കപട ദേശഭക്തരുടെ ഇളകിയാട്ടങ്ങൾ


കലികാലത്ത് പ്രജകളെ വേണ്ട വിധം സംരക്ഷിക്കാത്ത, നികുതി ബലമായി പിരിച്ചെടുക്കുന്ന രാജാക്കന്മാരുണ്ടാകും. അവർ സ്വന്തം രക്ഷയ്ക്ക് മാത്രമേ ചിന്തിക്കുന്നുള്ളൂ. കലികാലത്തു ഭൃത്യന്മാർ കൊടുക്കാത്തതിനെ ബലമായി എടുത്ത് ഭക്ഷിക്കും ധനം വളരെ ശ്ലാഘ്യമായി തീരും. സദ്‌വൃത്തത്തെ പൂജിക്കുകയില്ല. മൊട്ടയടിച്ച വിധവകളും സന്യാസിമാരും നല്ല ബോധമില്ലാതെ തമ്മിൽ പുണരും. പതിനാറ് വയസ്സ് തികയാത്ത സ്ത്രീ പുരുഷന്മാർ തമ്മിൽ പുണരും. ബ്രാഹ്മണർ വേദം വിൽക്കും. സ്ത്രീകൾ യോനി വിൽക്കും, ബ്രാഹ്മണർ തപോയജ്ഞങ്ങളുടെ ഫലം വിൽക്കും, ഋതുക്കൾ വിപരീതമാകും. മഴക്കാലത്ത് വേനൽ മുതലായ നില വന്നുകൂടും, ഹിംസജന്തുക്കൾ വളരെ വർദ്ധിച്ചുണ്ടാകും, ഭൂമി വിളവു കുറഞ്ഞ് മരുഭൂമിയാകും, വഴികൾ തോറും കള്ളന്മാരും തട്ടിപ്പറിക്കാറുമുണ്ടാകും.

കലികാലത്ത് എല്ലാ ജനങ്ങളും കച്ചവടക്കാരാകും. അച്ഛൻ കൊടുക്കുന്ന സ്വത്ത് മക്കൾ ലോഭവും ചതിയും കൊതിയും മൂലം കലഹിച്ച് കവരാൻ മുതിരും. സ്ത്രീകൾ മുടി കെട്ടി സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കും. ആണുങ്ങൾ കുറവും പെണ്ണുങ്ങൾ അധികവുമായി ഉണ്ടാകും. വിതച്ച വിത്ത് വിളയാതാകും, ചെറുപ്പക്കാർക്ക് ജരാനര ബാധിക്കും.  മഴക്കാലം കുറഞ്ഞ് ചരൽ ചൊരിയുന്ന കാറ്റ് വീശും. രാജാക്കന്മാർ വേശ്യകളെ വച്ച് പുലർത്തും. വിയോനി നാരികളിൽ മർത്യർ സംയോഗം ചെയ്യും. 

സ്ത്രീകൾ മുഖം സുരതത്തിന് കാണിച്ച് കൊടുക്കുന്നവരായി അധപ്പതിക്കും. മഹായുദ്ധങ്ങൾ, മഹാ ആഘോഷങ്ങൾ, മഹാവർഷങ്ങൾ, മഹാമാരികൾ, മഹാഭയങ്ങൾ എന്നിവയൊക്കെ കലിയുഗത്തിലുണ്ടാകും. വിപ്രരൂപന്മാരായ രാക്ഷസന്മാർ, ഏഷണി കേൾക്കുന്ന രാജാക്കന്മാർ ഇവരായിരിക്കും കലികാലത്ത് ഭൂമി ഭരിച്ച് അനുഭവിക്കുന്നവർ. 

