്ന ആരും താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അന്വേഷിക്കേണ്ടി വരും.
1) ‘ദി കൺട്രി വിത്ത് ഔട്ട് പോസ്റ്റ് ഓഫീസി’ന് ആദ്യം അനുമതി നൽകിയ അധികൃതർ അവസാന നിമിഷം എന്ത് കൊണ്ട് അത് പിൻവലിച്ചു?
2) വൈദ്യുതി ബന്ധങ്ങൾ വിഛേദിച്ച് നിയമം കൈയ്യിലെടുക്കാൻ എ.ബി.വി.പിക്ക് ആര് അനുമതി നൽകി?
3) പതിവിന് വിപരീതമായി ജെ.എൻ.യു ക്യാന്പസിനകത്ത് പോലീസിന് പ്രവേശനാനുമതി നൽകിയതെന്തിന്?
4) സംഘപരിവാർ ദേശദ്രോഹപരം എന്ന് ഇന്നരോപിക്കുന്ന തരത്തിലുള്ള നൂറ് കണക്കിന് പരിപാടികൾ ജെ.എൻ.യു ക്യാന്പസിനകത്ത് നേരത്തെ നടന്നിട്ടുണ്ട്, അവയൊക്കെ ഇന്നത്തെ നിലയിലായിരുന്നോ അധികൃതർ കൈകാര്യം ചെയ്തത്?
5) ക്യാന്പസിനകത്ത് സംഭവിച്ച കാര്യങ്ങളിൽ ആക്ഷേപമുണ്ടെങ്കിൽ പരാതി നൽകേണ്ടത് സർവകലാശാല അധികൃതർക്ക് ആണല്ലോ. ഇവിടെ പരാതി നൽകിയത് മഹേഷ് ഗിരി എന്ന ബി.ജെ.പി എം.പിയാണ്. അതിനടിസ്ഥാനത്തിൽ വസന്ദ് കൂഞ്ച് പോലീസ് േസ്റ്റഷനിൽ കേസ്സ് ഉടനെ തന്നെ രജിസ്റ്റർ ചെയ്തു. ആരാണ് ബി.ജെ.പി. എം.പിക്ക് ക്യാന്പസ്സിനകത്തെ പ്രശ്നങ്ങളിൽ ഇടപെടാൻ അനുമതി നൽകിയത്? എങ്ങിനെയാണ് ഇദ്ദേഹത്തിന്റെ പരാതിയെ അടിസ്ഥാനമാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്യുക?
6) രാജ്യദ്രോഹപരമായി മുദ്രാവാക്യം വിളിക്കുന്നവരിൽ എ.ബി.വി.പി പ്രവർത്തകർ ഉണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു? ഇത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടോ? ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസും ഗവൺമെന്റും ശ്രമിക്കാത്തത് എന്ത് കൊണ്ടാണ്?
7) കനയ്യകുമാർ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതായി ഡൽഹി പോലീസ് ഇപ്പോഴും അവകാശപ്പെടുന്നുണ്ട്. അതിന് തെളിവായി അവർ ഉപയോഗിച്ച വീഡിയോ, ഫെയ്ക്ക് ആണെന്ന് വ്യക്തമാകുന്ന തെളിവുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം തന്നെ രാജ്യദ്രോഹം ആരോപിക്കാവുന്ന തെളിവുകൾ ഇല്ല എന്ന് വ്യക്തമാക്കിയിട്ടും ദില്ലി പോലീസ് ഇപ്പോഴും പഴയ നിലപാടിൽ തന്നെയാണ്. ഇതെന്തുകൊണ്ടായിരിക്കും?
8) ഒരു പൗരന് മറ്റെല്ലാ കേന്ദ്രങ്ങളിൽ നിന്നും നീതി നിഷേധിക്കപ്പെടുന്പോൾ അതിനു വേണ്ടി അവസാനം ചെന്ന് മുട്ടാവുന്ന വാതിലുകളാണ് കോടതികൾ, എന്നതാണ് ജനാധിപത്യത്തിന്റെ സങ്കൽപ്പം. എങ്കിൽ ബി.ജെ.പി എംഎൽ.എയുടെയും സംഘപരിവാറുകാരായ അഭിഭാഷകരുടെയും ഗുണ്ടകളുടെയും നേതൃത്വത്തിൽ പാട്യാല ഗേറ്റ് കോടതിയിൽ തുടർച്ചയായി അരങ്ങേറിയ അക്രമങ്ങളെ എങ്ങിനെ ന്യായീകരിക്കും?
9) കനയ്യകുമാറിനു എതിരെ മുൻവിധിയോടെ കേസ്സെടുക്കുന്ന ദില്ലി പോലീസ്, ഈ ആക്രമണം നടത്തിയ അഭിഭാഷക സംഘം കൺമുന്നിലുണ്ടായിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. ഇതു സംബന്ധിച്ച് ധാരാളം റിപ്പോർട്ടുകൾ രാഷ്ട്രപതി പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരുടെയൊക്കെ മുന്പിലുണ്ട്. എന്നിട്ടും ഇവർക്കെതിരെ നടപടിയില്ല എന്തുകൊണ്ട്?
10) ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ ഇടപെടെണ്ടവരാണല്ലോ ജനപ്രതിനിധികളും നേതാക്കളും, എന്നാൽ അങ്ങിനെ ക്യാന്പസിൽ എത്തിയ രാഹുൽ ഗാന്ധിയെ കരിങ്കൊടി കാണിച്ചു. മുൻ മന്ത്രി ആനന്ദ് ശർമ്മയെ കൈയ്യേറ്റം ചെയ്തു. ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളെ കോടതി മുറിയിൽ ആക്രമിച്ചു. പോലീസ് കസ്റ്റഡിയിലുള്ള കുറ്റാരോപിതനായ കനയ്യ കുമാറിനെ കസ്റ്റഡിയിലിരിക്കെ സംഘപരിവാർ ഗുണ്ടകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ അതി കഠിനമായ കൈയ്യേറ്റങ്ങൾക്കിരയായി. ഇതിനെ ഫാസിസ്റ്റ് പ്രവണത എന്നല്ലാതെ മറ്റെന്തെങ്കിലും വിശദീകരിക്കാൻ കഴിയുമോ?
11) ഒരു ക്യാന്പസിനകത്ത് സംഭവിച്ച കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് ഇടപെടുന്നത് എന്തിന്? ഇതിലും ഗൗരവതരമായ പ്രശ്നങ്ങൾ ഈ കാലയളവിൽ പല സർവകലാശാലകളിലും ഉണ്ടായിട്ടുണ്ടല്ലോ? അതിലൊന്നും ഇവർ ഇടപെട്ടതായി കാണുന്നില്ല. സംഘപരിവാറുകാർ സൃഷ്ടിച്ച തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും ഉത്തരവാദിത്വമുള്ള ആഭ്യന്തര മന്ത്രി ജെ.എൻ.യു സംഭവത്തിന് പിന്നിൽ പാകിസ്ഥാനാണെന്നും തീവ്രവാദി ഹാഫിസ് സെയ്ദ് ആണെന്നുമൊക്കെ തട്ടിമൂളിക്കുക വഴി രാജ്യത്തിന്റെ യശ്ശസ് അന്താരാഷ്ട്ര തലത്തിൽ തകരുകയല്ലേ ചെയ്തത്?
12) ഇത്തരം നടപടികളെ എതിർത്തതിന്റെ പേരിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന ഒരു ദേശീയ പാർട്ടിയായ സി.പി.ഐ(എം)ന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും അത് പാകിസ്ഥാന്റെ കാര്യാലയമാണ് എന്ന് എഴുതി വെയ്ക്കുകയും ചെയ്യുന്പോൾ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ലോകം എങ്ങനെയാണ് ചിന്തിക്കുക? ഈ സംഭവത്തിന് ഉത്തരവാദികളായ സംഘപരിവാറുകൾക്കെതിരെ മാതൃകാപരമായ നടപടി എന്തെങ്കിലും കേന്ദ്ര ഭരണകൂടം സ്വീകരിച്ചതായി ഇന്നുവരെ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല. അതെന്തുകൊണ്ടായിരിക്കാം?
13) വികസനത്തെക്കുറിച്ചും മറ്റും വാചാലമായി സംസാരിക്കുന്ന പ്രധാനമന്ത്രി ഇത്തരം സംഭവങ്ങളിലൊക്കെ പൊതുവായി മൗനിയാകുന്നത് എന്ത് കൊണ്ടായിരിക്കും?
14) സംഘപരിവാറിന് വേണ്ടി കൃത്രിമമായി ശബ്ദം സന്നിവേശിപ്പിച്ചും മറ്റും വ്യാജ തെളിവുകൾ സൃഷ്ടിച്ചു എന്ന ആക്ഷേപത്തിന് ഇരയായ സീ ന്യൂസിലെ പ്രസ്തുത വിഭാഗത്തിന്റെ ചുമതലക്കാരനായ മാധ്യമ പ്രവർത്തകൻ, ഇതിൽ പ്രതിക്ഷേധിച്ച് രാജി വെച്ചതായി പത്രങ്ങളിൽ വന്ന വാർത്ത നമ്മെ എന്താണ് ബോധ്യപ്പെടുത്തുന്നത്?
15) അന്താരാഷ്ട്ര സമൂഹവും വിദേശ സർവ്വകലാശാലകളുമൊക്കെ ജെ.എൻ.യുവിൽ നടക്കുന്ന സംഭവങ്ങളിൽ ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തുന്പോൾ അത് പരിഗണിക്കുവാൻ നമുക്ക് ബാധ്യതയില്ലേ?
16) നമ്മുടെ ഭരണഘടനയെ മുൻനിർത്തി പാകിസ്ഥാൻ ഇന്ത്യയുടെ ശത്രുരാജ്യമാണ് എന്ന് പറയുന്നത് ശരിയാണോ? ഇന്ത്യക്ക് യഥാർത്ഥത്തിൽ ശത