അന്യന്റെ ഭാര്യയെ അപഹരിക്കുന്നവരും, കാമുകിമാരും ദുഷ്ടന്മാരും ചതിയന്മാരും, സാഹസപ്രിയന്മാരും ആയിരിക്കും ജനങ്ങൾ. സസ്യചോരണം ചെയ്യുന്നവരും വസ്ത്രം അപഹരിക്കുന്നവരും ഭക്ഷ്യഭോജ്യ ഹരന്മാരും പെട്ടിയും ചെന്പും പണസഞ്ചിയും തട്ടിയെടുക്കുന്നവരുമാകും കലികാലത്തെ ഭരണാധികാരികൾ.

മുകളിൽ ഉദ്ധരിച്ചത് കലികാലത്തെക്കുറിച്ചുള്ള മഹാഭാരതത്തിലെ വർണ്ണനയിൽ നിന്നാണ്. ജാതിക്കും ബ്രാഹ്മണർക്കുമൊക്കെ അനുകൂലമായ ധാരാളം വർണ്ണനകൾ ഇതിൽ കാണാം. അപ്പോഴും ഒന്നുണ്ട്, നമ്മുടെ രാജ്യം ഭരിക്കുന്നവരെക്കുറിച്ചുള്ള ഏതാണ്ട് ശരിയായ വർണ്ണന തന്നെ ഇതിലുണ്ട്. 

നമ്മുടെ രാജ്യം ഭരിക്കുന്ന സംഘപരിവാറുകാർ ദേശസ്നേഹം അവകാശപ്പെടുന്നത് കാണുന്പോൾ ‘കലികാലവൈഭവം’ എന്നല്ലാതെ എന്ത് പറയാനാകും. രാജ്യസ്നേഹമില്ലാത്ത  ഒന്നും അംഗീകരിക്കാൻ ആവില്ല, അവയൊക്കെ അടിച്ചമർത്താൻ ഭരണകൂടം ഏതറ്റം വരെയും പോകും. അതിനു പുറമേ സംഘപരിവാർ ശക്തികൾ നേരിട്ടിറങ്ങി കായികമായിത്തന്നെ ശത്രുക്കളെ നേരിടും എന്നൊക്കെ അങ്ങ് പച്ചയ്ക്ക് പറയുന്നുണ്ട് ഇവർ. അതിന്റെ ഉദാഹരണമാണ്, പാട്യാല കോടതിയിൽ അരങ്ങേറിയ അക്രമങ്ങൾ, ആംആദ്മി സേന (സാധാരണ ജനങ്ങളുടെ സേന) എന്ന പേരിൽ ഏതാനും പേർ ദില്ലിയിലെ ഗോൾമാർഗ്ഗിൽ പ്രവർത്തിക്കുന്ന സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി ഓഫീസ് ആക്രമിച്ചത്.

ഓഫീസിന് മുന്നിലുള്ള ബോർഡിൽ പാക്കിസ്ഥാൻ മൂർദാബാദ് എന്ന് എഴുതി െവയ്ക്കുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. ഇതിലൂടെ മനസ്സിലാക്കേണ്ടത് എന്താണ്? ആ ആപ്പീസിലുള്ളവർ ഇന്ത്യാ വിരുദ്ധന്മാരും പാകിസ്ഥാൻ അനുയായികളോ ചാരന്മാരോ ഒക്കെയാണ് എന്നല്ലേ, സ്വന്തം രാജ്യത്തോടുള്ള അദമ്യമായ കൂറു കൊണ്ടാണ് സാഹസികമായ ഈ ആക്രമണത്തിന് തങ്ങൾ മുതിരുന്നത് എന്നൊക്കെയല്ലേ ഇവർ അവകാശപ്പെടുന്നത്?

സംഘപരിവാരം ദേശസ്നേഹം പറയുന്നതിന് അപ്പുറം  ‘കലികാലവൈഭവ’മായി വിശേഷിപ്പിക്കാൻ മറ്റെന്തുണ്ട്? സംഘ ശാഖകളിൽ ‘നമസ്തേ വത്സലേ മാതൃ ഭൂമേ ത്വയാ ഹിന്ദുഭൂമേ’ എന്നൊക്കെ ധ്വജപ്രണാമ കീർത്തനങ്ങൾ ചൊല്ലാറുണ്ട് എന്നത് ശരി, അതിനപ്പുറം സ്വാതന്ത്ര്യ സമരത്തോട് പുറംതിരിഞ്ഞു നിന്നതിന്റെയും സ്വാതന്ത്യ സമര സേനാനികളെ ഒറ്റുകൊടുത്തതിന്റെയും ബ്രിട്ടീഷ് പാദസേവ പതിവാക്കിയതിന്റെയും മാപ്പെഴുതി കൊടുത്ത് തടി രക്ഷപ്പെടുത്തിയതിന്റെയുമൊക്കെ ധാരാളം സംസാരിക്കുന്ന തെളിവുകൾ നമുക്ക് മുന്നിലുണ്ട്. അവയിൽ പലതും ഈ പംക്തിയിൽ തന്നെ വിശദീകരിക്കപ്പെട്ടിട്ടുമുണ്ട്. 

സംഘപരിവാറുകാർ ധീരദേശാഭിമാനിയായി വാഴ്ത്തുന്ന സവർക്കർ, തന്നെ ജയിൽ മോചിതനാകുന്നതിനു വേണ്ടി സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തതിൽ ഖേദം പ്രകടിപ്പിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്ത് നൽകിയ കത്ത് ഈയ്യിടെ വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മാപ്പപേക്ഷ മാത്രമല്ല തന്നെ സ്വതന്ത്രനാക്കിയാൽ ബ്രിട്ടീഷ് രാജ്ഞിയെ ശിഷ്ടകാലം കൂറോടെ സേവിച്ച് ജീവിച്ചു കൊള്ളാമെന്നും അതിൽ ഉറപ്പ് നൽകുന്നുണ്ട്. 

ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന അടൽ ബിഹാരി വാജ്പേയ് സ്വന്തം നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റു കൊടുത്തതിന്റെയും കോടതിയിൽ മാപ്പ് സാക്ഷി ആയതിന്റെയും എല്ലാ രേഖകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. 

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയെ വെടിവച്ചു കൊന്ന നാഥൂറാം വിനായക് ഗോഡ്സെയുടെ സഹോദരനും ഇതേ കേസ്സിലെ പ്രതിയുമായിരുന്ന ഗോപാൽ ഗോഡ്സെ, ഫ്രണ്ട്ലൈൻ എന്ന ഹിന്ദുവിന്റെ പ്രശസ്തമായ ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഞങ്ങളൊക്കെ ആർ.എസ്.എസ് പ്രവർത്തകരായിരുന്നു എന്ന് സമ്മതിക്കുന്നുണ്ട്. അദ്വാനി അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ടല്ലോ എന്ന ലേഖകന്റെ ചോദ്യത്തിന് “അദ്ദേഹം ഇന്ത്യയുടെ അധികാരം കൈയ്യാളിയിട്ടുള്ള ആളാണ്‌, അദ്ദേഹത്തിനു അങ്ങനെ ചെയ്യേണ്ടി വരും, ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല” എന്നായിരുന്നു മറുപടി. ഇതേ നാഥൂറാം വിനായക് ഗോഡ്സേയുടെ ചിതാഭസ്മം നാഗ്പൂരിൽ കെടാവിളക്കിന് മുന്നിൽ സൂക്ഷിച്ചിരിക്കുകയാണെന്നും കേസരി സമ്മതിച്ചിട്ടുണ്ട്. ‘തന്റെ ജീവന് തുല്യമായ അഖണ്ധഭാരതം യാഥാർത്ഥ്യമാകുന്പോൾ അന്ന്  അഖണ്ധസിന്ധുവിൽ ഒഴുക്കാനാണ’ത്രെ ഈ ചിതാഭസ്മം ഇപ്പോഴും സൂക്ഷിച്ചു വെയ്ക്കുന്നത്. 

ഇതേ ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയാൻ ഹിന്ദുത്വ ശക്തികൾ ഇറങ്ങിപ്പുറപ്പെട്ടതിന്റെ വാർത്തകൾ പത്രങ്ങളിലൊക്കെ വന്നതുമാണല്ലോ. ഇവരാണിപ്പോൾ രാജ്യസ്നേഹത്തിന്റെ ചാന്പ്യന്മാരായി വേഷം കെട്ടുന്നത് ‘കലികാലവൈഭവം’ എന്നല്ലാതെ എന്താണ് പറയുക?

ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം അവിടെ ആരോ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു കളഞ്ഞു എന്നതാണ്. അങ്ങനെ വിളിച്ചത് സ്വതന്ത്ര കാശ്മീർ വാദക്കാരാണെന്നും അഫ്സൽ ഗുരുവിന്റെ അനുയായികളാണെന്നും അവർക്ക് ഇടതുപക്ഷം പിന്തുണ നൽകിയിട്ടുണ്ടെന്നുമൊക്കെയാണ് സംഘപരിവാരം ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ വിശദീകരിക്കുന്നതിന് മുന്പ് സ്വതന്ത്ര കാശ്മീർ വാദത്തോട് സംഘപരിവാരത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് പറയാനുള്ള ബാധ്യത അവർക്കില്ലേ?

ഇന്ത്യൻ ഉപഭൂഖണ്ധത്തെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും വെട്ടിമുറിച്ച് സ്വാതന്ത്ര്യം അർത്ഥരഹിതമായി പ്രഖ്യാപിക്കുന്പോൾ ബ്രിട്ടീഷുകാർ മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കാം. അതിന് താൽപര്യമില്ലെങ്കിൽ സ്വാതന്ത്ര പരമാധികാര രാജ്യങ്ങളായി തുടരുകയുമാവാം,  എന്നായിരുന്നു ബ്രിട്ടീഷുകാരുടെ പ്രഖ്യാപനം. ഇതുകേട്ട് ‍ഞങ്ങൾ ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കുന്നില്ല സ്വതന്ത്ര രാജ്യമായി നിലനിൽക്കും എന്ന് പ്രഖ്യാപിച്ചതിൽ ഹൈദരാബാദിലെ നൈസാമും, ഗുജറാത്തിലെ ജുനഗഢും കാശ്മീരും ഉണ്ടായിരുന്നു. സൈനിക നടപടിയിലൂടെയായിരുന്നല്ലോ ഈ നാട്ടുരാജ്യങ്ങളെയൊക്കെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കിയത്. അന്ന് കാശ്മീർ ഇന്ത്യൻ യൂണിയന്റേയും പാകിസ്ഥാന്റേയും ഭാഗമല്ല. സ്വതന്ത്ര രാജ്യമാണ് എന്ന് പ്രഖ്യാപിച്ചത് അന്നത്തെ കാശ്മീർ രാജാവ് ഹരിസിംഗായിരുന്നു. ഹരിസിംഗിന്റെ സ്വാതന്ത്ര കാശ്മീർ വാദത്തിന് ആദ്യം പിന്തുണ നൽകിയ പ്രസ്ഥാനം ‘സംഘപരിവാർ’ ആയിരുന്നു. അന്ന് കാശ്മീരിലെ ആർ.എസ്.എസ് അദ്ധ്യക്ഷനായ പ്രേമനാഥ് ദോഗ്രെയാണ് ഹരിസിംഗിന്റെ പ്രഖ്യാപനത്തെ ആദ്യമായി അംഗീകരിച്ചത്. അതിന് അദ്ദേഹം പറഞ്ഞ ന്യായം വിചിത്രമായിരുന്നു. കാശ്മീർ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവിടത്തെ രാജാവ് ഹിന്ദുവാണ്. മുസ്ലീം ജനതയ്ക്ക് മേലെ ഹിന്ദു ഭരണമുണ്ടാകുന്നത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ സഹായകമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അന്ന് ആർ.എസ്.എസ് അഖണ്ധ ഭാരതം എന്ന തങ്ങളുടെ കാഴ്ചപ്പാട് തന്നെ പരണത്ത് കെട്ടിവെച്ചു. സംഘപരിവാര ശക്തികൾ ഇപ്പോൾ കാശ്മീരിന്റെ പേരിൽ മുതലകണ്ണീരൊഴുക്കി ദേശസ്നേഹത്തിന്റെ ചാന്പ്യൻമാരാകുന്പോൾ അതിനെ ‘കലികാലവൈഭവം’ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക?

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ ആകസ്മികമായി ഉയർന്നു വന്ന ഒന്നായി കരുതാനാവില്ല. അത് സംഘപരിവാർ ആസൂത്രിതമായി നടപ്പിലാക്കുന്ന ഒരു അജണ്ടയുടെ ഭാഗമാണ്. ഇന്ത്യയിലെ കേന്ദ്ര യൂണിവേഴ്സിറ്റികളിൽ നിന്നും വ്യതിരിക്തമായ പ്രവർത്തന, അദ്ധ്യയന സവിശേഷതകളുള്ളതാണ് ജെ.എൻ.യു. പല തവണ അവിടെ ചെല്ലാനും സുഹൃത്തുക്കളോടൊപ്പം താമസിക്കാനും അവിടെ നടക്കുന്ന പരിപാടികളിൽ സംബന്ധിക്കാനുമൊക്കെ ഈ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചരിത്രവും പ്രവർത്തനസ്വാഭാവവുമൊക്കെ മനസ്സിലാക്കിയെങ്കിലേ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുടെ മർമ്മം ഗ്രഹിക്കാനാകു. ഈ ലേഖനത്തിൽ അതിന് അവസരമില്ലാത്തത് കൊണ്ട് തൽക്കാലം അതിന് മുതിരുന്നില്ല. ഇന്ത്യയുടെ ദേശീയതയോ അതുമായി ബന്ധപ്പെട്ട നിലപാടുകളോ അല്ല ജെ.എൻ.യുവിന്റെ ജീവൻ എന്ന് പറയുന്നത്. ആധുനിക ജനാതിപത്യം, മതനിരപേക്ഷത, സാർവ്വലൗകികമായ സംസ്കാരങ്ങൾ, കാഴ്ചപ്പാടുകൾ, എന്നിവയൊക്കെ ഇഴചേർന്ന് കിടക്കുന്ന പൗരത്വ പ്രശ്നങ്ങളാണ് എന്നും ജെ.എൻ.യുവിനെ സ്വാധീനിച്ചിരുന്നത്. ലോകസംസ്കൃതിയുടെ ഒരു മിനിയേച്ചർ രൂപം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് അത്.

സ്വാഭാവികമായും അവരവരുടെ കൂട്ടായ്മയകളും സാംസ്കാരിക സവിശേഷകളുമൊക്കെ ക്യാന്പസിനകത്ത് സ്വതന്ത്രമായി നിലനിൽക്കുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്നുണ്ട്. അവിടെയാണ് വധശിക്ഷക്കെതിരെ ഒരു ആശയ പ്രചരണം സംഘടിപ്പിക്കപ്പെട്ടത്. ലോകത്താകെ വധശിക്ഷക്കെതിരായ നിലപാട് ഇന്ന് ഉയർന്ന് വരുന്നുണ്ട്. അത് ഭരണകൂടം നടപ്പിലാക്കുന്ന കൊലപാതകമാണ് അല്ലാതെ ശിക്ഷാ നടപടിയല്ല എന്ന് കരുതുന്നവർ ഇക്കാലത്ത് ധാരാളമുണ്ട്. ഈ ലേഖകനും അത്തരം അഭിപ്രായം വച്ചുപുലർത്തുന്ന ആളാണ്. മവോയിസ്റ്റ് അനുകൂല വിദ്യാർത്ഥി സംഘടനയായ ഡി.എസ്.യുവിൽ നിന്ന് വിഘടിച്ചു പോയവരാണ് അത് സംഘടിപ്പിച്ചത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനത്തിലാണ് അവർ പരിപാടി സംഘടിപ്പിച്ചത്. പരിപാടി നടക്കുന്നതിനിടയിൽ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ കാശ്മീരി വിദ്യാർത്ഥികളുടെ മറ്റൊരു കൂട്ടായ്മ മുദ്രാവാക്യം വിളിച്ചു. അതിൽ ചിലർ ഇന്ത്യാ വിരുദ്ധവും പാകിസ്ഥാൻ അനുകൂലവുമായ മുദ്രാവാക്യങ്ങൾ വിളിച്ചു. അവരെ നേരിടാനെന്ന പേരിൽ സംഘപരിവാർ അനുകൂല വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ രംഗത്തെത്തി. സംഘർഷാവസ്ഥ ഒഴിവാക്കുന്നതിന് യൂണിയൻ ചെയർമാൻകൂടിയായ കനയ്യകുമാറിന്റെ നേതൃത്വത്തിലുള്ള യൂണിയൻ ഭാരവാഹികൾ ഇടപ്പെട്ടു.

ജെ.എൻ.യുവിനെ സംബന്ധിച്ചിടത്തോളം ഇത് പുതിയ കാര്യമൊന്നുമല്ല. അതിനിടെ ഇന്ത്യാ വിരുദ്ധ−പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയത് പ്രകടനത്തിൽ നുഴ‍ഞ്ഞ് കയറിയ എ.ബി.വി.പി പ്രവർത്തകരാണെന്നതിന് തെളിവുകൾ പുറത്ത് വന്നു. ജെ.എൻ.യുവിലെ എ.ബി.വി.പിക്കാരെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നതും ഇവർ മുദ്രാവാക്യം മുഴക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നത്. അപ്പോൾ പ്രശ്നങ്ങൾ അവസാനിപ്പിക്കുവാൻ രംഗത്തെത്തേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അങ്ങേയറ്റം തെറ്റായ വ്യാജവിവരങ്ങൾ പുറത്ത് വിട്ടു. പാക് ഭീകരൻ ആസിഫ് സയീദ് ജെ.എൻ.യു സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതായും പാകിസ്ഥാനാണ് ജെ.എൻ.യു സമത്തിന് പിറകിലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പ്രസ്ഥാവന. അന്വേഷണത്തിൽ അത് പാക് ഭീകരന്റെയല്ലെന്നും വ്യാജ പ്രൊഫൈലിൽ നിന്നാണെന്നും മനസ്സിലായി. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അത് തിരിച്ചറിയാൻ സംവിധാനങ്ങളില്ലാത്തത് കൊണ്ടായിരിക്കില്ലല്ലോ ഇത്തരം ഒരു വ്യാജ പ്രസ്ഥാവന നടത്തിയത്. അത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് എന്ന് തീർച്ച. പിന്നീട് സംഭവം ഒത്തു തീർപ്പാക്കാൻ ശ്രമിച്ച യൂണിയൻ ചെയർമാൻ കനയ്യ കുമാറിനേയും മറ്റും അറസ്റ്റ് ചെയ്തതുകൊണ്ടും സിപിഐ(എം) ഓഫീസ് ആക്രമിച്ചതുകൊണ്ടും പാട്യാല കോടതിയിൽ സംഘപരിവാർ അനുകൂലികളായ അഭിഭാഷകരുടെ നേതൃത്വത്തിൽ ഇടത് നേതാക്കളേയും മാധ്യമ പ്രവർത്തകരേയും ആക്രമിച്ചുകൊണ്ടും ജനങ്ങളെ ദേശീയതയുടെ പേരിൽ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘപരിവാരം നടത്തുന്നത്. ഇത് അങ്ങേയറ്റം അപകടകരമായ തീക്കളിയാണ്.

You might also like

Most Viewed